കാലഘട്ടം 1: സൃഷ്ടി മുതൽ പ്രളയംവരെ
ഭാഗം 1: സൃഷ്ടി
ക്രി.മു. 4004
Biblica® Open Malayalam Contemporary Version™ (OMCV)
1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; വെള്ളം നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.
3 “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; പ്രകാശം ഉണ്ടായി. 4 പ്രകാശം നല്ലത് എന്നു ദൈവം കണ്ടു; അവിടന്നു പ്രകാശവും അന്ധകാരവുംതമ്മിൽ വേർതിരിച്ചു; 5 ദൈവം പ്രകാശത്തെ “പകൽ” എന്നും അന്ധകാരത്തെ “രാത്രി” എന്നും വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാംദിവസം.
6 “വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; “വെള്ളവും വെള്ളവുംതമ്മിൽ വേർപിരിയട്ടെ” എന്നും കൽപ്പിച്ചു. 7 അങ്ങനെ ദൈവം ഒരു വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയുള്ള വെള്ളവും മുകളിലുള്ള വെള്ളവുംതമ്മിൽ വേർതിരിയട്ടെ എന്നു കൽപ്പിച്ചു; അത് അങ്ങനെതന്നെ സംഭവിച്ചു. 8 വിതാനത്തെ ദൈവം “ആകാശം” എന്നു വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—രണ്ടാംദിവസം.
9 “ആകാശത്തിനുതാഴെയുള്ള വെള്ളം ഒരു സ്ഥലത്തു കൂടിച്ചേർന്ന് ഉണങ്ങിയ നിലം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു. 10 ഉണങ്ങിയ നിലത്തിനു ദൈവം “കര” എന്നും വെള്ളത്തിന്റെ ശേഖരത്തിനു “സമുദ്രം” എന്നും പേരുവിളിച്ചു; നല്ലത് എന്നു ദൈവം കണ്ടു.
11 “ഭൂമിയിൽ സസ്യജാലങ്ങൾ മുളയ്ക്കട്ടെ: ഭൂമിയിൽനിന്ന് വിത്തുള്ള സസ്യങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു. 12 ഭൂമി അതതുതരം വിത്തുള്ള സസ്യജാലങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. നല്ലത് എന്നു ദൈവം കണ്ടു. 13 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—മൂന്നാംദിവസം.
14 “പകലും രാത്രിയുംതമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ; ഋതുക്കൾ, ദിവസങ്ങൾ, സംവത്സരങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള ചിഹ്നങ്ങളായി ആ പ്രകാശങ്ങൾ മാറട്ടെ; 15 ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിതാനത്തിൽ അവ പ്രകാശസ്രോതസ്സുകളായിരിക്കട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു. 16 പകലിന്റെ അധിപതിയായി വലുപ്പം കൂടിയ പ്രകാശവും രാത്രിയുടെ അധിപതിയായി വലുപ്പം കുറഞ്ഞ പ്രകാശവും—ഇങ്ങനെ രണ്ടു വലിയ പ്രകാശത്തെ ദൈവം ഉണ്ടാക്കി. അവിടന്നു നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. 17-18 ദൈവം ആകാശവിതാനത്തിൽ ഈ പ്രകാശങ്ങളെ സ്ഥാപിച്ചത് ഭൂമിയെ പ്രകാശിപ്പിക്കാനും പകലിന്റെയും രാത്രിയുടെയും അധിപതികളായിരിക്കാനും പ്രകാശവും ഇരുളുംതമ്മിൽ വേർതിരിക്കാനുമായിരുന്നു. നല്ലത് എന്നു ദൈവം കണ്ടു. 19 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—നാലാംദിവസം.
20 “ജലത്തിൽ ജീവജന്തുക്കൾ പെരുകട്ടെ എന്നും ഭൂമിക്കുമീതേ ആകാശവിതാനത്തിൽ പക്ഷികൾ പറക്കട്ടെ,” എന്നും ദൈവം അരുളിച്ചെയ്തു. 21 അങ്ങനെ ദൈവം വലിയ സമുദ്രജീവികളെയും വെള്ളത്തിൽ കൂട്ടമായി ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന അതതുതരം ജന്തുക്കളെയും സൃഷ്ടിച്ചു, കൂടാതെ അതതുതരം പക്ഷികളെയും സൃഷ്ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു. 22 ദൈവം അവയെ അനുഗ്രഹിച്ചുകൊണ്ട്, “നിങ്ങൾ വർധിച്ചു പെരുകി സമുദ്രജലത്തിൽ നിറയട്ടെ; ഭൂമിയിൽ പക്ഷികളും വർധിച്ചുവരട്ടെ,” എന്നും കൽപ്പിച്ചു. 23 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—അഞ്ചാംദിവസം.
24 “ഭൂമിയിൽ അതതുതരം ജീവജന്തുക്കൾ ഉണ്ടാകട്ടെ: കന്നുകാലികൾ, ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ എന്നിവ അതതിന്റെ വർഗമനുസരിച്ച് ഉണ്ടാകട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെതന്നെ സംഭവിച്ചു. 25 ഇപ്രകാരം ദൈവം അതതുതരം വന്യമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.
26 അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”
27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു;
അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു;
പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.
28 ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.
29 “ഭൂമിയിലെങ്ങും വിത്തുള്ള സകലസസ്യങ്ങളും വിത്തോടുകൂടിയ ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു നൽകുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കും. 30 ഭൂമിയിലെ സകലജീവികൾക്കും ആകാശത്തിലെ എല്ലാ പക്ഷികൾക്കും കരയിൽ സഞ്ചരിക്കുന്ന സകലജന്തുക്കൾക്കും—ജീവശ്വാസമുള്ള എല്ലാറ്റിനും—ഞാൻ പച്ചസസ്യങ്ങളെല്ലാം ആഹാരമായി നൽകുന്നു” എന്നു ദൈവം അരുളിച്ചെയ്തു; അപ്രകാരം സംഭവിച്ചു.
31 അവിടന്നു നിർമിച്ചതൊക്കെയും ദൈവം നിരീക്ഷിച്ചു; അവയെല്ലാം വളരെ നല്ലതെന്ന് അവിടന്നു കണ്ടു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ആറാംദിവസം.
4-5 ആകാശത്തിന്റെയും ഭൂമിയുടെയും ഉൽപ്പത്തിവിവരം ഇപ്രകാരമാണ്:
യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച അവസരത്തിൽ വയലിലെ ചെടികളും സസ്യങ്ങളും അന്നുവരെ ഭൂമിയിൽ മുളച്ചിരുന്നില്ല; യഹോവയായ ദൈവം ഭൂമിയിൽ മഴ അയച്ചിരുന്നില്ല, മണ്ണിൽ അധ്വാനിക്കാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. 6 ഭൂമിയിൽനിന്ന് ഉറവ പൊങ്ങിയായിരുന്നു ഭൂതലം മുഴുവൻ നനഞ്ഞിരുന്നത്. 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.
8 യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം നട്ടുണ്ടാക്കി, അവിടന്ന് മെനഞ്ഞെടുത്ത മനുഷ്യനെ അതിൽ ആക്കി. 9 മനോഹരവും ഭക്ഷ്യയോഗ്യവുമായ എല്ലാത്തരം വൃക്ഷങ്ങളും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും ഉണ്ടായിരുന്നു.
10 ഏദെനിൽനിന്ന് ഒഴുകിയ ഒരു നദി തോട്ടം നനച്ചു. ആ നദി അവിടെനിന്ന് നാലു ശാഖയായി പിരിഞ്ഞൊഴുകി. 11 ഒന്നാമത്തേതിനു പീശോൻ എന്നു പേര്; അതു ഹവീലാദേശം മുഴുവൻ ചുറ്റുന്നു, അവിടെ തങ്കം ഉണ്ട്. 12 ആ ദേശത്തെ തങ്കം അതിവിശിഷ്ടമാണ്; ഗുല്ഗുലുവും ഗോമേദകരത്നവും അവിടെയുണ്ട്. 13 രണ്ടാമത്തെ നദിയുടെ പേര് ഗീഹോൻ; അതു കൂശ് ദേശംമുഴുവനും ചുറ്റിയൊഴുകുന്നു. 14 മൂന്നാമത്തെ നദിയുടെ പേര് ടൈഗ്രീസ്; അത് അശ്ശൂരിൽനിന്നു കിഴക്കോട്ട് ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രട്ടീസ്.
15 യഹോവയായ ദൈവം ഏദെൻതോട്ടത്തിൽ അധ്വാനിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമായി മനുഷ്യനെ അവിടെ തോട്ടത്തിൽ ആക്കി. 16 യഹോവയായ ദൈവം മനുഷ്യനോട് അരുളിച്ചെയ്തത്: “നിനക്കു തോട്ടത്തിലെ ഏതു വൃക്ഷത്തിന്റെയും ഫലം ഇഷ്ടംപോലെ ഭക്ഷിക്കാം; 17 എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവുനൽകുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുത്, ഭക്ഷിക്കുന്ന നാളിൽ നീ മരിക്കും, നിശ്ചയം!”
18 അതിനുശേഷം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ല, അവന് അനുയോജ്യമായ ഒരു തുണയെ ഞാൻ നിർമിക്കും,” എന്ന് അരുളിച്ചെയ്തു.
19 യഹോവയായ ദൈവം നിലത്തുനിന്നു നിർമിച്ച എല്ലാ വന്യമൃഗങ്ങളെയും ആകാശത്തിലെ സകലപക്ഷികളെയും മനുഷ്യന്റെ മുമ്പിൽ അവൻ അവയ്ക്ക് എന്തു പേരിടുമെന്നു കാണാൻ വരുത്തി. ഓരോ ജീവിയെയും മനുഷ്യൻ വിളിച്ചത് അതിന് പേരായിത്തീർന്നു. 20 അങ്ങനെ മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പക്ഷികൾക്കും സകലവന്യമൃഗങ്ങൾക്കും പേരിട്ടു.
എന്നാൽ ആദാമിന് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തിയില്ല. 21 അതുകൊണ്ട് യഹോവയായ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലാക്കി; അവൻ ഉറങ്ങിയപ്പോൾ അവിടന്ന് അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്തശേഷം എടുത്തയിടം മാംസംകൊണ്ടു നികത്തി. 22 പിന്നെ യഹോവയായ ദൈവം, മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി, അവളെ മനുഷ്യന്റെ അടുക്കലേക്ക് ആനയിച്ചു.
23 അപ്പോൾ മനുഷ്യൻ ഇപ്രകാരം പറഞ്ഞു:
“ഇത് എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും
എന്റെ മാംസത്തിൽനിന്നുള്ള മാംസവും ആകുന്നു;
നരനിൽനിന്ന് എടുത്തിരിക്കുകയാൽ
ഇവൾക്കു ‘നാരി’ എന്നു പേരാകും.”
24 ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും; അവർ ഒരു ശരീരമായിത്തീരും.
25 അവരിരുവരും—ആദാമും ഭാര്യയും—നഗ്നരായിരുന്നു; എങ്കിലും അവർക്കു ലജ്ജ തോന്നിയില്ല.