ഗെത്ത്ശേമനയിലേക്കുള്ള വഴിയിലെ പ്രഭാഷണം

ഒരുപക്ഷേ തെരുവിൽ

ക്രി.പി. 30 അല്ലെങ്കിൽ 29

Biblica® Open Malayalam Contemporary Version™ (OMCV)

യോഹന്നാൻ 15:1–16:33

15:1 “ഞാൻ ആകുന്നു യഥാർഥ മുന്തിരിവള്ളി, എന്റെ പിതാവ് കർഷകനും! 2 ഫലം കായ്ക്കാത്തതായി എന്നിലുള്ള ശാഖകളെല്ലാം അവിടന്നു മുറിച്ചുകളയുന്നു; കായ്ക്കുന്നവയാകട്ടെ, അധികം ഫലം കായ്ക്കേണ്ടതിനു വെട്ടിയൊരുക്കുന്നു. 3 ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങളാൽ നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു. 4 എന്നിൽ വസിച്ചുകൊണ്ടിരിക്കുക, അങ്ങനെയെന്നാൽ ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ വസിക്കാത്ത കൊമ്പിനു ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, എന്നിൽ വസിക്കാതെ നിങ്ങൾക്കും ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല.

5 “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളും ആകുന്നു. ഒരാൾ എന്നിലും ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയുകയില്ല. 6 നിങ്ങൾ എന്നിൽ വസിച്ചുകൊണ്ടിരുന്നില്ലെങ്കിൽ പുറത്തെറിഞ്ഞുകളയപ്പെട്ട ഒരു കൊമ്പുപോലെ ഉണങ്ങിപ്പോകും. അങ്ങനെയുള്ളവ മനുഷ്യർ പെറുക്കിയെടുത്തു തീയിലിട്ടു കത്തിച്ചുകളയും. 7 നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും. 8 ധാരാളം ഫലം കായ്ക്കുന്നതിനാൽ നിങ്ങൾ എന്റെ ശിഷ്യർ എന്നു വ്യക്തമാകും, അതിലൂടെ എന്റെ പിതാവു മഹത്ത്വപ്പെടുകയും ചെയ്യും.

9 “പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുക. 10 ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച് അവിടത്തെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങളും എന്റെ കൽപ്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. 11 എന്റെ ആനന്ദം നിങ്ങളിൽ ആയിരിക്കാനും അങ്ങനെ നിങ്ങളുടെ ആനന്ദം പൂർണമാകാനുമാണ് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചത്. 12 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന. 13 സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല. 14 ഞാൻ കൽപ്പിക്കുന്നത് അനുസരിച്ചാൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. 15 ഇനിമേലാൽ ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുന്നില്ല. യജമാനന്റെ എല്ലാ പ്രവൃത്തികളും ദാസൻ അറിയുന്നില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു, കാരണം ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാംതന്നെ നിങ്ങളെ അറിയിച്ചിരിക്കുന്നു. 16 നിങ്ങൾ എന്നെ തെരഞ്ഞെടുത്തതല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുന്നതിന്, നിലനിൽക്കുന്ന ഫലം കായ്ക്കേണ്ടതിനു തന്നെ, ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു. നിങ്ങൾ എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും. 17 നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നതാണ് എന്റെ കൽപ്പന.

18 “ഈ ലോകജനത നിങ്ങളെ വെറുക്കുന്നെങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെയും വെറുക്കുന്നു എന്ന് ഓർക്കുക. 19 നിങ്ങൾ ഈ ലോകത്തിന്റെ സ്വന്തം ആയിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ നിങ്ങൾ ഇനിമേൽ ഈ ലോകത്തിന്റെ സ്വന്തമല്ല, കാരണം ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ലോകം നിങ്ങളെ വെറുക്കുന്നത്. 20 ‘ദാസൻ യജമാനനെക്കാൾ വലിയവനല്ല,’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും; അവർ എന്റെ ഉപദേശം അനുസരിച്ചിരുന്നെങ്കിൽ നിങ്ങളുടേതും അനുസരിക്കുമായിരുന്നു. 21 എന്നെ അയച്ച പിതാവിനെ അവർ അറിയാത്തതുകൊണ്ട്, ഇങ്ങനെയൊക്കെ എന്റെ നാമംനിമിത്തം നിങ്ങളെ ഉപദ്രവിക്കും. 22 ഞാൻ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ പാപത്തിന് ഒഴികഴിവു പറയാനാവില്ല. 23 എന്നെ വെറുക്കുന്നയാൾ എന്റെ പിതാവിനെയും വെറുക്കുന്നു. 24 മറ്റാരും ചെയ്തിട്ടില്ലാത്തതരം അത്ഭുതപ്രവൃത്തികൾ ഞാൻ അവരുടെമധ്യത്തിൽ ചെയ്തിട്ടില്ലായിരുന്നെങ്കിൽ അവർ കുറ്റക്കാരാകുകയില്ലായിരുന്നു. എന്നാൽ, അവർ ഈ പ്രവൃത്തികൾ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു. 25 ‘കാരണംകൂടാതെ അവർ എന്നെ വെറുത്തു,’ എന്ന് ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനം നിവൃത്തിയാകാനാണ് ഇതു സംഭവിച്ചത്.

26 “പിതാവിൽനിന്ന് പുറപ്പെടുന്ന സത്യത്തിന്റെ ആത്മാവ് എന്ന ആശ്വാസദായകനെ ഞാൻ പിതാവിന്റെ അടുക്കൽനിന്ന് നിങ്ങളുടെ അടുത്തേക്കയയ്ക്കും. ആ ആത്മാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംപറയും. 27 നിങ്ങളും ആരംഭംമുതൽ എന്നോടുകൂടെ ആയിരുന്നതുകൊണ്ട് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കേണ്ടതാണ്.

16:1 “നിങ്ങൾക്ക് വിശ്വാസത്യാഗം സംഭവിക്കാതിരിക്കാനാണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിക്കുന്നത്. 2 യെഹൂദർ അവരുടെ പള്ളികളിൽനിന്ന് നിങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും; നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിന് ഒരു വഴിപാടു കഴിക്കുന്നു എന്നു കരുതുന്ന കാലം വരും. 3 അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കുന്നത്. 4 ഇതു സംഭവിക്കുന്ന സമയത്ത്, ഇതെല്ലാം ഞാൻ നേരത്തേതന്നെ സൂചിപ്പിച്ചിട്ടുള്ളവയാണല്ലോ എന്നു നിങ്ങൾ ഓർക്കേണ്ടതിനാണ് നിങ്ങളോട് ഇപ്പോൾ ഞാൻ ഇതു പറയുന്നത്. ഞാൻ നിങ്ങളോടുകൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ ഇതു പറയാതിരുന്നത്. 5 ഇപ്പോൾ ഞാൻ എന്നെ അയച്ച പിതാവിന്റെ അടുത്തേക്കു പോകുകയാണ്. എങ്കിലും, ‘ഞാൻ എവിടെ പോകുന്നുവെന്ന്’ നിങ്ങളിൽ ആരും എന്നോടു ചോദിക്കുന്നില്ലല്ലോ? 6 ഞാൻ ഈ കാര്യങ്ങളെല്ലാം പറഞ്ഞതുകൊണ്ടു നിങ്ങളുടെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്നു. 7 എന്നാൽ, ഞാൻ നിങ്ങളോടു സത്യം പറയട്ടെ: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാൻ പോകുന്നത്. ഞാൻ പോകാതിരുന്നാൽ ആശ്വാസദായകൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ, അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയയ്ക്കും. 8 അവിടന്നു വരുമ്പോൾ പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ച് മാനവരാശിക്ക് ബോധ്യം വരുത്തും. 9 പാപത്തെക്കുറിച്ചു ബോധ്യം വരുത്തും, കാരണം, മാനവർ എന്നിൽ വിശ്വാസം അർപ്പിക്കുന്നില്ല. 10 നിങ്ങൾക്ക് ലഭ്യമാകുന്ന ദൈവനീതിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം പിതാവിന്റെ സന്നിധിയിലേക്കു ഞാൻ പോകുന്നു. നിങ്ങൾക്ക് ഇനിയും എന്നെ കാണാൻ കഴിയുകയുമില്ല. 11 ന്യായവിധിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം, ഈ ലോകത്തിന്റെ അധിപതി ന്യായംവിധിക്കപ്പെട്ടിരിക്കുന്നു.

12 “ഇനി വളരെ അധികം കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എങ്കിലും അവ ഉൾക്കൊള്ളാനുള്ള കഴിവ് ഇപ്പോൾ നിങ്ങൾക്കില്ല. 13 എന്നാൽ, സത്യത്തിന്റെ ആത്മാവു വരുമ്പോൾ, അവിടന്നു നിങ്ങളെ സകലസത്യത്തിലേക്കും നയിക്കും. അവിടന്നു സ്വയം സംസാരിക്കാതെ താൻ കേൾക്കുന്നതുമാത്രം പറയുകയും ഇനി സംഭവിക്കാനുള്ളവ നിങ്ങൾക്കറിയിച്ചുതരികയും ചെയ്യും. 14 അവിടന്ന് എനിക്കുള്ളതിൽനിന്നെടുത്ത് നിങ്ങൾക്കറിയിച്ചുതരുന്നതിലൂടെ എന്നെ മഹത്ത്വപ്പെടുത്തും. 15 പിതാവിനുള്ളതെല്ലാം എന്റെ വകയാണ്; അതുകൊണ്ടാണ് ആശ്വാസപ്രദായകൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്കറിയിച്ചുതരും എന്നു ഞാൻ പറഞ്ഞത്.”

16 “അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. എന്നാൽ, വീണ്ടും അൽപ്പസമയത്തിനുശേഷം നിങ്ങൾ എന്നെ കാണും.”

17 ശിഷ്യന്മാരിൽ ചിലർ പരസ്പരം ചോദിച്ചു, “ ‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ലെന്നും, എന്നാൽ വീണ്ടും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണുമെന്നും, പിതാവിന്റെ അടുക്കൽ പോകുന്നെന്നും പറയുന്നതിന്റെ അർഥമെന്താണ്?’ 18 ‘അൽപ്പസമയം’ എന്ന് അദ്ദേഹം പറയുന്നതിന്റെ അർഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ?”

19 അവർ ഇതേപ്പറ്റി തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്ന് അറിഞ്ഞിട്ട് യേശു അവരോടു പറഞ്ഞു: “ ‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, എന്നാൽ പിന്നെയും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും,’ എന്നു ഞാൻ പറഞ്ഞതിന്റെ അർഥമെന്താണെന്നാണോ നിങ്ങൾ പരസ്പരം ചോദിക്കുന്നത്? 20 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ലോകജനത ആനന്ദിക്കും; നിങ്ങളോ കരയുകയും വിലപിക്കുകയും ചെയ്യും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും. 21 ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, തന്റെ പ്രസവസമയം വന്നിരിക്കുന്നതുകൊണ്ട് വേദനപ്പെടുന്നു. എന്നാൽ കുഞ്ഞു പിറന്നതിനുശേഷം, ഒരു വ്യക്തി ലോകത്തിലേക്കു പിറന്നതിന്റെ ആനന്ദത്താൽ അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല. 22 നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഇപ്പോൾ നിങ്ങൾക്കു സങ്കടത്തിന്റെ സമയം. എന്നാൽ, ഞാൻ നിങ്ങളെ വീണ്ടും കാണുമ്പോൾ നിങ്ങൾ ഹൃദയത്തിൽ ആനന്ദിക്കും. നിങ്ങളുടെ ആനന്ദം ആരും എടുത്തുകളയുകയില്ല. 23 ആ ദിവസം വരുമ്പോൾ നിങ്ങൾക്കെന്നോട് ഒന്നുംതന്നെ യാചിക്കേണ്ട ആവശ്യം വരികയില്ല; പകരം, എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും എന്ന് സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. 24 ഇതുവരെയും നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അങ്ങനെ നിങ്ങളുടെ ആനന്ദം പരിപൂർണമായിത്തീരും.

25 “ഞാൻ ആലങ്കാരികഭാഷയിലാണ് നിങ്ങളോടു സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ, ആലങ്കാരികഭാഷയിൽ അല്ലാതെ ഞാൻ എന്റെ പിതാവിനെക്കുറിച്ചു സ്പഷ്ടമായി സംസാരിക്കുന്ന സമയം വരുന്നു. 26 അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും. ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു പറയുന്നില്ല. 27 കാരണം, പിതാവും നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നല്ലോ. 28 ഞാൻ പിതാവിന്റെ അടുക്കൽനിന്ന് ഈ ലോകത്തിലേക്കു വന്നു; ഇപ്പോൾ ഈ ലോകംവിട്ടു പിതാവിന്റെ അടുക്കലേക്കു മടങ്ങുന്നു.”

29 “ഇപ്പോൾ അങ്ങ് ആലങ്കാരികമായിട്ടല്ല; സ്പഷ്ടമായിത്തന്നെ സംസാരിക്കുന്നു,” എന്നു ശിഷ്യന്മാർ പറഞ്ഞു. 30 “അങ്ങ് സർവജ്ഞാനിയാണെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. അങ്ങ് ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു എന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു.”

31 “ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നോ?” എന്ന് യേശു ചോദിച്ചു. 32 “എന്നാൽ, നിങ്ങളിൽ ഓരോരുത്തനും അവരവരുടെ സ്ഥലങ്ങളിലേക്കു ചിതറിപ്പോകുകയും എന്നെ ഏകനായി വിടുകയുംചെയ്യുന്ന സമയം വന്നിരിക്കുന്നു; അതേ, വന്നുകഴിഞ്ഞു. എന്നാൽ ഞാൻ ഏകനല്ല, കാരണം പിതാവ് എന്നോടൊപ്പം ഉണ്ടല്ലോ.

33 “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”