നിയമപ്രകാരമുള്ള വിവിധ ആചാരങ്ങൾ സ്ഥാപിക്കപ്പെടുന്നു

ക്രി.മു. 1490

Biblica® Open Malayalam Contemporary Version™ (OMCV)

സംഖ്യ 5–6

1 യഹോവ മോശയോടു കൽപ്പിച്ചു: 2 “കുഷ്ഠരോഗമോ, എന്തെങ്കിലും സ്രവമോ ഉള്ളവരെയും, മൃതശരീരംനിമിത്തം ആചാരപരമായി അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കാൻ ഇസ്രായേല്യരോടു കൽപ്പിക്കുക. 3 സ്ത്രീപുരുഷഭേദമെന്യേ അവരെ പുറത്താക്കുക; അവരുടെ ഇടയിൽ ഞാൻ വസിക്കുന്ന പാളയം അവർ അശുദ്ധമാക്കാതിരിക്കാൻ പാളയത്തിൽനിന്ന് അവരെ പുറത്താക്കുക.” 4 ഇസ്രായേല്യർ അങ്ങനെ ചെയ്തു; അവർ അവരെ പാളയത്തിനു പുറത്താക്കി. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ അവർ ചെയ്തു.

5 യഹോവ മോശയോട് അരുളിച്ചെയ്തു: 6 “ഇസ്രായേല്യരോടു പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ ഏതിലെങ്കിലും ഒരാളോടു തെറ്റുചെയ്ത് യഹോവയോട് അവിശ്വസ്തരായാൽ ആ വ്യക്തി കുറ്റക്കാരനാണ്; 7 ആ മനുഷ്യൻ താൻ ചെയ്ത പാപം ഏറ്റുപറയണം. തന്റെ തെറ്റിന് അയാൾ പൂർണ പ്രായശ്ചിത്തം ചെയ്യണം; മുതലിനോട് അഞ്ചിലൊന്നു കൂട്ടിച്ചേർത്ത്, ആരോടു ദ്രോഹം ചെയ്തോ, അയാൾക്കു കൊടുക്കണം. 8 എന്നാൽ തെറ്റിനു പ്രായശ്ചിത്തം ചെയ്യാൻ ആ വ്യക്തിക്ക് അടുത്ത ബന്ധുക്കളാരുമില്ലെങ്കിൽ പ്രായശ്ചിത്തം യഹോവയ്ക്കുള്ളതായിരിക്കും, അത് അവന്റെ പാപപരിഹാരത്തിനുള്ള ആട്ടുകൊറ്റനോടൊപ്പം പുരോഹിതനു കൊടുക്കണം. 9 പുരോഹിതന്റെ മുമ്പിൽ ഇസ്രായേല്യർ കൊണ്ടുവരുന്ന സകലവിശുദ്ധ സംഭാവനകളും അദ്ദേഹത്തിനുള്ളതായിരിക്കും. 10 ഓരോരുത്തരുടെയും വിശുദ്ധവഴിപാടുകൾ അർപ്പിക്കുന്ന വ്യക്തിയുടേതുതന്നെയായിരിക്കും; എന്നാൽ ആ വ്യക്തി പുരോഹിതനു നൽകുന്നതെന്തും പുരോഹിതനുള്ളതായിരിക്കും.’ ”

11 പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു: 12 “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷന്റെ ഭാര്യ പിഴച്ച് അവനോട് അവിശ്വസ്തയായിത്തീരുകയും; 13 പരപുരുഷനുമൊത്ത് അവൾ ലൈംഗികബന്ധത്തിലേർപ്പെടുകയും—അവൾ അശുദ്ധയെങ്കിലും പ്രവൃത്തിയിൽ പിടിക്കപ്പെടാത്തതിനാൽ അവൾക്കെതിരേ സാക്ഷിയില്ലാതിരിക്കുകയും—ഇക്കാര്യം അവളുടെ ഭർത്താവിനു മറഞ്ഞിരിക്കുകയും അവളുടെ അശുദ്ധി കണ്ടുപിടിക്കപ്പെടാതിരിക്കുകയും 14 അവനു സംശയം ജനിക്കുകയും തന്റെ ഭാര്യയെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്താൽ—അല്ല, അവൾ അശുദ്ധയായിട്ടില്ല എങ്കിലും ഭർത്താവ് അവളെ സംശയിച്ചാൽ— 15 അവൻ തന്റെ ഭാര്യയെ പുരോഹിതന്റെ മുമ്പിൽ കൊണ്ടുചെല്ലണം. അവൾക്കുവേണ്ടി വഴിപാടായി അവൻ ഒരു ഓമെർ യവമാവും കൊണ്ടുചെല്ലണം. അതിന്മേൽ എണ്ണ ഒഴിക്കുകയോ കുന്തിരിക്കം ഇടുകയോ അരുത്, കാരണം അതു സംശയത്തിന്റെ ഭോജനയാഗമാണ്—അപരാധസ്മാരകമായ ഭോജനയാഗംതന്നെ.

16 “ ‘പുരോഹിതൻ അവളെ കൊണ്ടുവന്ന് യഹോവയുടെമുമ്പാകെ നിർത്തണം. 17 ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുത്ത് സമാഗമകൂടാരത്തിന്റെ തറയിൽനിന്നെടുത്ത പൊടി പുരോഹിതൻ ആ വെള്ളത്തിൽ ഇടണം. 18 പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി, അദ്ദേഹം അവളുടെ തല അനാവരണം ചെയ്ത്, അനുസ്മരണയാഗം, സംശയത്തിന്റെ ഭോജനയാഗംതന്നെ, അവളുടെ കൈകളിൽ വെക്കണം. ശാപകരമായ കയ്‌പുവെള്ളം പുരോഹിതൻതന്നെ അദ്ദേഹത്തിന്റെ കൈകളിൽ വഹിക്കണം. 19 പിന്നീട് പുരോഹിതൻ സ്ത്രീയെ ശപഥംചെയ്യിച്ചു പറയേണ്ടത്: “നീ നിന്റെ ഭർത്താവുമായി വിവാഹബന്ധത്തിൽ ആയിരിക്കെ, മറ്റൊരു പുരുഷനും നിന്നോടൊത്തു ലൈംഗികബന്ധത്തിലേർപ്പെടുകയോ വഴിപിഴച്ചുപോകുകയോ ചെയ്യാതെ, നീ ശുദ്ധയായിരിക്കുന്നെങ്കിൽ, ശാപകരമായ ഈ കയ്‌പുവെള്ളം നിനക്കു ഹാനി വരുത്താതിരിക്കട്ടെ. 20 എന്നാൽ നീ നിന്റെ ഭർത്താവുമായി വിവാഹബന്ധത്തിൽ ആയിരിക്കെ, വഴിപിഴച്ച് നിന്റെ ഭർത്താവല്ലാത്ത അന്യപുരുഷനുമൊത്ത് ലൈംഗികബന്ധത്തിലേർപ്പെട്ട് നിന്നെത്തന്നെ അശുദ്ധയാക്കിയിരിക്കുന്നെങ്കിൽ”— 21 ഇവിടെ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശപഥംചെയ്യിച്ച് ഇങ്ങനെ പറയണം—“യഹോവ നിന്റെ തുട ക്ഷയിപ്പിച്ചു നിന്റെ ഉദരം വീർപ്പിക്കുമ്പോൾ നിന്റെ ജനം നിന്നെ ശപിക്കാനും ആക്ഷേപിക്കാനും ഇടയാകട്ടെ. 22 നിന്റെ ഉദരം വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യത്തക്കവണ്ണം, ശാപത്തിന് ഉതകുന്ന ഈ ജലം നിന്റെ ശരീരത്തിൽ പ്രവേശിക്കട്ടെ.”

“ ‘അപ്പോൾ സ്ത്രീ, “ആമേൻ, ആമേൻ” എന്നു പറയണം.

23 “ ‘പുരോഹിതൻ ഈ ശാപങ്ങളെ ഒരു ചുരുളിൽ എഴുതി അതു കഴുകി കയ്‌പുവെള്ളത്തിലാക്കണം. 24 ശാപകരമായ കയ്‌പുവെള്ളം സ്ത്രീയെ കുടിപ്പിക്കണം. ശാപകരമായ ഈ കയ്‌പുവെള്ളം അവളിൽ കടന്ന് കയ്പേറിയതായിത്തീരും. 25 പുരോഹിതൻ അവളുടെ കൈകളിൽനിന്ന് സംശയത്തിന്റെ ഭോജനയാഗം എടുത്ത്, അത് യഹോവയുടെമുമ്പാകെ ഉയർത്തി യാഗപീഠത്തിൽ കൊണ്ടുവരണം. 26 തുടർന്നു പുരോഹിതൻ ഭോജനയാഗത്തിൽ ഒരുപിടി എടുത്ത് ഒരു സ്മരണാംശമായി യാഗപീഠത്തിൽ ദഹിപ്പിക്കണം; അതിനുശേഷം, അദ്ദേഹം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കണം. 27 അവൾ തന്നെത്തന്നെ അശുദ്ധയാക്കി തന്റെ ഭർത്താവിനോട് അവിശ്വസ്തയായിരുന്നെങ്കിൽ, ആ ശാപജലം അവളെ കുടിപ്പിക്കുമ്പോൾ, അത് അവളിൽ കടന്ന് കയ്‌പായിത്തീരും; അവളുടെ ഉദരം വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യും, അവൾ തന്റെ ജനത്തിനിടയിൽ ശപിക്കപ്പെട്ടവളായിത്തീരും. 28 എന്നാൽ സ്ത്രീ തന്നെത്തന്നെ അശുദ്ധയാക്കാതെയും മാലിന്യം ഒഴിഞ്ഞവളായും ഇരിക്കുന്നെങ്കിൽ, അവൾ കുറ്റവിമുക്തയാകുകയും ഒരു കുഞ്ഞിനു ജന്മംനൽകുകയും ചെയ്യും.

29 “ ‘ഇതാണു പാതിവ്രത്യശങ്ക സംബന്ധിച്ചുള്ള നിയമം. ഒരു ഭർത്താവുമായി വിവാഹബന്ധത്തിലായിരിക്കെ വഴിപിഴച്ച് തന്നെത്താൻ അശുദ്ധയാക്കുകയോ, 30 ഒരു പുരുഷൻ തന്റെ ഭാര്യയെ സംശയിക്കുകയോ ചെയ്യുമ്പോഴുള്ള നിയമം ഇതുതന്നെ. പുരോഹിതൻ അവളെ യഹോവയുടെമുമ്പിൽ നിർത്തി, ഈ നിയമങ്ങളെല്ലാം ആ സ്ത്രീയുടെമേൽ നടപ്പിൽവരുത്തണം. 31 എന്നാൽ ഭർത്താവ് അകൃത്യത്തിൽനിന്ന് വിമുക്തനായിരിക്കും, എന്നാൽ സ്ത്രീ തന്റെ അകൃത്യം വഹിക്കണം.’ ”

6:1 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: 2 “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ വിശേഷാലുള്ള ഒരു വ്രതം—ഒരു നാസീറായി യഹോവയ്ക്കു സ്വയം വേർതിരിക്കുന്നതിനുള്ള ഒരു വ്രതം—അനുഷ്ഠിക്കാൻ ഇച്ഛിക്കുന്നെങ്കിൽ 3 വീഞ്ഞോ മദ്യമോ കുടിക്കരുത്; വീഞ്ഞിൽനിന്നോ മദ്യത്തിൽനിന്നോ ഉണ്ടാക്കിയ വിന്നാഗിരിയും ഉപയോഗിക്കരുത്. മുന്തിരിച്ചാർ കുടിക്കുകയോ പഴുത്തമുന്തിരിങ്ങയോ ഉണക്കമുന്തിരിങ്ങയോ തിന്നുകയോ അരുത്. 4 നാസീർവ്രതം അനുഷ്ഠിക്കുന്ന കാലം മുഴുവനും മുന്തിരിയിൽനിന്നുള്ള യാതൊന്നും, കുരുവോ തൊലിയോപോലും, അവർ ഭക്ഷിച്ചുകൂടാ.

5 “ ‘നാസീർവ്രതകാലത്ത് ക്ഷൗരക്കത്തി തലയിൽ തൊടരുത്. യഹോവയ്ക്കായി വേർതിരിച്ചിരിക്കുന്ന നാളുകൾ തീരുന്നതുവരെ അവർ വിശുദ്ധരായിരിക്കണം; അവർ തലമുടി വളർത്തണം.

6 “ ‘യഹോവയ്ക്ക് നാസീർവ്രതസ്ഥരായി വേർതിരിക്കപ്പെട്ട കാലത്ത് അവർ ശവത്തിനരികെ ചെല്ലരുത്. 7 സ്വന്തം പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാൽപോലും, അവർനിമിത്തം സ്വയം ആചാരപരമായി അശുദ്ധരാകരുത്. കാരണം ദൈവത്തിനായി വേർതിരിക്കപ്പെട്ടതിന്റെ ചിഹ്നം അവരുടെ ശിരസ്സിന്മേലിരിക്കുന്നു. 8 അവർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കാലമത്രയും യഹോവയ്ക്കു സമർപ്പിതരാണ്.

9 “ ‘ആരെങ്കിലും നാസീർവ്രതമുള്ളവരുടെ സാന്നിധ്യത്തിൽ പെട്ടെന്നു മരിക്കുകയും അങ്ങനെ പ്രതിഷ്ഠിക്കപ്പെട്ട തങ്ങളുടെ ശിരസ്സിനെ അശുദ്ധമാക്കുകയും ചെയ്താൽ, അവരുടെ ശുദ്ധീകരണദിവസമായ ഏഴാംദിവസത്തിൽ ശിരസ്സു ക്ഷൗരംചെയ്യണം. 10 പിന്നീട് എട്ടാംദിവസം അവർ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. 11 പുരോഹിതൻ അവയിലൊന്നിനെ പാപശുദ്ധീകരണയാഗമായിട്ടും മറ്റേതിനെ നാസീർവ്രതസ്ഥരായവർക്കുവേണ്ടി പ്രായശ്ചിത്തം വരുത്താൻ ഹോമയാഗമായിട്ടും അർപ്പിക്കണം; കാരണം അവർ ശവംനിമിത്തം കുറ്റക്കാരായി. അന്നുതന്നെ അവർ തങ്ങളുടെ ശിരസ്സു ശുദ്ധീകരിക്കണം. 12 പ്രതിഷ്ഠാകാലത്തേക്കായി അവർ യഹോവയ്ക്കു സ്വയം സമർപ്പിക്കയും അകൃത്യയാഗമായി ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടിനെ കൊണ്ടുവരികയും വേണം. പ്രതിഷ്ഠാകാലത്ത് അശുദ്ധരായിത്തീർന്നതിനാൽ അവരുടെ മുമ്പിലത്തെ വ്രതദിനങ്ങൾ കണക്കിലെടുക്കുകയില്ല.

13 “ ‘നാസീർവ്രതസ്ഥർ തങ്ങളുടെ പ്രതിഷ്ഠാകാലം പൂർത്തിയാകുമ്പോഴുള്ള നിയമം ഇതാണ്: അവരെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരണം. 14 അവിടെ അവർ യഹോവയ്ക്കുള്ള വഴിപാടുകൾ അർപ്പിക്കണം: ഹോമയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ ആൺകുഞ്ഞാട്, പാപശുദ്ധീകരണയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ പെൺകുഞ്ഞാട്, സമാധാനയാഗത്തിനുള്ള ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ എന്നിവ 15 അവയുടെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടും കൂടെയും ഒരു കുട്ട പുളിപ്പിക്കാതെ തയ്യാറാക്കിയ അപ്പം, നേരിയമാവിൽ ഒലിവെണ്ണചേർത്തുണ്ടാക്കിയ വടകൾ, ഒലിവെണ്ണ പുരട്ടിയ അടകൾ എന്നിവയോടുംകൂടെത്തന്നെ.

16 “ ‘പുരോഹിതൻ അവ യഹോവയുടെ സന്നിധിയിൽ കാഴ്ചവെച്ച് പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിക്കണം. 17 കുട്ടയിലുള്ള പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ആട്ടുകൊറ്റനെ സമാധാനയാഗമായി അതിന്റെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടുംകൂടെ പുരോഹിതൻ യഹോവയ്ക്ക് അർപ്പിക്കണം.

18 “ ‘ഇതിനുശേഷം സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച്, നാസീർവ്രതസ്ഥർ തങ്ങൾ സമർപ്പിച്ച തലമുടി വടിച്ചുകളയണം. ആ തലമുടി അവർ എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിലിടണം.

19 “ ‘നാസീർവ്രതസ്ഥർ തങ്ങളുടെ സമർപ്പിക്കപ്പെട്ട തലമുടി വടിച്ചുകളഞ്ഞശേഷം ആട്ടുകൊറ്റന്റെ വേവിച്ച ഒരു കൈക്കുറകും കുട്ടയിൽനിന്നെടുത്ത പുളിപ്പിക്കാത്ത ഒരു വടയും ഒരു അടയും പുരോഹിതൻ അവരുടെ കൈകളിൽ വെക്കണം. 20 പുരോഹിതൻ അവയെ യഹോവയുടെമുമ്പിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; ഉയർത്തി അർപ്പിച്ച നെഞ്ചോടും വിശിഷ്ടയാഗാർപ്പണമായ തുടയും പുരോഹിതനു വിശുദ്ധമായിരിക്കണം. അതിനുശേഷം നാസീർവ്രതസ്ഥർക്കു വീഞ്ഞു കുടിക്കാം.

21 “ ‘നാസീർവ്രതം അനുഷ്ഠിക്കുന്നവർക്കുള്ള പ്രമാണങ്ങൾ ഇതാണ്. തനിക്കു കൊടുക്കാൻ കഴിവുള്ളതിനുപുറമേ തന്റെ വ്രതം അനുസരിച്ചു യഹോവയ്ക്കു വഴിപാടായി കൊടുക്കേണ്ടവയാണ് ഇവ. നാസീർവ്രതപ്രമാണങ്ങൾക്കനുസൃതമായി തങ്ങൾചെയ്ത പ്രതിജ്ഞ ഓരോരുത്തരും നിറവേറ്റണം.’ ”

22 യഹോവ മോശയോട് അരുളിച്ചെയ്തു: 23 “അഹരോനോടും പുത്രന്മാരോടും നീ പറയുക: ‘ഇസ്രായേൽമക്കളെ നിങ്ങൾ ഇപ്രകാരം അനുഗ്രഹിക്കണം. അവരോടു പറയേണ്ടത്:

24 “ ‘യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും

കാക്കുകയും ചെയ്യട്ടെ;

25 യഹോവ തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും

നിങ്ങളോടു കൃപാലുവായിരിക്കുകയും ചെയ്യട്ടെ;

26 യഹോവ തിരുമുഖം നിങ്ങളിലേക്കു തിരിച്ച്

നിങ്ങൾക്കു സമാധാനം നൽകട്ടെ.’ 

27 “ഇപ്രകാരം അവർ ഇസ്രായേൽമക്കളുടെമേൽ എന്റെ നാമം വെക്കുകയും ഞാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യും.”