ഭാഗം 17: യഹോവാഹാസിന്റെ ഭരണം

ക്രി.മു. 610

Biblica® Open Malayalam Contemporary Version™ (OMCV)

2 ദിനവൃത്താന്തം 36:1–4

1 ദേശത്തെ ജനം യോശിയാവിന്റെ മകനായ യഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാനത്തു ജെറുശലേമിൽ രാജാവായി വാഴിച്ചു.

2 രാജാവാകുമ്പോൾ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു. 3 ഈജിപ്റ്റിലെ രാജാവ് ജെറുശലേമിൽവെച്ച് യഹോവാഹാസിനെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹം നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വർണവും യെഹൂദയ്ക്ക് കപ്പം ചുമത്തുകയും ചെയ്തു. 4 ഈജിപ്റ്റ് രാജാവ് യഹോവാഹാസിന്റെ ഒരു സഹോദരനായ എല്യാക്കീമിനെ യെഹൂദയ്ക്കും ജെറുശലേമിനും രാജാവാക്കി; അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. എല്യാക്കീമിന്റെ സഹോദരനായ യഹോവാഹാസിനെ നെഖോ പിടിച്ച് ഈജിപ്റ്റിലേക്കു കൊണ്ടുപോകുകയും ചെയ്തു.

2 രാജാക്കന്മാർ 23:31–35

31 രാജാവാകുമ്പോൾ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹമൂതൽ എന്നായിരുന്നു. അവർ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകളായിരുന്നു. 32 തന്റെ പിതാക്കന്മാർ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു. 33 അദ്ദേഹം ജെറുശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോൻ-നെഖോ അദ്ദേഹത്തെ ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ചു ബന്ധനസ്ഥനാക്കി. അദ്ദേഹം നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വർണവും യെഹൂദയ്ക്ക് കപ്പം ചുമത്തുകയും ചെയ്തു. 34 ഫറവോൻ-നെഖോ യോശിയാവിന്റെ മകനായ എല്യാക്കീമിനെ യോശിയാവിന്റെ സ്ഥാനത്തു രാജാവാക്കുകയും അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. അദ്ദേഹം യഹോവാഹാസിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി. അവിടെവെച്ച് യഹോവാഹാസ് മരിച്ചു. 35 ഫറവോൻ-നെഖോ ആവശ്യപ്പെട്ട വെള്ളിയും സ്വർണവും യെഹോയാക്കീം കൊടുത്തു. അതിനായി അദ്ദേഹം ദേശത്തു കരം ചുമത്തി. ഓരോരുത്തന്റെയും സ്വത്തിന് ആനുപാതികമായി അദ്ദേഹം അവരിൽനിന്നു വെള്ളിയും സ്വർണവും നിർബന്ധപൂർവം പിരിച്ചെടുത്തു.