പേടകം ശലോമോന്റെ ദൈവാലയത്തിലേക്കു കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള സങ്കീർത്തനങ്ങൾ

ക്രി.മു. 1004

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 47

കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1 സകലജനതകളുമേ, കൈകൊട്ടുക;

ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.

2 കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ,

അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.

3 അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും

ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി.

4 അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു,

അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. സേലാ.

5 ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു,

കാഹളനാദത്തോടെ യഹോവയും.

6 ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക;

നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.

7 കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു;

അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.

8 ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു;

ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.

9 രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ

അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു,

കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം ദൈവത്തിനുള്ളതാണ്;

അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.

സങ്കീർത്തനങ്ങൾ 97–100

1 യഹോവ വാഴുന്നു, ഭൂമി ഉല്ലസിക്കട്ടെ;

വിദൂരതീരങ്ങൾ ആഹ്ലാദിക്കട്ടെ;

2 മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു;

നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു.

3 അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു

ചുറ്റുമുള്ള തന്റെ എതിരാളികളെ ദഹിപ്പിക്കുന്നു.

4 അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു;

ഭൂമി അതു കാണുകയും പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.

5 പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു,

സർവഭൂമിയുടെയും കർത്താവിന്റെ മുമ്പിൽത്തന്നെ.

6 ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും

ജനതകൾ അവിടത്തെ മഹത്ത്വം ദർശിക്കുകയുംചെയ്യുന്നു.

7 പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും,

വിഗ്രഹങ്ങളിൽ പ്രശംസിക്കുന്നവരും അങ്ങനെതന്നെ—

സകലദേവതകളുമേ, യഹോവയെ നമസ്കരിക്കുക!

8 യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം

സീയോൻ കേൾക്കുകയും ആനന്ദിക്കുകയും

യെഹൂദാപുത്രിമാർ ആഹ്ലാദിക്കുകയും ചെയ്യുന്നു.

9 കാരണം യഹോവേ, അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ;

അവിടന്ന് സകലദേവന്മാരെക്കാളും അത്യന്തം ഉന്നതൻതന്നെ.

10 യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ,

കാരണം അവിടന്ന് തന്റെ വിശ്വസ്തരുടെ പ്രാണനെ കാക്കുന്നു

അവരെ ദുഷ്ടരുടെ കൈകളിൽനിന്നു മോചിപ്പിക്കുന്നു.

11 നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു;

ഹൃദയപരമാർഥികളുടെമേൽ ആനന്ദവും.

12 നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും

അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.

ഒരു സങ്കീർത്തനം.

98:1 യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക;

അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു.

അവിടത്തെ വലതുകരവും വിശുദ്ധഭുജവും

അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു.

2 യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു

അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു.

3 അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും

വിശ്വസ്തതയും ഓർത്തിരിക്കുന്നു;

നമ്മുടെ ദൈവത്തിന്റെ രക്ഷയെ

ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു.

4 സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക,

ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക;

5 കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക,

കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ,

6 കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും—

രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക.

7 സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ,

ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ.

8 നദികൾ കരഘോഷം മുഴക്കട്ടെ,

മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ;

9 അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ;

അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ.

അവിടന്ന് ലോകത്തെ നീതിയോടും

ജനതകളെ ന്യായപൂർവമായും വിധിക്കും.

99:1 യഹോവ വാഴുന്നു,

രാഷ്ട്രങ്ങൾ വിറയ്ക്കട്ടെ;

അവിടന്ന് കെരൂബുകളിൻമീതേ സിംഹാസനസ്ഥനായിരിക്കുന്നു

ഭൂമി പ്രകമ്പനംകൊള്ളട്ടെ.

2 യഹോവ സീയോനിൽ ഉന്നതനാകുന്നു;

അവിടന്ന് സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു.

3 അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ—

അവിടന്ന് പരിശുദ്ധനാകുന്നു.

4 രാജാവ് ശക്തനാണ്, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു—

അങ്ങ് ന്യായം സ്ഥാപിച്ചിരിക്കുന്നു;

അങ്ങ് യാക്കോബിൽ

നീതിയും ന്യായവും നടപ്പിലാക്കിയിരിക്കുന്നു.

5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ

അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ;

അവിടന്ന് പരിശുദ്ധനാകുന്നു.

6 അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു,

അവിടത്തെ നാമം വിളിച്ചപേക്ഷിച്ചവരിൽ ശമുവേലും;

അവർ യഹോവയെ വിളിച്ചപേക്ഷിച്ചു

അവിടന്ന് അവർക്ക് ഉത്തരമരുളി.

7 മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി;

അവർ അവർക്കു ലഭിച്ച നിയമവ്യവസ്ഥകളും ഉത്തരവുകളും പാലിച്ചു.

8 ഞങ്ങളുടെ ദൈവമായ യഹോവേ,

അവിടന്ന് അവർക്ക് ഉത്തരമരുളി;

ഇസ്രായേലിന്റെ അതിക്രമങ്ങൾക്ക് അവിടന്ന് ശിക്ഷനൽകുമെങ്കിലും

അങ്ങ് അവരോടു ക്ഷമിക്കുന്ന ദൈവംകൂടി ആണല്ലോ.

9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ

തന്റെ വിശുദ്ധപർവതത്തിൽ അവിടത്തെ ആരാധിച്ചിടുവിൻ,

കാരണം നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനാകുന്നു.

ഒരു സ്തോത്രസങ്കീർത്തനം.

100:1 സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.

2 ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക;

ആനന്ദഗാനങ്ങൾ ആലപിച്ച് തിരുസന്നിധിയിൽ വരിക.

3 യഹോവ ആകുന്നു ദൈവം എന്നറിയുക.

അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു;

നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ.

4 അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും

അവിടത്തെ ആലയാങ്കണത്തിൽ സ്തുതിയോടുംകൂടെ പ്രവേശിക്കുക;

അവിടത്തേക്ക് സ്തോത്രമർപ്പിച്ച്, തിരുനാമം വാഴ്ത്തുക.

5 കാരണം യഹോവ നല്ലവൻ ആകുന്നു, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു;

അവിടത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു.