ഇസ്രായേൽരാജ്യം
യൊരോബെയാമിന്റെയും മകന്റെയും മരണം
ക്രി.മു. 955
Biblica® Open Malayalam Contemporary Version™ (OMCV)
1 അക്കാലത്ത് യൊരോബെയാമിന്റെ മകനായ അബീയാവ് രോഗിയായിത്തീർന്നു. 2 യൊരോബെയാം തന്റെ ഭാര്യയോടു പറഞ്ഞു: “നീ യൊരോബെയാമിന്റെ ഭാര്യയാണെന്നു തിരിച്ചറിയാത്തവിധം വേഷംമാറി ശീലോവിലേക്കു പോകുക. ഈ ജനത്തിനു ഞാൻ രാജാവായിത്തീരുമെന്ന് എന്നോടു പ്രവചിച്ച അഹീയാപ്രവാചകൻ അവിടെയുണ്ട്. 3 പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനും എടുത്തുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അദ്ദേഹം നിന്നോടു പറയും.” 4 യൊരോബെയാം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ചെയ്തു. അവൾ ശീലോവിൽ അഹീയാവിന്റെ ഭവനത്തിൽ ചെന്നു.
വാർധക്യംമൂലം അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. 5 എന്നാൽ, യഹോവ അഹീയാവിനോട്: “യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു ചോദിക്കാൻ വരുന്നുണ്ട്; അവൻ രോഗിയായിരിക്കുന്നു. നീ ഇന്നിന്നവിധം അവളോടു സംസാരിക്കണം. ഇവിടെ വന്നെത്തുമ്പോൾ അവൾ മറ്റൊരു സ്ത്രീയായി നടിക്കും” എന്ന് അരുളിച്ചെയ്തിരുന്നു.
6 അതിനാൽ, അവളുടെ കാലൊച്ച വാതിൽക്കൽ കേട്ടപ്പോൾത്തന്നെ അഹീയാവു പറഞ്ഞു: “യൊരോബെയാമിന്റെ ഭാര്യേ, അകത്തുവരിക! ഈ നാട്യം എന്തിന്? അശുഭവാർത്തകൾ നിന്നെ അറിയിക്കാൻ ഞാൻ നിയുക്തനായിരിക്കുന്നു. 7 ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ ചെന്ന് യൊരോബെയാമിനോടു പറയുക: ‘ഞാൻ ജനമധ്യത്തിൽനിന്നു നിന്നെ ഉയർത്തി; എന്റെ ജനമായ ഇസ്രായേലിന് ഭരണാധിപനായി നിയമിച്ചു. 8 ഞാൻ ദാവീദിന്റെ ഗൃഹത്തിൽനിന്ന് രാജ്യം വേർപെടുത്തി നിനക്കു തന്നു. എന്നാൽ, എന്റെ ദാസനായ ദാവീദിനെപ്പോലെ നീ എന്റെ ദൃഷ്ടിയിൽ നീതിയായുള്ളതുമാത്രം പ്രവർത്തിച്ച് പൂർണഹൃദയത്തോടെ എന്നെ അനുഗമിക്കുകയോ എന്റെ കൽപ്പനകൾ പാലിക്കുകയോ ചെയ്തിട്ടില്ല. 9 നിനക്കു മുമ്പുണ്ടായിരുന്ന ആരെക്കാളും അധികം ദുഷ്ടത നീ പ്രവർത്തിച്ചു; എന്നെ കോപിപ്പിക്കുംവിധം നീ സ്വയം അന്യദേവന്മാരെയും വിഗ്രഹങ്ങളെയും വാർത്തുണ്ടാക്കി; അങ്ങനെ നീ എന്നെ പൂർണമായും തിരസ്കരിച്ചു.
10 “ ‘അതിനാൽ, ഞാൻ യൊരോബെയാമിന്റെ കുടുംബത്തിന്മേൽ അനർഥംവരുത്തും. യൊരോബെയാമിന്റെ സന്തതികളായി ഇസ്രായേലിലുള്ള അവസാനത്തെ പുരുഷപ്രജയെവരെ—അടിമയോ സ്വതന്ത്രനോ ആകട്ടെ—ഞാൻ ഛേദിച്ചുകളയും. ഒരുവൻ ചപ്പുചവറുകൂമ്പാരം കത്തിച്ചുകളയുംപോലെ ഞാൻ യൊരോബെയാമിന്റെ രാജവംശത്തെ നിശ്ശേഷം ദഹിപ്പിച്ചുകളയും. 11 യൊരോബെയാമിന്റെ സന്തതികളിൽ നഗരത്തിൽവെച്ചു മരിക്കുന്നവരെ നായ്ക്കൾ തിന്നും; നാട്ടിൻപുറത്തുവെച്ചു മരിക്കുന്നവർ ആകാശത്തിലെ പറവകൾക്കു ഭക്ഷണമായിത്തീരും. യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു!’
12 “അതിനാൽ, നീ വീട്ടിലേക്കു മടങ്ങിപ്പോകുക. നീ നഗരത്തിൽ കാൽ ചവിട്ടുമ്പോൾ ബാലൻ മരിക്കും. 13 എല്ലാ ഇസ്രായേലും അവനെക്കുറിച്ചു വിലപിക്കും. അവർ അവനെ സംസ്കരിക്കും. യൊരോബെയാമിന്റെ സന്തതികളിൽ കല്ലറയിൽ സംസ്കരിക്കപ്പെടുന്ന ഒരേയൊരാൾ അവനായിരിക്കും. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ യൊരോബെയാമിന്റെ കുടുംബത്തിൽ എന്തെങ്കിലും പ്രസാദകരമായത് കണ്ടിട്ടുള്ളത് അവനിൽമാത്രമാണ്.
14 “എല്ലാറ്റിലുമുപരി, യഹോവ ഇസ്രായേലിൽ ഒരു രാജാവിനെ ഉയർത്തും; അദ്ദേഹം യൊരോബെയാമിന്റെ കുടുംബത്തെ നശിപ്പിച്ചുകളയും. ഇതാണ് ആ ദിവസം. അതേ, ഇപ്പോൾത്തന്നെ. 15 ഇസ്രായേൽ അശേരാപ്രതിഷ്ഠകൾ നിർമിച്ച് യഹോവയെ കോപിപ്പിച്ചതിനാൽ അവർ വെള്ളത്തിൽ ഇളകുന്ന ഞാങ്ങണപോലെ ആയിത്തീരത്തക്കവണ്ണം യഹോവ അവരെ പ്രഹരിക്കും; അവരുടെ പൂർവികർക്ക് അവിടന്നു നൽകിയ ഈ നല്ല ദേശത്തുനിന്നും യഹോവ അവരെ പിഴുതെടുത്ത് യൂഫ്രട്ടീസ് നദിക്കപ്പുറത്തേക്ക് ചിതറിച്ചുകളയുകയും ചെയ്യും. 16 യൊരോബെയാം സ്വയം പ്രവർത്തിച്ചതും അദ്ദേഹം ഇസ്രായേലിനെക്കൊണ്ടു പ്രവർത്തിപ്പിച്ചതുമായ പാപങ്ങൾനിമിത്തം യഹോവ ഇസ്രായേലിനെ ഉപേക്ഷിച്ചുകളയും.”
17 പിന്നെ, യൊരോബെയാമിന്റെ ഭാര്യ യാത്രതിരിച്ച് തിർസ്സയിലെത്തി. അവൾ അരമനയുടെ വാതിൽപ്പടിയിൽ എത്തിയപ്പോൾ ബാലൻ മരിച്ചു. 18 യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം കൽപ്പിച്ചതുപോലെ അവർ അവനെ സംസ്കരിച്ചു; സകല ഇസ്രായേലും അവനുവേണ്ടി വിലപിച്ചു.
19 യൊരോബെയാമിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ, അദ്ദേഹം നടത്തിയ യുദ്ധങ്ങൾ, ഭരണനിർവഹണം തുടങ്ങിയവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെയും ചരിത്രാഖ്യാനഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 20 യൊരോബെയാം ഇരുപത്തിരണ്ടു വർഷം രാജ്യം ഭരിച്ചു; അതിനുശേഷം, അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ നാദാബ് അദ്ദേഹത്തിനുപകരം രാജാവായി സ്ഥാനമേറ്റു ഭരണംനടത്തി.
നാദാബിന്റെ ഭരണകാലം ക്രി.മു. 953
25 യെഹൂദാരാജാവായ ആസായുടെ രണ്ടാംവർഷം യൊരോബെയാമിന്റെ മകനായ നാദാബ് ഇസ്രായേലിൽ രാജാവായി. അദ്ദേഹം ഇസ്രായേലിൽ രണ്ടുവർഷം ഭരിച്ചു. 26 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിക്കുകയും തന്റെ പിതാവായ യൊരോബെയാം ചെയ്തതും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപവഴികളിൽ ജീവിക്കുകയും ചെയ്തു.
27 യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട അഹീയാവിന്റെ മകനായ ബയെശാ നാദാബിനെതിരേ ഗൂഢാലോചന നടത്തി. നാദാബും സകല ഇസ്രായേലുംകൂടി ഫെലിസ്ത്യനഗരമായ ഗിബ്ബെഥോൻ ഉപരോധിച്ചിരിക്കുമ്പോൾ അവിടെവെച്ച് ബയെശാ അദ്ദേഹത്തെ കൊലപ്പെടുത്തി. 28 അങ്ങനെ, യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം ബയെശാ നാദാബിനെ വധിച്ച് തൽസ്ഥാനത്തു രാജാവായി.
29 ഭരണം ആരംഭിച്ചയുടൻതന്നെ ബയെശാ യൊരോബെയാമിന്റെ കുടുംബത്തിലെ സകലരെയും കൊന്നൊടുക്കി. യഹോവ തന്റെ ദാസൻ ശീലോന്യനായ അഹീയാവുമുഖാന്തരം അരുളിച്ചെയ്തിരുന്ന വാക്കുകൾപോലെ അദ്ദേഹം യൊരോബെയാമിന്റെ വംശത്തിൽ ജീവനുള്ള യാതൊന്നും ശേഷിക്കാതവണ്ണം മുഴുവനായും നശിപ്പിച്ചുകളഞ്ഞു. 30 യൊരോബെയാം സ്വയം പ്രവർത്തിച്ചതും അദ്ദേഹം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾനിമിത്തം ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതിനാലാണ് ഇപ്രകാരം സംഭവിച്ചത്.
31 നാദാബിന്റെ ഭരണകാലഘട്ടത്തിലെ മറ്റു സംഭവവികാസങ്ങളും അദ്ദേഹത്തിന്റെ സകലപ്രവർത്തനപദ്ധതികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
ബയെശായുടെ ഭരണകാലം ക്രി.മു. 930
32 ആസായും ഇസ്രായേൽരാജാവായ ബയെശയുംതമ്മിൽ, അവരുടെ ഭരണകാലം മുഴുവനും യുദ്ധം ഉണ്ടായിരുന്നു.
33 യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം അഹീയാവിന്റെ മകനായ ബയെശാ തിർസ്സയിൽ സകല ഇസ്രായേലിനുംവേണ്ടി രാജഭരണം ഏറ്റെടുത്തു. അദ്ദേഹം ഇരുപത്തിനാലു വർഷം ഭരിച്ചു. 34 ബയെശാ യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായകാര്യങ്ങൾ പ്രവർത്തിച്ചു. യൊരോബെയാമിന്റെ മാർഗങ്ങളിലും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിലും അദ്ദേഹം വ്യാപൃതനായി.
16:1 ബയെശയ്ക്കെതിരായി ഹനാനിയുടെ മകനായ യേഹുവിന് യഹോവയുടെ അരുളപ്പാടുണ്ടായി: 2 “ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി; എന്റെ ജനമായ ഇസ്രായേലിനു നിന്നെ ഭരണാധികാരിയാക്കി. എന്നാൽ, നീ യൊരോബെയാമിന്റെ മാർഗങ്ങളിൽ സഞ്ചരിച്ചു; എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപംചെയ്യിപ്പിച്ചിരിക്കുന്നു; അവരുടെ പാപങ്ങളാൽ എന്റെ രോഷത്തെ നീ ആളിക്കത്തിച്ചിരിക്കുന്നു. 3 അതിനാൽ, കണ്ടുകൊള്ളുക! ഞാൻ ബയെശയെയും അവന്റെ കുടുംബത്തെയും നശിപ്പിച്ചുകളയും; ഞാൻ നിന്റെ ഭവനത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനത്തെപ്പോലെയാക്കും. 4 ബയെശയുടെ ആളുകളിൽ നഗരത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.”
5 ബയെശയുടെ ഭരണകാലത്തെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, സൈനികനേട്ടങ്ങൾ, ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 6 ബയെശാ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ തിർസ്സയിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ഏലാ പിന്നീടു രാജസ്ഥാനം വഹിച്ചു.
7 ബയെശാ യഹോവയുടെ ദൃഷ്ടിയിൽ യൊരോബെയാം ഗൃഹത്തെപ്പോലെതന്നെ സകലദുഷ്ടതകളും പ്രവർത്തിച്ച് യഹോവയെ കോപിപ്പിക്കുകയും യൊരോബെയാം ഗൃഹത്തെ നശിപ്പിക്കുകയും ചെയ്തു. ഈ രണ്ടു കാരണങ്ങളാൽ ബയെശയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി ഹനാനിയുടെ മകനായ യേഹുപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായി.