സഭയുടെ ഭാവി മഹത്ത്വവും വിജയവും (continued)

ക്രി.മു. 710

Biblica® Open Malayalam Contemporary Version™ (OMCV)

യെശയ്യാവ് 65–66

1 “എന്നെ അന്വേഷിക്കാത്തവർക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി;

എന്നെ ആവശ്യപ്പെടാത്തവർ എന്നെ കണ്ടെത്തി.

എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്,

‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു പറഞ്ഞു.

2 നന്നല്ലാത്ത മാർഗത്തിൽക്കൂടി

സ്വന്തം സങ്കൽപ്പമനുസരിച്ചു ജീവിക്കുന്ന,

ദുർവാശിയുള്ള ജനത്തിന്റെനേരേ

ഞാൻ ദിവസംമുഴുവനും കൈനീട്ടി—

3 അവർ പൂന്തോട്ടങ്ങളിൽ ബലിയർപ്പിച്ചും

ബലിപീഠങ്ങളിലെ ഇഷ്ടികകളിന്മേൽ ധൂപംകാട്ടിയും

എന്റെ മുഖത്തുനോക്കി

അവർ എന്നെ നിരന്തരം പ്രകോപിപ്പിക്കുന്നു.

4 അവർ രാത്രിമുഴുവനും കല്ലറകൾക്കിടയിൽ

രഹസ്യമായി ഉറങ്ങാതിരിക്കുന്നു,

പന്നിയിറച്ചി തിന്നുകയും

നിഷിദ്ധമാംസത്തിന്റെ ചാറിനാൽ പാത്രങ്ങൾ നിറയ്ക്കുകയുംചെയ്യുന്നു;

5 ‘മാറിനിൽക്കുക, എന്നോട് അടുക്കരുത്,

ഞാൻ നിന്നെക്കാൾ അതിവിശുദ്ധൻ!’ എന്ന് അവർ പറയുന്നു.

ഇങ്ങനെയുള്ളവർ എന്റെ മൂക്കിലെ പുകയും

ദിവസം മുഴുവൻ കത്തുന്ന തീയും ആകുന്നു.

6 “ഇതാ, അത് എന്റെമുമ്പിൽ എഴുതപ്പെട്ടിരിക്കുന്നു:

ഞാൻ പകരം വീട്ടാതെ അടങ്ങിയിരിക്കുകയില്ല;

അവരുടെ മാറിടത്തിലേക്കുതന്നെ ഞാൻ പകരംവീട്ടും—

7 നിങ്ങളുടെ പാപങ്ങൾക്കും നിങ്ങളുടെ പൂർവികരുടെ പാപങ്ങൾക്കുംതന്നെ,”

യഹോവ അരുളിച്ചെയ്യുന്നു.

“അവർ പർവതങ്ങളിൽ ധൂപംകാട്ടുകയും

മലകളിൽ എന്നെ പരിഹസിക്കുകയും ചെയ്തതിനാൽ,

അവരുടെ പൂർവകാല പ്രവൃത്തികളുടെ മുഴുവൻ തുകയും

ഞാൻ അവരുടെ മാറിടത്തിലേക്കുതന്നെ അളന്നുകൊടുക്കും.”

8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“മുന്തിരിക്കുലയിൽ പുതുവീഞ്ഞു കാണുമ്പോൾ,

ജനം, ‘അതിനെ നശിപ്പിക്കരുത്,

അതിൽ അനുഗ്രഹം ഉണ്ടല്ലോ,’ എന്നു പറയുന്നതുപോലെ,

എന്റെ ദാസന്മാർക്കുവേണ്ടി ഞാൻ പ്രവർത്തിക്കും;

ഞാൻ അവരെ എല്ലാവരെയും നശിപ്പിക്കുകയില്ല.

9 ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും

യെഹൂദ്യയിൽനിന്ന് എന്റെ പർവതങ്ങൾക്ക് ഒരു അവകാശിയെയും ശേഷിപ്പിക്കും.

തെരഞ്ഞെടുക്കപ്പെട്ട എന്റെ ജനം അത് അവകാശമാക്കുകയും

എന്റെ ദാസന്മാർ അവിടെ അധിവസിക്കുകയും ചെയ്യും.

10 എന്നെ അന്വേഷിക്കുന്ന എന്റെ ജനത്തിന്,

ശാരോൻസമതലം അവരുടെ ആട്ടിൻപറ്റത്തിന്റെ ഒരു മേച്ചിൽപ്പുറവും

ആഖോർതാഴ്വര അവരുടെ കന്നുകാലികളുടെ വിശ്രമസ്ഥലവും ആകും.

11 “എന്നാൽ നിങ്ങൾ യഹോവയെ ഉപേക്ഷിക്കയും

എന്റെ വിശുദ്ധപർവതത്തെ മറക്കുകയുംചെയ്ത്,

ഗദുദേവന് മേശയൊരുക്കുകയും

മേനിദേവിക്ക് വീഞ്ഞുകലർത്തി പാനപാത്രം നിറയ്ക്കുകയും ചെയ്താൽ,

12 ഞാൻ നിങ്ങളെ വാളിന് ഇരയാക്കും,

നിങ്ങൾ എല്ലാവരും വധിക്കപ്പെട്ടവരായി വീഴും;

കാരണം, ഞാൻ വിളിച്ചു, എന്നാൽ നിങ്ങൾ ഉത്തരം നൽകിയില്ല,

ഞാൻ സംസാരിച്ചു, എന്നാൽ നിങ്ങൾ ശ്രദ്ധിച്ചില്ല.

എന്റെ കണ്ണുകൾക്കുമുമ്പിൽ നിങ്ങൾ തിന്മ പ്രവർത്തിക്കുകയും

എനിക്ക് അനിഷ്ടമായതു നിങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തല്ലോ.”

13 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“എന്റെ ദാസന്മാർ ഭക്ഷിക്കും,

എന്നാൽ നിങ്ങൾ വിശന്നിരിക്കും;

എന്റെ ദാസന്മാർ പാനംചെയ്യും,

എന്നാൽ നിങ്ങൾ ദാഹിച്ചിരിക്കും;

എന്റെ ദാസന്മാർ ആനന്ദിക്കും,

എന്നാൽ നിങ്ങൾ ലജ്ജിതരാകും.

14 എന്റെ ദാസന്മാർ ഗാനമാലപിക്കും

അവരുടെ ഹൃദയത്തിൽനിന്നുള്ള ആനന്ദത്താൽത്തന്നെ,

എന്നാൽ നിങ്ങൾ ഹൃദയവ്യഥയാൽ നിലവിളിക്കും.

ഹൃദയഭാരത്തോടെ മുറയിടുകയും ചെയ്യും.

15 എന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്ക്

നിങ്ങളുടെ പേര് ഒരു ശാപവാക്കായി നിങ്ങൾ ശേഷിപ്പിക്കും;

യഹോവയായ കർത്താവ് നിങ്ങളെ കൊന്നുകളയും,

എന്നാൽ തന്റെ ദാസന്മാർക്ക് അവിടന്ന് മറ്റൊരു പേരു നൽകും.

16 പൂർവകാലത്തെ കഷ്ടത മറക്കപ്പെടുകയും

എന്റെ കണ്ണിനു മറഞ്ഞിരിക്കുകയും ചെയ്യുകയാൽ,

ദേശത്തുവെച്ച് അനുഗ്രഹം ആശംസിക്കുന്നയാൾ

ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ആശംസിക്കുന്നത്,

ദേശത്തുവെച്ചു ശപഥംചെയ്യുന്നയാൾ

ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ശപഥംചെയ്യുന്നത്.

17 “ഇതാ, ഞാൻ പുതിയ ആകാശവും

പുതിയ ഭൂമിയും സൃഷ്ടിക്കും.

പഴയകാര്യങ്ങൾ ഇനി ഓർക്കുകയോ

മനസ്സിൽ വരികയോ ചെയ്യുകയില്ല.

18 പ്രത്യുത, ഞാൻ സൃഷ്ടിക്കുന്നതിൽ

നിങ്ങൾ സന്തുഷ്ടരായി എന്നേക്കും ആനന്ദിക്കുക,

ഞാൻ ജെറുശലേമിനെ ഒരു ആനന്ദമാകുവാനും

അതിലെ ജനത്തെ ഒരു സന്തോഷമാകാനുമായിട്ടാണ് സൃഷ്ടിക്കുന്നത്.

19 ഞാൻ ജെറുശലേമിൽ ആനന്ദിക്കും

എന്റെ ജനത്തിൽ ആഹ്ലാദിക്കും;

കരച്ചിലിന്റെയോ നിലവിളിയുടെയോ ശബ്ദം

ഇനി അവിടെ കേൾക്കുകയില്ല.

20 “ഇനിയൊരിക്കലും അവിടെ

അല്പായുസ്സുകളായ ശിശുക്കൾ ഉണ്ടാകുകയില്ല

തന്റെ ആയുഷ്കാലം പൂർത്തിയാക്കാത്ത ഒരു വൃദ്ധനും;

നൂറാം വയസ്സിൽ മരിക്കുന്നയാൾ

ഒരു ശിശുവായി കരുതപ്പെടും;

നൂറുവയസ്സുവരെ എത്താത്തയാൾ

ശാപഗ്രസ്തരെന്നു പരിഗണിക്കപ്പെടും.

21 അവർ വീടുകൾ നിർമിച്ച് അവയിൽ വസിക്കും;

അവർ മുന്തിരിത്തോപ്പുകൾ നട്ട് അവയുടെ ഫലം അനുഭവിക്കും.

22 അവർ ഇനിയൊരിക്കലും മറ്റുള്ളവർക്കു താമസിക്കുന്നതിനായി പണിയുകയോ

അവർ നടുകയും മറ്റുള്ളവർ ഭക്ഷിക്കുകയുമോ ചെയ്യുകയില്ല.

എന്റെ ജനത്തിന്റെ ആയുസ്സ്

വൃക്ഷത്തിന്റെ ആയുസ്സുപോലെയാകും.

എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ ദീർഘകാലം

തങ്ങളുടെ പ്രയത്നഫലം അനുഭവിക്കും.

23 അവർ വ്യർഥമായി അധ്വാനിക്കുകയോ

ആപത്തിനായി പ്രസവിക്കുകയോ ചെയ്യുകയില്ല;

കാരണം അവരും അവരുടെ സന്തതികളും

യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നവരുടെ പിൻഗാമികളാണ്.

24 അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരമരുളും;

അവർ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ഞാൻ അതു കേൾക്കും.

25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും

സിംഹം കാളയെപ്പോലെ പുല്ലുതിന്നും

പൊടി സർപ്പത്തിന് ആഹാരമാകും.

എന്റെ വിശുദ്ധപർവതത്തിൽ എല്ലായിടത്തും

ഉപദ്രവമോ നാശമോ ഉണ്ടാകുകയില്ല,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

66:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“സ്വർഗം എന്റെ സിംഹാസനവും

ഭൂമി എന്റെ പാദപീഠവും ആകുന്നു.

നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്ന ആലയം എവിടെ?

എന്റെ വിശ്രമസ്ഥലം എവിടെ?

2 എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്,

അങ്ങനെയാണല്ലോ ഇവയെല്ലാം ഉളവായിവന്നത്,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

“വിനയശീലരും മനസ്സുതകർന്നവരും

എന്റെ വചനത്തിൽ വിറയ്ക്കുന്നവരുമായ

മനുഷ്യരോടാണ് ഞാൻ കരുണയോടെ കടാക്ഷിക്കുന്നത്.

3 എന്നാൽ ഒരു കാളയെ യാഗമർപ്പിക്കുന്നവർ

ഒരു മനുഷ്യനെ വധിക്കുന്നവരെപ്പോലെയാണ്,

ഒരു ആട്ടിൻകുട്ടിയെ യാഗം കഴിക്കുന്നവർ

ഒരു നായുടെ കഴുത്ത് ഒടിക്കുന്നവരെപ്പോലെയും

ഒരു ഭോജനയാഗം അർപ്പിക്കുന്നവർ

പന്നിയുടെ രക്തം അർപ്പിക്കുന്നവരെപ്പോലെയും

സുഗന്ധധൂപം സ്മാരകമായി അർപ്പിക്കുന്നവർ

വിഗ്രഹത്തെ പൂജിക്കുന്നവരെപ്പോലെയുമാണ്.

അവരെല്ലാം സ്വന്തവഴികൾ തെരഞ്ഞെടുക്കുകയും

അവർ തങ്ങളുടെ മ്ലേച്ഛതയിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു.

4 അതുകൊണ്ട് ഞാനും അവരെ കഠിനമായി ശിക്ഷിക്കുന്നതു തെരഞ്ഞെടുക്കും

അവർ ഭയപ്പെട്ടത് ഞാൻ അവരുടെമേൽ വരുത്തും.

ഞാൻ വിളിച്ചു, ആരും ഉത്തരം നൽകിയില്ല,

ഞാൻ സംസാരിച്ചു, ആരും ശ്രദ്ധിച്ചില്ല.

അവർ എന്റെമുമ്പിൽ തിന്മ പ്രവർത്തിക്കുകയും

എനിക്കു പ്രസാദമില്ലാത്തത് തെരഞ്ഞെടുക്കുകയും ചെയ്തു.”

5 യഹോവയുടെ വചനത്തിൽ വിറയ്ക്കുന്നവരേ,

അവിടത്തെ വചനം കേൾക്കുക:

“നിങ്ങളെ വെറുക്കുകയും എന്റെ നാമംനിമിത്തം

നിങ്ങളെ ഭ്രഷ്ടരാക്കുകയും ചെയ്ത നിങ്ങളുടെ സ്വന്തം ജനം:

‘നിങ്ങളുടെ ആഹ്ലാദം ഞങ്ങൾ കാണേണ്ടതിന്

യഹോവ മഹത്ത്വപ്പെട്ടവനാകട്ടെ!’ എന്നു പറഞ്ഞുവല്ലോ.

എന്നിട്ടും അവർ ലജ്ജിതരാക്കപ്പെടും.

6 നഗരത്തിൽനിന്നുള്ള ബഹളം കേൾക്കുക,

ദൈവാലയത്തിൽനിന്നുള്ള ഘോഷം കേൾക്കുക!

തന്റെ ശത്രുക്കളോട് അവർ അർഹിക്കുന്നത് പ്രതികാരംചെയ്യുന്ന

യഹോവയുടെ ശബ്ദമാണോ ഈ കേൾക്കുന്നത്.

7 “പ്രസവവേദന അനുഭവിക്കുന്നതിനുമുമ്പേ,

അവൾ പ്രസവിക്കുന്നു;

നോവു കിട്ടുന്നതിനു മുമ്പുതന്നെ

അവൾ ഒരു മകനു ജന്മംനൽകുന്നു.

8 ഇപ്രകാരമുള്ള ഒന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ?

ഈ വിധമുള്ളത് ആരെങ്കിലും കണ്ടിട്ടുണ്ടോ?

ഒരു ദിവസംകൊണ്ട് ഒരു രാജ്യം ജനിക്കുമോ?

ഒരു നിമിഷംകൊണ്ട് ഒരു ജനത ഉത്ഭവിക്കുമോ?

സീയോന് നോവുകിട്ടിയ ഉടൻതന്നെ

അവൾ മക്കളെ പ്രസവിച്ചിരിക്കുന്നു.

9 ഞാൻ പ്രസവത്തിന്റെ നിമിഷംവരെ കൊണ്ടുവന്നശേഷം

പ്രസവിപ്പിക്കാതിരിക്കുമോ?”

എന്ന് യഹോവ ചോദിക്കുന്നു.

“പ്രസവമെടുക്കുന്ന ഞാൻ

ഗർഭദ്വാരം അടച്ചുകളയുമോ?”

എന്ന് നിങ്ങളുടെ ദൈവം ചോദിക്കുന്നു.

10 “ജെറുശലേമിനെ സ്നേഹിക്കുന്ന എല്ലാവരുമേ,

അവളോടൊപ്പം ആനന്ദിച്ച് ആഹ്ലാദിക്കുക;

അവളെക്കുറിച്ചു വിലപിക്കുന്നവരേ

അവളോടുകൂടെ അതിയായി ആനന്ദിക്കുക.

11 ഒരു ശിശു തന്റെ മാതാവിന്റെ

സാന്ത്വനംനൽകുന്ന സ്തനങ്ങൾ വലിച്ചുകുടിക്കുന്നതുപോലെ

അവളുടെ കവിഞ്ഞൊഴുകുന്ന

സമൃദ്ധി നുകർന്നു നിങ്ങൾ തൃപ്തിയടയും.”

12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഇതാ, ഒരു നദിയെന്നപോലെ സമാധാനവും

കവിഞ്ഞൊഴുകുന്ന അരുവിപോലെ ജനതകളുടെ ധനവും ഞാൻ അവൾക്കു വർധിപ്പിക്കും;

നിങ്ങൾ മുലപ്പാൽ കുടിക്കുകയും നിങ്ങളെ ഒക്കത്ത് എടുത്തുകൊണ്ടു നടക്കുകയും

മടിയിൽ ഇരുത്തി ലാളിക്കുകയും ചെയ്യും.

13 അമ്മ അവളുടെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ

ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;

നിങ്ങൾ ജെറുശലേമിനെക്കുറിച്ച് ആശ്വസ്തരാകും.”

14 ഇതു നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ ഹൃദയം ആനന്ദിക്കും,

നിങ്ങളുടെ അസ്ഥികൾ ഇളംപുല്ലുപോലെ തഴച്ചുവളരും;

യഹോവയുടെ കരം അവിടത്തെ ദാസന്മാർക്കു വെളിപ്പെടും,

എന്നാൽ തന്റെ ശത്രുക്കളോട് അവിടന്നു ക്രുദ്ധനാകും.

15 യഹോവ തന്റെ കോപം ഉഗ്രതയോടും

തന്റെ ശാസന അഗ്നിജ്വാലകളോടും കൂടെ വെളിപ്പെടുത്തും;

ഇതാ, അവിടന്ന് അഗ്നിയിൽ പ്രത്യക്ഷനാകും,

അവിടത്തെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും.

16 അഗ്നിയാലും തന്റെ വാളിനാലും

സകലജനത്തിന്മേലും യഹോവ ന്യായവിധി നടപ്പിലാക്കും,

യഹോവയാൽ വധിക്കപ്പെടുന്നവർ നിരവധിയായിരിക്കും.

17 “പന്നിയിറച്ചി, ചുണ്ടെലി, മറ്റ് നിഷിദ്ധവസ്തുക്കൾ തിന്നുന്നവരെ അനുഗമിച്ചുകൊണ്ട് തോട്ടങ്ങൾക്കുള്ളിലേക്കു പോകാനായി തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നവർ, അവർ ആരെ അനുഗമിക്കുന്നുവോ അവരുടെയും ഇവരുടെയും അന്ത്യം ഒന്നുതന്നെയായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

18 “ഞാൻ അവരുടെ പ്രവൃത്തികളെയും ചിന്തകളെയും അറിയുന്നു. ഞാൻ സകലരാഷ്ട്രങ്ങളിലെ ജനത്തെയും ഭാഷക്കാരെയും ഒരുമിച്ചുകൂട്ടും, അവരെല്ലാം വന്ന് എന്റെ മഹത്ത്വം കാണും.

19 “ഞാൻ അവരുടെ ഇടയിൽ ഒരു ചിഹ്നം സ്ഥാപിക്കും; അവരിൽ ശേഷിക്കുന്ന ചിലരെ തർശീശ്, ലിബിയ, വില്ലാളികളുടെ നാടായ ലൂദ്, തൂബാൽ, ഗ്രീസ് എന്നീ രാഷ്ട്രങ്ങളിലേക്കും എന്റെ നാമം കേൾക്കുകയോ എന്റെ മഹത്ത്വം ദർശിക്കുകയോ ചെയ്തിട്ടില്ലാത്ത വിദൂരദ്വീപുകളിലേക്കും അയയ്ക്കും. അവർ ഈ ജനതകൾക്കിടയിൽ എന്റെ മഹത്ത്വം വിളംബരംചെയ്യും. 20 ഇസ്രായേൽമക്കൾ ആചാരപരമായി വെടിപ്പുള്ള ഒരു പാത്രത്തിൽ യഹോവയുടെ ആലയത്തിലേക്കു ഭോജനയാഗങ്ങൾ കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്ന് നിങ്ങളുടെ സകലജനത്തെയും എല്ലാ രാജ്യങ്ങളിൽനിന്നും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവതമായ ജെറുശലേമിലേക്ക് യഹോവയ്ക്ക് ഒരു വഴിപാടായി കൊണ്ടുവരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 21 “അവരുടെ ഇടയിൽനിന്ന് ഞാൻ ചിലരെ പുരോഹിതന്മാരായും ലേവ്യരായും തിരഞ്ഞെടുക്കും,” എന്നും യഹോവ അരുളിച്ചെയ്യുന്നു.

22 “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെമുമ്പിൽ നിലനിൽക്കുന്നതുപോലെ നിങ്ങളുടെ പേരും പിൻഗാമികളും നിലനിൽക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. 23 “ഒരു അമാവാസിമുതൽ മറ്റൊരു അമാവാസിവരെയും ഒരു ശബ്ബത്തുമുതൽ മറ്റൊരു ശബ്ബത്തുവരെയും എല്ലാ മനുഷ്യരും എന്റെ സന്നിധിയിൽ നമസ്കരിക്കാൻ വരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 24 “അവർ പുറപ്പെട്ടുചെന്ന് എനിക്കെതിരേ മത്സരിച്ച മനുഷ്യരുടെ ശവങ്ങൾ നോക്കും; അവരെ തിന്നുന്ന പുഴു ചാകുകയില്ല, അവരെ ദഹിപ്പിക്കുന്ന അഗ്നി കെട്ടുപോകുകയുമില്ല. അവർ സകലമനുഷ്യവർഗത്തിനും അറപ്പായിരിക്കും.”