ക്രിസ്തുവിന്റെ തിരസ്കാരം മുൻകൂട്ടി പ്രവചിക്കപ്പെടുന്നു

ക്രിസ്തുവിന്റെ തിരസ്കാരത്തെയും അവിടുത്തെ സഭയുടെ അന്തിമ ഉന്നതിയെയും കുറിച്ചുള്ള ഒരു പ്രവചനം.

ക്രി.മു. 710

Biblica® Open Malayalam Contemporary Version™ (OMCV)

യെശയ്യാവ് 50:1–52:12

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“നിങ്ങളുടെ അമ്മയെ ഞാൻ ഉപേക്ഷിച്ചതിന്റെ

ഉപേക്ഷണപത്രം എവിടെ?

എന്റെ കടക്കാരിൽ ആർക്കാണ്

ഞാൻ നിങ്ങളെ വിറ്റുകളഞ്ഞത്?

നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങൾ വിറ്റുകളയപ്പെട്ടു;

നിങ്ങളുടെ ലംഘനങ്ങൾനിമിത്തം നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

2 ഞാൻ വന്നപ്പോൾ, ആരും ഇല്ലാതെവരുന്നതിനും

ഞാൻ വിളിച്ചപ്പോൾ, ആരും ഉത്തരം നൽകാതിരിക്കാനും എന്താണു കാരണം?

വിടുവിക്കാൻ കഴിയാതവണ്ണം എന്റെ കൈകൾ കുറുകിപ്പോയോ?

മോചിപ്പിക്കുന്നതിന് എനിക്കു ശക്തിയില്ലാതായോ?

കേവലം ഒരു ശാസനയാൽ ഞാൻ സമുദ്രത്തെ വറ്റിക്കുന്നു,

നദികളെ ഞാൻ മരുഭൂമിയാക്കി മാറ്റുന്നു;

വെള്ളമില്ലായ്കയാൽ അവയിലെ മത്സ്യങ്ങൾ ചീഞ്ഞുനാറുന്നു,

അവ ദാഹംകൊണ്ട് ചത്തൊടുങ്ങുകയുംചെയ്യുന്നു.

3 ഞാൻ ആകാശത്തെ കറുപ്പ് ഉടുപ്പിക്കുകയും;

ചാക്കുശീല പുതപ്പിക്കുകയും ചെയ്യുന്നു.”

4 തളർന്നിരിക്കുന്നവനോട് സമയോചിതമായ ഒരു വാക്കു സംസാരിക്കാൻ

യഹോവയായ കർത്താവ് എനിക്കു പരിശീലനംസിദ്ധിച്ചവരുടെ നാവു തന്നിരിക്കുന്നു.

അവിടന്ന് എന്നെ പ്രഭാതംതോറും ഉണർത്തുന്നു,

പരിശീലനംനേടുന്നവരെപ്പോലെ കേൾക്കേണ്ടതിന് അവിടന്ന് എന്റെ ചെവി ഉണർത്തുന്നു.

5 യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു;

ഞാനോ, എതിർത്തില്ല;

ഒഴിഞ്ഞുമാറിയതുമില്ല.

6 എന്നെ അടിച്ചവർക്ക് ഞാൻ എന്റെ മുതുകും

രോമം പറിച്ചവർക്ക് ഞാൻ കവിളും കാട്ടിക്കൊടുത്തു.

പരിഹാസത്തിൽനിന്നും തുപ്പലിൽനിന്നും

ഞാൻ എന്റെ മുഖം മറച്ചുകളഞ്ഞില്ല.

7 യഹോവയായ കർത്താവ് എന്നെ സഹായിക്കും;

അതിനാൽ ഞാൻ അപമാനിതനാകുകയില്ല.

തന്മൂലം ഞാൻ എന്റെ മുഖം തീക്കല്ലുപോലെയാക്കി,

ഞാൻ ലജ്ജിച്ചുപോകുകയില്ല എന്ന് എനിക്കറിയാം.

8 എന്നെ കുറ്റവിമുക്തനാക്കുന്നവൻ സമീപത്തുണ്ട്.

അപ്പോൾ എനിക്കെതിരേ ആരോപണവുമായി ആർ വരും?

നമുക്ക് പരസ്പരം വാദിക്കാം!

എന്റെ അന്യായക്കാരൻ ആർ?

അയാൾ എന്റെ സമീപത്ത് വരട്ടെ!

9 ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കും.

എന്നെ ആർ കുറ്റംവിധിക്കും?

അവർ എല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും;

പുഴു അവരെ തിന്നൊടുക്കും.

10 നിങ്ങളിൽ ആർ യഹോവയെ ഭയപ്പെടും?

അവിടത്തെ ദാസന്റെ ശബ്ദം ആർ അനുസരിക്കും?

പ്രകാശമില്ലാത്തവർ

ഇരുട്ടിൽ നടന്നുകൊള്ളട്ടെ,

അവൻ യഹോവയുടെ നാമത്തിൽ അഭയം തേടുകയും

തന്റെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യട്ടെ.

11 എന്നാൽ ഇപ്പോൾ തീ കത്തിക്കുന്നവരായ എല്ലാവരുമേ,

സ്വന്തം ആവശ്യത്തിന് പന്തങ്ങൾ കൊളുത്തുന്നവരേ,

നിങ്ങൾ കത്തിച്ച അഗ്നിയുടെ പ്രകാശത്തിലും

നിങ്ങൾ കൊളുത്തിയ പന്തത്തിന്റെ വെളിച്ചത്തിലും നടന്നുകൊള്ളുക.

ഇതാണ് എന്റെ കൈയിൽനിന്ന് നിങ്ങൾക്കു ലഭിക്കാനിരിക്കുന്നത്.

നിങ്ങൾ യാതനയിൽത്തന്നെ കഴിയേണ്ടിവരും.

51:1 “നീതിയെ പിൻതുടരുന്നവരും

യഹോവയെ അന്വേഷിക്കുന്നവരുമേ, എന്റെ വാക്കു ശ്രദ്ധിക്കുക.

നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ

കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും നോക്കുക;

2 നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും

നിങ്ങളെ പ്രസവിച്ച സാറയിലേക്കും നോക്കുക.

ഏകനായിരുന്ന അവസ്ഥയിൽ ഞാൻ അവനെ വിളിക്കുകയും

അവനെ അനുഗ്രഹിച്ചു വർധിപ്പിക്കുകയും ചെയ്തു.

3 യഹോവ സീയോനെ ആശ്വസിപ്പിക്കും,

അവിടന്ന് അവളുടെ ശൂന്യപ്രദേശങ്ങളെല്ലാം ആശ്വസിപ്പിക്കും;

അവിടന്ന് അവളുടെ മരുഭൂമിയെ ഏദെൻപോലെയും

അവളുടെ നിർജനസ്ഥലത്തെ യഹോവയുടെ തോട്ടംപോലെയുമാക്കും.

ആനന്ദവും ആഹ്ലാദവും

സ്തോത്രവും സംഗീതധ്വനിയും അവളിലുണ്ടാകും.

4 “എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക;

എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക:

കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും;

എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും.

5 എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു,

എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു,

എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും.

ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും

എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും.

6 നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക,

താഴേ ഭൂമിയെ നോക്കുക.

ആകാശം പുകപോലെ അപ്രത്യക്ഷമാകും,

ഭൂമി വസ്ത്രംപോലെ പഴകിപ്പോകും,

അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും,

എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും,

എന്റെ നീതി നീങ്ങിപ്പോകുകയുമില്ല.

7 “നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ,

എന്റെ വാക്കു കേൾക്കുക:

കേവലം മനുഷ്യരുടെ നിന്ദയെ നിങ്ങൾ ഭയപ്പെടുകയോ

അവരുടെ ഭർത്സനത്തെ പേടിക്കുകയോ അരുത്.

8 പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും;

കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും.

എന്നാൽ എന്റെ നീതി നിത്യകാലത്തേക്കുള്ളത്

എന്റെ രക്ഷ തലമുറതലമുറയായും നിലനിൽക്കും.”

9 യഹോവയുടെ ഭുജമേ, ഉണരുക, ഉണരുക,

ശക്തി ധരിച്ചുകൊൾക!

പുരാതനകാലത്തെപ്പോലെയും

പഴയ തലമുറകളിലെന്നപോലെയും ഉണരുക.

രഹബിനെ വെട്ടിക്കളയുകയും

ഭീകരസത്വത്തെ കുത്തിക്കീറുകയും ചെയ്തതു നീയല്ലേ?

10 സമുദ്രത്തെ, അഗാധജലരാശിയിലെ വെള്ളത്തെ,

വറ്റിച്ചുകളഞ്ഞത് അങ്ങല്ലേ?

താൻ വീണ്ടെടുത്തവർക്കു കടന്നുപോകാൻ

സമുദ്രത്തിന്റെ അടിത്തട്ടിനെ വഴിയാക്കിത്തീർത്തതും അങ്ങല്ലേ?

11 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും.

സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും;

നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും.

ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും,

ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.

12 “ഞാൻ, ഞാനാകുന്നു നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ.

വെറും മർത്യരെയും വെറും പുല്ലുപോലെയുള്ള

മനുഷ്യജീവികളെയും ഭയപ്പെടുന്ന നീ ആര്?

13 ആകാശത്തെ വിരിക്കുകയും

ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത

നിന്റെ സ്രഷ്ടാവായ യഹോവയെ മറന്നുപോയിട്ട്,

വിനാശത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന

പീഡകന്റെ കോപത്തെ നിരന്തരം ഭയന്ന്

നാൾതോറും നീ ജീവിക്കുന്നു.

പീഡകരുടെ ക്രോധം എവിടെ?

14 പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും;

അവർ കാരാഗൃഹത്തിൽക്കിടന്നു മരിക്കുകയില്ല,

അവരുടെ ആഹാരം മുടങ്ങുകയുമില്ല.

15 തിരകൾ ഗർജിക്കുമാറ് സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന

നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു—

സൈന്യങ്ങളുടെ യഹോവ എന്നാണ് എന്റെ നാമം.

16 ആകാശത്തെ ഉറപ്പിച്ച്,

ഭൂമിക്ക് അടിസ്ഥാനമിട്ട്,

സീയോനോട്, ‘നീ എന്റെ ജനം’ എന്നു പറയുന്നതിന്,

ഞാൻ എന്റെ വചനം നിന്റെ വായിൽ തരികയും

എന്റെ കൈയുടെ നിഴലിൽ നിന്നെ മറയ്ക്കുകയും ചെയ്തിരിക്കുന്നു.”

17 യഹോവയുടെ കരത്തിൽനിന്നുള്ള

ക്രോധത്തിന്റെ പാനപാത്രം കുടിച്ച,

ജെറുശലേമേ, ഉണരുക, ഉണരുക,

എഴുന്നേൽക്കുക,

നീ പരിഭ്രമത്തിന്റെ പാനപാത്രം

മട്ടുവരെയും കുടിച്ചു വറ്റിച്ചിരിക്കുന്നു.

18 അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ

അവളെ നയിക്കാൻ ഒരുത്തനുമില്ല;

അവൾ വളർത്തിയ മക്കളിൽ

അവളെ കൈപിടിച്ചു നടത്താൻ ആരുമില്ല.

19 ഈ രണ്ടു കാര്യങ്ങൾ നിനക്കുമേൽ വന്നിരിക്കുന്നു—

നിന്നോടു സഹതപിക്കാൻ ആരുണ്ട്?

സംഹാരവും നാശവും ക്ഷാമവും വാളും നിനക്കു നേരിട്ടിരിക്കുന്നു;

നിന്നെ ആശ്വസിപ്പിക്കാൻ ആർക്കു കഴിയും?

20 നിന്റെ മക്കൾ ബോധക്ഷയംവന്നു വീണുപോയി;

വലയിൽ അകപ്പെട്ട മാനിനെപ്പോലെ

അവർ എല്ലാ ചത്വരങ്ങളിലും കിടക്കുന്നു.

അവർ യഹോവയുടെ ക്രോധംകൊണ്ടും

നിന്റെ ദൈവത്തിന്റെ ശാസനകൊണ്ടും നിറഞ്ഞിരിക്കുന്നു.

21 അതിനാൽ പീഡിതരേ,

വീഞ്ഞുകൊണ്ടല്ലാതെ ലഹരി പിടിച്ചവളേ, ഇതു കേൾക്കുക.

22 നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,

തന്റെ ജനത്തിനുവേണ്ടി വ്യവഹരിക്കുന്ന, നിന്റെ ദൈവംതന്നെ:

“ഇതാ, പരിഭ്രമത്തിന്റെ പാനപാത്രം

ഞാൻ നിന്റെ കൈയിൽനിന്ന് എടുത്തുമാറ്റുന്നു,

ആ പാത്രത്തിൽനിന്ന്, എന്റെ ക്രോധത്തിന്റെ കോപ്പയിൽനിന്ന്

ഇനിമേൽ നീ കുടിക്കുകയില്ല;

23 അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും,

‘സാഷ്ടാംഗം വീഴുക, ഞങ്ങൾ നിന്നെ ചവിട്ടിമെതിക്കട്ടെ’

എന്നു നിന്നോടു പറഞ്ഞവരുടെതന്നെ കൈയിൽ.

നീ നിന്റെ ശരീരത്തെ നിലംപോലെയും

മനുഷ്യൻ ചവിട്ടിനടക്കുന്ന തെരുവീഥിപോലെയും ആക്കിയിരുന്നല്ലോ.”

52:1 സീയോനേ, ഉണരുക, ഉണരുക,

ശക്തി ധരിച്ചുകൊൾക!

വിശുദ്ധനഗരമായ ജെറുശലേമേ,

നിന്റെ പ്രതാപവസ്ത്രം ധരിച്ചുകൊൾക.

പരിച്ഛേദനം ഏൽക്കാത്തവനും അശുദ്ധരും

ഇനിമേൽ നിന്നിലേക്കു വരികയില്ല.

2 ജെറുശലേമേ, നിന്റെ പൊടി കുടഞ്ഞുകളക;

എഴുന്നേൽക്കുക, സിംഹാസനസ്ഥനാകുക.

ബന്ദിയായ സീയോൻപുത്രീ,

നിന്റെ കഴുത്തിലെ ചങ്ങലകൾ അഴിച്ചുകളയുക.

3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“വിലവാങ്ങാതെ ഞാൻ നിന്നെ വിറ്റുകളഞ്ഞു,

ഇപ്പോൾ വിലകൂടാതെ നീ വീണ്ടെടുക്കപ്പെടും.”

4 കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“മുൻകാലത്ത് എന്റെ ജനം ജീവിക്കുന്നതിനായി ഈജിപ്റ്റിലേക്കു പോയി;

ഇപ്പോഴിതാ, അശ്ശൂരും അവരെ പീഡിപ്പിച്ചു.

5 “ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത്?” യഹോവ ആരായുന്നു.

“കാരണം എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോയിരിക്കെ

അവരുടെ ഭരണാധികാരികൾ അലമുറയിടുന്നല്ലോ,”

യഹോവ അരുളിച്ചെയ്യുന്നു.

“അങ്ങനെ എന്റെ നാമം ദിവസംമുഴുവനും

നിരന്തരം ദുഷിക്കപ്പെടുന്നു.”

6 അതുകൊണ്ട്, എന്റെ ജനം എന്റെ നാമം അറിയും;

അതിനാൽ, ഞാൻ, ഞാൻതന്നെയാണ് അതു പ്രവചിച്ചത്

എന്ന് ആ നാളിൽ അവർ അറിയും.

അതേ, അതു ഞാൻതന്നെ.

7 സുവാർത്ത കൊണ്ടുവരികയും

സമാധാനം പ്രഘോഷിക്കുകയും

ശുഭവർത്തമാനം കൊണ്ടെത്തിക്കുകയും

രക്ഷ വിളംബരംചെയ്യുകയും

സീയോനോട് “നിന്റെ ദൈവം വാഴുന്നു,” എന്നു പറയുകയുംചെയ്ത്,

പർവതസാനുക്കൾ താണ്ടിവരുന്നവരുടെ

പാദങ്ങൾ എത്ര മനോഹരം!

8 ശ്രദ്ധിക്കുക! നിന്റെ കാവൽക്കാർ അവരുടെ ശബ്ദമുയർത്തും;

അവർ ഒരുമിച്ച് ആനന്ദത്താൽ ആർപ്പിടും.

യഹോവ സീയോനെ മടക്കിവരുത്തുന്നത്

അവർ അഭിമുഖമായി ദർശിക്കും.

9 ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ,

ആനന്ദത്താൽ ഒരുമിച്ച് പൊട്ടിയാർക്കുക.

കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു,

അവിടന്ന് ജെറുശലേമിനെ വീണ്ടെടുത്തിരിക്കുന്നു.

10 എല്ലാ ജനതകളുടെയും ദൃഷ്ടിയിൽ

യഹോവ തന്റെ വിശുദ്ധഭുജം വെളിപ്പെടുത്തിയിരിക്കുന്നു,

ഭൂമിയുടെ സകലസീമകളും

നമ്മുടെ ദൈവത്തിന്റെ രക്ഷ കാണും.

11 യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക!

അശുദ്ധമായതൊന്നും സ്പർശിക്കരുത്!

യഹോവയുടെ മന്ദിരത്തിലെ പാത്രങ്ങൾ ചുമക്കുന്നവരേ,

അതിന്റെ നടുവിൽനിന്ന് പുറപ്പെടുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക.

12 എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ

ഓടിപ്പോകുകയോ ഇല്ല;

കാരണം യഹോവ നിങ്ങൾക്കുമുമ്പായി പോകും,

ഇസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിന്നിൽ കാവൽക്കാരനായിരിക്കും.