ഉസ്സീയാവിന് കുഷ്ഠരോഗം ബാധിക്കുന്നു
ക്രി.മു. 787 അല്ലെങ്കിൽ 765
Biblica® Open Malayalam Contemporary Version™ (OMCV)
16 എന്നാൽ പ്രബലനായിക്കഴിഞ്ഞപ്പോൾ ഉസ്സീയാവിനുണ്ടായ നിഗളം അദ്ദേഹത്തിന്റെ പതനത്തിനു വഴിതെളിച്ചു. അദ്ദേഹം തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തനായിത്തീർന്നു. സുഗന്ധധൂപപീഠത്തിന്മേൽ സ്വയം ധൂപവർഗം കത്തിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു. 17 അസര്യാപുരോഹിതനും യഹോവയുടെ പുരോഹിതന്മാരിൽ ധൈര്യശാലികളായ എൺപതുപേരും അദ്ദേഹത്തെ പിൻതുടർന്ന് അകത്തുകടന്നു. 18 അവർ ഉസ്സീയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സീയാവേ, യഹോവയ്ക്കു ധൂപവർഗം കത്തിക്കുന്ന ശുശ്രൂഷ അങ്ങേക്കുള്ളതല്ല; അത് പുരോഹിതന്മാരും അഹരോന്റെ പിൻഗാമികളുമായ ശുദ്ധീകരിക്കപ്പെട്ടവർക്കു മാത്രമുള്ളതാണ്. അതിനാൽ അങ്ങ് വിശുദ്ധമന്ദിരം വിട്ടുപോകൂ; പാപംചെയ്തിരിക്കുന്നു. അതുകൊണ്ട് ദൈവമായ യഹോവയിൽനിന്ന് അങ്ങേക്കു ബഹുമതി ലഭിക്കുകയില്ല.”
19 ധൂപവർഗം കത്തിക്കുന്നതിനുള്ള ധൂപകലശം കൈയിൽ ഉണ്ടായിരുന്ന ഉസ്സീയാവു കുപിതനായി. യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെമുമ്പിൽ പുരോഹിതന്മാരുടെനേരേ ക്രോധാവേശം പൂണ്ടുനിൽക്കുമ്പോൾ, അവരുടെ കണ്മുമ്പിൽവെച്ചുതന്നെ അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി. 20 പുരോഹിതമുഖ്യനായ അസര്യാവും മറ്റെല്ലാ പുരോഹിതന്മാരും അദ്ദേഹത്തെ നോക്കിയപ്പോൾ, അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠമുള്ളതായിക്കണ്ടു. അവർ അദ്ദേഹത്തെ തിടുക്കത്തിൽ പുറത്താക്കി; യഹോവ തന്നെ ദണ്ഡിപ്പിച്ചിരിക്കുകയാൽ വളരെവേഗത്തിൽ പുറത്തുകടക്കാൻ അദ്ദേഹവും നിർബന്ധിതനായിരുന്നു.
21 മരണപര്യന്തം ഉസ്സീയാവു കുഷ്ഠരോഗിയായിരുന്നു. യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്താക്കപ്പെട്ട്, കുഷ്ഠരോഗിയായ അദ്ദേഹം ഒരു പ്രത്യേക ഭവനത്തിൽ താമസിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം കൊട്ടാരത്തിന്റെ ചുമതലയേറ്റു; അദ്ദേഹമായിരുന്നു ദേശത്തു ഭരണംനടത്തിയിരുന്നത്.
യെശയ്യാവ് പ്രവാചകനായി നിയമിക്കപ്പെടുന്നു ക്രി.മു. 758
1 യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി, ആമോസിന്റെ മകനായ യെശയ്യാവിന് ലഭിച്ച ദർശനം ഇതാകുന്നു.
1 ഉസ്സീയാരാജാവ് മരിച്ച വർഷത്തിൽ ഉത്തുംഗവും ഉന്നതവുമായ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു; അവിടത്തെ അങ്കിയുടെ തൊങ്ങലുകൾ ആലയത്തെ നിറച്ചിരുന്നു. 2 സാറാഫുകൾ അവിടത്തെ മുകളിലായി നിന്നിരുന്നു; ഓരോ സാറാഫിനും ആറു ചിറകുവീതം ഉണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. 3 അവർ പരസ്പരം ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു:
“സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ;
ഭൂമി മുഴുവൻ അവിടത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു.”
4 അവർ ആർക്കുന്ന ശബ്ദത്താൽ ആലയത്തിന്റെ കട്ടിളക്കാലുകളും വാതിൽപ്പടികളും കുലുങ്ങി; ആലയം പുകകൊണ്ടു നിറഞ്ഞു.
5 അപ്പോൾ ഞാൻ, “എനിക്ക് അയ്യോ കഷ്ടം! ഞാൻ നശിച്ചു! ഞാൻ അശുദ്ധ അധരങ്ങളുള്ള ഒരു മനുഷ്യൻ; അശുദ്ധമായ അധരങ്ങളുള്ള ജനത്തിന്റെ നടുവിൽ പാർക്കുകയും ചെയ്യുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടല്ലോ” എന്നു കരഞ്ഞു.
6 അപ്പോൾ സാറാഫുകളിൽ ഒരാൾ കൈയിൽ ജ്വലിക്കുന്ന ഒരു തീക്കനലുമായി എന്റെ അടുക്കൽ പറന്നെത്തി. അത് അദ്ദേഹം കൊടിൽകൊണ്ട് യാഗപീഠത്തിൽനിന്ന് എടുത്തതായിരുന്നു. 7 ആ കനൽകൊണ്ട് എന്റെ അധരം സ്പർശിച്ചുകൊണ്ട് ആ ദൂതൻ പറഞ്ഞു: “നോക്കൂ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചതിനാൽ, നിന്റെ അകൃത്യം നീക്കപ്പെട്ടിരിക്കുന്നു, നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.”
8 അതിനുശേഷം, “ഞാൻ ആരെ അയയ്ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം ഞാൻ കേട്ടു.
“അടിയൻ ഇതാ! അടിയനെ അയയ്ക്കണമേ,” എന്നു ഞാൻ പറഞ്ഞു.
9 അവിടന്ന് എന്നോട്: “നീ പോയി ഈ ജനത്തോടു പറയുക:
“ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല;
നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല.’
10 ഈ ജനത്തിന്റെ ഹൃദയം കഠിനമാക്കുക
അവരുടെ കാതുകൾ മന്ദമാക്കുക
അവരുടെ കണ്ണുകൾ അന്ധമാക്കുക.
അല്ലാത്തപക്ഷം അവർ തങ്ങളുടെ കണ്ണുകളാൽ കാണുകയും
തങ്ങളുടെ കാതുകളാൽ കേൾക്കുകയും
അവർ തങ്ങളുടെ ഹൃദയങ്ങളാൽ ഗ്രഹിക്കുകയും ചെയ്തിട്ട്,
മനസ്സുതിരിഞ്ഞു സൗഖ്യം പ്രാപിക്കുകയും ചെയ്യുമല്ലോ,” എന്നു പറഞ്ഞു.
11 “കർത്താവേ, എപ്പോൾവരെ?” എന്നു ഞാൻ ചോദിച്ചു.
അവിടന്ന് ഉത്തരം പറഞ്ഞു:
“പട്ടണങ്ങൾ ശൂന്യമാകുന്നതുവരെ,
നിവാസികൾ ഇല്ലാതാകുന്നതുവരെ,
വീടുകൾ ആളില്ലാതാകുന്നതുവരെ,
ദേശം പാഴും ശൂന്യവും ആകുന്നതുവരെത്തന്നെ,
12 യഹോവ എല്ലാവരെയും വിദൂരത്ത് അയയ്ക്കുന്നതുവരെ,
ദേശംമുഴുവനും തീർത്തും നിർജനസ്ഥലം ആയിത്തീരുന്നതുവരെത്തന്നെ.
13 അതിൽ ഒരു ദശാംശമെങ്കിലും ശേഷിച്ചാൽ,
അതു പിന്നെയും ദഹിപ്പിക്കപ്പെടും.
കരിമരവും കരുവേലകവും
വെട്ടിയിട്ടശേഷം കുറ്റി ശേഷിക്കുന്നതുപോലെ
വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”
1 ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു:
2 അന്തിമനാളുകളിൽ,
യഹോവയുടെ ആലയമുള്ള പർവതം,
പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും;
അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും,
സകലരാഷ്ട്രങ്ങളും അതിലേക്ക് ഒഴുകിയെത്തും.
3 അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം,
യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ.
അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും
അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.”
സീയോനിൽനിന്ന് ഉപദേശവും
ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
4 അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും;
നിരവധി ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും.
അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും
കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും.
രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല;
ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല.
5 യാക്കോബിന്റെ പിൻതലമുറകളേ, വരിക;
നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം.
6 അങ്ങ് അവിടത്തെ ജനമായ
യാക്കോബിന്റെ പിൻഗാമികളെ ഉപേക്ഷിച്ചു.
അവരിൽ പൗരസ്ത്യദേശത്തിലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്നു;
അവർ ഫെലിസ്ത്യരെപ്പോലെ ദേവപ്രശ്നംവെക്കുകയും
യെഹൂദേതരരുടെ ആചാരങ്ങളെ ആലിംഗനംചെയ്യുകയും ചെയ്യുന്നു.
7 അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു;
അവരുടെ നിക്ഷേപങ്ങൾക്ക് ഒരു പരിധിയുമില്ല.
അവരുടെ നാട് കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു;
അവരുടെ രഥങ്ങൾ എണ്ണി തിട്ടപ്പെടുത്താവുന്നതുമല്ല.
8 അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു;
അവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിക്കുമുന്നിൽ വണങ്ങുന്നു,
തങ്ങളുടെ വിരലുകൾ നിർമിച്ചതിനെത്തന്നെ.
9 അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും;
എല്ലാവരും കുനിക്കപ്പെടും;
അങ്ങ് അവരോടു ക്ഷമിക്കരുതേ.
10 യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും
അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും
പാറയിൽ പ്രവേശിച്ച് തറയിൽ ഒളിച്ചുകൊള്ളുക.
11 അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും;
മനുഷ്യന്റെ ഗർവം കുനിയും;
ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും.
12 സൈന്യങ്ങളുടെ യഹോവ
ഗർവവും ഉന്നതഭാവവും നിഗളവുമുള്ള
എല്ലാവർക്കുമായി ഒരു ദിവസം കരുതിവെച്ചിരിക്കുന്നു.
അവരെല്ലാവരും താഴ്ത്തപ്പെടും.
13 ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും
ബാശാനിലെ എല്ലാ കരുവേലകങ്ങളുടെമേലും
14 ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും
ഉയരമുള്ള എല്ലാ കുന്നുകളുടെമേലും
15 ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും
ഉറപ്പുള്ള എല്ലാ മതിലിന്റെമേലും
16 തർശീശിലെ എല്ലാ കപ്പലുകളുടെമേലും
പ്രൗഢിയുള്ള എല്ലാ സമുദ്രയാനങ്ങളുടെമേലും ആ ദിവസം വരും.
17 മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും;
അവന്റെ അഹംഭാവമെല്ലാം വിനമ്രമാക്കപ്പെടും;
ആ ദിവസത്തിൽ യഹോവമാത്രം ഉന്നതനായിരിക്കും,
18 വിഗ്രഹങ്ങൾ പൂർണമായും ഒഴിഞ്ഞുപോകും.
19 ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ
അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും,
അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും
മനുഷ്യർ പാറകൾക്കുള്ളിലുള്ള ഗുഹകളിലേക്കും
മണ്ണിലെ കുഴികളിലേക്കും കടക്കും.
20 തങ്ങൾക്കു നമസ്കരിക്കാൻ ഉണ്ടാക്കിയ
സ്വർണവും വെള്ളിയുംകൊണ്ടുള്ള ബിംബങ്ങളെ
മനുഷ്യർ ആ ദിവസത്തിൽ
തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.
21 ഭൂമിയെ വിറകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ,
അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും,
അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും
അവർ പാറകളുടെ ഗഹ്വരങ്ങളിലേക്കും
ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും.
22 കേവലം മനുഷ്യനിൽ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക,
അവരുടെ ജീവശ്വാസം കേവലം നാസാദ്വാരങ്ങളിലല്ലോ.
അവരെ എന്തിനു വിലമതിക്കണം?