ആഹാസ് തിഗ്ലത്ത്-പിലേസറുമായി സഖ്യമുണ്ടാക്കുന്നു

ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസറുമായി സഖ്യമുണ്ടാക്കുന്നു.

ക്രി.മു. 740

Biblica® Open Malayalam Contemporary Version™ (OMCV)

2 രാജാക്കന്മാർ 16:6–9

6 ആ സമയത്ത് അരാംരാജാവായ രെസീൻ യെഹൂദന്മാരെ തുരത്തിയോടിച്ചിട്ട് അരാമിനുവേണ്ടി ഏലാത്ത് തിരികെ പിടിച്ചെടുത്തു. അതിനുശേഷം ഏദോമ്യർ അവിടെവന്നു വാസമുറപ്പിച്ചു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു.

7 ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസറിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ച് ഇപ്രകാരം പറയിച്ചു: “ഞാൻ അങ്ങയുടെ ദാസനും അങ്ങേക്കു കീഴ്പ്പെട്ടിരിക്കുന്നവനും ആണല്ലോ! അങ്ങ് വന്ന്, എന്നെ ആക്രമിക്കുന്ന അരാംരാജാവിന്റെയും ഇസ്രായേൽരാജാവിന്റെയും കൈയിൽനിന്ന് എന്നെ വിടുവിച്ചാലും!” 8 ആഹാസ് യഹോവയുടെ ആലയത്തിലും രാജകൊട്ടാരത്തിലെ ഭണ്ഡാരങ്ങളിലും ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത് അശ്ശൂർരാജാവിനു സമ്മാനമായി കൊടുത്തയച്ചു. 9 അങ്ങനെ അശ്ശൂർരാജാവ് ആഹാസിന്റെ അഭ്യർഥന അംഗീകരിച്ചു. അദ്ദേഹം ദമസ്കോസ് ആക്രമിച്ചു കീഴടക്കി. അതിലെ നിവാസികളെ അദ്ദേഹം തടവുകാരാക്കി കീറിലേക്കു കൊണ്ടുപോകുകയും അവരുടെ രാജാവായ രെസീനെ വധിക്കുകയും ചെയ്തു.

യെശയ്യാവ് 28

1 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടത്തിന് ഹാ കഷ്ടം!

വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യത്തിന്,

ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണമായ നഗരത്തിന്,

മദോന്മത്തരായി വീണുകിടക്കുന്നവരുടെ അഹന്തയായ നഗരത്തിനുംതന്നെ.

2 ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്.

കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും

കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും,

അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും.

3 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടം

കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും.

4 വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യം,

ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണം,

വിളവെടുപ്പിനുമുമ്പേ പഴുത്തുപോയ അത്തിപ്പഴംപോലെ ആയിത്തീരും—

ജനം അതു കണ്ടാലുടനെ കൈനീട്ടി പറിച്ച്

അവർ അതു വിഴുങ്ങുന്നു!

5 ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവ

തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു

ശോഭയുള്ള ഒരു കിരീടവും

മഹത്ത്വകരമായ മകുടവുമായിരിക്കും.

6 ന്യായാസനത്തിലിരിക്കുന്നവർക്ക്

അവിടന്ന് നീതിബോധത്തിന്റെ ആത്മാവും

നഗരകവാടത്തിൽ ആക്രമണം ചെറുക്കുന്നവർക്ക്

കരുത്തും ആയിരിക്കും.

7 എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയും

മദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു:

പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു,

അവർ വീഞ്ഞിനാൽ മത്തരും

മദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ.

ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു,

വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു.

8 മേശകളെല്ലാം ഛർദികൊണ്ടു നിറഞ്ഞിരിക്കുന്നു,

വൃത്തിയുള്ള ഒരു സ്ഥലംപോലും അവശേഷിച്ചിട്ടില്ല.

9 “അവൻ ആരെയാണ് ജ്ഞാനം അഭ്യസിപ്പിക്കുന്നത്?

ആരോടാണ് അവൻ സന്ദേശം വ്യാഖ്യാനിക്കുന്നത്?

ഇപ്പോൾ മുലകുടി മാറിയവരെയോ?

ഇപ്പോൾത്തന്നെ അമ്മയുടെ മാറിടം വിട്ടകന്നവരെയോ?

10 കാരണം അവർ പറയുന്നു:

കൽപ്പനയ്ക്കുമേൽ കൽപ്പന,

ആജ്ഞയ്ക്കുമേൽ ആജ്ഞ,

ഇവിടെ അൽപ്പം, അവിടെ അൽപ്പം, എന്നിങ്ങനെയാണ്.”

11 അതേ, വിക്കുള്ള അധരങ്ങളാലും വൈദേശികഭാഷകളാലും

ദൈവം ഈ ജനത്തോടു സംസാരിക്കും.

12 “ഇതാണു വിശ്രമസ്ഥലം, ക്ഷീണിതർ വിശ്രമിക്കട്ടെ,” എന്നും

“ഇതാണ് ആശ്വാസസ്ഥാനം,” എന്നും

അവിടന്ന് അവരോടു പറഞ്ഞു.

എങ്കിലും അതു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലായിരുന്നു.

13 അതിനാൽ അവരോടുള്ള യഹോവയുടെ വചനം:

“കൽപ്പനയ്ക്കുമേൽ കൽപ്പന,

ആജ്ഞയ്ക്കുമേൽ ആജ്ഞ,

ഇവിടെ അൽപ്പം, അവിടെ അൽപ്പം” എന്നായിരിക്കും.

അങ്ങനെ അവർ ചെന്ന് പിന്നാക്കം വീണു

മുറിവേറ്റ്, വലയിലകപ്പെട്ട്, ബദ്ധരായിത്തീരേണ്ടതിനുതന്നെ.

14 അതിനാൽ ജെറുശലേമിലുള്ള ഈ ജനത്തെ ഭരിക്കുന്ന

പരിഹാസികളേ, യഹോവയുടെ വചനം കേൾക്കുക.

15 “മരണത്തോടു ഞങ്ങൾ ഒരു ഉടമ്പടിചെയ്തു,

പാതാളവുമായി ഒരു ഉഭയസമ്മതത്തിൽ ഏർപ്പെട്ടിരിക്കുന്നു.

കവിഞ്ഞൊഴുകുന്ന ദണ്ഡനം കടന്നുപോകുമ്പോൾ

അത് ഞങ്ങളുടെ അടുക്കൽ എത്തുകയില്ല,

കാരണം ഞങ്ങൾ വ്യാജത്തെ ഞങ്ങളുടെ ശരണമാക്കിയിരിക്കുന്നു,

വഞ്ചനയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ ഒളിപ്പിക്കുകയുംചെയ്യുന്നു,” എന്നു നിങ്ങൾ അഹങ്കരിക്കുന്നു.

16 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, മാറ്റുരയ്ക്കപ്പെട്ട ഒരു കല്ലുതന്നെ,

ഉറപ്പുള്ള അടിസ്ഥാനമായി വിലയേറിയ ഒരു മൂലക്കല്ലും ഇട്ടിരിക്കുന്നു;

വിശ്വസിക്കുന്നവർ

പരിഭ്രാന്തരാകുകയില്ല.

17 ഞാൻ ന്യായത്തെ അളവുനൂലും

നീതിയെ തൂക്കുകട്ടയുമാക്കും;

അപ്പോൾ വ്യാജം എന്ന നിങ്ങളുടെ ശരണത്തെ കന്മഴ തൂത്തെറിയും,

വെള്ളം നിങ്ങളുടെ ഒളിവിടത്തെ ഒഴുക്കിക്കൊണ്ടുപോകും.

18 മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി റദ്ദാക്കപ്പെടും;

പാതാളത്തോടുള്ള നിങ്ങളുടെ ഉഭയസമ്മതം നിലനിൽക്കുകയുമില്ല.

അസഹനീയമായ പ്രഹരം നിങ്ങളെ തൂത്തെറിയുമ്പോൾ,

നിങ്ങൾ തകർന്നുപോകും.

19 അതു കടന്നുവരുമ്പോഴൊക്കെയും അതു നിങ്ങളെ വഹിച്ചുകൊണ്ടുപോകും;

പ്രഭാതംതോറും, രാത്രിയും പകലും

അതു നിങ്ങളെ കടന്നുപോകും.”

അതിനെക്കുറിച്ചുള്ള കേൾവിതന്നെ

നിങ്ങൾക്കു സംഭ്രമമുണ്ടാക്കും.

20 കിടക്ക നീണ്ടുനിവർന്നു കിടക്കാൻ വേണ്ടത്ര നീളമില്ലാത്തതും

പുതപ്പ് പുതയ്ക്കാൻ ആവശ്യമായ വലുപ്പമില്ലാത്തതും ആകും.

21 യഹോവ തന്റെ കൃത്യം, തന്റെ അസാധാരണമായ കൃത്യം നിർവഹിക്കാനും

തന്റെ പ്രവൃത്തി, അസാമാന്യമായ പ്രവൃത്തി നിറവേറ്റാനും

ഫെറാസിം മലയിൽ അവിടന്ന് എഴുന്നേറ്റതുപോലെ എഴുന്നേൽക്കും

ഗിബെയോൻ താഴ്വരയിൽ അവിടന്ന് ക്രുദ്ധനായതുപോലെ ക്രുദ്ധനാകുകയും ചെയ്യും.

22 ഇപ്പോൾ നിങ്ങളുടെ പരിഹാസം അവസാനിപ്പിക്കുക,

അല്ലെങ്കിൽ നിങ്ങളുടെ ചങ്ങലകൾ ഭാരമുള്ളതായിത്തീരും;

കാരണം സകലഭൂതലത്തിന്മേലും വരുന്ന സംഹാരത്തെപ്പറ്റിയുള്ള ഉത്തരവ്

സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു.

23 ചെവിചായ്ച്ച് എന്റെ ശബ്ദം കേൾക്കുക;

ശ്രദ്ധയോടെ എന്റെ വചനം ശ്രവിക്കുക.

24 കൃഷിക്കാർ വിത്തു വിതയ്ക്കുന്നതിന് നിരന്തരം ഉഴുതുകൊണ്ടിരിക്കുമോ?

അവർ എപ്പോഴും മണ്ണിളക്കി കട്ട ഉടച്ചുകൊണ്ടിരിക്കുമോ?

25 അവർ ഉപരിതലം നിരപ്പാക്കി

കരിംജീരകം വിതയ്ക്കുകയും ജീരകം വിതറുകയും

ഗോതമ്പ് അതിന്റെ നിരയിലും

യവം അതിന്റെ സ്ഥാനത്തും

ചോളം അതിന്റെ നിലത്തിലും നടുകയുമല്ലേ ചെയ്യുന്നത്?

26 അതിനായി അവരുടെ ദൈവം അവരെ വേണ്ടവിധം ഉപദേശിക്കുകയും

അഭ്യസിപ്പിക്കുകയും ചെയ്യുന്നു.

27 കരിംജീരകം മെതിവണ്ടി ഉപയോഗിച്ച് മെതിക്കുന്നില്ല,

ജീരകത്തിന്റെമേൽ വണ്ടിച്ചക്രം ഉരുളുന്നതുമില്ല;

കരിംജീരകം കമ്പുകൊണ്ടും

ജീരകം കോൽകൊണ്ടും തല്ലിയാണ് എടുക്കുന്നത്.

28 അപ്പമുണ്ടാക്കാനുള്ള ധാന്യം പൊടിക്കുകയാണ് വേണ്ടത്;

അതുകൊണ്ട് അത് എന്നേക്കും മെതിച്ചുകൊണ്ടിരിക്കുകയില്ല.

മെതിവണ്ടിയുടെ ചക്രം അതിന്മേൽ ഉരുട്ടാം

പക്ഷേ, ധാന്യം പൊടിക്കുന്നതിന് കുതിരകളെ ഉപയോഗിക്കുകയില്ലല്ലോ.

29 ഇക്കാര്യവും സൈന്യങ്ങളുടെ യഹോവയിൽനിന്ന് വരുന്നു,

അവിടന്ന് തന്റെ ആലോചന അത്ഭുതകരവും

ജ്ഞാനം ശ്രേഷ്ഠവും ആക്കിയിരിക്കുന്നു.

2 ദിനവൃത്താന്തം 28:20–23

20 അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ അദ്ദേഹത്തിന്റെ അടുത്തുവന്നു. എന്നാൽ അദ്ദേഹം ആഹാസിനെ സഹായിക്കുന്നതിനുപകരം ഉപദ്രവിക്കുകയാണു ചെയ്തത്. 21 ആഹാസ് യഹോവയുടെ ആലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെ പക്കലും ഉണ്ടായിരുന്ന ധനത്തിൽ ഒരംശം എടുത്ത് അശ്ശൂർരാജാവിനു കാഴ്ചവെച്ചു. എന്നിട്ടും അദ്ദേഹം ആഹാസിനെ സഹായിച്ചില്ല.

22 ആഹാസിന്റെ ഈ ദുരിതകാലത്തും അദ്ദേഹം യഹോവയോട് വിശ്വസ്തത പുലർത്തുന്നതിൽ കൂടുതൽ അപരാധം പ്രവർത്തിച്ചു: 23 “അരാംരാജാക്കന്മാരുടെ ദേവന്മാർ, അവരെ സഹായിച്ചു; ആ ദേവന്മാർ എന്നെയും സഹായിക്കേണ്ടതിനു ഞാൻ അവർക്കു ബലികൾ അർപ്പിക്കും” എന്നു പറഞ്ഞ് ആഹാസ് തന്നെ തോൽപ്പിച്ച ദമസ്കോസിലെ ദേവന്മാർക്കു ബലികൾ അർപ്പിച്ചു. പക്ഷേ, ഇവയെല്ലാം അദ്ദേഹത്തിന്റെയും ഇസ്രായേലിന്റെയും നാശത്തിനു ഹേതുവായിത്തീർന്നു.

2 രാജാക്കന്മാർ 16:10–18

10 പിന്നെ ആഹാസുരാജാവ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ കാണുന്നതിനായി ദമസ്കോസിലേക്കു ചെന്നു. അദ്ദേഹം അവിടെ ഒരു ബലിപീഠം കണ്ടു. അതുപോലെ ഒന്നു പണിയിക്കുന്നതിന് അദ്ദേഹം ആ ബലിപീഠത്തിന്റെ ഒരു മാതൃകയും അതിന്റെ പണിയുടെ വിശദമായ രൂപരേഖയും ഊരിയാപുരോഹിതനു കൊടുത്തയച്ചു. 11 അങ്ങനെ ഊരിയാപുരോഹിതൻ, ആഹാസുരാജാവ് ദമസ്കോസിൽനിന്നു കൊടുത്തയച്ച മാതൃകയനുസരിച്ച് ഒരു യാഗപീഠം പണിതു; രാജാവു തിരിച്ചെത്തുന്നതിനു മുമ്പായിത്തന്നെ അതു പൂർത്തീകരിച്ചു. 12 രാജാവു ദമസ്കോസിൽനിന്നു തിരിച്ചെത്തി ആ യാഗപീഠം കണ്ടപ്പോൾ അതിന്റെ അടുത്തുചെന്ന് അതിന്മേൽ യാഗങ്ങൾ അർപ്പിച്ചു. 13 അയാൾ ആ യാഗപീഠത്തിന്മേൽ തന്റെ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിക്കുകയും പാനീയയാഗം പകരുകയും സമാധാനയാഗത്തിന്റെ രക്തം അതിന്മേൽ തളിക്കുകയും ചെയ്തു. 14 യഹോവയുടെ സന്നിധിയിൽ സ്ഥാപിച്ചിരുന്ന വെങ്കലയാഗപീഠം അയാൾ, താൻ ഉണ്ടാക്കിയ പുതിയ യാഗപീഠത്തിനും ആലയത്തിനും മധ്യേനിന്നു മാറ്റി; താൻ ഉണ്ടാക്കിയ പുതിയ യാഗപീഠത്തിന്റെ വടക്കുവശത്തായി സ്ഥാപിച്ചു.

15 അതിനുശേഷം ആഹാസുരാജാവ് പുരോഹിതനായ ഊരിയാവിന് ഈ ആജ്ഞകൾ കൊടുത്തു: “രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ധാന്യയാഗവും രാജാവിന്റെ ഹോമയാഗവും ധാന്യയാഗവും ദേശത്തെ സകലജനങ്ങളുടെയും ഹോമയാഗങ്ങളും അവരുടെ ധാന്യയാഗങ്ങളും അവരുടെ പാനീയയാഗങ്ങളും പുതിയ വലിയ യാഗപീഠത്തിന്മേൽ അർപ്പിക്കണം. ഹോമയാഗങ്ങളുടെയും മറ്റുയാഗങ്ങളുടെയും രക്തമെല്ലാം ഈ യാഗപീഠത്തിന്മേൽ തളിക്കണം. വെങ്കലയാഗപീഠം ഞാൻ അരുളപ്പാടു ചോദിക്കുന്നതിനായി ഉപയോഗിക്കുന്നതായിരിക്കും.” 16 ആഹാസുരാജാവു കൽപ്പിച്ചതുപോലെ ഊരിയാപുരോഹിതൻ ചെയ്തു.

17 ആഹാസുരാജാവ് ചലിപ്പിക്കാവുന്ന പീഠങ്ങളുടെ ചട്ടപ്പലക മുറിച്ചുകളഞ്ഞിട്ട് ക്ഷാളനപാത്രങ്ങൾ അവയുടെമേൽനിന്ന് മാറ്റിക്കളഞ്ഞു. അദ്ദേഹം അതു വെങ്കലംകൊണ്ടുള്ള കാളകൾ താങ്ങിക്കൊണ്ടിരുന്ന വലിയ വെങ്കല ജലസംഭരണി അവയുടെ പുറത്തുനിന്നു നീക്കി ഒരു കൽത്തറമേൽ സ്ഥാപിച്ചു. 18 യഹോവയുടെ ആലയത്തിൽ പണിതീർത്തിരുന്ന ശബ്ബത്തു‍പന്തൽ ആലയത്തിനുപുറത്ത് രാജാവിനു പ്രവേശിക്കുന്നതിനുള്ള വാതിലും അദ്ദേഹം അശ്ശൂർരാജാവിന്റെ ഇഷ്ടപ്രകാരം ആലയത്തിൽനിന്ന് എടുത്തുമാറ്റി.

2 ദിനവൃത്താന്തം 28:24–25

24 ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെല്ലാം ഒരുമിച്ചുകൂട്ടി ഉടച്ചുകളഞ്ഞു; അദ്ദേഹം യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ അടച്ചിട്ടു; ജെറുശലേമിന്റെ തെരുവുകോണുകളിലെല്ലാം തനിക്കായി ബലിപീഠങ്ങൾ നിർമിച്ചു. 25 യെഹൂദ്യയിലെ ഓരോ നഗരത്തിലും അന്യദേവന്മാർക്കു യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ക്ഷേത്രങ്ങൾ അദ്ദേഹം നിർമിച്ചു. അങ്ങനെ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അദ്ദേഹം കുപിതനാക്കി.

ഹോശേയ 5

1 “പുരോഹിതന്മാരേ, ഇതു കേൾപ്പിൻ!

ഇസ്രായേൽജനമേ, ശ്രദ്ധിക്കുക!

രാജഗൃഹമേ, ചെവിചായ്‌ക്കുക!

ഈ ന്യായവിധി നിങ്ങൾക്കെതിരേ വരുന്നു:

നിങ്ങൾ മിസ്പായിൽ ഒരു കെണിയും

താബോറിൽ വിരിച്ച ഒരു വലയും ആയിരുന്നു.

2 മത്സരികൾ കൊലപാതകത്തിൽ ആണ്ടുപോയിരിക്കുന്നു.

ഞാൻ അവരെ എല്ലാവരെയും ശിക്ഷിക്കും.

3 എഫ്രയീമിനെക്കുറിച്ചു സകലകാര്യങ്ങളും എനിക്കറിയാം;

ഇസ്രായേൽ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല.

എഫ്രയീമേ, നീ വ്യഭിചാരത്തിലേക്കു തിരിഞ്ഞിരിക്കുന്നു;

ഇസ്രായേൽ മലിനമായിരിക്കുന്നു.

4 “തങ്ങളുടെ ദൈവത്തിലേക്കു മടങ്ങിവരാൻ

അവരുടെ പ്രവൃത്തികൾ അവരെ അനുവദിക്കുന്നില്ല.

വ്യഭിചാരത്തിന്റെ ആത്മാവ് അവരുടെ ഹൃദയങ്ങളിലുണ്ട്;

അവർ യഹോവയെ അംഗീകരിക്കുന്നില്ല.

5 ഇസ്രായേലിന്റെ ധാർഷ്ട്യം അവർക്കെതിരേ സാക്ഷ്യം പറയുന്നു;

ഇസ്രായേലും എഫ്രയീമും അവരുടെ പാപങ്ങളിൽ ഇടറുന്നു;

യെഹൂദയും അവരോടുകൂടെ വീഴുന്നു.

6 അവർ തങ്ങളുടെ ആടുമാടുകളോടുകൂടെ

യഹോവയെ അന്വേഷിക്കുമ്പോൾ,

അവിടത്തെ കണ്ടെത്തുകയില്ല,

കാരണം യഹോവ അവരെ വിട്ടുമാറിയിരിക്കുന്നു.

7 അവർ യഹോവയോട് അവിശ്വസ്തരായിരിക്കുന്നു;

അവർ ജാരസന്തതികളെ പ്രസവിക്കുന്നു.

അവരുടെ അമാവാസി ഉത്സവങ്ങൾ

അവരെയും അവരുടെ വയലുകളെയും വിഴുങ്ങിക്കളയും.

8 “ഗിബെയയിൽ കാഹളം മുഴക്കുക;

രാമായിൽ കൊമ്പ് ഊതുക.

ബേത്-ആവെനിൽ യുദ്ധനാദം മുഴക്കുക;

ബെന്യാമീനേ, മുന്നോട്ടുപോകുക.

9 കണക്കു തീർക്കുന്ന ദിവസം

എഫ്രയീം ശൂന്യമാകും.

ഇസ്രായേൽഗോത്രങ്ങൾക്കു നടുവിൽ

നിശ്ചയമുള്ളതു ഞാൻ പ്രഖ്യാപിക്കുന്നു.

10 യെഹൂദാപ്രഭുക്കന്മാർ

അതിർത്തിക്കല്ലു മാറ്റുന്നവരെപ്പോലെയാണ്.

ഞാൻ എന്റെ ക്രോധം

വെള്ളച്ചാട്ടംപോലെ അവരുടെമേൽ ചൊരിയും.

11 എഫ്രയീം വിഗ്രഹത്തെ ഇഷ്ടപ്പെടുന്നതുകൊണ്ട്

അവൻ പീഡിതനും

വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.

12 അതുകൊണ്ടു ഞാൻ എഫ്രയീമിനു പുഴുവും

യെഹൂദയ്ക്കു പഴുപ്പും ആയിരിക്കും.

13 “എഫ്രയീം തന്റെ രോഗത്തെയും

യെഹൂദാ തന്റെ വ്രണങ്ങളെയും കണ്ടപ്പോൾ,

എഫ്രയീം അശ്ശൂരിലേക്കു തിരിഞ്ഞു,

മഹാരാജാവിനോടു സഹായം അഭ്യർഥിച്ചു.

എന്നാൽ നിന്നെ സുഖപ്പെടുത്താനും

നിന്റെ മുറിവുണക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല.

14 ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും

യെഹൂദയ്ക്ക് ഒരു സിംഹക്കുട്ടിപോലെയും ആയിരിക്കും.

ഞാൻ അവരെ കഷണങ്ങളായി കീറിക്കളയും.

ഞാൻ അവരെ പിടിച്ചുകൊണ്ടുപോകും, അവരെ രക്ഷിക്കുന്നതിനായി ആരും ശേഷിക്കുകയില്ല.

15 അവർ തങ്ങളുടെ കുറ്റം സമ്മതിച്ച്

എന്റെ മുഖം അന്വേഷിക്കുന്നതുവരെയും

ഞാൻ എന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോകും—

അവരുടെ ദുരിതത്തിൽ

അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.”