യോർദാൻ കടക്കൽ

ക്രി.മു. 1451

Biblica® Open Malayalam Contemporary Version™ (OMCV)

യോശുവ 1:10–18

10 അപ്പോൾ യോശുവ ജനത്തിന്റെ നായകന്മാരോട് ഇപ്രകാരം കൽപ്പിച്ചു: 11 “പാളയത്തിൽ ചെന്നു ജനത്തോട്: ‘നിങ്ങൾക്കാവശ്യമായവ സംഭരിക്കുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശം കൈവശപ്പെടുത്തുന്നതിന് മൂന്നുദിവസം കഴിഞ്ഞ് യോർദാനക്കരെ കടക്കേണ്ടതാകുന്നു’ എന്നു പറയുക.”

12 എന്നാൽ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പകുതിഗോത്രത്തോടും ഇപ്രകാരം പറഞ്ഞു: 13 “യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു നൽകിയ കൽപ്പന ഓർത്തുകൊൾക; ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വിശ്രമംനൽകി ഈ ദേശവും തന്നിരിക്കുന്നു.’ 14 നിങ്ങളുടെ ഭാര്യമാരും കുട്ടികളും കന്നുകാലികളും യോർദാനു കിഴക്ക് മോശ നിങ്ങൾക്കു നൽകിയ ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തരായവർ ഒക്കെയും ആയുധധാരികളായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെല്ലുക. 15 യഹോവ നിങ്ങൾക്കെന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും വിശ്രമം നൽകുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുന്നതുവരെ അവരെ സഹായിക്കുക; അതിന്റെശേഷം യഹോവയുടെ ദാസനായ മോശ കിഴക്കു യോർദാന് അക്കരെ നിങ്ങൾക്ക് അവകാശപ്പെടുത്തി നൽകിയിട്ടുള്ള നിങ്ങളുടെ സ്വന്തം ദേശത്തേക്കു മടങ്ങിവന്ന് അതിനെ അനുഭവിച്ചുകൊള്ളണം.”

16 അവർ യോശുവയോട് ഉത്തരം പറഞ്ഞു: “അങ്ങ് ഞങ്ങളോടു കൽപ്പിച്ചിട്ടുള്ളതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നിടത്തൊക്കെയും ഞങ്ങൾ പോകും. 17 ഞങ്ങൾ മോശയെ പൂർണമായും അനുസരിച്ചതുപോലെ അങ്ങയെയും അനുസരിക്കും. അങ്ങയുടെ ദൈവമായ യഹോവ മോശയോടുകൂടി ഇരുന്നതുപോലെ അങ്ങയോടുകൂടിയും ഇരുന്നാൽമാത്രംമതി. 18 ആരെങ്കിലും അങ്ങയുടെ കൽപ്പന ചോദ്യംചെയ്യുകയും അങ്ങ് കൽപ്പിക്കുന്ന വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്താൽ ആ വ്യക്തി മരണത്തിനിരയാകണം. അങ്ങ് ബലവും ധൈര്യവും ഉള്ളവനായിമാത്രം ഇരിക്കുക!”

യോശുവ 3–4

1 അതിരാവിലെ യോശുവയും ഇസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്ന് പുറപ്പെട്ടു യോർദാനിൽ വന്നു. മറുകര കടക്കുംമുമ്പ് അവിടെ താമസിച്ചു. 2 മൂന്നുദിവസത്തിനുശേഷം ജനത്തിന്റെ നായകന്മാർ പാളയത്തിൽക്കൂടി കടന്ന്, 3 ജനത്തോട് ഇപ്രകാരം ആജ്ഞാപിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകവും അതു ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങളുടെ സ്ഥലംവിട്ട് അതിനെ പിൻതുടരണം. 4 ഈ വഴിക്കു നിങ്ങൾ മുമ്പുപോയിട്ടില്ലാത്തതിനാൽ, നിങ്ങൾ പോകേണ്ടുന്ന വഴി ഇങ്ങനെ അറിയാം. എന്നാൽ നിങ്ങളും പേടകവുംതമ്മിൽ രണ്ടായിരംമുഴം അകലം എപ്പോഴും ഉണ്ടായിരിക്കണം. അതിനോട് ഒരിക്കലും അടുത്തുവരരുത്.”

5 പിന്നെ യോശുവ ജനത്തോട്, “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; യഹോവ നിങ്ങളുടെ ഇടയിൽ നാളെ അത്ഭുതങ്ങൾ പ്രവർത്തിക്കും” എന്നു പറഞ്ഞു.

6 യോശുവ പുരോഹിതന്മാരോട്, “നിങ്ങൾ ഉടമ്പടിയുടെ പേടകം എടുത്ത് ജനത്തിനുമുമ്പായി അക്കരെ കടക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ ഉടമ്പടിയുടെ പേടകം എടുത്തു ജനത്തിനുമുമ്പായി നടന്നു.

7 പിന്നെ യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയിരിക്കുമെന്ന് ഇസ്രായേൽ എല്ലാം അറിയേണ്ടതിനു ഞാൻ ഇന്ന് അവരുടെ ദൃഷ്ടിയിൽ നിനക്ക് ഉന്നതപദവി നൽകാൻ തുടങ്ങും. 8 ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ‘യോർദാനിലെ വെള്ളത്തിനരികെ എത്തുമ്പോൾ, ചെന്ന് നദിയിൽ നിൽക്കുക’ എന്ന് അവരോടു പറയുക.”

9 യോശുവ ഇസ്രായേൽമക്കളോട് ഇങ്ങനെ പറഞ്ഞു: “ഇവിടെവന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾക്കുക. 10 ജീവനുള്ള ദൈവം നിങ്ങളുടെ മധ്യേയുണ്ട് എന്നും അവിടന്ന് നിങ്ങളുടെമുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നും നിങ്ങൾ ഇങ്ങനെ അറിയും. 11 ഇതാ, സർവഭൂമിക്കും നാഥനായവന്റെ ഉടമ്പടിയുടെ പേടകം നിങ്ങൾക്കുമുമ്പായി യോർദാനിലേക്കു കടക്കുന്നു. 12 അതുകൊണ്ട് ഇപ്പോൾ, ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിൽനിന്നും ഒരാൾവീതം, പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക. 13 സർവഭൂമിക്കും നാഥനായ യഹോവയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാരുടെ പാദം യോർദാൻനദിയിൽ സ്പർശിക്കുന്നയുടൻതന്നെ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കുനിന്നിട്ട് ഒരുവശത്ത് ഒരു ചിറപോലെ നിൽക്കും.”

14 അങ്ങനെ ജനം യോർദാനക്കരെ കടക്കാൻ പാളയത്തിൽനിന്ന് പുറപ്പെട്ടു. ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിനുമുമ്പായി നടന്നു. 15 കൊയ്ത്തുകാലമൊക്കെയും യോർദാനിൽ വെള്ളം കരകവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും. എന്നിട്ടും പേടകം ചുമന്ന പുരോഹിതന്മാർ യോർദാനിൽ എത്തി അവരുടെ പാദം വെള്ളത്തിന്റെ വക്കത്തു സ്പർശിച്ചപ്പോൾത്തന്നെ, 16 മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; സാരേഥാനു സമീപമുള്ള ആദാം പട്ടണത്തിന്നരികെവരെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി. അരാബയിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം മുഴുവനും വറ്റിപ്പോയി. ജനം യെരീഹോവിനുനേരേ അക്കരെ കടന്നു. 17 ജനമെല്ലാം കടന്നുപോകുന്നതുവരെ യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാർ യോർദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; ഇസ്രായേല്യർ മുഴുവനും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.

4:1 ഇസ്രായേൽജനത മുഴുവനും യോർദാൻ കടന്നശേഷം യഹോവ യോശുവയോടു കൽപ്പിച്ചു: 2 “ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക. 3 യോർദാന്റെ മധ്യത്തിൽ, പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥാനത്തുനിന്നും പന്ത്രണ്ടു കല്ലുകൾ എടുത്ത് ഇന്നു രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് കൊണ്ടുവന്നുവെക്കാൻ അവരോടു പറയുക.”

4 അങ്ങനെ യോശുവ ഇസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം നിയമിച്ചിരുന്ന പന്ത്രണ്ടു പുരുഷന്മാരെ വിളിച്ച് അവരോടു പറഞ്ഞു: 5 “യോർദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പേടകത്തിന്റെ മുമ്പിലേക്കു പോകുക. ഓരോരുത്തനും ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം ഓരോ കല്ല് ചുമലിൽ എടുക്കണം. 6 ഇതു നിങ്ങളുടെ ഇടയിൽ ഒരു ചിഹ്നമായിരിക്കട്ടെ. ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ, 7 യോർദാനിൽക്കൂടി ഒഴുകുന്ന വെള്ളം യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തടയപ്പെട്ട് ഒരു ചിറപോലെനിന്ന കാര്യം അവരോടു പറയണം. അതു യോർദാൻ കടന്നപ്പോൾ, യോർദാനിലെ വെള്ളത്തിന്റെ ഒഴുക്ക് നിന്നല്ലോ. ഈ കല്ല് ഇസ്രായേൽമക്കൾക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കണം.”

8 യോശുവ കൽപ്പിച്ചതുപോലെതന്നെ ആ പുരുഷന്മാർ ചെയ്തു. യഹോവ യോശുവയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം പന്ത്രണ്ടു കല്ല് യോർദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ താമസിച്ച സ്ഥലത്തു കൊണ്ടുപോയി വെച്ചു. 9 യോർദാന്റെ നടുവിൽ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലു നാട്ടി. ഇന്നുവരെയും അവ അവിടെയുണ്ട്.

10 മോശ യോശുവയോടു നിർദേശിച്ചിരുന്നതുപോലെ, യോശുവയോട് യഹോവ കൽപ്പിച്ചതൊക്കെയും ജനം ചെയ്തുതീരുന്നതുവരെ പേടകം വഹിച്ച പുരോഹിതന്മാർ യോർദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു. 11 ജനമെല്ലാം കടന്നുകഴിഞ്ഞപ്പോൾ, അവർ നോക്കിനിൽക്കെ, യഹോവയുടെ പേടകവും പുരോഹിതന്മാരും മറുകര കടന്നു. 12 മോശ നിർദേശിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും ആയുധധാരികളായി ഇസ്രായേൽമക്കൾക്കു മുമ്പായി അക്കരെ കടന്നു. 13 ആയുധധാരികളായ നാൽപ്പതിനായിരത്തോളംപേർ യഹോവയുടെമുമ്പാകെ യുദ്ധത്തിനു തയ്യാറായി യെരീഹോസമഭൂമിയിലേക്കു കടന്നു.

14 അന്ന് യഹോവ യോശുവയ്ക്ക് എല്ലാ ഇസ്രായേല്യരുടെയും ദൃഷ്ടിയിൽ ഉന്നതപദവിനൽകി; അദ്ദേഹത്തിന്റെ ആയുഷ്കാലമൊക്കെയും അവർ അദ്ദേഹത്തെ മോശയെ ബഹുമാനിച്ചതുപോലെതന്നെ ബഹുമാനിച്ചു.

15 പിന്നെ യഹോവ യോശുവയോട്, 16 “ഉടമ്പടിയുടെ പേടകം വഹിക്കുന്ന പുരോഹിതന്മാർ യോർദാനിൽനിന്ന് കയറിവരാൻ കൽപ്പിക്കുക” എന്ന് അരുളിച്ചെയ്തു.

17 “യോർദാനിൽനിന്ന് കയറിവരിക,” എന്ന് യോശുവ പുരോഹിതന്മാരോടു കൽപ്പിച്ചു.

18 അങ്ങനെ പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകവും വഹിച്ചുകൊണ്ട് നദിയിൽനിന്ന് കയറിവന്നു; അവരുടെ പാദം ഉണങ്ങിയ നിലത്തു സ്പർശിച്ചയുടൻ യോർദാനിലെ വെള്ളം പൂർവസ്ഥാനത്തേക്കു മടങ്ങി, മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞൊഴുകി.

19 ഒന്നാംമാസം പത്താംതീയതി ജനം യോർദാനിൽനിന്ന് പുറപ്പെട്ട് യെരീഹോവിന്റെ കിഴക്കേ അതിരിലുള്ള ഗിൽഗാലിൽ പാളയമടിച്ചു. 20 യോർദാനിൽനിന്ന് എടുത്തുകൊണ്ടുവന്ന പന്ത്രണ്ടു കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു. 21 യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾ അവരുടെ പിതാക്കന്മാരോട്, ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ചോദിച്ചാൽ, 22 ‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു’ എന്ന് അവരോടു പറയുക. 23 കാരണം നിങ്ങൾ മറുകര കടക്കുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ യോർദാൻ വറ്റിച്ചുകളഞ്ഞു. മറുകര കടക്കേണ്ടതിനുവേണ്ടി നിങ്ങളുടെ ദൈവമായ യഹോവ ഒരിക്കൽ നമ്മുടെമുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ യോർദാനോടും ചെയ്തു. 24 ഭൂമിയിലെ സകലജനതകളും യഹോവയുടെ കരം ശക്തിയുള്ളതെന്നു മനസ്സിലാക്കുന്നതിനും നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ എന്നും ഭയപ്പെടേണ്ടതിനുമാണ് അവിടന്ന് ഇപ്രകാരം ചെയ്തത്.”