ഹായി പിടിച്ചടക്കൽ

ക്രി.മു. 1451

Biblica® Open Malayalam Contemporary Version™ (OMCV)

യോശുവ 7:1–8:29

1 എന്നാൽ അർപ്പിതവസ്തുക്കളെ സംബന്ധിച്ച് ഇസ്രായേൽമക്കൾ അവിശ്വസ്തത കാണിച്ചു. യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ മകൻ സബ്ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തു. അതുകൊണ്ട് ഇസ്രായേലിനു വിരോധമായി യഹോവയുടെ കോപം ജ്വലിച്ചു.

2 യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്കു ബേത്-ആവെനു സമീപമുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്, “നിങ്ങൾചെന്ന് ആ പ്രദേശം പര്യവേക്ഷണംചെയ്യുക” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന് ഹായി പര്യവേക്ഷണംചെയ്തു.

3 അവർ യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അദ്ദേഹത്തെ അറിയിച്ചത്, “ഹായിക്കുനേരേ സൈന്യമെല്ലാം പോകേണ്ട ആവശ്യമില്ല. അതു പിടിക്കുന്നതിനു രണ്ടായിരമോ മൂവായിരമോ ജനത്തെമാത്രം അയയ്ക്കുക; എല്ലാവരെയും കഷ്ടപ്പെടുത്തേണ്ടാ. കാരണം, അവിടെ കുറച്ചു ജനംമാത്രമേയുള്ളൂ.” 4 അതുകൊണ്ട് ഏകദേശം മൂവായിരംപേർ അങ്ങോട്ടുപോയി; എന്നാൽ ഹായിയിലെ ആളുകൾ ഇസ്രായേല്യരോടെതിരിട്ട് അവരെ തോൽപ്പിച്ചു, 5 അവരിൽ മുപ്പത്താറുപേരെ കൊന്നു. അവരെ പട്ടണകവാടംമുതൽ ശെബാരീംവരെ പിൻതുടർന്നു, മലഞ്ചെരിവിൽവെച്ച് അവരെ തോൽപ്പിച്ചു. ഇതിനാൽ ജനത്തിന്റെ ഹൃദയം ഭയത്താൽ ഉരുകി വെള്ളംപോലെയായിത്തീർന്നു.

6 അപ്പോൾ യോശുവ വസ്ത്രംകീറി യഹോവയുടെ പേടകത്തിനുമുമ്പിൽ നിലത്തു സാഷ്ടാംഗം വീണു. സന്ധ്യവരെ അവിടെ കിടന്നു. ഇസ്രായേല്യ ഗോത്രത്തലവന്മാരും തലയിൽ പൊടിവാരിയിട്ടുകൊണ്ട് അപ്രകാരംചെയ്തു. 7 യോശുവ ഇപ്രകാരം പറഞ്ഞു: “കർത്താവായ യഹോവേ! ഞങ്ങളെ നശിപ്പിക്കാൻ അമോര്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന് ഈ ജനത്തെ അവിടന്ന് എന്തിനുവേണ്ടി യോർദാന് ഇക്കരെ കൊണ്ടുവന്നു? ഞങ്ങൾ യോർദാനക്കരെ താമസിച്ചാൽ മതിയാകുമായിരുന്നല്ലോ! 8 കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിക്കണമേ. ഇസ്രായേലിനെ ശത്രുക്കൾ തകർത്തശേഷം ഇനി ഞാൻ എന്താണു പറയേണ്ടത്? 9 കനാന്യരും ദേശത്തെ മറ്റ് ആളുകളും ഈ വിവരം അറിഞ്ഞ് ഞങ്ങളെ ചുറ്റിവളയുകയും ഞങ്ങളുടെ പേര് ഭൂമിയിൽനിന്ന് തുടച്ചുമാറ്റുകയും ചെയ്യുമല്ലോ. എന്നാൽ, അങ്ങ് അവിടത്തെ മഹത്തായ നാമത്തിനുവേണ്ടി എന്തുചെയ്യും?”

10 യഹോവ യോശുവയോട് അരുളിച്ചെയ്തു: “എഴുന്നേൽക്കുക; നീ സാഷ്ടാംഗം വീണുകിടക്കുന്നതെന്തിന്? 11 ഇസ്രായേൽ പാപംചെയ്തിരിക്കുന്നു; അവർ പാലിക്കാൻ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു. അവർ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തിരിക്കുന്നു. അവർ മോഷ്ടിച്ചിരിക്കുന്നു, കള്ളം പറഞ്ഞിരിക്കുന്നു, തങ്ങളുടെ വസ്തുവകകൾക്കിടയിൽ അവ ഒളിപ്പിച്ചുമിരിക്കുന്നു. 12 അതുകൊണ്ടാണ് ഇസ്രായേൽമക്കൾക്ക് അവരുടെ ശത്രുക്കൾക്കുനേരേ നിൽക്കാൻ സാധിക്കാതെപോയത്. അവർ തങ്ങൾക്കുതന്നെ നാശംവരുത്തിയതിനാൽ പുറംതിരിഞ്ഞ് ഓടേണ്ടിവന്നു. നശിപ്പിക്കേണ്ടതിനായി അർപ്പിക്കപ്പെട്ടവയെല്ലാം നശിപ്പിക്കാതെ ഞാൻ നിങ്ങളോടുകൂടി ഇനിയും ഉണ്ടായിരിക്കുകയില്ല.

13 “പോയി, ജനത്തെ ശുദ്ധീകരിക്ക. അവരോട് പറയുക, നാളത്തേക്കു തയ്യാറാകേണ്ടതിനു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; ഇസ്രായേലേ, നിങ്ങളുടെ ഇടയിൽ അർപ്പിതവസ്തുക്കൾ ഇരിപ്പുണ്ട്. അവ നീക്കംചെയ്യുന്നതുവരെ നിങ്ങൾക്കു ശത്രുക്കളെ എതിരിടാൻ സാധിക്കുകയില്ല,” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

14 “ ‘രാവിലെ, നിങ്ങൾ ഗോത്രംഗോത്രമായി അടുത്തുവരണം. യഹോവ ചൂണ്ടിക്കാണിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുലം കുടുംബങ്ങളായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരണം. 15 അർപ്പിതവസ്തുക്കളുമായി പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയണം; അവൻ യഹോവയുടെ ഉടമ്പടി ലംഘിക്കുകയും ഇസ്രായേലിൽ അപമാനമായതു പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.’ ”

16 അങ്ങനെ യോശുവ അതിരാവിലെ ഇസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. 17 യെഹൂദാഗോത്രം കുലംകുലമായി വന്നു; സേരഹിന്റെ കുലം പിടിക്കപ്പെട്ടു. സേരഹിന്റെ കുലത്തെ കുടുംബങ്ങളായി വരുത്തി. സബ്ദി പിടിക്കപ്പെട്ടു. 18 യോശുവ സബ്ദിയുടെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ പുത്രൻ സബ്ദിയുടെ പുത്രൻ കർമിയുടെ പുത്രൻ ആഖാൻ പിടിക്കപ്പെട്ടു.

19 അപ്പോൾ യോശുവ ആഖാനോട്, “എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മഹത്ത്വംകൊടുക്കുക, അവിടത്തെ ബഹുമാനിക്കുക. നീ എന്തു ചെയ്തുവെന്ന് എന്നോടു മറച്ചുവെക്കാതെ പറയുക” എന്നു പറഞ്ഞു.

20 ആഖാൻ മറുപടി നൽകി, “ശരിയാണ്, ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കെതിരായി പാപംചെയ്തിരിക്കുന്നു. 21 ഞാൻ ഇതാണു ചെയ്തത്: കൊള്ളയുടെ കൂട്ടത്തിൽ മനോഹരമായ ഒരു ബാബേല്യ മേലങ്കിയും ഇരുനൂറു ശേക്കേൽ വെള്ളിയും അൻപതുശേക്കേൽ തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടപ്പോൾ അവ മോഹിക്കുകയും എടുക്കുകയും ചെയ്തു. അവ എന്റെ കൂടാരത്തിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു.”

22 യോശുവ ദൂതന്മാരെ അയച്ചു. അവർ കൂടാരത്തിലേക്ക് ഓടി. അവന്റെ കൂടാരത്തിൽ വെള്ളി അടിയിലായി അവ ഒളിച്ചുവെച്ചിരിക്കുന്നതു കണ്ടു; 23 അവ കൂടാരത്തിൽനിന്നെടുത്ത് യോശുവയുടെയും എല്ലാ ഇസ്രായേൽമക്കളുടെയും അടുക്കൽ കൊണ്ടുവന്നു; യഹോവയുടെമുമ്പാകെ നിരത്തിയിട്ടു.

24 അപ്പോൾ യോശുവയും എല്ലാ ഇസ്രായേലുംകൂടെ സേരഹിന്റെ പുത്രനായ ആഖാനെ, വെള്ളി, മേലങ്കി, സ്വർണക്കട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, മാട്, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി. 25 യോശുവ ഇങ്ങനെ പറഞ്ഞു: “നീ ഈ അത്യാഹിതം ഞങ്ങളുടെമേൽ വരുത്തിവെച്ചത് എന്തിന്? ഇന്ന് യഹോവ നിന്റെമേലും അത്യാഹിതം വരുത്തും.”

പിന്നെ ഇസ്രായേലെല്ലാം ആഖാനെ കല്ലെറിഞ്ഞു, മറ്റുള്ളവരെയും കല്ലെറിഞ്ഞതിനുശേഷം അവരെ ചുട്ടുകളഞ്ഞു. 26 ആഖാന്റെമേൽ അവർ ഒരു വലിയ കൽക്കൂന കൂട്ടി. അത് ഇപ്പോഴും അവിടെയുണ്ട്. അങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി. അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർ താഴ്വര എന്ന് ഇന്നും പറഞ്ഞുവരുന്നു.

8:1 ഈ സംഭവത്തിനുശേഷം യഹോവ യോശുവയോട് അരുളിച്ചെയ്തു: “ഭയപ്പെടരുത്, നിരാശപ്പെടുകയും അരുത്. മുഴുവൻ സൈന്യത്തെയും കൂട്ടി, ഹായിയിലേക്കു ചെന്ന് അതിനെ ആക്രമിക്കുക. ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ തന്നിരിക്കുന്നു. 2 യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യുക. എന്നാൽ അതിലെ കൊള്ളയും കന്നുകാലികളും നിങ്ങൾക്ക് എടുക്കാം. നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കണം.”

3 അങ്ങനെ യോശുവയും സൈന്യംമുഴുവനും ഹായി ആക്രമിക്കാൻ പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരംപേരെ അദ്ദേഹം തെരഞ്ഞെടുത്ത്, ഇപ്രകാരം കൽപ്പനകൊടുത്ത്, അവരെ രാത്രിയിൽ അയച്ചു: 4 “ശ്രദ്ധിച്ചുകേൾക്കുക; നിങ്ങൾ പട്ടണത്തിനു പിന്നിൽ പതിയിരിക്കണം. അതിൽനിന്നും അധികദൂരം പോകരുത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം. 5 ഞാനും എന്നോടുകൂടെയുള്ള എല്ലാവരും മുമ്പോട്ടുചെന്ന് പട്ടണത്തോട് അടുക്കും. മുമ്പിലത്തെപ്പോലെ അവർ ഞങ്ങളുടെനേരേ വരുമ്പോൾ ഞങ്ങൾ അവരിൽനിന്നും ഓടും. 6 ‘മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുന്നിൽനിന്ന് ഓടിപ്പോകുന്നു’ എന്നു പറഞ്ഞ് അവർ ഞങ്ങളെ പിൻതുടരും; ഇങ്ങനെ പട്ടണത്തിനുപുറത്തേക്കു ഞങ്ങൾ അവരെ വശീകരിച്ചുകൊണ്ടുപോകും. അങ്ങനെ ഞങ്ങൾ അവരുടെമുമ്പിൽനിന്ന് ഓടുമ്പോൾ, 7 നിങ്ങൾ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റ് പട്ടണം പിടിക്കണം. നിങ്ങളുടെ ദൈവമായ യഹോവ പട്ടണം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. 8 പട്ടണം പിടിച്ചശേഷം നിങ്ങൾ അതിനു തീവെക്കണം. യഹോവ കൽപ്പിച്ചതു നിങ്ങൾ ചെയ്യാൻ പ്രത്യേകം സൂക്ഷിക്കുക; ഇതാണ് നിങ്ങൾക്കുള്ള എന്റെ കൽപ്പന.”

9 അങ്ങനെ യോശുവ അവരെ അയച്ചു. അവർ ബേഥേലിനും ഹായിക്കും ഇടയ്ക്ക് ഹായിക്കു പടിഞ്ഞാറായി പതിയിരുന്ന് അവിടെ കാത്തുകിടന്നു. യോശുവയോ, ആ രാത്രി ജനങ്ങളുടെകൂടെ ചെലവഴിച്ചു.

10 അടുത്തദിവസം അതിരാവിലെ യോശുവ തന്റെ സൈന്യത്തെ സജ്ജരാക്കി. അവനും ഇസ്രായേലിന്റെ പ്രഭുക്കന്മാരും അവർക്കുമുമ്പായി ഹായിയിലേക്കു പുറപ്പെട്ടു. 11 അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈന്യംമുഴുവനും പട്ടണത്തോടടുത്ത് അതിന്റെ മുമ്പിലെത്തി. അവർ പട്ടണത്തിനു വടക്കുഭാഗത്തായി, അവർക്കും ഹായിക്കും ഇടയ്ക്കു താഴ്വര ആയിരിക്കത്തക്കവണ്ണം പാളയമടിച്ചു. 12 യോശുവ ഏകദേശം അയ്യായിരംപേരെ ബേഥേലിനും ഹായിക്കും ഇടയ്ക്കു പട്ടണത്തിനു പടിഞ്ഞാറായി പതിയിരുത്തി. 13 അവർ പട്ടണത്തിനു വടക്ക് സൈന്യത്തെയും പടിഞ്ഞാറ് പതിയിരിപ്പുകാരെയും തയ്യാറാക്കിനിർത്തി. യോശുവ ആ രാത്രി താഴ്വരയിലേക്കു പോയി.

14 ഹായിരാജാവ് ഇതു കണ്ടപ്പോൾ, അവനും പട്ടണനിവാസികൾ എല്ലാവരുംകൂടി, ഇസ്രായേലുമായുള്ള യുദ്ധത്തിന് അതിരാവിലെ അരാബയ്ക്ക് അഭിമുഖമായ ഒരു സ്ഥലത്തേക്കു വേഗം പുറപ്പെട്ടു. പട്ടണത്തിനു പിന്നിൽ തനിക്കെതിരായി പതിയിരുപ്പുണ്ടെന്ന് അവൻ അറിഞ്ഞില്ല. 15 അവരിൽനിന്നും തിരിഞ്ഞോടുന്ന രീതിയിൽ യോശുവയും എല്ലാ ഇസ്രായേലും മരുഭൂമിയിലേക്കു കുതിച്ചു. 16 ഹായിനിവാസികളെല്ലാം അവരെ പിടിക്കാൻ വന്നുചേർന്നു; യോശുവയെ പിൻതുടർന്ന അവർ പട്ടണത്തിൽനിന്നും വശീകരിക്കപ്പെട്ട് ദൂരെയായി. 17 ഇസ്രായേലിനെ പിൻതുടരാത്തവരായി ഹായിയിലും ബേഥേലിലും ഒരുത്തനും ശേഷിച്ചില്ല. പട്ടണം തുറന്നിട്ടിട്ട് അവർ ഇസ്രായേലിനെ പിൻതുടർന്നു.

18 അപ്പോൾ യഹോവ യോശുവയോട്, “നിന്റെ കൈയിലുള്ള വേൽ ഹായിക്കുനേരേ നീട്ടുക. ആ പട്ടണം ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ അദ്ദേഹത്തിന്റെ വേൽ ഹായിക്കുനേരേ നീട്ടി. 19 അദ്ദേഹം ഇതു ചെയ്തയുടൻ പതിയിരുന്നവർ തങ്ങൾ ഇരുന്ന സ്ഥാനത്തുനിന്നും ചാടി എഴുന്നേറ്റ് മുന്നോട്ടു കുതിച്ചു. അവർ പട്ടണത്തിൽ പ്രവേശിച്ച്, അതു പിടിച്ചെടുത്തു, ക്ഷണത്തിൽ അതിനു തീവെച്ചു.

20 ഹായിപട്ടണക്കാർ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കുയരുന്നതു കണ്ടു; രക്ഷപ്പെടാനുള്ള ഒരു മാർഗവും അവർ കണ്ടില്ല; മരുഭൂമിയിലേക്കോടിയ ഇസ്രായേല്യർ അവരെ പിൻതുടരുന്നവരുടെനേരേ തിരിഞ്ഞുവരികയും ചെയ്തു. 21 പതിയിരിപ്പുകാർ പട്ടണം പിടിച്ചു എന്നും പട്ടണത്തിലെ പുക ആകാശത്തേക്കുയർന്നു എന്നും യോശുവയും എല്ലാ ഇസ്രായേലും കണ്ടപ്പോൾ അവർ തിരിഞ്ഞു ഹായിനിവാസികളെ ആക്രമിച്ചു. 22 പട്ടണത്തിൽ പതിയിരുന്നവരും അവരുടെനേരേ വന്നു. ഇങ്ങനെ അവർ നടുവിലും ഇസ്രായേൽമക്കൾ ഇരുവശത്തുമായി. യുദ്ധത്തിൽനിന്നു രക്ഷപ്പെടുന്നവരായോ പലായിതരായോ ആരും ശേഷിക്കാത്ത തരത്തിൽ ഇസ്രായേല്യർ എല്ലാവരെയും കൊന്നുകളഞ്ഞു. 23 ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.

24 തങ്ങളെ പിൻതുടർന്ന ഹായിപട്ടണക്കാരെ ഇസ്രായേല്യർ സമതലപ്രദേശങ്ങളിലും മരുഭൂമിയിലുംവെച്ചു കൊന്നുകളഞ്ഞു. അവരെയെല്ലാം വാളിനാൽ നശിപ്പിച്ചതിനുശേഷം, ഹായിയിലേക്കു മടങ്ങിവന്ന് അവിടെ ഉണ്ടായിരുന്നവരെയും കൊന്നുകളഞ്ഞു. 25 ഹായിനിവാസികളായ പന്തീരായിരം പുരുഷന്മാരും സ്ത്രീകളും ആ ദിവസംതന്നെ കൊല്ലപ്പെട്ടു. 26 ഹായിനിവാസികളുടെ നാശം പൂർത്തിയാകുന്നതുവരെ വേൽ നീട്ടിയ കൈ യോശുവ പിൻവലിച്ചില്ല. 27 യഹോവ യോശുവയോടു കൽപ്പിച്ചപ്രകാരം പട്ടണത്തിലെ കന്നുകാലി, കൊള്ള എന്നിവ ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി.

28 പിന്നെ യോശുവ ഹായി പട്ടണം ചുട്ടുകരിച്ചു, അത് നാശനഷ്ടങ്ങളുടെ ഒരു ശാശ്വതക്കൂമ്പാരമായി, ഒരു ശൂന്യസ്ഥലമായി ഇന്നും നിൽക്കുന്നു. 29 ഹായിരാജാവിനെ ഒരു മരത്തിൽ തൂക്കിക്കൊന്നു, സന്ധ്യവരെ അവനെ അവിടെ ഇട്ടു. സന്ധ്യയായപ്പോൾ മൃതശരീരം മരത്തിൽനിന്നെടുത്ത് പട്ടണകവാടത്തിൽ കൊണ്ടിടുന്നതിനു യോശുവ ആജ്ഞാപിച്ചു. അതിന്മേൽ അവർ ഒരു കൽക്കൂമ്പാരം ഉയർത്തി; അത് ഇന്നും അവിടെ നിൽക്കുന്നു.