പെട്ടകം ഓബേദ്-ഏദോമിന്റെ വീട്ടിൽനിന്ന് പുറപ്പെടുന്നു

ഓബേദ്-ഏദോമിന്റെ വീട്ടിൽനിന്ന് പെട്ടകം രണ്ടാം തവണ മാറ്റുന്നു.

ക്രി.മു. 1045

Biblica® Open Malayalam Contemporary Version™ (OMCV)

1 ദിനവൃത്താന്തം 15:1–14

1 ദാവീദിന്റെ നഗരത്തിൽ ദാവീദ് തനിക്കുവേണ്ടി അരമനകൾ നിർമിച്ചു. അതിനുശേഷം ദൈവത്തിന്റെ പേടകത്തിനായി അദ്ദേഹം ഒരു സ്ഥലം ഒരുക്കി; അതിന് ഒരു കൂടാരവും സ്ഥാപിച്ചു. 2 പിന്നെ ദാവീദ് കൽപ്പിച്ചു: “ദൈവത്തിന്റെ പേടകം ചുമക്കുന്നതിനും എന്നെന്നേക്കും തന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനുമായി യഹോവ ലേവ്യരെയാണല്ലോ തെരഞ്ഞെടുത്തത്. അതിനാൽ ലേവ്യരല്ലാതെ മറ്റാരും യഹോവയുടെ പേടകം ചുമക്കേണ്ടതില്ല.”

3 താൻ ഒരുക്കിയിരുന്ന സ്ഥലത്തേക്ക് യഹോവയുടെ പേടകം കൊണ്ടുവരുന്നതിനായി ഇസ്രായേല്യരെയെല്ലാം ദാവീദ് ജെറുശലേമിൽ വിളിച്ചുകൂട്ടി.

4 അദ്ദേഹം അഹരോന്റെയും ലേവ്യരുടെയും പിൻഗാമികളെയും വിളിച്ചുകൂട്ടി:

5 കെഹാത്തിന്റെ പിൻഗാമികളിൽനിന്ന്

നായകനായി ഊരിയേലും 120 ബന്ധുക്കളും;

6 മെരാരിയുടെ പിൻഗാമികളിൽനിന്ന്

നായകനായ അസായാവും 220 ബന്ധുക്കളും;

7 ഗെർശോന്റെ പിൻഗാമികളിൽനിന്ന്

നായകനായ യോവേലും 130 ബന്ധുക്കളും;

8 എലീസാഫാന്റെ പിൻഗാമികളിൽനിന്ന്

നായകനായ ശെമയ്യാവും 200 ബന്ധുക്കളും;

9 ഹെബ്രോന്റെ പിൻഗാമികളിൽനിന്ന്

നായകനായ എലീയേലും 80 ബന്ധുക്കളും;

10 ഉസ്സീയേലിന്റെ പിൻഗാമികളിൽനിന്ന്

നായകനായ അമ്മീനാദാബും 112 ബന്ധുക്കളും.

11 അതിനുശേഷം സാദോക്ക്, അബ്യാഥാർ എന്നീ പുരോഹിതന്മാരെയും ഊരിയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും ദാവീദ് വിളിച്ചു. 12 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലേവ്യകുടുംബങ്ങളിലെ തലവന്മാരാണ്. നിങ്ങളും നിങ്ങളുടെ സഹലേവ്യരും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പേടകം, ഞാൻ അതിനായി സജ്ജീകരിച്ചിരിക്കുന്ന ഇടത്തേക്കു കൊണ്ടുവരികയും വേണം. 13 മുമ്പ് ലേവ്യരായ നിങ്ങളല്ല പേടകം കൊണ്ടുവന്നത്. അതിനാലാണ് നമ്മുടെ ദൈവമായ യഹോവയുടെ കോപം നമ്മുടെനേരേ ജ്വലിച്ചത്. വിധിപ്രകാരം അതു കൊണ്ടുവരേണ്ടതെങ്ങനെയെന്നു നാം യഹോവയോട് ആരാഞ്ഞതുമില്ല.” 14 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പേടകം കൊണ്ടുവരുന്നതിനുവേണ്ടി പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു.

പെട്ടകം രണ്ടാം തവണ മാറ്റുന്നതിനുമുമ്പ് എഴുതിയ ഒരു സങ്കീർത്തനം

പെട്ടകം രണ്ടാം തവണ മാറ്റാനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ എഴുതിയ ഒരു സങ്കീർത്തനം.

സങ്കീർത്തനങ്ങൾ 132

ആരോഹണഗീതം.

1 യഹോവേ, ദാവീദിനെയും

അദ്ദേഹം അനുഭവിച്ച എല്ലാ കഷ്ടതകളും ഓർക്കണമേ.

2 അദ്ദേഹം യഹോവയോട് ഒരു ശപഥംചെയ്തിരിക്കുന്നു,

യാക്കോബിന്റെ ശക്തനായവനോട് ഒരു നേർച്ച നേർന്നിരിക്കുന്നു:

3 “യഹോവയ്ക്കു ഞാൻ ഒരു നിവാസസ്ഥാനം ഒരുക്കുംവരെ,

യാക്കോബിന്റെ ശക്തനായവന് ഒരു വാസസ്ഥാനം കണ്ടെത്തുന്നതുവരെ,

4 ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ

എന്റെ കിടക്കയിൽ വിശ്രമിക്കുകയോ ചെയ്യുകയില്ല;

5 ഞാൻ എന്റെ കണ്ണുകൾക്ക് ഉറക്കം കൊടുക്കുകയോ

കൺപോളകളെ മയങ്ങാൻ അനുവദിക്കുകയോ ചെയ്യുകയില്ല.”

6 എഫ്രാത്തയിൽ നാം അതേപ്പറ്റി കേട്ടു,

യായീരിന്റെ വയലുകളിൽ നാം അതിനെ കണ്ടെത്തി:

7 “നമുക്കു തിരുനിവാസത്തിലേക്കു പോകാം

അവിടത്തെ പാദപീഠത്തിൽ നമുക്ക് ആരാധിക്കാം,

8 ‘യഹോവേ, എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ,

അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകവും.

9 അങ്ങയുടെ പുരോഹിതവൃന്ദം നീതിയിൻവസ്ത്രം അണിയട്ടെ;

അങ്ങയുടെ വിശ്വസ്തർ ആനന്ദഗാനം ആലപിക്കട്ടെ.’ ”

10 അങ്ങയുടെ ദാസനായ ദാവീദിനെയോർത്ത്,

അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ.

11 യഹോവ ദാവീദിനോടൊരു ശപഥംചെയ്തു,

അവിടന്ന് അതിൽനിന്നൊരിക്കലും പിന്തിരിയുകയില്ല:

“നിന്റെ പിൻതലമുറക്കാരിൽ ഒരുവനെ

ഞാൻ നിന്റെ സിംഹാസനത്തിൽ അവരോധിക്കും.

12 നിന്റെ മക്കൾ എന്റെ ഉടമ്പടി പാലിക്കുകയും

ഞാൻ അഭ്യസിപ്പിച്ച എന്റെ നിയമം പിൻതുടരുകയും ചെയ്താൽ,

അവരുടെ മക്കളും നിന്റെ സിംഹാസനത്തിൽ

എന്നുമെന്നും വാഴും.”

13 കാരണം യഹോവ സീയോനെ തെരഞ്ഞെടുത്തിരിക്കുന്നു,

അതു തന്റെ നിവാസസ്ഥാനമാക്കാൻ അവിടന്ന് ആഗ്രഹിച്ചു,

14 “ഇതാണ് എന്നെന്നേക്കും എന്റെ വിശ്രമസ്ഥാനം;

ഇവിടെ ഞാൻ സിംഹാസനസ്ഥനായിരിക്കും, കാരണം ഞാനതാഗ്രഹിച്ചു.

15 അവൾക്ക് ആവശ്യമായ വിഭവങ്ങളെല്ലാം ഞാൻ സമൃദ്ധമായി നൽകും;

അവളുടെ ദരിദ്രരെ ഞാൻ ഭക്ഷണം നൽകി സംതൃപ്തരാക്കും.

16 അവളുടെ പുരോഹിതവൃന്ദത്തെ ഞാൻ രക്ഷ ധരിപ്പിക്കും,

അവളുടെ വിശ്വസ്തർ സദാ ആനന്ദഗാനം ആലപിക്കും.

17 “ഇവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും

എന്റെ അഭിഷിക്തന് ഞാൻ ഒരു വിളക്ക് ഒരുക്കിയിരിക്കുന്നു.

18 അദ്ദേഹത്തിന്റെ ശത്രുക്കളെ ഞാൻ ലജ്ജകൊണ്ടു പൊതിയും,

എന്നാൽ അദ്ദേഹത്തിന്റെ ശിരസ്സ് തേജോമയമായ കിരീടത്താൽ അലംകൃതമായിരിക്കും.”

2 ശമുവേൽ 6:12–19

12 “ദൈവത്തിന്റെ പേടകംനിമിത്തം യഹോവ ഓബേദ്-ഏദോമിന്റെ കുടുംബത്തെയും അദ്ദേഹത്തിനുള്ള സകലത്തെയും അനുഗ്രഹിച്ചിരിക്കുന്നു,” എന്നു ദാവീദ് രാജാവിന് അറിവുകിട്ടി. അതിനാൽ അദ്ദേഹം ചെന്ന് ഓബേദ്-ഏദോമിന്റെ ഭവനത്തിൽനിന്ന് ദൈവത്തിന്റെ പേടകം ഉല്ലാസപൂർവം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവന്നു. 13 യഹോവയുടെ പേടകം ചുമന്നിരുന്നവർ ആറു ചുവടുവെച്ചപ്പോൾ അദ്ദേഹം ഒരു കാളയെയും ഒരു കൊഴുത്ത കിടാവിനെയും ബലിയർപ്പിച്ചു. 14 ദാവീദ് മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ചുകൊണ്ട് തന്റെ സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു. 15 അങ്ങനെ ദാവീദും സകല ഇസ്രായേൽഗൃഹവുംചേർന്ന് ആർപ്പുവിളിയോടും കാഹളനാദത്തോടുംകൂടി യഹോവയുടെ പേടകം കൊണ്ടുവന്നു.

16 യഹോവയുടെ പേടകം ദാവീദിന്റെ നഗരത്തിലേക്കു കടന്നുവരുമ്പോൾ ശൗലിന്റെ മകളായ മീഖൾ ഒരു ജനാലയിലൂടെ അതു വീക്ഷിച്ചു. ദാവീദുരാജാവ് അവിടെ യഹോവയുടെമുമ്പാകെ തുള്ളിച്ചാടുന്നതും നൃത്തംചെയ്യുന്നതും കണ്ടപ്പോൾ അവൾക്കു ഹൃദയത്തിൽ അദ്ദേഹത്തോട് അവജ്ഞ തോന്നി.

17 ഇങ്ങനെ അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത്, അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ദാവീദ് യഹോവയുടെമുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 18 ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുതീർന്നപ്പോൾ ദാവീദ് സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു. 19 അതിനുശേഷം അദ്ദേഹം ഇസ്രായേലിന്റെ ആ വലിയ ജനസമൂഹത്തിൽ— സ്ത്രീപുരുഷഭേദമെന്യേ—ഓരോരുത്തർക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയുംവീതം കൊടുത്തു. സകലജനങ്ങളും താന്താങ്ങളുടെ വീടുകളിലേക്കു തിരിച്ചുപോയി.

1 ദിനവൃത്താന്തം 15:15–29

15 യഹോവയുടെ വചനമനുസരിച്ച് മോശ കൽപ്പിച്ചപ്രകാരം ആ ലേവ്യർ ദൈവത്തിന്റെ പേടകം, അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിലേറ്റി, വഹിച്ചുകൊണ്ടുവന്നു.

16 സംഗീതോപകരണങ്ങളായ വീണ, കിന്നരം, ഇലത്താളം എന്നിവസഹിതം ആനന്ദഗാനങ്ങളാലപിക്കാൻ തങ്ങളുടെ സഹോദരന്മാരിൽ ചിലരെ ഗായകരാക്കി നിയമിക്കാൻ ലേവ്യരുടെ നേതാക്കന്മാരോടു ദാവീദ് കൽപ്പിച്ചു.

17 അതിനാൽ ആ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അദ്ദേഹത്തിന്റെ സഹോദരന്മാരിൽനിന്നു ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ മെരാര്യസഹോദരന്മാരിൽനിന്നു കുശായാവിന്റെ മകനായ ഏഥാനെയും ഗായകരായി നിയമിച്ചു. 18 അവരോടൊപ്പം, അടുത്ത പദവിയിൽ അവരുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലിഫെലേഹൂ, മിക്നേയാവ്, വാതിൽക്കാവൽക്കാരായ ഓബേദ്-ഏദോം, യെയീയേൽ എന്നിവരെ നിയമിച്ചു.

19 ഗായകരായ ഹേമാൻ, ആസാഫ്, ഏഥാൻ എന്നിവരാണ് വെങ്കലംകൊണ്ടുള്ള ഇലത്താളങ്ങൾ മുഴക്കേണ്ടിയിരുന്നത്. 20 സെഖര്യാവ്, അസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത്, രാഗത്തിൽ വീണ വായിക്കണമായിരുന്നു. 21 മത്ഥിഥ്യാവ്, എലിഫെലേഹൂ, മിക്നേയാവ്, ഓബേദ്-ഏദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത്, രാഗത്തിൽ കിന്നരം വായിക്കണമായിരുന്നു. 22 ലേവ്യരിൽ തലവനായ കെനന്യാവ് ഗായകസംഘത്തിന്റെ മേധാവി ആയിരുന്നു; ഗാനാലാപനത്തിൽ സമർഥനായിരുന്നതിനാൽ അദ്ദേഹത്തിന് ആ ചുമതല നൽകി.

23 ബേരെഖ്യാവും എൽക്കാനായും പേടകത്തിന്റെ വാതിൽക്കാവൽക്കാരായി നിൽക്കണമായിരുന്നു. 24 പുരോഹിതന്മാരായ ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലീയേസർ എന്നിവർ ദൈവത്തിന്റെ പേടകത്തിനുമുമ്പിൽ കാഹളം മുഴക്കണമായിരുന്നു. ഓബേദ്-ഏദോം, യെഹീയാവ് എന്നിവരും പേടകത്തിനു വാതിൽക്കാവൽക്കാരായി നിൽക്കണമായിരുന്നു.

25 അങ്ങനെ ദാവീദും ഇസ്രായേലിലെ ഗോത്രത്തലവന്മാരും സഹസ്രാധിപന്മാരും ഉല്ലാസപൂർവം ഓബേദ്-ഏദോമിന്റെ ഭവനത്തിൽനിന്നും യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവരുന്നതിനായി പോയി. 26 യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമന്നിരുന്ന ലേവ്യരെ ദൈവം സഹായിച്ചതിനാൽ അവർ ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യാഗമർപ്പിച്ചു. 27 പേടകം വഹിച്ചിരുന്ന സകലലേവ്യരും ഗായകരും ഗായകസംഘത്തിന്റെ മേധാവിയായ കെനന്യാവും ധരിച്ചിരുന്നതുപോലെ ദാവീദും മേൽത്തരമായ ചണവസ്ത്രം ധരിച്ചിരുന്നു. ദാവീദ് മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദും ധരിച്ചിരുന്നു. 28 അങ്ങനെ ഇസ്രായേൽ എല്ലാവരുംചേർന്ന് ആർപ്പുവിളിയോടും കൊമ്പ്, കാഹളം ഇവയുടെ നാദത്തോടും ഇലത്താളങ്ങളോടും വീണ, കിന്നരം എന്നീ വാദ്യത്തോടുംകൂടി യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവന്നു.

29 യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരത്തിലേക്കു കടന്നുവരുമ്പോൾ ശൗലിന്റെ മകളായ മീഖൾ ഒരു ജനാലയിലൂടെ അതു വീക്ഷിച്ചു. ദാവീദുരാജാവു നൃത്തംചെയ്യുന്നതും ആഹ്ലാദിച്ചു തിമിർക്കുന്നതും കണ്ടപ്പോൾ അവൾക്കു ഹൃദയത്തിൽ അദ്ദേഹത്തോട് അവജ്ഞ തോന്നി.