പ്രാർഥനയെക്കുറിച്ച് രണ്ട് സാദൃശ്യകഥകൾ
പ്രാർഥനയെക്കുറിച്ച് രണ്ട് സാദൃശ്യകഥകൾ: വിട്ടുമാറാതെ അപേക്ഷിക്കുന്ന വിധവയും, പരീശനും ചുങ്കക്കാരനും.
ക്രി.പി. 29 മുതൽ 30 വരെ
Biblica® Open Malayalam Contemporary Version™ (OMCV)
ലൂക്കോസ് 18:1–14
18:1 ഹതാശരായിപ്പോകാതെ നിരന്തരം പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ യേശു ശിഷ്യന്മാരോട് ഒരു സാദൃശ്യകഥ പറഞ്ഞു. 2 “ഒരു പട്ടണത്തിൽ, ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഉണ്ടായിരുന്നു. 3 ആ പട്ടണത്തിലെ ഒരു വിധവ, ‘എന്റെ ശത്രുവിൽനിന്ന് എന്റെ അവകാശം സ്ഥാപിച്ച് എനിക്കു നിയമസംരക്ഷണം നൽകിയാലും!’ എന്ന അപേക്ഷയുമായി അയാളുടെ അടുക്കൽ കൂടെക്കൂടെ ചെന്നുകൊണ്ടിരുന്നു.
4 “കുറെ കാലത്തേക്ക് അയാൾ ഒരു പരിഗണനയും കാണിച്ചില്ല. എന്നാൽ ഒടുവിൽ, ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കയോ ചെയ്യുന്നില്ലെങ്കിലും 5 ഈ വിധവ എന്നെ തുടർച്ചയായി അസഹ്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും: അല്ലെങ്കിൽ അവളുടെ നിരന്തരമായ വരവ് എനിക്കു സഹിക്കാവുന്നതിലും അപ്പുറമാകും’ എന്നു തന്നോടുതന്നെ പറഞ്ഞു.”
6 കർത്താവ് തുടർന്ന് ശിഷ്യന്മാരോട്, “നീതിനിഷ്ഠനല്ലാത്ത ആ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക. 7 അയാൾപോലും അവസാനം നീതിയുക്തമായി വിധി നടപ്പാക്കിയെങ്കിൽ, ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവിടന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ? 8 ഞാൻ നിങ്ങളോടു പറയട്ടെ, ‘ദൈവം വേഗത്തിൽ അവർക്കു നീതി നടത്തിക്കൊടുക്കും. എങ്കിലും മനുഷ്യപുത്രന്റെ (എന്റെ) പുനരാഗമനത്തിൽ ഭൂമിയിൽ വിശ്വസിക്കുന്നവരെ കണ്ടെത്താനാകുമോ?’ ” എന്നു പറഞ്ഞു.
9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു: 10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ. 11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു. 12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
യേശു വിവാഹമോചനത്തെക്കുറിച്ച് പഠിപ്പിക്കുന്നു
ഗലീലയിൽനിന്ന് പെരേയയിലൂടെ പോകുമ്പോൾ യേശു വിവാഹമോചനത്തെക്കുറിച്ച് പഠിപ്പിക്കുന്നു.
പെരേയ
മത്തായി 19:1–12
19:1 യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചശേഷം ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയുടെ അക്കരെയുള്ള യെഹൂദ്യപ്രവിശ്യയിലേക്ക് യാത്രതിരിച്ചു. 2 വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു. അവിടെവെച്ച് അദ്ദേഹം അവരിൽ രോഗബാധിതരായിരുന്നവരെ സൗഖ്യമാക്കി.
3 “ഏതെങ്കിലും കാരണത്താൽ ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്നു ചില പരീശന്മാർ അടുത്തുചെന്ന് യേശുവിനെ പരീക്ഷിക്കുന്നതിനായി ചോദിച്ചു.
4 അതിന് യേശു മറുപടി പറഞ്ഞത്: “സ്രഷ്ടാവ് ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’
5 അദ്ദേഹം തുടർന്നു, ‘ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ?
6 അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”
7 “അങ്ങനെയെങ്കിൽ, വിവാഹമോചനപത്രം കൊടുത്തശേഷം ഭാര്യയെ ഉപേക്ഷിക്കാമെന്ന് മോശ കൽപ്പിച്ചതെന്തിന്?” എന്ന് അവർ ചോദിച്ചു.
8 യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾക്കു നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാനുള്ള അനുമതി മോശ നൽകിയതു നിങ്ങളുടെ പിടിവാശി നിമിത്തമാണ്. എന്നാൽ ആരംഭത്തിൽ അപ്രകാരമായിരുന്നില്ല.
9 പാതിവ്രത്യലംഘനം നിമിത്തമല്ലാതെ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
10 അപ്പോൾ ശിഷ്യന്മാർ, “ഇതാണ് ഭാര്യാഭർത്തൃബന്ധത്തിന്റെ സ്ഥിതി എങ്കിൽ, വിവാഹംചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് അദ്ദേഹത്തോട് പറഞ്ഞു.
11 യേശു പ്രതിവചിച്ചത്, “വരം ലഭിച്ചവർക്കല്ലാതെ മറ്റാർക്കും ഈ ഉപദേശം ഉൾക്കൊള്ളുക അസാധ്യം. 12 ഷണ്ഡന്മാരായി ജനിച്ചവരുണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയവരുമുണ്ട്; സ്വർഗരാജ്യത്തെപ്രതി ഷണ്ഡന്മാരായി ജീവിക്കാൻ തീരുമാനിച്ചവരുമുണ്ട്. ഈ ഉപദേശം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ.”
മർക്കോസ് 10:1–12
10:1 യേശു കഫാർനഹൂം വിട്ട് യോർദാൻനദിയുടെ അക്കരെയുള്ള യെഹൂദ്യപ്രവിശ്യയിലേക്ക് യാത്രതിരിച്ചു. ജനക്കൂട്ടം വീണ്ടും അദ്ദേഹത്തിന്റെ ചുറ്റും തടിച്ചുകൂടി; പതിവുപോലെ അദ്ദേഹം അവരെ പിന്നെയും ഉപദേശിച്ചു.
2 ചില പരീശന്മാർ വന്ന്, “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി ചോദിച്ചു.
3 അദ്ദേഹം മറുപടിയായി, “മോശ നിങ്ങളോടു കൽപ്പിച്ചത് എന്താണ്?” എന്നു ചോദിച്ചു.
4 “വിവാഹമോചനപത്രം എഴുതിയിട്ട് ഭാര്യയെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു.
5 അതിന് യേശു മറുപടി പറഞ്ഞത്: “നിങ്ങളുടെ പിടിവാശി നിമിത്തമാണ് മോശ ഈ കൽപ്പന നിങ്ങൾക്ക് എഴുതിത്തന്നത്.
6 എന്നാൽ, ദൈവം സൃഷ്ടിയുടെ ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’
7 ‘ഇക്കാരണത്താൽ ഒരു പുരുഷൻ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും.
8 അവരിരുവരും ഒരു ശരീരമായിത്തീരും.’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. 9 അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”
10 അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യന്മാർ ഇതേപ്പറ്റി യേശുവിനോടു വീണ്ടും ചോദിച്ചു.
11 അദ്ദേഹം പറഞ്ഞു: “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ ആ ഭാര്യയ്ക്ക് എതിരായി വ്യഭിചാരം ചെയ്യുന്നു. 12 ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹംചെയ്യുന്നവളും വ്യഭിചാരം ചെയ്യുകയാണ്.”
ക്രിസ്തുവും കുട്ടികളും
ക്രിസ്തുവും കുട്ടികളും, യേശുവിന്റെ മനോഭാവം മനസ്സിലാക്കുന്നതിൽ ശിഷ്യന്മാർക്കുണ്ടായ പരാജയവും.
പെരേയ
മത്തായി 19:13–15
19:13 അതിനുശേഷം ചില ആളുകൾ ശിശുക്കളെ, യേശു അവരുടെമേൽ കൈവെച്ച് അവർക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്, അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു.
14 എന്നാൽ യേശു, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം സ്വർഗരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!” എന്നു പറഞ്ഞു.
15 യേശു അവരുടെമേൽ കൈവെച്ചശേഷം അവിടെനിന്ന് യാത്രതിരിച്ചു.
മർക്കോസ് 10:13–16
10:13 യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ ശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു.
14 ഇതുകണ്ട് യേശു ദേഷ്യത്തോടെ, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!
15 ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
16 തുടർന്ന് അദ്ദേഹം ശിശുക്കളെ കൈകളിൽ എടുത്ത് അവരുടെമേൽ കൈവെച്ച് അവരെ അനുഗ്രഹിച്ചു.
ലൂക്കോസ് 18:15–17
18:15 യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു.
16 എന്നാൽ, യേശു അവരെ തന്റെ അടുത്തേക്ക് ആഹ്വാനംചെയ്തുകൊണ്ട് ശിഷ്യന്മാരോട്, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!
17 ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.