യെഹൂദന്മാരുടെ പുനഃസ്ഥാപനം മുൻകൂട്ടി പ്രവചിക്കുന്നു

ക്രി.മു. 597

Biblica® Open Malayalam Contemporary Version™ (OMCV)

യിരെമ്യാവ് 30–31

1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു: 2 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നോട് അരുളിച്ചെയ്തിട്ടുള്ള വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക. 3 ഞാൻ ഇസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുന്നതിനുള്ള കാലം വരുന്നു. ഞാൻ അവരുടെ പൂർവികർക്ക് അവകാശമാക്കാൻ നൽകിയ ദേശത്തേക്ക് ഞാൻ അവരെ തിരികെവരുത്തും; അവർ വീണ്ടും അതിനെ അവകാശമാക്കും,’ എന്ന് യഹോവയുടെ അരുളപ്പാട്.”

4 ഇസ്രായേലിനെയും യെഹൂദ്യയെയുംകുറിച്ച് യഹോവ അരുളിച്ചെയ്ത വചനങ്ങൾ ഇവയാകുന്നു: 5 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ ‘ഞാൻ ഒരു നടുക്കത്തിന്റെ ശബ്ദം കേട്ടിരിക്കുന്നു—

ഭയത്തിന്റെ ശബ്ദംതന്നെ, സമാധാനമില്ല.

6 ഒരു പുരുഷനു പ്രസവിക്കാൻ കഴിയുമോ,

എന്ന് ഇപ്പോൾ ചോദിച്ചുനോക്കുക.

ഓരോ പുരുഷനും തന്റെ നടുവിൽ കൈവെച്ചുകൊണ്ട്

പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ ഇരിക്കുന്നതെന്ത്?

എല്ലാ മുഖങ്ങളും മരണഭയത്താൽ വിളറിയിരിക്കുന്നതും എന്തുകൊണ്ട്?

7 അയ്യോ, ആ ദിവസം എത്ര ഭയാനകമായിരിക്കുന്നു!

അതുപോലെയൊന്നു വേറെയുണ്ടാകുകയില്ല.

അതു യാക്കോബിന്റെ കഷ്ടതയുടെ സമയമായിരിക്കും,

എങ്കിലും അവൻ അതിൽനിന്നു വിടുവിക്കപ്പെടും.

8 “ ‘ആ ദിവസത്തിൽ, ഞാൻ അവന്റെ നുകം

അവരുടെ കഴുത്തിൽനിന്ന് ഒടിച്ചുകളയും,

അവരുടെ വിലങ്ങുകളെ പൊട്ടിച്ചുകളയും;

ഒരു വിദേശിയും ഇനി അവരെ അടിമകളാക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

9 എന്നാൽ തങ്ങളുടെ ദൈവമായ യഹോവയെയും

ഞാൻ അവർക്കുവേണ്ടി എഴുന്നേൽപ്പിക്കാനിരിക്കുന്ന

തങ്ങളുടെ രാജാവായ ദാവീദിനെയും അവർ സേവിക്കും.

10 “ ‘അതുകൊണ്ട്, എന്റെ ദാസനായ യാക്കോബേ, ഭയപ്പെടേണ്ട,

ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ,’

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

‘ഞാൻ ദൂരത്തുനിന്നു നിങ്ങളെയും പ്രവാസദേശത്തുനിന്നു

നിങ്ങളുടെ സന്തതിയെയും രക്ഷിക്കും.

യാക്കോബിനു വീണ്ടും സമാധാനവും സുരക്ഷിതത്വവും ഉണ്ടാകും,

ആരും അവനെ ഭയപ്പെടുത്തുകയില്ല.

11 ഞാൻ നിങ്ങളോടുകൂടെയുണ്ട്, ഞാൻ നിങ്ങളെ രക്ഷിക്കും,’

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

‘ഞാൻ നിങ്ങളെ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ

ആ ദേശങ്ങളെല്ലാം ഞാൻ പൂർണമായി നശിപ്പിച്ചുകളഞ്ഞാലും

ഞാൻ നിന്നെ പൂർണമായി നശിപ്പിച്ചുകളയുകയില്ല.

ഞാൻ നിങ്ങളെ ശിക്ഷിക്കും, എന്നാൽ ന്യായമായ അളവിൽമാത്രം;

ഒട്ടും ശിക്ഷതരാതെ ഞാൻ നിങ്ങളെ വിടുകയില്ല.’

12 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ ‘നിങ്ങളുടെ പരിക്ക് സൗഖ്യമാകാത്തതും

നിങ്ങളുടെ മുറിവു വളരെ വലുതുമാകുന്നു.

13 നിന്റെ വ്യവഹാരം നടത്താൻ ആരുമില്ല,

നിന്റെ മുറിവിനു മരുന്നില്ല,

നിനക്കു രോഗശാന്തിയുമില്ല.

14 നിന്റെ കാമുകന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു;

അവർ നിന്നെ അന്വേഷിക്കുന്നതുമില്ല.

ഒരു ശത്രു അടിക്കുന്നതുപോലെ ഞാൻ നിന്നെ അടിച്ചു,

ക്രൂരനായ ഒരുവൻ ശിക്ഷിക്കുന്നതുപോലെ ഞാൻ നിന്നെ ശിക്ഷിച്ചു;

കാരണം നിന്റെ അകൃത്യം വലുതും

നിന്റെ പാപങ്ങൾ അസംഖ്യവുമാകുന്നു.

15 നിന്റെ മുറിവിനെപ്പറ്റി നീ നിലവിളിക്കുന്നതെന്ത്?

നിന്റെ വേദനയ്ക്കു യാതൊരു ശമനവുമില്ല;

നിന്റെ അകൃത്യം വലുതും പാപങ്ങൾ അസംഖ്യവുമാകുകയാൽ

ഇതെല്ലാം ഞാൻ നിനക്കു വരുത്തിയിരിക്കുന്നു.

16 “ ‘എന്നാൽ നിന്നെ തിന്നുകളയുന്നവരെല്ലാം തിന്നുകളയപ്പെടും;

നിന്റെ ശത്രുക്കളെല്ലാവരും പ്രവാസത്തിലേക്കു പോകും.

നിന്നെ കൊള്ളയിടുന്നവരെല്ലാം കൊള്ളയിടപ്പെടും;

നിന്നെ ആക്രമിക്കുന്നവരെല്ലാം ആക്രമിക്കപ്പെടും.

17 എന്നാൽ ഞാൻ നിന്നെ രോഗത്തിൽനിന്ന് വിടുവിക്കും,

നിന്റെ മുറിവുകൾ ഞാൻ സൗഖ്യമാക്കും,’

എന്ന് യഹോവയുടെ അരുളപ്പാട്.

‘ആരും കരുതാനില്ലാതെ ഭ്രഷ്ടയെന്നു വിളിക്കപ്പെട്ട

സീയോൻ നീ ആകുകയാൽത്തന്നെ.’

18 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ ‘ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം

അവന്റെ നിവാസങ്ങളോടു കരുണകാണിക്കും;

ആ നഗരം അതിന്റെ അവശിഷ്ടങ്ങളിന്മേൽ പുതുക്കിപ്പണിയും,

അതിന്റെ അരമന അതിന് ഉചിതമായ സ്ഥാനത്തു സ്ഥാപിതമാകും.

19 അവരിൽനിന്നു സ്തോത്രഗാനങ്ങളും

ആനന്ദഘോഷവും പുറപ്പെടും,

ഞാൻ അവരെ വർധിപ്പിക്കും;

അവർ കുറഞ്ഞുപോകുകയില്ല;

ഞാൻ അവരെ ആദരിക്കും;

അവർ നിന്ദിക്കപ്പെടുകയുമില്ല.

20 അവരുടെ മക്കൾ പൂർവകാലത്തെപ്പോലെയാകും

അവരെ ഒരു രാഷ്ട്രമായി എന്റെമുമ്പാകെ പുനഃസ്ഥാപിക്കും;

അവരെ പീഡിപ്പിച്ച എല്ലാവരെയും ഞാൻ ശിക്ഷിക്കും.

21 അവരുടെ അധിപതി അവരിൽ ഒരുവനായിരിക്കും;

അവരുടെ ഭരണാധികാരി അവരുടെ മധ്യേനിന്നുതന്നെ ഉത്ഭവിക്കും.

ഞാൻ അവനെ സമീപത്ത് കൊണ്ടുവരും, അവൻ എന്റെ അടുത്തുവരും.

എന്റെ സമീപസ്ഥനായിരുന്നുകൊണ്ട്

എനിക്കായി സ്വയം സമർപ്പിക്കാൻ അവനല്ലാതെ ആരാണുള്ളത്?’

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

22 ‘അതുകൊണ്ട് നിങ്ങൾ എന്റെ ജനമായിരിക്കും

ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും.’ ”

23 ഇതാ, യഹോവയുടെ കൊടുങ്കാറ്റ്!

അതു ക്രോധത്തോടെ പൊട്ടിപ്പുറപ്പെടും,

ചീറിയടിക്കുന്ന ഒരു കൊടുങ്കാറ്റായി അതു പുറപ്പെട്ടിരിക്കുന്നു,

ദുഷ്ടന്മാരുടെ തലമേൽ അതു വന്നുപതിക്കും.

24 യഹോവയുടെ ഉഗ്രകോപം

അവിടന്നു തന്റെ ഹൃദയത്തിലെ ഉദ്ദേശ്യം

നിറവേറ്റുന്നതുവരെയും പിന്മാറുകയില്ല.

ഭാവികാലത്ത്

നിങ്ങൾ ഇതു മനസ്സിലാക്കും.

31:1 “ആ കാലത്ത്, ഞാൻ ഇസ്രായേലിലെ സകലഗോത്രങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“വാളിൽനിന്ന് തെറ്റിയൊഴിഞ്ഞ ജനം

മരുഭൂമിയിൽ കൃപ കണ്ടെത്തി;

ഞാൻ ഇസ്രായേലിന് സ്വസ്ഥത നൽകാൻപോകുന്നു.”

3 യഹോവ ദൂരത്തുനിന്ന് പ്രത്യക്ഷനായി ഇസ്രായേലിനോട് അരുളിച്ചെയ്തു:

“നിത്യസ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു;

അതിരുകളില്ലാത്ത സ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്കടുപ്പിച്ചിരിക്കുന്നു.

4 ഇസ്രായേൽ കന്യകേ, ഞാൻ നിന്നെ വീണ്ടും പണിയും,

നീ വീണ്ടും പണിയപ്പെടും.

നീ തപ്പെടുത്തുകൊണ്ട് വീണ്ടും ആനന്ദഘോഷം

നടത്തുന്നവരുടെ നിരയിൽ നൃത്തത്തിനായി പുറപ്പെടും.

5 വീണ്ടും നീ ശമര്യാപർവതങ്ങളിൽ

മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും;

കർഷകർ അതു കൃഷിചെയ്യുകയും

അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.

6 ‘എഴുന്നേൽക്കുക! നമുക്ക് സീയോനിലേക്ക്,

നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു പോകാം,’ ”

എന്ന് എഫ്രയീം മലകളിലുള്ള കാവൽക്കാർ

വിളിച്ചുപറയുന്ന കാലം വരും.

7 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“യാക്കോബിനുവേണ്ടി ആനന്ദത്തോടെ പാടുക;

രാഷ്ട്രങ്ങളിൽ ശ്രേഷ്ഠമായതിനുവേണ്ടി ആർപ്പിടുക.

നിന്റെ സ്തുതിഘോഷങ്ങൾ കേൾക്കുമാറാക്കിക്കൊണ്ട്,

‘യഹോവേ, ഇസ്രായേലിന്റെ ശേഷിപ്പായ

അങ്ങയുടെ ജനത്തെ രക്ഷിക്കണമേ’ എന്നു പറയുക.”

8 ഇതാ, ഞാൻ അവരെ വടക്കേദേശത്തുനിന്നും കൊണ്ടുവരും,

ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും.

അവരോടൊപ്പം അന്ധരും മുടന്തരും

ഗർഭിണിയും പ്രസവവേദനപ്പെടുന്നവളും

എല്ലാവരുംചേർന്ന് ഒരു വലിയ സമൂഹം മടങ്ങിവരും.

9 അവർ കരഞ്ഞുകൊണ്ടു വരും;

ഞാൻ അവരെ ആനയിക്കുമ്പോൾ അവർ പ്രാർഥിക്കും.

അരുവികൾക്കരികിലൂടെ, അവർ ഇടറിവീഴാത്ത

ഒരു നേർപാതയിലൂടെ, ഞാൻ അവരെ നടത്തും;

കാരണം ഞാൻ ഇസ്രായേലിനു പിതാവും

എഫ്രയീം എന്റെ ആദ്യജാതനും ആകുന്നു.

10 “രാഷ്ട്രങ്ങളേ, യഹോവയുടെ വചനം കേൾക്കുക;

വിദൂരങ്ങളിലെ തീരങ്ങളിൽ അതു പ്രസ്താവിക്കുക:

‘ഇസ്രായേലിനെ ചിതറിച്ചവൻ അവരെ കൂട്ടിച്ചേർക്കുകയും

ഒരു ഇടയൻ തന്റെ ആട്ടിൻപറ്റത്തെ പാലിക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യും.’

11 കാരണം യഹോവ യാക്കോബിനെ മോചിപ്പിക്കും,

അവരെക്കാൾ ശക്തരായവരുടെ കൈയിൽനിന്ന് അവരെ വീണ്ടെടുക്കും.

12 അവർ വന്ന്, സീയോന്റെ ഉന്നതസ്ഥലങ്ങളിൽ ആനന്ദത്താൽ ആർപ്പിടും;

ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ,

കുഞ്ഞാടുകൾ, കാളക്കിടാങ്ങൾ എന്നിങ്ങനെ

യഹോവ നൽകുന്ന നന്മകളിൽ അവർ ആനന്ദിക്കും.

അവരുടെ ജീവിതം മതിയായി വെള്ളംകിട്ടുന്ന ഒരു തോട്ടംപോലെയാകും,

അവർ ഇനിയൊരിക്കലും ക്ഷീണിച്ചുപോകുകയില്ല.

13 അപ്പോൾ കന്യകയും യുവാക്കന്മാരും വൃദ്ധജനങ്ങളും

ഒരുമിച്ചു നൃത്തമാടി ആനന്ദിക്കും.

അവരുടെ വിലാപത്തെ ഞാൻ ആഹ്ലാദമാക്കി മാറ്റും;

അവരുടെ ദുഃഖത്തിനുപകരം ഞാൻ അവർക്ക് ആശ്വാസവും ആനന്ദവും നൽകും.

14 ഞാൻ പുരോഹിതന്മാരെ സമൃദ്ധിയാൽ തൃപ്തരാക്കും;

എന്റെ ജനം എന്റെ ഔദാര്യത്താൽ സംതൃപ്തരാകും,”

എന്ന് യഹോവയുടെ അരുളപ്പാട്.

15 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“രാമായിൽ ഒരു ശബ്ദം കേൾക്കുന്നു;

വിലാപവും കഠിനമായ രോദനവുംതന്നെ,

റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു.

അവരിലാരും അവശേഷിക്കുന്നില്ല;

സാന്ത്വനം അവൾ നിരസിക്കുന്നു.”

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“നിന്റെ കരച്ചിൽ നിർത്തുക,

നിന്റെ കണ്ണുനീർ തുടയ്ക്കുക;

കാരണം നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

“അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും.

17 അതുകൊണ്ട് ഭാവിയെപ്പറ്റി നിനക്കു പ്രത്യാശയ്ക്കു വകയുണ്ട്,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

“നിന്റെ മക്കൾ അവരുടെ സ്വന്തം ദേശത്തേക്കു മടങ്ങിവരും.

18 “ഞാൻ എഫ്രയീമിന്റെ വിലാപം കേട്ടിരിക്കുന്നു, നിശ്ചയം:

‘മെരുക്കമില്ലാത്ത കാളക്കിടാവിനെയെന്നപോലെ എന്നെ നീ ശിക്ഷിച്ചു

ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു;

ഞാൻ പുനഃസ്ഥാപിക്കപ്പെടേണ്ടതിന് എന്നെ തിരികെ വരുത്തണമേ,

കാരണം അങ്ങ് എന്റെ ദൈവമായ യഹോവയല്ലോ.

19 തെറ്റിപ്പോയശേഷം

ഞാൻ അനുതപിച്ചു;

ഞാൻ കാര്യങ്ങൾ ഗ്രഹിച്ചപ്പോൾ

എന്റെ മാറത്തടിച്ചു.

ഞാൻ ലജ്ജിച്ചും അപമാനം സഹിച്ചുമിരിക്കുന്നു,

കാരണം ഞാൻ എന്റെ യൗവനത്തിലെ നിന്ദ സഹിച്ചല്ലോ.’

20 എഫ്രയീം എന്റെ പ്രിയപുത്രനല്ലേ,

ഞാൻ ആനന്ദം കണ്ടെത്തുന്ന എന്റെ കുഞ്ഞല്ലേ.

അവനെതിരായി സംസാരിച്ചാലും

ഞാനവനെ ഇപ്പോഴും ഓർക്കുന്നു.

അതുകൊണ്ട് എന്റെ ഹൃദയം അവനുവേണ്ടി വാഞ്ഛിക്കുന്നു;

ഞാൻ തീർച്ചയായും അവനോടു കരുണകാണിക്കും,”

എന്ന് യഹോവയുടെ അരുളപ്പാട്.

21 “നിനക്കുവേണ്ടി വഴിയോരചിഹ്നങ്ങൾ സ്ഥാപിക്കുക.

നിനക്കുവേണ്ടി കൈചൂണ്ടികൾ സ്ഥാപിക്കുക.

നീ പോയ രാജവീഥി

മനസ്സിൽ കരുതിക്കൊള്ളുക.

ഇസ്രായേൽ കന്യകേ, മടങ്ങിവരിക,

നിന്റെ പട്ടണങ്ങളിലേക്കു മടങ്ങിവരിക.

22 അവിശ്വസ്തയായ ഇസ്രായേൽപുത്രീ,

എത്രകാലം നീ അങ്ങുമിങ്ങും സഞ്ചരിക്കും?

യഹോവ ഒരു പുതിയ കാര്യം ഈ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നു—

ഒരു സ്ത്രീ ഒരു പുരുഷനെ വലയംചെയ്തു സംരക്ഷിക്കും.”

23 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ പ്രവാസത്തിൽനിന്ന് മടക്കിവരുത്തുമ്പോൾ, യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും ഒരിക്കൽക്കൂടി, ‘സമൃദ്ധിയുടെ നഗരമേ, വിശുദ്ധപർവതമേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ’ എന്നിങ്ങനെയുള്ള ഈ വാക്ക് അവർ ഒരിക്കൽക്കൂടി സംസാരിക്കും. 24 യെഹൂദയിലും അതിലെ എല്ലാ പട്ടണങ്ങളിലും ജനം ഒരുമിച്ചു പാർക്കും—കൃഷിക്കാരും ആട്ടിൻപറ്റങ്ങളോടുകൂടെ സഞ്ചരിക്കുന്നവരുംതന്നെ. 25 ക്ഷീണിതരെ ഞാൻ ഉന്മേഷമുള്ളവരാക്കും; തളർന്നിരിക്കുന്നവർക്കു ഞാൻ സംതൃപ്തി വരുത്തും.”

26 ഈ ഘട്ടത്തിൽ ഞാൻ ഉണർന്നു ചുറ്റും നോക്കി; എന്റെ ഉറക്കം എനിക്കു സുഖകരമായിരുന്നു.

27 “ഇസ്രായേൽരാഷ്ട്രത്തിലും യെഹൂദാരാഷ്ട്രത്തിലും ഞാൻ മനുഷ്യന്റെ വിത്തും മൃഗങ്ങളുടെ വിത്തും നടുന്ന കാലം വരും,” എന്ന് യഹോവയുടെ അരുളപ്പാട്. 28 “പറിച്ചെടുക്കുന്നതിനും പൊളിക്കുന്നതിനും ഇടിച്ചുകളയുന്നതിനും നശിപ്പിക്കാനും അനർഥം വരുത്താനും ഞാൻ ശ്രദ്ധിച്ചിരുന്നതുപോലെ അവരെ പണിയുന്നതിനും നടുന്നതിനും ഞാൻ ജാഗ്രതകാണിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. 29 “ആ കാലങ്ങളിൽ,

“ ‘മാതാപിതാക്കൾ പച്ചമുന്തിരി തിന്നു;

മക്കളുടെ പല്ലു പുളിച്ചു,’

എന്ന് അവർ ഇനിയൊരിക്കലും പറയുകയില്ല. 30 ഓരോരുത്തരും അവരവരുടെ പാപംനിമിത്തമാണ് മരിക്കുന്നത്; പച്ചമുന്തിരിങ്ങ തിന്നുന്നത് ഏതൊരു മനുഷ്യനാണോ അയാളുടെതന്നെ പല്ലു പുളിക്കും.

31 “ഞാൻ ഇസ്രായേൽഗൃഹത്തോടും

യെഹൂദാഗൃഹത്തോടും

പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,”

എന്ന് യഹോവയുടെ അരുളപ്പാട്.

32 “ഞാൻ അവരുടെ പൂർവികരെ

ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി

കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ

ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.

ഞാൻ അവർക്കൊരു ഭർത്താവായിരുന്നിട്ടും

എന്റെ ഉടമ്പടി അവർ ലംഘിച്ചല്ലോ,”

എന്ന് യഹോവയുടെ അരുളപ്പാട്.

33 “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന

ഉടമ്പടി ഇപ്രകാരമായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

“ഞാൻ എന്റെ ന്യായപ്രമാണം അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും,

അവരുടെ ഹൃദയങ്ങളിൽത്തന്നെ അത് ആലേഖനംചെയ്യും.

ഞാൻ അവർക്കു ദൈവവും

അവർ എനിക്കു ജനവും ആയിരിക്കും.

34 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ

പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.

കാരണം അവർ എല്ലാവരും എന്നെ അറിയും;

ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,”

എന്ന് യഹോവയുടെ അരുളപ്പാട്.

“ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും,

അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”

35 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,

സൂര്യനെ പകൽവെളിച്ചത്തിനായി

നിയമിക്കുകയും

ചന്ദ്രനെയും നക്ഷത്രങ്ങളെയും രാത്രി വെളിച്ചത്തിനായി

നൽകുകയും

സമുദ്രത്തെ അതിന്റെ തിരകൾ അലറുന്നതിനു

ക്ഷോഭിപ്പിക്കുകയും ചെയ്യുന്നവനും

സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുംതന്നെ:

36 “ഈ പ്രകൃതിനിയമങ്ങൾ എന്റെ മുമ്പിൽനിന്ന് നീങ്ങിപ്പോകുമെങ്കിൽ,”

യഹോവ അരുളിച്ചെയ്യുന്നു,

“ഇസ്രായേൽ ഒരു രാഷ്ട്രമായി നിലനിൽക്കാതവണ്ണം

എന്റെ മുമ്പിൽനിന്ന് എന്നെന്നേക്കുമായി നീങ്ങിപ്പോകും.”

37 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“മീതേയുള്ള ആകാശത്തെ അളക്കുകയും

താഴേ ഭൂമിയുടെ അടിസ്ഥാനങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുമെങ്കിൽ

ഞാൻ ഇസ്രായേൽ സന്തതിയെ മുഴുവനും

അവർ ചെയ്ത സകലകാര്യങ്ങളുംനിമിത്തം തള്ളിക്കളയും,”

എന്ന് യഹോവയുടെ അരുളപ്പാട്.

38 “ഇതാ, ഹനാനേൽ ഗോപുരംമുതൽ കോൺകവാടംവരെ ഈ നഗരത്തെ യഹോവയ്ക്കായി പുതുക്കിപ്പണിയുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. 39 “അവിടെനിന്ന് അളവുനൂൽ നേരേ ഗാരേബ് കുന്നിലേക്കുചെന്ന് ഗോവഹിലേക്കു തിരിയും. 40 ശവങ്ങളും വെണ്ണീറും എറിഞ്ഞുകളയുന്ന താഴ്വരമുഴുവനും കിഴക്കുഭാഗത്തുള്ള കിദ്രോൻവരെയും എല്ലാ മേടുകളും തുടങ്ങി കുതിരക്കവാടത്തിന്റെ കോൺവരെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. പട്ടണം ഇനി ഒരിക്കലും ഉന്മൂലനംചെയ്യപ്പെടുകയോ ഇടിച്ചുനിരത്തപ്പെടുകയോ ഇല്ല.”