ഭാഗം 7: ശലോമോന്റെ പാപം (continued)

ക്രി.മു. 980 മുതൽ 975 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

സഭാപ്രസംഗി 8–9

1 ജ്ഞാനിയെപ്പോലെ ആരാണുള്ളത്?

വസ്തുതകളെ അവലോകനം ചെയ്യാൻ ആർക്കാണു കഴിയുക?

ജ്ഞാനം മനുഷ്യന്റെ മുഖത്തെ ദീപ്തമാക്കുകയും

അതിന്റെ കാഠിന്യത്തെ മാറ്റുകയും ചെയ്യുന്നു.

2 നീ ദൈവമുമ്പാകെ ഒരു ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് രാജാവിന്റെ കൽപ്പന അനുസരിക്കാൻ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. 3 രാജസന്നിധിയിൽനിന്ന് പോകാൻ തിടുക്കം കാട്ടരുത്. അദ്ദേഹം തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നതുകൊണ്ട് ഒരു നീചകാര്യത്തിനുംവേണ്ടി നിലകൊള്ളരുത്. 4 രാജശാസന അന്തിമം ആയിരിക്കുന്നിടത്തോളം, “അങ്ങ് എന്താണു ചെയ്യുന്നത്?” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ ആർക്കു കഴിയും?

5 രാജകൽപ്പന അനുസരിക്കുന്നവർക്ക് യാതൊരുദോഷവും ഭവിക്കുകയില്ല,

ജ്ഞാനഹൃദയം യുക്തസമയവും നടപടിക്രമങ്ങളും അറിയുന്നു.

6 മനുഷ്യന്റെ ദുരിതങ്ങൾ അസഹനീയമാണെങ്കിലും,

എല്ലാറ്റിനും യുക്തസമയവും നടപടിക്രമങ്ങളും ഉണ്ടല്ലോ.

7 ഭാവിയെക്കുറിച്ച് ആർക്കും ഒന്നും അറിയാത്തതുകൊണ്ട്

എന്തു സംഭവിക്കുമെന്ന് ആർക്കാണ് മറ്റൊരാളോടു പറയാൻ കഴിയുക?

8 തന്റെ ആത്മാവിനെ തടഞ്ഞുനിർത്താൻ, ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല;

ആയതിനാൽ തങ്ങളുടെ മരണദിനത്തിന്മേൽ അധികാരമുള്ള ആരുംതന്നെയില്ല.

യുദ്ധകാലത്ത് സേനയിൽനിന്ന് ആരെയും പിരിച്ചുവിടുകയില്ല,

അതുപോലെ ദുഷ്‌പ്രവൃത്തി അതു പ്രവർത്തിക്കുന്നവരെയും വിട്ടുപോകുകയില്ല.

9 സൂര്യനുകീഴിൽ സംഭവിക്കുന്ന സകലവസ്തുതകളും നിരീക്ഷിച്ചപ്പോൾ ഇവയെല്ലാം ഞാൻ കണ്ടു: ഒരു മനുഷ്യൻ വേറൊരുവ്യക്തിയുടെമേൽ അയാളുടെ ദോഷത്തിനായി അധികാരം നടത്തുന്ന ഒരു കാലമുണ്ട്. 10 വിശുദ്ധസ്ഥലത്തു മുടങ്ങാതെ വന്നുപോകുകയും അവർ അധികാരം നടത്തിയ നഗരത്തിൽനിന്ന് പുകഴ്ച കവർന്നെടുക്കുകയും ചെയ്ത ദുഷ്ടർ ബഹുമതികളോടെ അടക്കപ്പെടുന്നതും ഞാൻ കണ്ടു. ഇതും അർഥശൂന്യം!

11 കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വേഗം നടപ്പിലാക്കാതിരിക്കുമ്പോൾ, തെറ്റു ചെയ്യുന്നതിനുള്ള ആലോചനകൾകൊണ്ടു മനുഷ്യരുടെ ഹൃദയം നിറയും. 12 നൂറു കുറ്റം ചെയ്ത ദുഷ്ടർ ദീർഘകാലം ജീവിച്ചിരിക്കുമെങ്കിലും ദൈവസന്നിധിയിൽ ഭക്തിപൂർവം ദൈവത്തെ ഭയപ്പെടുന്ന മനുഷ്യർ അവരിലും ശ്രേഷ്ഠരായിത്തീരുമെന്ന് എനിക്കറിയാം. 13 ദുഷ്ടർ ദൈവത്തെ ഭയപ്പെടാത്തതുകൊണ്ട് അവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, വൈകുന്നേരങ്ങളിലെ നിഴൽപോലെ അവരുടെ നാളുകൾ ദീർഘമാകുകയുമില്ല.

14 അർഥശൂന്യമായ മറ്റുചിലതും ഭൂമിയിൽ നടക്കുന്നുണ്ട്: ദുഷ്ടർക്ക് അർഹതപ്പെട്ടതു നീതിനിഷ്ഠർക്കു ലഭിക്കുന്നു, നീതിനിഷ്ഠർക്ക് അർഹതപ്പെട്ടതു ദുഷ്ടർക്കും ലഭിക്കുന്നു. ഇതും അർഥശൂന്യമെന്നു ഞാൻ പറയുന്നു. 15 അതുകൊണ്ട് ജീവിതം ആസ്വദിക്കുക അതാണ് എന്റെ നിർദേശം; ഭക്ഷിക്കുക, പാനംചെയ്യുക, ആനന്ദിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും സൂര്യനുകീഴിൽ മനുഷ്യന് ഇല്ലല്ലോ. അപ്പോൾ സൂര്യനുകീഴിൽ ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ജീവിതനാളുകളിലെല്ലാം അയാളുടെ കഠിനാധ്വാനത്തിൽ ഈ ആത്മസംതൃപ്തി അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

16 ജ്ഞാനം അറിയുന്നതിനും ഭൂമിയിലെ മനുഷ്യരുടെ പ്രയത്നം നിരീക്ഷിക്കുന്നതിനുമായി ഞാൻ മനസ്സുവെച്ചപ്പോൾ—മനുഷ്യന്റെ കണ്ണുകൾ രാത്രിയും പകലും ഉറക്കമറിയുന്നില്ല— 17 ദൈവം ചെയ്ത സകലപ്രവൃത്തികളും ഞാൻ കണ്ടു. സൂര്യനുകീഴേ നടക്കുന്നതു പൂർണമായി ഗ്രഹിക്കാൻ ആർക്കും കഴിയുകയില്ല. എല്ലാം കണ്ടെത്താൻ മനുഷ്യർ യത്നിക്കുന്നുണ്ടെങ്കിലും അവർക്ക് അതിന്റെ അർഥം കണ്ടെത്താൻ കഴിയുന്നില്ല. ജ്ഞാനി തനിക്കെല്ലാമറിയാം എന്ന് അവകാശപ്പെട്ടാലും, അവർക്കത് യഥാർഥത്തിൽ ഗ്രഹിക്കാൻ കഴിയുകയില്ല.

9:1 ഇതും ഞാൻ സസൂക്ഷ്മം വിശകലനംചെയ്ത് എത്തിച്ചേർന്നത്: നീതിനിഷ്ഠരും ജ്ഞാനിയും അവർ ചെയ്യുന്നതെല്ലാം ദൈവകരങ്ങളിലാണ്; സ്നേഹമാണോ വിദ്വേഷമാണോ അവരെ കാത്തുനിൽക്കുന്നതെന്ന് ആരും അറിയുന്നില്ല. 2 നീതിനിഷ്ഠർക്കും ദുഷ്ടർക്കും നല്ലവർക്കും അധർമികൾക്കും, ആചാരപരമായി ശുദ്ധിയുള്ളവർക്കും അല്ലാത്തവർക്കും യാഗങ്ങൾ അർപ്പിക്കുന്നവർക്കും അല്ലാത്തവർക്കും എല്ലാവർക്കും ഒരേ വിധിയാണ് കാത്തിരിക്കുന്നത്.

നല്ല മനുഷ്യർക്ക് എങ്ങനെയാണോ

പാപികൾക്കും അങ്ങനെതന്നെ.

ശപഥംചെയ്യുന്നവർക്ക് എങ്ങനെയാണോ

അതു ഭയക്കുന്നവർക്കും ഗതി ഒന്നുതന്നെ.

3 സൂര്യനുകീഴിൽ നടക്കുന്ന ഓരോന്നിലും ഉള്ള പരിതാപകരമായ അവസ്ഥ ഇതാണ്: ഒരേ വിധി എല്ലാവർക്കും വന്നുചേരുന്നു. മനുഷ്യരുടെ ഹൃദയങ്ങൾ, തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നുമാത്രമല്ല അവർ ജീവിച്ചിരിക്കുമ്പോൾ അവരുടെ ഹൃദയമാകെ മതിഭ്രമംപേറി നടക്കുന്നു. പിന്നീട് അവർ മൃതരോടൊപ്പം കൂടുന്നു. 4 ജീവിച്ചിരിക്കുന്നവർക്കുമാത്രമാണ് പ്രത്യാശയുള്ളത്—ചത്ത സിംഹത്തെക്കാൾ എത്രയോ ഭേദമാണ് ജീവനുള്ള ഒരു നായ!

5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു,

എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല.

അവർക്കു കൂടുതലായി പ്രതിഫലവും ഇല്ല,

അവരുടെ ഓർമപോലും വിസ്മൃതിയിലാണ്ടുപോകും.

6 അതോടെതന്നെ അവരുടെ സ്നേഹവും വിദ്വേഷവും

അവരുടെ അസൂയയും അവരോടൊപ്പം ഇല്ലാതായിരിക്കുന്നു.

സൂര്യനുകീഴിൽ സംഭവിക്കുന്ന ഒന്നിലും

പിന്നീടവർക്കു യാതൊരു പങ്കും ഉണ്ടാകുകയില്ല.

7 പോകുക, നിന്റെ ഭക്ഷണം ആഹ്ലാദത്തോടെ ആസ്വദിക്കുക. നിന്റെ വീഞ്ഞ് ആനന്ദത്തോടെ പാനംചെയ്യുക, കാരണം നിന്റെ പ്രവൃത്തി ദൈവത്തിന് പ്രസാദകരമായിരിക്കുന്നു. 8 എപ്പോഴും വെള്ളവസ്ത്രം ധരിക്കുക, എപ്പോഴും നിന്റെ തലയിൽ തൈലം പുരട്ടുക. 9 ദൈവം സൂര്യനുകീഴിൽ നിനക്കു നൽകിയിട്ടുള്ള ഈ അർഥശൂന്യമായ ജീവിതത്തിന്റെ നാളുകളിലെല്ലാം നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോടൊപ്പം അർഥശൂന്യമായ നിന്റെ ജീവിതം ആസ്വദിക്കുക. ഇതാണ് നിന്റെ ജീവിതത്തിനും സൂര്യനുകീഴേയുള്ള നിന്റെ കഠിനാധ്വാനത്തിനുമുള്ള ഓഹരി. 10 നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല.

11 മറ്റുചിലതും സൂര്യനുകീഴേ ഞാൻ കണ്ടു:

ഓട്ടം വേഗമുള്ളവർക്കുള്ളതല്ല,

യുദ്ധം ശക്തരായവർക്കുള്ളതുമല്ല.

ജ്ഞാനികൾക്കു ഭക്ഷണവും

വിവേകികൾക്കു സമ്പത്തും

വിദ്യാസമ്പന്നർക്കു പ്രീതിയും ഉണ്ടാകുന്നില്ല;

എന്നാൽ സമയവും അവസരവും അവർക്കെല്ലാവർക്കും ലഭിക്കുന്നു.

12 മനുഷ്യർക്കാർക്കും അവരുടെ സമയം എപ്പോൾ വരും എന്നറിയാൻ കഴിയുകയില്ല:

വലയിൽ പിടിക്കപ്പെടുന്ന മത്സ്യംപോലെയോ

കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയോ

അവരുടെമേൽ അപ്രതീക്ഷിതമായി വന്നുപതിക്കുന്ന

ദുഷ്കാലങ്ങളാൽ മനുഷ്യർ പിടിക്കപ്പെടുന്നു.

13 സൂര്യനുകീഴിൽ ഞാൻ കണ്ട ജ്ഞാനത്തിന്റെ മറ്റൊരു മാതൃക എന്നിൽ ആഴത്തിൽ പതിഞ്ഞു: 14 ഒരിക്കൽ വളരെക്കുറച്ചുമാത്രം ജനങ്ങളുള്ള ഒരു ചെറിയ നഗരം ഉണ്ടായിരുന്നു. ശക്തനായ ഒരു രാജാവ് അതിനെതിരേ വന്നു, അതിനെ വളഞ്ഞു. അതിനുചുറ്റും വലിയ കൊത്തളങ്ങൾ പണിതു. 15 ദരിദ്രനെങ്കിലും ജ്ഞാനിയായ ഒരു മനുഷ്യൻ ആ നഗരത്തിൽ താമസിച്ചിരുന്നു. അദ്ദേഹം തന്റെ ജ്ഞാനംകൊണ്ട് ആ നഗരത്തെ രക്ഷിച്ചു. എന്നാൽ ആരും ആ ദരിദ്രനെ ഓർത്തില്ല. 16 അപ്പോൾ ഞാൻ പറഞ്ഞു, “ജ്ഞാനം ബലത്തെക്കാൾ ശ്രേഷ്ഠം.” എന്നാൽ ആ ദരിദ്രന്റെ ജ്ഞാനം അവഗണിക്കപ്പെട്ടു, അദ്ദേഹത്തിന്റെ വാക്കുകൾ പിന്നെ ആരും ശ്രദ്ധിച്ചതുമില്ല.

17 ഭോഷനായ രാജാവിന്റെ അട്ടഹാസത്തെക്കാൾ

ജ്ഞാനിയുടെ ശാന്തവചനങ്ങൾ ശ്രദ്ധിക്കണം.

18 ജ്ഞാനം യുദ്ധത്തിലെ ആയുധങ്ങളെക്കാൾ ശ്രേഷ്ഠം.

എന്നാൽ ഒരു പാപി വളരെയധികം നന്മ നശിപ്പിക്കുന്നു.