രണ്ടാമത്തെ ദൈവാലയം പ്രതിഷ്ഠിക്കപ്പെടുന്നു

ക്രി.മു. 515

Biblica® Open Malayalam Contemporary Version™ (OMCV)

എസ്രാ 6:14–22

14 അങ്ങനെ യെഹൂദനേതാക്കന്മാർ പണി തുടർന്നു. ഹഗ്ഗായി പ്രവാചകന്റെയും ഇദ്ദോവിന്റെ പിൻഗാമിയായ സെഖര്യാവിന്റെയും പ്രവചനങ്ങളാൽ അവർ അഭിവൃദ്ധിപ്പെട്ടും വന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ ആജ്ഞയനുസരിച്ചും പാർസിരാജാക്കന്മാരായ കോരെശ്, ദാര്യാവേശ്, അർഥഹ്ശഷ്ട എന്നിവരുടെ കൽപ്പനപ്രകാരവും അവർ ആലയത്തിന്റെ പണി പൂർത്തിയാക്കി. 15 ദാര്യാവേശ് രാജാവിന്റെ ഭരണത്തിന്റെ ആറാമാണ്ടിൽ, ആദാർമാസം മൂന്നാംതീയതിയാണ് ഈ ആലയത്തിന്റെ പണി പൂർത്തിയാക്കിയത്.

16 ഇസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും മടങ്ങിവന്ന മറ്റു പ്രവാസികളും ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ സന്തോഷപൂർവം ആഘോഷിച്ചു. 17 അവർ നൂറ് കാളയെയും ഇരുനൂറ് ആട്ടുകൊറ്റനെയും നാനൂറ് ആൺകുഞ്ഞാടിനെയും ഇസ്രായേൽ മുഴുവന്റെയും പാപശുദ്ധീകരണയാഗമായി ഇസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം പന്ത്രണ്ടു മുട്ടാടുകളെയും ഈ ആലയത്തിന്റെ പ്രതിഷ്ഠാവേളയിൽ അർപ്പിച്ചു. 18 മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം അവർ ജെറുശലേമിലെ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി പുരോഹിതന്മാരെ അവരുടെ ഗണപ്രകാരവും ലേവ്യരെ അവരുടെ ക്രമപ്രകാരവും നിയോഗിച്ചു.

19 ഒന്നാംമാസം പതിന്നാലാംതീയതി പ്രവാസികൾ പെസഹാ ആചരിച്ചു. 20 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു; ആചാരപരമായി അവരെല്ലാം ശുദ്ധിയുള്ളവരായിരുന്നു. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സഹോദരങ്ങളായ പുരോഹിതന്മാർക്കും തങ്ങൾക്കുംവേണ്ടി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു. 21 പ്രവാസത്തിൽനിന്നു മടങ്ങിയ ഇസ്രായേൽജനവും, ദേശത്തെ യെഹൂദേതരരായവരുടെ അശുദ്ധികളിൽനിന്ന് അകന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് അവരോടു ചേർന്നവരും ഒരുമിച്ചു പെസഹാ കഴിച്ചു. 22 യഹോവ അവരെ ആഹ്ലാദിപ്പിക്കുകയും ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ ആലയം പണിയാൻ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്റെ ഹൃദയം അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴുദിവസം ആനന്ദത്തോടെ ആചരിച്ചു.

സങ്കീർത്തനങ്ങൾ 48

ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1 നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ,

യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു.

2 മഹാരാജാവിന്റെ നഗരമായി

സാഫോൺ ഗിരിപോലെയുള്ള സീയോൻപർവതം

ഔന്നത്യംകൊണ്ട് മനോഹരവും

സർവഭൂമിയുടെ ആനന്ദവും ആകുന്നു.

3 അവളിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്;

അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.

4 ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു

അവർ ഒത്തൊരുമിച്ചു മുന്നേറി,

5 അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി

സംഭീതരായവർ പലായനംചെയ്തു.

6 അവർക്കൊരു വിറയൽ ബാധിച്ചു

പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ കഠിനവേദന അവർക്കുണ്ടായി.

7 കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ

അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു.

8 ഞങ്ങൾ കേട്ടതുപോലെതന്നെ

ഞങ്ങൾ കണ്ടിരിക്കുന്നു,

സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,

നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ:

ദൈവം എന്നേക്കും

അവളെ സുരക്ഷിതയാക്കുന്നു. സേലാ.

9 ദൈവമേ, അവിടത്തെ ആലയത്തിൽ

ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ധ്യാനിക്കുന്നു.

10 ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ,

അവിടത്തെ സ്തുതികൾ ഭൂസീമകളോളം അലയടിക്കുന്നു;

അവിടത്തെ വലതുകരത്തിൽ നീതി നിറഞ്ഞിരിക്കുന്നു.

11 അവിടത്തെ ന്യായവിധികൾനിമിത്തം

സീയോൻപർവതം ആനന്ദിക്കുകയും

യെഹൂദാപട്ടണങ്ങൾ ആഹ്ലാദിക്കുകയും ചെയ്യുന്നു.

12 സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക,

അവളുടെ ഗോപുരങ്ങൾ എണ്ണുക,

13 അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക

അവളുടെ കോട്ടമതിലുകൾ സൂക്ഷിച്ചുനോക്കുക,

വരുംതലമുറയോട്

അവളെക്കുറിച്ചു പറയേണ്ടതിനുതന്നെ.

14 കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു;

അന്ത്യംവരെയും അവിടന്നായിരിക്കും നമ്മുടെ മാർഗദർശി.

സംഗീതസംവിധായകന്.

സങ്കീർത്തനങ്ങൾ 81

ആസാഫിന്റെ ഒരു സങ്കീർത്തനം.

1 നമ്മുടെ ബലമായ ദൈവത്തിന് ആനന്ദഗീതമാലപിക്കുക;

യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുക!

2 തപ്പുകൊട്ടിയും ഇമ്പസ്വരമുള്ള കിന്നരവും വീണയും വായിച്ചും

സംഗീതം തുടങ്ങുക.

3 അമാവാസിയിലും പൗർണമിനാളിലുമുള്ള നമ്മുടെ ഉത്സവദിനങ്ങളിലും

കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളം മുഴക്കുക;

4 ഇത് അവിടന്ന് ഇസ്രായേലിനു നൽകിയ ഉത്തരവും

യാക്കോബിൻ ദൈവത്തിനൊരു അനുഷ്ഠാനവും ആകുന്നു.

5 ദൈവം ഈജിപ്റ്റിനെതിരേ പുറപ്പെട്ടപ്പോൾ,

അവിടന്ന് ഇത് ഒരു നിയമമായി യോസേഫിന് സ്ഥാപിച്ചുകൊടുത്തു.

അവിടെ ഞാൻ അപരിചിതമായ ഒരു ശബ്ദം കേട്ടു, അത് ഇപ്രകാരമായിരുന്നു:

6 “അവരുടെ തോളുകളിൽനിന്ന് ഞാൻ ഭാരമിറക്കിവെച്ചു;

അവരുടെ കരങ്ങൾ കുട്ടകൾ വിട്ട് സ്വതന്ത്രമായിത്തീർന്നു.

7 നിങ്ങളുടെ ദുരിതത്തിൽ നിങ്ങൾ നിലവിളിച്ചു, ഞാൻ നിങ്ങളെ മോചിപ്പിച്ചു,

ഇടിമുഴക്കത്തിൽനിന്ന് ഞാൻ നിങ്ങൾക്ക് ഉത്തരമരുളി;

മെരീബയിലെ ജലാശയത്തിനരികെവെച്ച് ഞാൻ നിങ്ങളെ പരീക്ഷിച്ചു. സേലാ.

8 എന്റെ ജനമേ, ശ്രദ്ധിക്കുക, ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുനൽകുന്നു—

ഇസ്രായേലേ, നിങ്ങൾ എന്റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു!

9 നിങ്ങളുടെ ഇടയിൽ അന്യദേവൻ ഉണ്ടാകരുത്;

ഒരു അന്യദേവന്റെയും മുമ്പാകെ നിങ്ങൾ വണങ്ങരുത്.

10 നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന

നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു.

നിങ്ങളുടെ വായ് വിസ്താരത്തിൽ തുറക്കുക; ഞാൻ അതു നിറയ്ക്കും.

11 “എന്നാൽ എന്റെ ജനം ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നില്ല;

ഇസ്രായേൽ എനിക്കു കീഴടങ്ങിയിരിക്കുന്നതുമില്ല.

12 അവർ അവരുടേതായ പദ്ധതികൾക്കനുസൃതമായി ജീവിക്കുന്നതിന്

ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏൽപ്പിച്ചു.

13 “എന്റെ ജനം എന്റെ വാക്ക് കേട്ടിരുന്നെങ്കിൽ,

ഇസ്രായേൽ എന്റെ വഴികളിൽ നടന്നിരുന്നെങ്കിൽ,

14 ഞാൻ അവരുടെ ശത്രുക്കളെ അതിവേഗം കീഴടക്കുമായിരുന്നു!

എന്റെ കൈ അവരുടെ വൈരികൾക്കെതിരേ തിരിക്കുമായിരുന്നു!

15 യഹോവയെ വെറുക്കുന്നവർ അവിടത്തെ കാൽക്കൽവീണു കെഞ്ചുമായിരുന്നു,

അവരുടെ ശിക്ഷ എന്നെന്നേക്കും നിലനിൽക്കുമായിരുന്നു.

16 എന്നാൽ ഏറ്റവും മേൽത്തരമായ ഗോതമ്പുകൊണ്ട് ഞാൻ നിങ്ങളെ പരിപോഷിപ്പിക്കുമായിരുന്നു;

പാറയിൽനിന്നുള്ള തേൻകൊണ്ട് ഞാൻ നിങ്ങളെ തൃപ്തരാക്കുമായിരുന്നു.”

സങ്കീർത്തനങ്ങൾ 146

1 യഹോവയെ വാഴ്ത്തുക.

എൻ മനമേ, യഹോവയെ വാഴ്ത്തുക.

2 ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും;

എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.

3 നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും

രക്ഷിക്കാൻ കഴിയാത്ത മനുഷ്യരിലും ആകരുത്.

4 അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു;

അന്നുതന്നെ അവരുടെ പദ്ധതികളും മണ്ണടിയുന്നു.

5 യാക്കോബിന്റെ ദൈവം തന്റെ സഹായവും

അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ.

6 ആകാശവും ഭൂമിയും

സമുദ്രവും അവയിലുള്ള സർവത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—

അവിടന്ന് എന്നെന്നും വിശ്വസ്തനായിരിക്കുന്നു.

7 പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും

വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു.

യഹോവ തടവുകാരെ മോചിപ്പിക്കുന്നു,

8 യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു,

യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു,

യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു.

9 യഹോവ പ്രവാസികളെ സംരക്ഷിക്കുകയും

അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു,

എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു.

10 യഹോവ എന്നേക്കും വാഴുന്നു,

സീയോനേ, നിന്റെ ദൈവം എല്ലാ തലമുറകളിലും.

യഹോവയെ വാഴ്ത്തുക.