എലീശായുടെ അത്ഭുതങ്ങൾ (continued)
ക്രി.മു. 892
Biblica® Open Malayalam Contemporary Version™ (OMCV)
1 നയമാൻ അരാംരാജാവിന്റെ സൈന്യാധിപനായിരുന്നു. അദ്ദേഹം മുഖാന്തരം യഹോവ അരാമിനു വിജയം നൽകിയിരുന്നതിനാൽ തന്റെ യജമാനന്റെ ദൃഷ്ടിയിൽ അദ്ദേഹം മഹാനും ബഹുമാന്യനുമായിത്തീർന്നു. നയമാൻ പരാക്രമശാലിയെങ്കിലും കുഷ്ഠരോഗിയായിരുന്നു.
2 അരാമിൽനിന്നുള്ള കവർച്ചപ്പടകൾ വന്നിരുന്നപ്പോൾ അവർ ഇസ്രായേലിൽനിന്ന് ഒരു ബാലികയെ അടിമയായി പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയുടെ പരിചാരികയായിത്തീർന്നു. 3 “എന്റെ യജമാനൻ ശമര്യയിലെ പ്രവാചകനെ ഒന്നു ചെന്നു കണ്ടിരുന്നെങ്കിൽ! അദ്ദേഹം യജമാനന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമായിരുന്നു,” എന്ന് അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു.
4 നയമാൻ തന്റെ യജമാനനെ സമീപിച്ച് ഇസ്രായേൽക്കാരി പെൺകുട്ടി പറഞ്ഞ വിവരം അറിയിച്ചു. 5 “നീ പോയിവരിക,” അരാംരാജാവ് പറഞ്ഞു. “ഞാൻ ഇസ്രായേൽരാജാവിന് ഒരു കത്തു തരാം.” അങ്ങനെ തന്റെ കൈവശം പത്തു താലന്തു വെള്ളിയും ആറായിരം ശേക്കേൽ സ്വർണവും പത്തുകൂട്ടം വസ്ത്രവും എടുത്തുകൊണ്ട് നയമാൻ പുറപ്പെട്ടു. 6 ഇസ്രായേൽരാജാവിനെ ഏൽപ്പിക്കാനായി അരാംരാജാവെഴുതിയ കത്തും അദ്ദേഹം എടുത്തിരുന്നു. “ഈ കത്തുമായി വരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം അങ്ങു മാറ്റിക്കൊടുക്കാനായി ഞാൻ അയാളെ അയയ്ക്കുന്നു,” എന്ന് അതിൽ എഴുതിയിരിക്കുന്നു.
7 ഇസ്രായേൽരാജാവ് ആ കത്തു വായിച്ച ഉടൻ വസ്ത്രംകീറി, “ഞാൻ ദൈവമോ? ജീവൻ എടുക്കാനും കൊടുക്കാനും എനിക്കു കഴിയുമോ? കുഷ്ഠം മാറ്റിക്കൊടുക്കുന്നതിനായി ഒരുവനെ എന്റെ അടുത്തേക്ക് എന്തിനാണ് ഈ മനുഷ്യൻ അയച്ചിരിക്കുന്നത്? അയാൾ എന്നോട് ഒരു ശണ്ഠയ്ക്കുള്ള കാരണം തേടുന്നത് ഏതുവിധമെന്നു നോക്കുക!” എന്നു പറഞ്ഞു.
8 ഇസ്രായേൽരാജാവ് വസ്ത്രം കീറിയെന്ന് ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ അദ്ദേഹം രാജാവിന് ഒരു സന്ദേശം കൊടുത്തയച്ചു: “എന്തിന് അങ്ങു സ്വന്തവസ്ത്രം കീറി? ആ മനുഷ്യൻ എന്റെ അടുക്കൽ വരട്ടെ, അപ്പോൾ ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലാകും.” 9 അങ്ങനെ നയമാൻ തന്റെ കുതിരകളും രഥങ്ങളുമായി ചെന്ന് എലീശയുടെ വീടിന്റെ പടിവാതിൽക്കൽ നിന്നു. 10 “താങ്കൾ പോയി യോർദാനിൽ ഏഴുപ്രാവശ്യം മുങ്ങുക; അപ്പോൾ താങ്കളുടെ ശരീരം പഴയതുപോലെയായി, താങ്കൾ ശുദ്ധനായിത്തീരും,” എന്നു പറയാൻ എലീശാ ഒരു സന്ദേശവാഹകനെ അയച്ചു.
11 പക്ഷേ, നയമാൻ കോപാകുലനായി അവിടെനിന്നു യാത്രയായി. “അദ്ദേഹം ഇറങ്ങിവന്ന് എന്റെ അടുക്കൽ നിൽക്കുമെന്നും, തന്റെ ദൈവമായ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുമെന്നും, കുഷ്ഠം ബാധിച്ച ശരീരഭാഗങ്ങൾക്കുമീതേ കൈവീശി എന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമെന്നും ഞാൻ വിചാരിച്ചിരുന്നു. 12 ദമസ്കോസിലെ നദികളായ അബാനയും പർപ്പരും ഇസ്രായേലിലുള്ള ഏതു വെള്ളത്തെക്കാളും മെച്ചമായതല്ലേ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനായിക്കൂടേ?” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ക്രോധത്തോടെ അദ്ദേഹം സ്ഥലംവിട്ടു.
13 നയമാന്റെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് അദ്ദേഹത്തോട്: “പിതാവേ, പ്രവാചകൻ വലിയൊരുകാര്യം ചെയ്യാൻ അങ്ങയോടു പറഞ്ഞിരുന്നെങ്കിൽ അങ്ങ് അതു ചെയ്യുമായിരുന്നില്ലേ? കുളിച്ചു ശുദ്ധനാകുക എന്ന് അദ്ദേഹം പറയുമ്പോൾ എത്രയധികം സന്തോഷപൂർവം അതു ചെയ്യേണ്ടതാണ്” എന്നു ചോദിച്ചു. 14 അതിനാൽ ദൈവപുരുഷൻ പറഞ്ഞതുപോലെ അദ്ദേഹം യോർദാനിൽ പോയി ഏഴുപ്രാവശ്യം മുങ്ങി. അദ്ദേഹത്തിന്റെ ശരീരം പൂർവസ്ഥിതിയിലായി; ഒരു ചെറുബാലന്റെ ശരീരംപോലെ അത് ഓജസ്സുള്ളതായി; രോഗവിമുക്തമായിത്തീർന്നു.
15 പിന്നെ നയമാനും അദ്ദേഹത്തിന്റെ സകലഭൃത്യന്മാരും ദൈവപുരുഷന്റെ അടുക്കൽ മടങ്ങിവന്നു. നയമാൻ ദൈവപുരുഷന്റെമുമ്പിൽ നിന്നുകൊണ്ട്: “ഇസ്രായേലിൽ അല്ലാതെ ലോകത്തിൽ മറ്റെങ്ങും ഒരു ദൈവമില്ലെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ദയവായി അങ്ങയുടെ ദാസനായ എന്നിൽനിന്ന് ഒരു സമ്മാനം സ്വീകരിക്കണേ!” എന്നു പറഞ്ഞു.
16 “ഞാൻ സേവിച്ചു നിൽക്കുന്ന യഹോവയാണെ, ഞാൻ യാതൊരു സമ്മാനവും വാങ്ങുകയില്ല,” എന്നു പ്രവാചകൻ മറുപടി പറഞ്ഞു. നയമാൻ വളരെ നിർബന്ധിച്ചിട്ടും അദ്ദേഹം നിരസിക്കുകയാണു ചെയ്തത്.
17 അപ്പോൾ നയമാൻ പറഞ്ഞു: “അങ്ങ് യാതൊന്നും സ്വീകരിക്കുകയില്ലെങ്കിൽ, രണ്ടു കോവർകഴുതകൾക്കു ചുമക്കാവുന്നത്ര മണ്ണു ദയവായി അടിയനു തരണമേ! അടിയൻ ഇനിമേലാൽ യഹോവയ്ക്കല്ലാതെ മറ്റൊരു ദേവനും ഹോമയാഗങ്ങളോ മറ്റു യാഗങ്ങളോ അർപ്പിക്കുകയില്ല. 18 എന്നാൽ ഈ ഒരു കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കട്ടെ! എന്റെ യജമാനൻ എന്റെ കൈയിൽ താങ്ങിക്കൊണ്ടു രിമ്മോന്റെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും കുമ്പിടുകയും ചെയ്യുമ്പോൾ ഞാനും അവിടെ കുമ്പിടേണ്ടതായിവരുന്നു. അക്കാര്യം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.”
19 “സമാധാനത്തോടെ പോകുക,” എന്ന് എലീശാ പറഞ്ഞു.
നയമാൻ അൽപ്പദൂരം യാത്രയായിക്കഴിഞ്ഞപ്പോൾ 20 ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി ചിന്തിച്ചു: “ഈ അരാമ്യനായ നയമാൻ കൊണ്ടുവന്നതൊന്നും വാങ്ങിക്കാതെ എന്റെ യജമാനൻ അദ്ദേഹത്തെ വെറുതേ വിട്ടുകളഞ്ഞിരിക്കുന്നു. യഹോവയാണെ, ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ ഓടി അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും വാങ്ങും.”
21 അങ്ങനെ ഗേഹസി വേഗം നയമാന്റെ പിന്നാലെ ചെന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ അദ്ദേഹം അവനെ എതിരേൽക്കുന്നതിനായി രഥത്തിൽനിന്നിറങ്ങി. “എല്ലാം ശുഭമായിരിക്കുന്നോ,” എന്ന് നയമാൻ ചോദിച്ചു.
22 ഗേഹസി മറുപടി പറഞ്ഞു: “എല്ലാം ശുഭമായിരിക്കുന്നു. ഇതു പറയുന്നതിനായി എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു: ‘എഫ്രയീം മലനാട്ടിൽനിന്ന് രണ്ടു പ്രവാചകശിഷ്യന്മാർ ഇപ്പോൾ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും ദയവായി കൊടുത്താലും!’ ”
23 “തീർച്ചയായും, രണ്ടുതാലന്തു സ്വീകരിച്ചാലും!” എന്നു നയമാൻ പറഞ്ഞു. അത്രയും സ്വീകരിക്കാനായി നയമാൻ ഗേഹസിയെ നിർബന്ധിച്ചു. അദ്ദേഹം രണ്ടുകൂട്ടം വസ്ത്രങ്ങൾ സഹിതം ആ രണ്ടുതാലന്തു വെള്ളി രണ്ടു സഞ്ചിയിലാക്കിക്കെട്ടി. തന്റെ രണ്ടു ഭൃത്യന്മാരുടെ കൈവശം ഏൽപ്പിച്ചു. അവർ അത് ഗേഹസിക്കു മുമ്പായി ചുമന്നുകൊണ്ടുപോയി. 24 മലയിൽ എത്തിയപ്പോൾ ഗേഹസി ആ സാധനങ്ങൾ അവരിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു; അവർ പോകുകയും ചെയ്തു.
25 പിന്നെ ഗേഹസി അകത്തുചെന്ന് തന്റെ യജമാനന്റെ മുമ്പിൽനിന്നു. “ഗേഹസിയേ! നീ എവിടെപ്പോയിരുന്നു?” എലീശാ ചോദിച്ചു.
“അടിയൻ എങ്ങും പോയിരുന്നില്ല,” ഗേഹസി മറുപടി പറഞ്ഞു.
26 എലീശാ അയാളോട്: “ആ മനുഷ്യൻ തന്റെ രഥത്തിൽനിന്നിറങ്ങി നിന്നെ കണ്ടുമുട്ടുമ്പോൾ എന്റെ ആത്മാവ് നിന്നോടുകൂടെ ഉണ്ടായിരുന്നില്ലേ? പണം സമ്പാദിക്കുന്നതിനോ വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോപ്പ്, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ നേടുന്നതിനോ ഉള്ള സമയം ഇതാണോ? 27 അതിനാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിപരമ്പരയ്ക്കും വിട്ടൊഴിയാതെ എന്നേക്കും പിടിച്ചിരിക്കും” എന്നു പറഞ്ഞു. ഗേഹസി ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായിത്തീർന്നു. അയാൾ എലീശയുടെ സന്നിധി വിട്ടുപോയി.
6:1 പ്രവാചകശിഷ്യന്മാർ എലീശയോട്: “നമ്മൾ ഒരുമിച്ചുകൂടുന്ന ഈ സ്ഥലം വളരെ ഇടുങ്ങിയതാണ്. 2 ഞങ്ങൾ യോർദാനിലേക്കു ചെന്ന് ഓരോരുത്തനും ഓരോ മരം വെട്ടിക്കൊണ്ടുവന്ന് നമ്മൾക്ക് ഒരുമിച്ചുകൂടുന്നതിന് ഒരിടം ഉണ്ടാക്കാം” എന്നു പറഞ്ഞു.
“പൊയ്ക്കൊള്ളൂ,” പ്രവാചകൻ അനുവാദം നൽകി.
3 “ദയചെയ്ത് അടിയങ്ങളോടുകൂടെ അങ്ങും പോരുമോ!” അവരിൽ ഒരുവൻ ചോദിച്ചു.
“പോരാം,” എന്ന് എലീശാ മറുപടികൊടുത്തു. 4 അങ്ങനെ അദ്ദേഹം അവരോടൊപ്പംപോയി.
അവർ യോർദാൻ നദിക്കരികിൽ ചെന്ന് മരം വെട്ടാൻ തുടങ്ങി. 5 അവരിൽ ഒരുവൻ മരം വെട്ടിക്കൊണ്ടിരിക്കെ, കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ! യജമാനനേ, ഞാനതു വായ്പ വാങ്ങിയതായിരുന്നു!” എന്ന് അയാൾ നിലവിളിച്ചു.
6 “അത് എവിടെയാണു വീണത്?” ദൈവപുരുഷൻ ചോദിച്ചു. അയാൾ അദ്ദേഹത്തെ ആ സ്ഥലം കാണിച്ചുകൊടുത്തപ്പോൾ എലീശാ ഒരു കമ്പുവെട്ടി അവിടേക്കെറിഞ്ഞു; കോടാലി പൊന്തിവന്നു. 7 “അതെടുത്തുകൊള്ളൂ,” എന്ന് അദ്ദേഹം ആജ്ഞാപിച്ചു. ആ മനുഷ്യൻ കൈനീട്ടി അതെടുത്തു.
8 ഒരിക്കൽ അരാംരാജാവും ഇസ്രായേലുമായി യുദ്ധം ഉണ്ടായി. അദ്ദേഹം തന്റെ സൈനികോദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ചശേഷം, “ഞാൻ ഇന്നയിന്ന സ്ഥലങ്ങളിൽ കൂടാരമടിക്കും” എന്നു തീരുമാനിച്ചു.
9 എന്നാൽ ദൈവപുരുഷൻ ഇസ്രായേൽരാജാവിനോട്: “ആ സ്ഥലത്തുകൂടി കടന്നുപോകാതെ സൂക്ഷിക്കുക; അരാമ്യർ അവിടേക്കു ഇറങ്ങിവരുന്നുണ്ട്” എന്നു പറഞ്ഞയച്ചു. 10 അതിനാൽ ഇസ്രായേൽരാജാവ്, ദൈവപുരുഷൻ സൂചിപ്പിച്ച സ്ഥലത്തു കടക്കാതെ സൂക്ഷിച്ചു. വീണ്ടും പലതവണ എലീശാ രാജാവിന് ഈ വിധം മുന്നറിയിപ്പു കൊടുത്തു. അതിനാൽ അദ്ദേഹം അവിടങ്ങളിലെല്ലാം സുരക്ഷിതനായിരുന്നു.
11 ഇത് അരാംരാജാവിനെ കോപാകുലനാക്കി. അദ്ദേഹം തന്റെ സൈനികോദ്യോഗസ്ഥരെയെല്ലാം വിളിച്ചുകൂട്ടി അവരോട്: “നമ്മിൽ ആരാണ് ഇസ്രായേൽരാജാവിന്റെ പക്ഷക്കാരനെന്ന് നിങ്ങൾ പറഞ്ഞുതരികയില്ലേ?” എന്നു ചോദിച്ചു.
12 “യജമാനനായ രാജാവേ! നമ്മിൽ ആരുമല്ല. ഇസ്രായേലിലെ പ്രവാചകനായ എലീശയാണ്. അങ്ങ് ശയനഗൃഹത്തിൽ ഉച്ചരിക്കുന്ന വാക്കുകൾ ഇസ്രായേൽരാജാവിനെ അറിയിക്കുന്നത്,” എന്ന് അവരിലൊരാൾ പറഞ്ഞു.
13 “പോയി, അയാളെവിടെയെന്നു കണ്ടുപിടിക്കുക; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും,” എന്നു രാജാവു കൽപ്പിച്ചു. “അദ്ദേഹം ദോഥാനിലുണ്ട്,” എന്ന് രാജാവിനു വിവരംകിട്ടി. 14 ഉടനെ അയാൾ കുതിരകളെയും രഥങ്ങളെയും വലിയൊരുകൂട്ടം സൈന്യത്തെയും അങ്ങോട്ടയച്ചു. അവർ രാത്രിയിൽച്ചെന്ന് ആ പട്ടണം വളഞ്ഞു.
15 പിറ്റേന്നു പ്രഭാതത്തിൽ ദൈവപുരുഷന്റെ ഭൃത്യൻ ഉണർന്നു വെളിയിൽ വന്നപ്പോൾ കുതിരകളും രഥങ്ങളുമായി ഒരു സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതായിക്കണ്ടു. “അയ്യോ! യജമാനനേ! നാം എന്തുചെയ്യും?” എന്ന് അയാൾ നിലവിളിച്ചു.
16 “ഭയപ്പെടേണ്ട; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികമാണ്,” എന്നു പ്രവാചകൻ മറുപടി പറഞ്ഞു.
17 “യഹോവേ, ഇവൻ കാണുന്നതിനായി ഇവന്റെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ ആ ഭൃത്യന്റെ കണ്ണുതുറന്നു. ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതായി അയാൾ കണ്ടു.
18 ശത്രുക്കൾ എലീശയുടെ അടുത്തേക്കുവന്നപ്പോൾ, “യഹോവേ, ഈ സൈന്യത്തെ അന്ധരാക്കണമേ” എന്ന് എലീശാ പ്രാർഥിച്ചു. എലീശാ പ്രാർഥിച്ചതുപോലെ യഹോവ അവരെയെല്ലാം അന്ധരാക്കി.
19 എലീശാ അവരോട്: “വഴി ഇതല്ല, നഗരവും ഇതല്ല, എന്റെകൂടെ വരിക. നിങ്ങൾ തെരയുന്ന മനുഷ്യന്റെ അടുത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്നു പറഞ്ഞു. അദ്ദേഹം അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി.
20 അവർ നഗരത്തിലെത്തിയപ്പോൾ “യഹോവേ, ഇവർ കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ അവരുടെ കണ്ണുതുറന്നു. തങ്ങൾ ശമര്യയുടെ നടുവിലാണെന്ന് അവർ കണ്ടു.
21 ഇസ്രായേൽരാജാവ് അവരെ കണ്ടപ്പോൾ “എന്റെ പിതാവേ! ഞാൻ ഇവരെ വെട്ടിക്കളയട്ടെ? ഇവരെ വെട്ടിക്കളയട്ടെ?” എന്നു എലീശയോടു ചോദിച്ചു.
22 “അവരെ കൊല്ലരുത്. നിന്റെ സ്വന്തവാളും വില്ലുംകൊണ്ട് കീഴ്പ്പെടുത്തിയ ആളുകളെ നീ കൊല്ലുമോ? അവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുത്തേക്കു മടങ്ങിപ്പോകുന്നതിന് അവർക്ക് അപ്പവും വെള്ളവും കൊടുക്കുക,” എന്ന് എലീശാ പറഞ്ഞു. 23 അങ്ങനെ അദ്ദേഹം അവർക്കുവേണ്ടി വലിയൊരു വിരുന്നൊരുക്കി. അവർ തിന്നുകുടിച്ചു തൃപ്തരായശേഷം അദ്ദേഹം അവരെ യാത്രയാക്കി. അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ മടങ്ങിപ്പോയി. അങ്ങനെ അരാമിൽനിന്നുള്ള സൈന്യസമൂഹം അതിൽപ്പിന്നെ ഇസ്രായേൽദേശത്തേക്കു വരാതായി.