ലേവ്യർ പ്രതിഷ്ഠിക്കപ്പെടുന്നു
ക്രി.മു. 1490
Biblica® Open Malayalam Contemporary Version™ (OMCV)
1 യഹോവ മോശയോട് അരുളിച്ചെയ്തു: 2 “അഹരോനോട് സംസാരിക്കുക. അദ്ദേഹത്തോട് ഇപ്രകാരം പറയുക: ‘നീ വിളക്കു കൊളുത്തുമ്പോൾ അവ ഏഴും വിളക്കുതണ്ടിന്റെ മുൻഭാഗത്തേക്കു വെളിച്ചം കൊടുക്കുന്ന നിലയിൽ ആയിരിക്കണം.’ ”
3 അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹം വിളക്കുതണ്ടിന്റെ മുൻവശത്തു വെളിച്ചംകിട്ടത്തക്കവണ്ണം വിളക്കുകൾ വെച്ചു. 4 വിളക്കുതണ്ടുകൾ നിർമിച്ചത് ഇപ്രകാരമായിരുന്നു: അതിന്റെ ചുവടുമുതൽ പുഷ്പപുടംവരെ അടിച്ചുപരത്തിയ തങ്കംകൊണ്ടായിരുന്നു. മോശയ്ക്ക് യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരംതന്നെ വിളക്കുതണ്ട് നിർമിച്ചു.
5 യഹോവ മോശയോട് അരുളിച്ചെയ്തു: 6 “ഇസ്രായേല്യരുടെ ഇടയിൽനിന്ന് ലേവ്യരെ വേർതിരിച്ച് അവരെ ആചാരപരമായി ശുദ്ധീകരിക്കുക. 7 അവരെ ഇപ്രകാരം വിശുദ്ധീകരിക്കുക: ശുദ്ധീകരണജലം അവരുടെമേൽ തളിക്കുക; തുടർന്ന് ശരീരംമുഴുവൻ ക്ഷൗരംചെയ്ത് വസ്ത്രം അലക്കി അവർ തങ്ങളെത്തന്നെ ശുദ്ധീകരിക്കണം. 8 അവർ ഒരു കാളക്കിടാവിനെ അതിന്റെ ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത് നേരിയമാവോടുകൂടി എടുക്കണം; തുടർന്നു പാപശുദ്ധീകരണയാഗത്തിനായി മറ്റൊരു കാളക്കിടാവിനെ നീയും എടുക്കണം. 9 ഇതിനുശേഷം മുഴുവൻ ഇസ്രായേൽസഭയെ കൂട്ടിവരുത്തുകയും ലേവ്യരെ സമാഗമകൂടാരത്തിനു മുമ്പിലേക്ക് കൊണ്ടുവരികയും വേണം. 10 ലേവ്യരെ നീ യഹോവയുടെമുമ്പാകെ കൊണ്ടുവരണം; ഇസ്രായേൽമക്കൾ അവരുടെമേൽ കൈവെക്കണം. 11 അഹരോൻ തന്റെ കൈ ഉയർത്തി ലേവ്യരെ, അവർ യഹോവയുടെ വേലചെയ്യാൻ ഒരുക്കമായിരിക്കേണ്ടതിന്, ഇസ്രായേല്യരുടെ ഇടയിൽനിന്ന് ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കണം.
12 “ലേവ്യർ കാളകളുടെ തലമേൽ കൈവെച്ചശേഷം, ഒന്നിനെ യഹോവയ്ക്കു പാപശുദ്ധീകരണയാഗത്തിനായും മറ്റേതിനെ ലേവ്യർക്കു പ്രായശ്ചിത്തത്തിനുള്ള ഹോമയാഗത്തിനായും ഉപയോഗിക്കണം. 13 ലേവ്യരെ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മുമ്പിൽ നിർത്തി നിങ്ങളുടെ കൈകൾ ഉയർത്തി അവരെ യഹോവയ്ക്ക് ഒരു വിശിഷ്ടയാഗമായി അർപ്പിക്കുക. 14 ഇപ്രകാരമാണ് നിങ്ങൾ ലേവ്യരെ മറ്റ് ഇസ്രായേൽമക്കളിൽനിന്നും വേർതിരിക്കേണ്ടത്. ലേവ്യർ എനിക്കുള്ളവർ ആയിരിക്കും.
15 “ലേവ്യരെ നിങ്ങൾ ശുദ്ധീകരിക്കുകയും നിങ്ങളുടെ കൈകൾ ഉയർത്തി വിശിഷ്ടയാഗാർപ്പണമായി സമർപ്പിക്കയും ചെയ്തശേഷം അവർക്കു തങ്ങളുടെ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിലേക്കു പ്രവേശിക്കാം. 16 ഇസ്രായേൽമക്കളിൽനിന്ന് ലേവ്യരെ എനിക്കു പൂർണമായി നൽകിയിരിക്കുന്നു. എല്ലാ ഇസ്രായേല്യരിലുമുള്ള ആദ്യജാതന്മാർക്കു പകരം—സകല ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതനു പകരംതന്നെ—അവരെ ഞാൻ എനിക്കായി എടുത്തിരിക്കുന്നു. 17 മനുഷ്യനാകട്ടെ, മൃഗമാകട്ടെ, ഇസ്രായേലിലുള്ള കടിഞ്ഞൂലെല്ലാം എനിക്കുള്ളതാണ്. ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരെയും ഞാൻ സംഹരിച്ചപ്പോൾ, ഞാൻ അവരെ എനിക്കായി വേർതിരിച്ചു. 18 ഇസ്രായേലിലെ സകല ആദ്യജാതന്മാർക്കും പകരമായി ലേവ്യരെ ഞാൻ എടുത്തിരിക്കുന്നു. 19 ഇസ്രായേല്യർക്കുവേണ്ടി സമാഗമകൂടാരത്തിൽ വേലചെയ്യാനായും അവർ വിശുദ്ധമന്ദിരത്തോടടുക്കുമ്പോൾ യാതൊരു ബാധയും അവരുടെമേൽ വരാതിരിക്കാൻ അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനായും ലേവ്യരെ ഞാൻ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു.”
20 ലേവ്യരെക്കുറിച്ചു യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ, മോശയും അഹരോനും ഇസ്രായേൽസഭ മുഴുവനും ലേവ്യർക്കു ചെയ്തുകൊടുത്തു. 21 ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും തങ്ങളുടെ വസ്ത്രങ്ങൾ അലക്കുകയും ചെയ്തു. തുടർന്ന് അഹരോൻ തന്റെ കൈകൾ ഉയർത്തി അവരെ ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കുകയും അവരെ ശുദ്ധീകരിക്കാനായി പ്രായശ്ചിത്തം കഴിക്കുകയും ചെയ്തു. 22 അതിനുശേഷം ലേവ്യർ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മേൽനോട്ടത്തിനു കീഴിൽ സമാഗമകൂടാരത്തിലെ തങ്ങളുടെ വേല ചെയ്യുന്നതിനായി വന്നു. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അവർ ലേവ്യരെ യഹോവയ്ക്കായി വേർതിരിച്ചു.
23 യഹോവ മോശയോട് അരുളിച്ചെയ്തു: 24 “ലേവ്യർക്കുള്ള നിയമമാണിത്: ഇരുപത്തഞ്ചോ അതിലധികമോ വയസ്സ് പ്രായമുള്ള പുരുഷന്മാർ സമാഗമകൂടാരത്തിലെ ശുശ്രൂഷയിൽ പങ്കാളിത്തം വഹിക്കാൻ വരണം. 25 എന്നാൽ അൻപതാം വയസ്സിൽ, അവർ തങ്ങളുടെ പതിവായ ശുശ്രൂഷയിൽനിന്ന് വിരമിക്കുകയും തുടർന്ന് വേലചെയ്യാതിരിക്കുകയും വേണം. 26 അവർക്കു തങ്ങളുടെ സഹോദരന്മാരെ സമാഗമകൂടാരത്തിലെ അവരുടെ കർത്തവ്യം നിർവഹിക്കുന്നതിൽ സഹായിക്കാം. പക്ഷേ, അവർ നേരിട്ടു ചുമതല വഹിക്കരുത്. ഇപ്രകാരമാണ് നിങ്ങൾ ലേവ്യർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കേണ്ടത്.”
വെള്ളിക്കാഹളങ്ങളുടെ ഉപയോഗം
1 യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു: 2 “വെള്ളികൊണ്ട് അടിപ്പുപണിയായി രണ്ടു കാഹളങ്ങൾ ഉണ്ടാക്കുക; അവ സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തെ പുറപ്പെടുവിക്കാനും ഉപയോഗിക്കണം. 3 അവ ഊതുമ്പോൾ സഭമുഴുവനും സമാഗമകൂടാരവാതിൽക്കൽ നിന്റെ മുമ്പിൽ കൂടിവരണം. 4 ഒരു കാഹളംമാത്രമാണ് ഊതുന്നതെങ്കിൽ, ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരായ പ്രഭുക്കന്മാർ നിന്റെ മുമ്പാകെ കൂടിവരണം. 5 കാഹളധ്വനി ഒരിക്കൽ മുഴക്കിയാൽ, കിഴക്കുഭാഗത്തു പാളയമടിച്ച ഗോത്രങ്ങൾ യാത്രപുറപ്പെടണം. 6 രണ്ടാമത്തെ കാഹളധ്വനി മുഴക്കുമ്പോൾ തെക്കുഭാഗത്തുള്ള പാളയങ്ങൾ യാത്രപുറപ്പെടണം. ഇപ്രകാരം കാഹളധ്വനി മുഴക്കുന്നത് പുറപ്പാടിനുള്ള ചിഹ്നമായിരിക്കും. 7 സഭയെ വിളിച്ചുകൂട്ടാൻ കാഹളംമുഴക്കുമ്പോൾ, യാത്രപുറപ്പെടാനുള്ള കാഹളധ്വനി മുഴക്കരുത്.
8 “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം മുഴക്കേണ്ടത്. ഇതു നിങ്ങൾക്കും വരാനുള്ള തലമുറകൾക്കും എന്നേക്കുമുള്ള നിയമം ആയിരിക്കണം. 9 നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ ഞെരുക്കുന്ന ഒരു ശത്രുവിനോടു നിങ്ങൾ യുദ്ധത്തിനുപോകുമ്പോൾ, കാഹളങ്ങൾ മുഴക്കി മുന്നറിയിപ്പുനൽകണം. അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർക്കുകയും നിങ്ങൾ ശത്രുക്കളിൽനിന്ന് വിടുവിക്കപ്പെടുകയും ചെയ്യും. 10 നിങ്ങൾക്ക് ആനന്ദമുണ്ടാകുന്ന അവസരങ്ങളിൽ, ഉത്സവങ്ങളിലും മാസാരംഭങ്ങളിലും, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുമ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം. അവ നിങ്ങളുടെ ദൈവത്തിന്റെ മുമ്പിൽ നിങ്ങൾക്ക് ഒരു സ്മാരകം ആയിരിക്കും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”
മേഘം ജനത്തെ നയിച്ചതെങ്ങനെ
15 സമാഗമകൂടാരം ഉയർത്തിയ നാളിൽ മേഘം ഉടമ്പടിയുടെ കൂടാരമായ സമാഗമകൂടാരത്തെ മൂടി. സന്ധ്യമുതൽ പ്രഭാതംവരെ സമാഗമകൂടാരത്തിന്മേലുള്ള മേഘം കാഴ്ചയ്ക്ക് അഗ്നിസമാനമായിരുന്നു. 16 —അത് എപ്പോഴും അപ്രകാരമായിരുന്നു—രാത്രിയിൽ മേഘം അതിനെ മൂടി, അത് അഗ്നിപോലെ കാണപ്പെട്ടു. 17 കൂടാരത്തിനു മുകളിൽനിന്ന് മേഘം ഉയരുമ്പോഴൊക്കെയും ഇസ്രായേല്യർ യാത്രപുറപ്പെടും; മേഘം നിൽക്കുന്നിടത്തൊക്കെയും അവർ പാളയമടിക്കും. 18 യഹോവയുടെ കൽപ്പനപ്രകാരം ഇസ്രായേല്യർ യാത്രപുറപ്പെടുകയും അവിടത്തെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും ചെയ്തു. മേഘം സമാഗമകൂടാരത്തിനുമുകളിൽ നിൽക്കുന്നത്രയുംകാലം അവർ പാളയത്തിൽ വസിച്ചു. 19 മേഘം ദീർഘകാലം സമാഗമകൂടാരത്തിന്മേൽ നിലകൊണ്ടപ്പോൾ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ യഹോവയുടെ കൽപ്പനകൾ അനുസരിച്ചു. 20 ചില അവസരങ്ങളിൽ കുറച്ചു ദിവസങ്ങളിലേക്കുമാത്രമേ മേഘം സമാഗമകൂടാരത്തിനു മുകളിലുണ്ടായിരുന്നുള്ളൂ; യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയത്തിൽ കഴിയുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ യാത്രപുറപ്പെടുകയും ചെയ്യും. 21 ചില അവസരങ്ങളിൽ സന്ധ്യമുതൽ പ്രഭാതംവരെമാത്രം മേഘം നിശ്ചലമായിരിക്കും. പ്രഭാതത്തിൽ അത് ഉയരുമ്പോൾ, അവർ യാത്രപുറപ്പെടും. പകലോ രാത്രിയോ എപ്പോൾ മേഘം പൊങ്ങുമോ അപ്പോൾ അവർ യാത്രപുറപ്പെടും. 22 സമാഗമകൂടാരത്തിന്മേൽ മേഘം രണ്ടുദിവസത്തേക്കോ ഒരു മാസത്തേക്കോ ഒരു വർഷത്തേക്കോ നിലയുറപ്പിച്ചാൽ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ പാളയത്തിൽതന്നെ പാർക്കും; എന്നാൽ അത് ഉയരുമ്പോൾ അവർ യാത്രപുറപ്പെടും. 23 യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ പുറപ്പെടുകയും ചെയ്യും. മോശമുഖാന്തരം ഉള്ള കൽപ്പനകൾക്കനുസൃതമായി അവർ യഹോവയുടെ ആജ്ഞ അനുസരിച്ചു.