സമാഗമകൂടാരം നിർമിക്കപ്പെടുന്നു (continued)
സമാഗമകൂടാരത്തിന്റെ നിർമാണത്തിനായുള്ള ജനത്തിന്റെ വഴിപാടുകൾ, അതിലെ ഉപകരണങ്ങൾ, സമാഗമകൂടാരത്തിന്റെ പൂർത്തീകരണം.
ക്രി.മു. 1490
Biblica® Open Malayalam Contemporary Version™ (OMCV)
1 ബെസലേൽ, ഖദിരമരംകൊണ്ടു പേടകം ഉണ്ടാക്കി; അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു. 2 അദ്ദേഹം അതിന്റെ അകവും പുറവും തങ്കംകൊണ്ടു പൊതിഞ്ഞു; അതിനുചുറ്റും തങ്കംകൊണ്ടു വാർത്തുണ്ടാക്കി ഒരു അരികുപാളി പിടിപ്പിച്ചു. 3 അതിന്റെ നാലു കാലിനുമായി നാലു തങ്കവളയം വാർത്തുണ്ടാക്കി, രണ്ടു വളയം ഒരുവശത്തും രണ്ടു വളയം മറ്റേവശത്തുമായി ഉറപ്പിച്ചു. 4 പിന്നെ അദ്ദേഹം ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി അവ തങ്കംകൊണ്ടു പൊതിഞ്ഞു. 5 പേടകം ചുമക്കേണ്ടതിന് ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ ഉറപ്പിച്ചു.
6 അദ്ദേഹം തങ്കംകൊണ്ട് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള പാപനിവാരണസ്ഥാനം ഉണ്ടാക്കി. 7 പിന്നെ അദ്ദേഹം, പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി തങ്കംകൊണ്ടു രണ്ടു കെരൂബുകൾ നിർമിച്ചു. 8 ഒരു കെരൂബ് ഒരറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും. ഇങ്ങനെ കെരൂബുകളെ പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അതിൽനിന്നുതന്നെ ഉള്ളതായി അദ്ദേഹം ഉണ്ടാക്കി. 9 കെരൂബുകൾ മുകളിലേക്കു ചിറകുകൾ വിടർത്തി, ചിറകുകൾകൊണ്ടു പാപനിവാരണസ്ഥാനത്തെ മൂടുകയും പരസ്പരം അഭിമുഖമായിരിക്കുകയും ചെയ്തു. കെരൂബുകളുടെ മുഖം പാപനിവാരണസ്ഥാനത്തിനുനേരേ ആയിരുന്നു.
10 അവർ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി; അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം പൊക്കവും ഉണ്ടായിരുന്നു. 11 അവർ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ചുറ്റും തങ്കംകൊണ്ട് ഒരു വക്ക് ഉണ്ടാക്കി. 12 അതിനുചുറ്റും കൈപ്പത്തിയുടെ വീതിയുള്ള ഒരു പട്ടയും പട്ടയ്ക്കുമേൽ തങ്കംകൊണ്ടു വാർത്ത അരികുപാളിയും ഉണ്ടാക്കി. 13 അവർ മേശയ്ക്കു നാലു തങ്കവളയം വാർത്തുണ്ടാക്കി. അത് നാലു കോണുകളിലുമുള്ള നാലു കാലുകളിൽ തറച്ചു. 14 മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താനുള്ള വളയങ്ങൾ പട്ടയോടു ചേർത്തിരുന്നു. 15 മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു. 16 മേശമേലുള്ള ഉപകരണങ്ങളായ തളികകളും താലങ്ങളും കിണ്ടികളും പാനീയയാഗങ്ങൾ പകരുന്നതിനുള്ള ഭരണികളും അവർ തങ്കംകൊണ്ടുണ്ടാക്കി.
17 അവർ തങ്കംകൊണ്ട് നിലവിളക്കു നിർമിച്ചു. വിളക്കിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും ഒറ്റത്തണ്ടിൽത്തന്നെ അടിപ്പുപണിയായി ഉണ്ടാക്കി. 18 നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നുശാഖ, മറ്റേവശത്തുനിന്നു മൂന്നുശാഖ, ഇങ്ങനെ ആറുശാഖകൾ ഉണ്ടായിരുന്നു. 19 ഓരോശാഖയിലും ഓരോമൊട്ടും ഓരോപൂവുമായി ബദാംപുഷ്പംപോലെ മൂന്നു പുഷ്പപുടവും, അതുപോലെ അടുത്തശാഖയിലും ഉണ്ടായിരുന്നു; ഇങ്ങനെ വിളക്കിന്റെ ആറുശാഖയിലും ഉണ്ടായിരുന്നു. 20 നിലവിളക്കിൽ മൊട്ടുകളോടും പൂക്കളോടുംകൂടിയ ബദാംപൂക്കൾപോലുള്ള നാലു പുടങ്ങൾ ഉണ്ടായിരുന്നു. 21 നിലവിളക്കിൽനിന്നു നീണ്ടുനിൽക്കുന്ന ശാഖകളിൽ ഒന്നാമത്തെ ജോടിക്കുകീഴേ ഒരു മൊട്ട്, രണ്ടാമത്തെ ജോടിക്കുകീഴേ മറ്റൊരു മൊട്ട്, മൂന്നാമത്തെ ജോടിക്കുകീഴേ വേറൊരു മൊട്ട് എന്നിങ്ങനെ ആറു ശാഖയ്ക്കും ഉണ്ടായിരുന്നു. 22 മൊട്ടുകളും ശാഖകളും നിലവിളക്കിൽനിന്ന് ഒറ്റഖണ്ഡമെന്നവിധത്തിൽ തങ്കംകൊണ്ട് അടിപ്പുപണിയായി ഉണ്ടാക്കി.
23 അവർ അതിന്റെ ഏഴ് ദീപങ്ങളും അതു വെടിപ്പാക്കുന്നതിനുള്ള കത്രികകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടുണ്ടാക്കി. 24 അവർ ഒരു താലന്തു തങ്കംകൊണ്ടു നിലവിളക്കും അതിനോടുചേർന്നുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടാക്കി.
25 അവർ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി. അതു സമചതുരത്തിൽ ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ളതും രണ്ടുമുഴം ഉയരമുള്ളതും ആയിരുന്നു. അതിന്റെ കൊമ്പുകൾ ധൂപപീഠത്തിൽനിന്ന് ഒരുഖണ്ഡമായിത്തന്നെ ഉണ്ടാക്കി. 26 അവർ, അതിന്റെ മേൽഭാഗവും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിനുചുറ്റും തങ്കംകൊണ്ട് ഒരു വക്കും ഉണ്ടാക്കി. 27 ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിച്ചു. 28 അവർ ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി. അതു തങ്കംകൊണ്ടു പൊതിഞ്ഞു.
29 അവർ, സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം വിശുദ്ധമായ അഭിഷേകതൈലവും ശുദ്ധമായ സുഗന്ധവർഗവും ഉണ്ടാക്കി.
38:1 ബെസലേൽ, ഖദിരമരംകൊണ്ടു മൂന്നുമുഴം ഉയരമുള്ള ഒരു ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയുമുള്ള സമചതുരമായിരുന്നു. 2 അവർ അതിന്റെ നാലു കോണുകളിലും ഓരോ കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ യാഗപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായി ഉണ്ടാക്കിയിരുന്നു. അതു വെങ്കലംകൊണ്ട് പൊതിഞ്ഞു. 3 അതിന്റെ ഉപകരണങ്ങളൊക്കെയും—കലങ്ങൾ, ചട്ടുകങ്ങൾ, തളികകൾ, മുൾക്കരണ്ടികൾ, വറചട്ടികൾ എന്നിവ—വെങ്കലംകൊണ്ടുണ്ടാക്കി. 4 അവർ യാഗപീഠത്തിനു വെങ്കലംകൊണ്ടു വലപ്പണിയായി ഒരു അരിപ്പ ഉണ്ടാക്കി; അതു യാഗപീഠത്തിന്റെ ചുറ്റുപടിക്കുതാഴേ അതിന്റെ പകുതിവരെ എത്തി. 5 വെങ്കലയരിപ്പയുടെ നാലു കോണുകളുടെയും അറ്റത്തു തണ്ടുചെലുത്താൻ വെങ്കലവളയം വാർത്തുണ്ടാക്കി. 6 അവർ ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അവ വെങ്കലംകൊണ്ടു പൊതിഞ്ഞു. 7 യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ അവർ തണ്ടുകൾ ഉറപ്പിച്ചു; അവർ യാഗപീഠം പലകകൾകൊണ്ടു പൊള്ളയായി ഉണ്ടാക്കി.
8 സമാഗമകൂടാരവാതിൽക്കൽ ശുശ്രൂഷ ചെയ്തുപോന്ന സ്ത്രീകളുടെ ദർപ്പണങ്ങൾ ഉപയോഗിച്ച്, അവർ വെങ്കലത്തൊട്ടിയും അതിന്റെ വെങ്കലക്കാലും ഉണ്ടാക്കി.
9 പിന്നീട്, അവർ സമാഗമകൂടാരാങ്കണം ഉണ്ടാക്കി. തെക്കുവശത്തു നൂറുമുഴം നീളം ഉണ്ടായിരുന്നു. അവിടെ പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയ മറശ്ശീല തൂക്കിയിരുന്നു. 10 അതിന്, ഇരുപതു തൂണും അവയ്ക്ക് ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു. 11 വടക്കേവശത്തിനും നൂറുമുഴം നീളം ഉണ്ടായിരുന്നു. അതിന് ഇരുപതു തൂണും ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു.
12 പടിഞ്ഞാറുവശത്തിന് അൻപതുമുഴം വീതി ഉണ്ടായിരുന്നു. അവിടെയും മറശ്ശീല തൂക്കിയിരുന്നു. അതിനു, പത്തു തൂണുകളും പത്തു ചുവടുകളും തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു. 13 കിഴക്കു സൂര്യോദയഭാഗത്തിനും അൻപതുമുഴം വീതി ഉണ്ടായിരുന്നു. 14 പ്രവേശനത്തിന്റെ ഒരുവശത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും അവയ്ക്കു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു. 15 സമാഗമകൂടാരാങ്കണത്തിന്റെ പ്രവേശനത്തിന്റെ മറ്റേഭാഗത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും, അതിനു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു. 16 അങ്കണത്തിന്റെ ചുറ്റും തൂക്കിയിരുന്ന മറശ്ശീല പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയതായിരുന്നു. 17 തൂണുകളുടെ ചുവടുകൾ വെങ്കലംകൊണ്ടും കൊളുത്തുകളും മേൽച്ചുറ്റുപടികളും വെള്ളികൊണ്ടും ഉണ്ടാക്കിയിരുന്നു, തൂണുകളുടെ ചുവടുകൾ വെള്ളിപൊതിഞ്ഞവ ആയിരുന്നു. അങ്കണത്തിലെ തൂണുകൾക്കെല്ലാം വെള്ളികൊണ്ടുള്ള മേൽച്ചുറ്റുപടിയും ഉണ്ടായിരുന്നു.
18 സമാഗമകൂടാരാങ്കണത്തിന്റെ കവാടത്തിന് മറശ്ശീല നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണി ചെയ്ത്, ഉണ്ടാക്കിയതായിരുന്നു. അതിന് ഇരുപതുമുഴം നീളവും, അങ്കണത്തിന്റെ മറശ്ശീലയുടെ വീതിക്കുസമമായി അഞ്ചുമുഴം ഉയരവും ഉണ്ടായിരുന്നു. 19 അതിനു നാലുതൂണും, നാലു വെങ്കലച്ചുവടുകളും ഉണ്ടായിരുന്നു. അതിന്റെ കൊളുത്തും മേൽച്ചുറ്റുപടിയും വെള്ളികൊണ്ടുണ്ടാക്കിയതും അതിന്റെ ചുവടുകൾ വെള്ളിപൊതിഞ്ഞതും ആയിരുന്നു. 20 സമാഗമകൂടാരത്തിനും കൂടാരാങ്കണത്തിനും ചുറ്റുമുള്ള കുറ്റികൾ എല്ലാം വെങ്കലംകൊണ്ടുള്ളവ ആയിരുന്നു.
21 മോശയുടെ കൽപ്പനയാൽ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശപ്രകാരം ലേവ്യർ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്, ഉടമ്പടിയുടെ കൂടാരം എന്ന സമാഗമകൂടാരത്തിന് ഉപയോഗിച്ച സാധനസാമഗ്രികളുടെ ചെലവ്: 22 യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ, യഹോവ മോശയോടു കൽപ്പിച്ചിരുന്നതെല്ലാം ചെയ്യുകയുണ്ടായി. 23 ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനും കൊത്തുപണിക്കാരനും ശില്പവിദഗ്ദ്ധനും നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിചെയ്യുന്നവനുമായ ഒഹൊലീയാബ് അവനോടുകൂടെ ഉണ്ടായിരുന്നു. 24 വിശുദ്ധമന്ദിരത്തിന്റെ സകലപണികൾക്കുമായി വിശിഷ്ടയാഗാർപ്പണമായി ലഭിച്ചത്, വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ 29 താലന്ത് 730 ശേക്കേൽ സ്വർണം ആയിരുന്നു.
25 ജനസംഖ്യയെടുപ്പിൽ എണ്ണപ്പെട്ടിരുന്നവരിൽനിന്നു ലഭിച്ചത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 100 താലന്ത്, 1,775 ശേക്കേൽ വെള്ളി ആയിരുന്നു. 26 ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരായി ജനസംഖ്യയെടുപ്പിൽ ഉൾപ്പെട്ട 6,03,550 പേരിൽ ഓരോരുത്തനും ഓരോ ബെക്കാ വീതം കൊടുക്കണമായിരുന്നു. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അത് അരശേക്കേൽ ആയിരുന്നു. 27 വിശുദ്ധമന്ദിരത്തിന്റെ 100 ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്, ഒരു ചുവടിന് ഒരു താലന്തുവീതം 100 ചുവടിനു 100 താലന്തു വെള്ളി ചെലവായി. 28 തൂണുകൾക്കു കൊളുത്ത്, മേൽച്ചുറ്റുപടി ഇവ ഉണ്ടാക്കുന്നതിനും കുമിഴ് പൊതിയുന്നതിനും 1,775 ശേക്കേൽ വെള്ളി ഉപയോഗിച്ചു.
29 വിശിഷ്ടയാഗാർപ്പണമായി ലഭിച്ച വെങ്കലം 70 താലന്ത് 2,400 ശേക്കേൽ ആയിരുന്നു. 30 സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള ചുവടുകളും വെങ്കലയാഗപീഠവും അതിന്റെ വെങ്കലജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും 31 സമാഗമകൂടാരാങ്കണത്തിന്റെ ചുറ്റുമുള്ള ചുവടുകളും അതിന്റെ കവാടത്തിനുള്ള ചുവടുകളും സമാഗമകൂടാരത്തിന്റെ കുറ്റികളും സമാഗമകൂടാരാങ്കണത്തിന്റെ കുറ്റികളും നിർമിക്കാൻ ആ വെങ്കലം ഉപയോഗിച്ചു.