ജെറുശലേമിലെ ദൈവാലയം കത്തിക്കപ്പെടുന്നു (continued)

ക്രി.മു. 588

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 94

1 യഹോവേ, പ്രതികാരത്തിന്റെ ദൈവമേ,

പ്രതികാരത്തിന്റെ ദൈവമേ, പ്രകാശം പരത്തണമേ.

2 ഭൂമിയുടെ ന്യായാധിപതിയേ, എഴുന്നേൽക്കണമേ;

അഹങ്കാരികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകണമേ.

3 ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ,

ദുഷ്ടർ എത്രനാൾ തിമിർത്താഹ്ലാദിക്കും?

4 അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു;

അധർമികൾ എല്ലാവരും വമ്പുപറയുന്നു.

5 യഹോവേ, അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു;

അങ്ങയുടെ അവകാശത്തെ അവർ പീഡിപ്പിക്കുന്നു.

6 വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു;

അനാഥരെ അവർ വധിക്കുന്നു.

7 അവർ ഇപ്രകാരം പറയുന്നു, “യഹോവ കാണുന്നില്ല;

യാക്കോബിന്റെ ദൈവം ഗൗനിക്കുന്നില്ല.”

8 ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ, കരുതിയിരിക്കുക;

ഭോഷരേ, നിങ്ങൾക്കിനി എന്നാണ് ജ്ഞാനമുദിക്കുക?

9 കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ?

കണ്ണുകൾ രൂപപ്പെടുത്തിയവൻ കാണാതെവരുമോ?

10 രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ?

മനുഷ്യവംശത്തെ അഭ്യസിപ്പിക്കുന്നവന് പരിജ്ഞാനം കുറവെന്നുവരുമോ?

11 മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു;

അവ വ്യർഥമെന്ന് അവിടന്ന് അറിയുന്നു.

12 യഹോവേ, അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ,

അങ്ങയുടെ ന്യായപ്രമാണത്തിൽനിന്ന് അവിടന്ന് പഠിപ്പിക്കുന്നവർതന്നെ.

13 അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു,

ദുഷ്ടർക്കുവേണ്ടി ഒരു കുഴി കുഴിക്കപ്പെടുന്നതുവരെ.

14 കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല;

അവിടന്ന് തന്റെ അവകാശത്തെ ഉപേക്ഷിക്കുകയുമില്ല.

15 ന്യായവിധി വീണ്ടും നീതിയിൽ അധിഷ്ഠിതമായിരിക്കും

ഹൃദയപരമാർഥികൾ എല്ലാവരും അത് പിൻതുടരും.

16 ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്?

ആര് എനിക്കുവേണ്ടി അധർമികളോട് എതിർത്തുനിൽക്കും?

17 യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ,

ഞാൻ അതിവേഗത്തിൽ മരണത്തിന്റെ നിശ്ശബ്ദതയിൽ പാർക്കുമായിരുന്നു.

18 “എന്റെ കാൽ വഴുതുന്നു,” എന്നു ഞാൻ പറഞ്ഞപ്പോൾ,

യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് തുണയായിരുന്നു.

19 എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ,

അവിടത്തെ സാന്ത്വനം എന്റെ പ്രാണന് ആനന്ദം നൽകി.

20 അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ—

ഉത്തരവുകളിലൂടെ ദുരന്തം വരുത്തുന്ന സിംഹാസനത്തോടുതന്നെ?

21 അവർ നീതിനിഷ്ഠർക്കെതിരേ ഒത്തുചേർന്ന്

നിരപരാധികളെ മരണത്തിന് വിധിക്കുന്നു.

22 എന്നാൽ യഹോവ എന്റെ ഉറപ്പുള്ള കോട്ടയായിത്തീർന്നിരിക്കുന്നു,

അവിടന്ന് എന്റെ ദൈവം, ഞാൻ അഭയംതേടുന്ന പാറയും.

23 അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും

അവരുടെ ദുഷ്‌പ്രവൃത്തികൾമൂലം അവരെ നശിപ്പിക്കും;

നമ്മുടെ ദൈവമായ യഹോവ അവരെ തകർത്തുകളയും.

2 രാജാക്കന്മാർ 24:17–20

17 അദ്ദേഹം യെഹോയാഖീന്റെ പിതൃസഹോദരനായ മത്ഥന്യാവിനെ അദ്ദേഹത്തിനുപകരം രാജാവാക്കി; മത്ഥന്യാവിന്റെ പേര് സിദെക്കീയാവ് എന്നു മാറ്റുകയും ചെയ്തു.

18 സിദെക്കീയാവ് രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹമൂതൽ എന്നായിരുന്നു. അവർ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകളായിരുന്നു. 19 യെഹോയാക്കീൻ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. 20 യഹോവയുടെ കോപംനിമിത്തം ജെറുശലേമിനും യെഹൂദയ്ക്കും ഇതെല്ലാം വന്നുഭവിച്ചു; അവസാനം യഹോവ അവരെ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു.

എന്നാൽ സിദെക്കീയാവ് ബാബേൽരാജാവിനോടു മത്സരിച്ചു.

യിരെമ്യാവ് 52:4

4 അതിനാൽ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസം പത്താംതീയതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്നു. അവർ നഗരത്തിനു വെളിയിൽ പാളയമടിച്ച് ചുറ്റും ഉപരോധം തീർത്തു.

യിരെമ്യാവ് 39:2

2 സിദെക്കീയാവിന്റെ പതിനൊന്നാമാണ്ടിൽ നാലാംമാസം ഒൻപതാംതീയതി യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു.

യിരെമ്യാവ് 39:4–9

4 യെഹൂദാരാജാവായ സിദെക്കീയാവും അദ്ദേഹത്തിന്റെ സകലസൈനികരും അവരെ കണ്ടപ്പോൾ അവർ രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനം വഴിയായി രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ നഗരത്തിനു പുറത്തുകടന്ന് അരാബയിലേക്കു യാത്രചെയ്തു.

5 എന്നാൽ ബാബേൽസൈന്യം അവരെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് സിദെക്കീയാവിനെ മറികടന്നു. അവർ അദ്ദേഹത്തെ പിടിച്ച് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ഹമാത്തിലെ രിബ്ലയിൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം സിദെക്കീയാവിന് വിധി കൽപ്പിച്ചു. 6 അവിടെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹം കാൺകെ കൊന്നു. ബാബേൽരാജാവ് യെഹൂദ്യയിലെ എല്ലാ പ്രഭുക്കന്മാരെയും കൊന്നുകളഞ്ഞു. 7 അതിനുശേഷം അദ്ദേഹം സിദെക്കീയാവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച്, ബാബേലിലേക്കു കൊണ്ടുപോകുന്നതിനായി വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ചു.

8 ബാബേല്യർ രാജാവിന്റെ അരമനയും ജനങ്ങളുടെ വീടുകളും തീവെച്ചു നശിപ്പിക്കയും ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുകളയുകയും ചെയ്തു. 9 നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും തന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും ശേഷിച്ച മറ്റുള്ളവരെയും അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.

2 രാജാക്കന്മാർ 25:3–21

3 നാലാംമാസം ഒൻപതാംതീയതി ആയപ്പോഴേക്കും പട്ടണത്തിലെ ജനങ്ങൾക്കു ഭക്ഷിക്കാൻ യാതൊന്നും ഇല്ലാത്തതരത്തിൽ ക്ഷാമം അതികഠിനമായി. 4 ബാബേല്യർ നഗരം വളഞ്ഞിരിക്കെ, യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു. രാജാവും മുഴുവൻ സൈന്യവും രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനത്തിനരികെ രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ ഓടിപ്പോയി. അവർ അരാബയുടെ നേർക്കാണു പലായനംചെയ്തത്. 5 എന്നാൽ ബാബേൽസൈന്യം രാജാവിനെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് അദ്ദേഹത്തോടൊപ്പം എത്തി. പടയാളികൾ മുഴുവനും അദ്ദേഹത്തിൽനിന്നു വേർപെട്ട് ചിതറിപ്പോയിരുന്നു. 6 അങ്ങനെ അദ്ദേഹം പിടിക്കപ്പെട്ടു.

അദ്ദേഹത്തെ രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹത്തിനു ശിക്ഷ വിധിച്ചു. 7 അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുമ്പിൽവെച്ചു കൊന്നു. അതിനുശേഷം അവർ അദ്ദേഹത്തിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. അദ്ദേഹത്തെ വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി.

8 ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊൻപതാം ആണ്ട്, അഞ്ചാംമാസം ഏഴാംതീയതി ബാബേൽരാജാവിന്റെ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ജെറുശലേമിലേക്കു വന്നു. 9 അദ്ദേഹം യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ജെറുശലേമിലെ സകലവീടുകൾക്കും തീവെച്ചു. പ്രധാനപ്പെട്ട സകലകെട്ടിടങ്ങളും അദ്ദേഹം ചുട്ടുകളഞ്ഞു. 10 അംഗരക്ഷകസേനയുടെ അധിപതിയായ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ബാബേൽസൈന്യമെല്ലാംചേർന്ന് ജെറുശലേമിന്റെ ചുറ്റുമതിൽ ഇടിച്ചുനിരത്തി. 11 നഗരവാസികളിൽ ശേഷിച്ചവരെയും ബാബേൽരാജാവിന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും ശേഷം ജനത മുഴുവനെയും അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ പ്രവാസികളാക്കി കൊണ്ടുപോയി. 12 എന്നാൽ സൈന്യാധിപൻ മുന്തിരിത്തോപ്പുകളിലും വയലുകളിലും പണിചെയ്യുന്നതിനായി, ദേശത്തിലെ ഏറ്റവും ദരിദ്രരിൽ ചിലരെ വിട്ടിട്ടുപോയി.

13 യഹോവയുടെ ആലയത്തിലുണ്ടായിരുന്ന വെങ്കലസ്തംഭങ്ങളും ചലിപ്പിക്കാവുന്ന പീഠങ്ങളും വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബേല്യർ ഉടച്ചുകളഞ്ഞു. അതിന്റെ വെങ്കലം അവർ ബാബേലിലേക്കു കൊണ്ടുപോയി. 14 ദൈവാലയശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന കലങ്ങളും കോരികളും തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളും തളികകളും മറ്റെല്ലാ ഓട്ടുപകരണങ്ങളും അവർ കൊണ്ടുപോയി. 15 ധൂപകലശങ്ങളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങളും എന്നുവേണ്ടാ തങ്കംകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയവയെല്ലാം അംഗരക്ഷകസേനയുടെ അധിപൻ എടുത്തുകൊണ്ടുപോയി.

16 യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ ഉണ്ടാക്കിയിരുന്ന രണ്ടുസ്തംഭങ്ങളുടെയും ജലസംഭരണിയുടെയും ചലിപ്പിക്കാവുന്ന പീഠങ്ങളുടെയും വെങ്കലം തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തതുപോലെ അത്ര അധികമായിരുന്നു. 17 ഓരോ സ്തംഭവും പതിനെട്ടുമുഴം ഉയരമുള്ളതായിരുന്നു, ഒരു വെങ്കലസ്തംഭത്തിന്റെ തലയ്ക്കലുള്ള മകുടം മൂന്നുമുഴം ഉയരമുള്ളതും ചുറ്റും വെങ്കലംകൊണ്ടുള്ള വലമണികളും മാതളനാരകപ്പഴങ്ങളുംകൊണ്ട് അലങ്കൃതവും ആയിരുന്നു. വലമണികളോടുകൂടിയ മറ്റേ സ്തംഭവും ഇതുപോലെതന്നെ ആയിരുന്നു.

18 മഹാപുരോഹിതനായ സെരായാവെയും തൊട്ടടുത്ത പദവിയിലുള്ള പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽകാവൽക്കാരെയും അംഗരക്ഷകസേനയുടെ നായകൻ തടവുകാരായി പിടിച്ചുകൊണ്ടുപോയി. 19 നഗരത്തിൽ അപ്പോഴും ഉണ്ടായിരുന്നവരിൽനിന്നു യോദ്ധാക്കളുടെ മേൽവിചാരകനെയും രാജാവിന്റെ ഉപദേശകന്മാരായ അഞ്ചുപേരെയുംകൂടെ അദ്ദേഹം പിടിച്ചുകൊണ്ടുപോയി. ദേശത്തെ ജനങ്ങളെക്കൊണ്ട് നിർബന്ധിതസൈനികസേവനം ചെയ്യിക്കുന്നതിന്റെ മുഖ്യചുമതലക്കാരനായ ലേഖകനെയും നഗരത്തിൽ കാണപ്പെട്ട അറുപതു സൈനികരെയുംകൂടെ പിടിച്ചുകൊണ്ടുപോയി. 20 സൈന്യാധിപനായ നെബൂസരദാൻ അവരെയെല്ലാം പിടിച്ച് രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. 21 അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി.

അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി.