ആഹാസ് തിഗ്ലത്ത്-പിലേസറുമായി സഖ്യമുണ്ടാക്കുന്നു (continued)

ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസറുമായി സഖ്യമുണ്ടാക്കുന്നു.

ക്രി.മു. 740

Biblica® Open Malayalam Contemporary Version™ (OMCV)

ഹോശേയ 6

1 “വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം.

യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു;

എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും.

അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു;

അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും.

2 രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും;

മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും,

നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ.

3 നാം യഹോവയെ അംഗീകരിക്കുക;

അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക.

സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ

ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും.

അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും

വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.”

4 “എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?

യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്?

നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും

അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു.

5 അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി,

എന്റെ വായുടെ വചനത്താൽ ഞാൻ നിന്നെ വധിച്ചു.

എന്റെ ന്യായവിധികൾ മിന്നൽപോലെ നിന്റെമേൽ പാഞ്ഞു.

6 യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്;

ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.

7 ആദാമിനെപ്പോലെ അവർ ഉടമ്പടി ലംഘിച്ചു;

അവർ എന്നോട് അവിശ്വസ്തരായിരുന്നു.

8 ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം;

അവരുടെ കാലടികൾ രക്തത്താൽ മലിനമായിരിക്കുന്നു.

9 ഒരു മനുഷ്യനുവേണ്ടി കൊള്ളക്കാർ കാത്തിരിക്കുന്നതുപോലെ,

പുരോഹിതന്മാരുടെ കൂട്ടം കാത്തിരിക്കുന്നു;

അവർ ശേഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു,

ലജ്ജാകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു.

10 ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു:

അവിടെ എഫ്രയീം വ്യഭിചാരത്തിന് ഏൽപ്പിക്കപ്പെട്ടു;

ഇസ്രായേൽ മലിനപ്പെട്ടിരിക്കുന്നു.

11 “യെഹൂദയേ, ഞാൻ നിനക്കും

ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.

“ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ,

ആഹാസ് മരിക്കുന്നു; ഹിസ്കിയാവിന്റെ ശക്തി മുൻകൂട്ടി പ്രവചിക്കപ്പെടുന്നു ക്രി.മു. 726

ആഹാസിന്റെ മരണവും ഹിസ്കിയാവിന്റെ ശക്തിയെക്കുറിച്ചുള്ള പ്രവചനവും.

2 ദിനവൃത്താന്തം 28:26–27

26 ആഹാസിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ആദ്യന്തം യെഹൂദാരാജാക്കന്മാരുടെയും ഇസ്രായേൽരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 27 ആഹാസ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ജെറുശലേം പട്ടണത്തിൽ സംസ്കരിച്ചു; എന്നാൽ ഇസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ അദ്ദേഹത്തിനു സ്ഥാനം ലഭിച്ചില്ല. അദ്ദേഹത്തിന്റെ മകനായ ഹിസ്കിയാവ് അദ്ദേഹത്തിനുശേഷം രാജാവായി.

യെശയ്യാവ് 14:28–32

28 ആഹാസുരാജാവു നാടുനീങ്ങിയ വർഷം ഈ അരുളപ്പാടുണ്ടായി:

29 സകലഫെലിസ്ത്യരുമേ, നിങ്ങളെ അടിച്ച വടി

ഒടിഞ്ഞുപോയതിനാൽ നിങ്ങൾ ആഹ്ലാദിക്കരുത്;

സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും,

അതിന്റെ ഫലത്തിൽനിന്ന് വിഷംചീറ്റുന്ന ഒരു സർപ്പം പുറപ്പെടും.

30 ദരിദ്രരിൽ ദരിദ്രർ ഭക്ഷിക്കും,

എളിയവർ സുരക്ഷിതരായി വിശ്രമിക്കും.

എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമത്താൽ നശിപ്പിക്കും;

നിങ്ങളിൽ അതിജീവിച്ചവരെ അതു സംഹരിച്ചുകളയും.

31 നഗരകവാടമേ, വിലപിക്കൂ! നഗരമേ നിലവിളിക്കൂ!

ഫെലിസ്ത്യരേ, വെന്തുരുകുക!

വടക്കുനിന്ന് ഒരു പുകപടലം വരുന്നു,

ആ സൈന്യഗണത്തിൽ തളർന്നു പിൻവാങ്ങുന്നവർ ആരുംതന്നെയില്ല.

32 ആ രാഷ്ട്രത്തിലെ സ്ഥാനപതികളോട്,

എന്താണ് ഉത്തരം പറയുക?

“യഹോവ സീയോനെ സ്ഥാപിച്ചെന്നും

അവിടത്തെ ജനത്തിലെ പീഡിതർ അവളിൽ അഭയംതേടുമെന്നുംതന്നെ.”

2 ദിനവൃത്താന്തം 28:1–3

1 രാജാവാകുമ്പോൾ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ പതിനാറുവർഷം വാണു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല; യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളത് പ്രവർത്തിച്ചില്ല. 2 ആഹാസ് ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിക്കുകയും ബാലിനെ ആരാധിക്കാനായി വാർപ്പുപ്രതിമകൾ ഉണ്ടാക്കുകയും ചെയ്തു. 3 അദ്ദേഹം ബെൻ-ഹിന്നോം താഴ്വരയിൽ ദഹനബലികൾ അർപ്പിക്കുകയും യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടരുകയും ചെയ്തു. അദ്ദേഹം സ്വന്തം പുത്രന്മാരെ അഗ്നിയിൽ ഹോമിക്കുകപോലും ചെയ്തു.

2 രാജാക്കന്മാർ 16:19–20

19 ആഹാസിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത പ്രവൃത്തികളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 20 ആഹാസ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹവും ദാവീദിന്റെ നഗരത്തിൽ അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ഹിസ്കിയാവ് അദ്ദേഹത്തിനുശേഷം രാജാവായി.

ഇസ്രായേൽരാജ്യം ക്രി.മു. 739

പേക്കഹിന്റെയും ഹോശേയയുടെയും ഭരണകാലങ്ങൾ

2 രാജാക്കന്മാർ 15:30–31

30 പിന്നെ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിനെതിരേ ഗൂഢാലോചന നടത്തി. അദ്ദേഹം പേക്കഹിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി. അങ്ങനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാമാണ്ടിൽ ഹോശേയ പേക്കഹിന്റെ അനന്തരാവകാശി എന്നനിലയിൽ രാജാവായി.

31 പേക്കഹിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അയാൾ ചെയ്ത പ്രവൃത്തികൾ, ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?

2 രാജാക്കന്മാർ 17:1–2

1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാമാണ്ടിൽ ഏലയുടെ മകനായ ഹോശേയ ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം ഒൻപതു വർഷം വാണു. 2 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു; എന്നാൽ അത് അദ്ദേഹത്തിനു മുമ്പുണ്ടായിരുന്ന ഇസ്രായേൽരാജാക്കന്മാർ ചെയ്തതുപോലെ ആയിരുന്നില്ല.