കഷ്ടതയുടെ സങ്കീർത്തനങ്ങൾ, പ്രധാനമായും പ്രവാസകാലത്തുനിന്നുള്ളവ

സഭയുടെ കഷ്ടതകളുടെയും ദുരിതങ്ങളുടെയും കാലത്ത്, പ്രധാനമായും ബാബേൽപ്രവാസകാലത്ത്, എഴുതപ്പെട്ട സങ്കീർത്തനങ്ങൾ.

ക്രി.മു. 539

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 137

1 ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു

സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞുപോയി.

2 അവിടെ അലരിവൃക്ഷങ്ങളിൽ

ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു,

3 കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു,

“സീയോൻഗീതങ്ങളിലൊന്ന് ഞങ്ങൾക്കായി ആലപിക്കുക,

ആനന്ദഗാനങ്ങളിൽ ഒന്നുതന്നെ,” ഞങ്ങളുടെ പീഡകർ ആജ്ഞാപിച്ചു.

4 ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ

യഹോവയുടെ ഗാനങ്ങൾ ഞങ്ങൾക്ക് ആലപിക്കാൻ കഴിയുന്നതെങ്ങനെ?

5 ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ,

എന്റെ വലതുകരം അതിന്റെ വൈദഗ്ദ്ധ്യം മറന്നുപോകട്ടെ.

6 ഞാൻ നിന്നെ ഓർക്കാതെപോയാൽ,

എന്റെ പരമാനന്ദമായ

ജെറുശലേമിനെ കരുതാതെപോയാൽ

എന്റെ നാവ് മേലണ്ണാക്കിനോട് ഒട്ടിച്ചേരട്ടെ.

7 യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ,

ഏദോമ്യർ ചെയ്തത് എന്താണെന്നോർക്കണമേ.

“ഇടിച്ചുനിരത്തുക,” അവർ ആക്രോശിച്ചു,

“അതിന്റെ അടിത്തറവരെയും തോണ്ടിയെടുക്കുക!”

8 ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ,

നീ ഞങ്ങളോടു ചെയ്തതിനൊക്കെ

പകരം വീട്ടുന്നവർ ധന്യർ.

9 നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ;

അവരെ പാറമേൽ ആഞ്ഞടിക്കുന്നവരും!

സങ്കീർത്തനങ്ങൾ 130

ആരോഹണഗീതം.

1 യഹോവേ, അഗാധതയിൽനിന്നു ഞാൻ അവിടത്തോടു നിലവിളിക്കുന്നു;

2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ.

കരുണയ്ക്കായുള്ള എന്റെ നിലവിളിക്കായി

അങ്ങയുടെ കാതുകൾ തുറക്കണമേ.

3 യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ,

കർത്താവേ, തിരുമുമ്പിൽ ആർക്കാണു നിൽക്കാൻ കഴിയുക?

4 എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്,

അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു.

5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു,

അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.

6 പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,

അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ,

ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.

7 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക,

കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും

സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.

8 ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും

അവിടന്നുതന്നെ വീണ്ടെടുക്കും.

സങ്കീർത്തനങ്ങൾ 80

ആസാഫിന്റെ ഒരു സങ്കീർത്തനം.

1 യോസേഫിനെ ആട്ടിൻകൂട്ടത്തെപ്പോലെ നയിക്കുന്ന

ഇസ്രായേലിന്റെ ഇടയനേ, കേൾക്കണമേ.

കെരൂബുകളിൻമീതേ സിംഹാസനസ്ഥനായവനേ,

പ്രകാശിക്കണമേ. 2 എഫ്രയീമിന്റെയും ബെന്യാമീന്റെയും മനശ്ശെയുടെയും മുന്നിൽത്തന്നെ.

അങ്ങയുടെ ശക്തി ഉണർത്തണമേ;

ഞങ്ങളുടെ രക്ഷയ്ക്കായി വരണമേ.

3 ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ;

ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി,

തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.

4 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇനിയും എത്രനാൾ,

അങ്ങയുടെ ജനത്തിന്റെ പ്രാർഥനയ്ക്കെതിരേ

അങ്ങയുടെ കോപം പുകഞ്ഞുകൊണ്ടിരിക്കും?

5 അങ്ങ് കണ്ണീരിന്റെ അപ്പം അവർക്ക് ഭക്ഷിക്കാൻ നൽകി;

കുടിക്കുന്നതിനായി അവരുടെ പാത്രത്തിൽ നിറച്ചിരിക്കുന്നതും കണ്ണീർതന്നെ.

6 അവിടന്ന് ഞങ്ങളെ അയൽവാസികൾക്ക് ഒരു കലഹകാരണമാക്കിയിരിക്കുന്നു,

ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളെ പരിഹസിക്കുന്നു.

7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ;

ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി,

തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.

8 അങ്ങ് ഈജിപ്റ്റിൽനിന്ന് ഒരു മുന്തിരിവള്ളി പറിച്ചുനട്ടിരിക്കുന്നു;

അവിടന്ന് രാഷ്ട്രങ്ങളെ തുരത്തിയോടിച്ച് അതിനെ നട്ടിരിക്കുന്നു.

9 അതിനായി അങ്ങ് നിലമൊരുക്കി,

അതു വേരൂന്നി ദേശത്തെല്ലാം പടർന്നു.

10 അതിന്റെ നിഴൽ പർവതങ്ങളെ ആവരണംചെയ്തു,

അതിന്റെ ശാഖകൾ വൻ ദേവദാരുക്കളെ മൂടുകയും ചെയ്തു.

11 അതിന്റെ ശാഖകൾ മെഡിറ്ററേനിയൻകടലോരംവരെ നീട്ടിയിരിക്കുന്നു,

അതിന്റെ ചില്ലകൾ യൂഫ്രട്ടീസ് നദിവരെയും.

12 വഴിപോക്കരെല്ലാം അതിന്റെ കുലകൾ പറിച്ചെടുക്കാൻ പാകത്തിന്

അങ്ങ് അതിന്റെ മതിലുകൾ തകർത്തത് എന്തിന്?

13 കാട്ടുപന്നികൾ വന്ന് അതിനെ നശിപ്പിക്കുകയും

വയലിലെ മൃഗങ്ങൾ അവ തിന്നുകളയുകയും ചെയ്യുന്നു.

14 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു മടങ്ങിവരണമേ!

സ്വർഗത്തിൽനിന്ന് നോക്കി കടാക്ഷിക്കണമേ!

അവിടത്തെ വലതുകരംതന്നെ നട്ട

15 ഈ വേരിനെ, അവിടത്തെ വലങ്കൈതന്നെ വളർത്തിയെടുത്ത

ഈ മുന്തിരിവള്ളിയെ കാത്തുസൂക്ഷിക്കണമേ.

16 അവിടത്തെ മുന്തിരിവള്ളിയെ വെട്ടിവീഴ്ത്തിയിരിക്കുന്നു, അതിനെ തീവെച്ചു നശിപ്പിച്ചിരിക്കുന്നു;

അവിടത്തെ ശാസനയാൽ അങ്ങയുടെ ജനം നശിക്കുന്നു.

17 അങ്ങയുടെ കരം അവിടത്തെ വലതുഭാഗത്തെ പുരുഷന്റെമേൽ വെക്കണമേ,

അങ്ങേക്കുവേണ്ടി അങ്ങ് ശക്തിപ്പെടുത്തിയ മനുഷ്യപുത്രന്റെമേൽത്തന്നെ.

18 അപ്പോൾ ഞങ്ങൾ അങ്ങയെവിട്ട് പിന്തിരിയുകയില്ല;

ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ തിരുനാമം വിളിച്ചപേക്ഷിക്കും.

19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ;

ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി,

തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.

സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.

സങ്കീർത്തനങ്ങൾ 77

ആസാഫിന്റെ ഒരു സങ്കീർത്തനം.

1 സഹായത്തിനായി ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു

എന്റെ മുറവിളി കേൾക്കാനായി ഞാൻ ദൈവത്തോട് നിലവിളിച്ചു.

2 ഞാൻ ദുരിതത്തിലായിരുന്നപ്പോൾ കർത്താവിനെ അന്വേഷിച്ചു;

രാത്രിയിൽ ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു വിശ്രമംനൽകാതെ നീട്ടി,

എന്നാൽ ഞാൻ ആശ്വാസം കണ്ടെത്തിയില്ല.

3 ദൈവമേ, ഞാൻ അങ്ങയെ ഓർത്ത് ഞരങ്ങിക്കൊണ്ടിരുന്നു;

ധ്യാനമഗ്നനായി എന്റെ ആത്മാവ് തളർന്നുപോകുകയും ചെയ്തു. സേലാ.

4 എന്റെ കൺപോളകൾക്ക് അങ്ങ് ഉറക്കം തടുത്തിരിക്കുന്നു;

സംസാരിക്കാൻ ആകാതെ ഞാൻ വിഷമസന്ധിയിലായി.

5 പൂർവദിവസങ്ങളെപ്പറ്റിയും

പണ്ടത്തെ സംവത്സരങ്ങളെപ്പറ്റിയും ഞാൻ ചിന്തിച്ചു;

6 രാത്രികാലങ്ങളിൽ ഞാൻ എന്റെ പാട്ടുകളെല്ലാം ഓർത്തെടുത്തു.

എന്റെ ഹൃദയം ചിന്താധീനമാകുകയും എന്റെ ആത്മാവ് ആലോചനാഭരിതമാകുകയും ചെയ്തു.

7 “കർത്താവ് എന്നെ എന്നേക്കുമായി തള്ളിക്കളയുമോ?

അവിടന്ന് ഇനിയൊരിക്കലും എന്നോട് ദയാലുവായിരിക്കുകയില്ലേ?

8 അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും ഇല്ലാതായോ?

അവിടത്തെ വാഗ്ദാനം എക്കാലത്തേക്കും നിലച്ചുപോയോ?

9 ദൈവം കരുണചൊരിയുന്നതിനു മറന്നുപോയോ?

അവിടന്ന് കോപത്തിൽ തന്റെ കരുണാവർഷം അടച്ചുകളഞ്ഞോ?” സേലാ.

10 അപ്പോൾ ഞാൻ ഇപ്രകാരം പറഞ്ഞു: “അത്യുന്നതന്റെ വലങ്കൈ

എന്നിൽനിന്നു മാറിപ്പോയതാണ് എന്റെ ദുഃഖകാരണം.

11 ഞാൻ യഹോവയുടെ പ്രവൃത്തികളെ ഓർക്കും;

അതേ, പുരാതനകാലംമുതലുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ ഓർക്കും.

12 അവിടത്തെ എല്ലാ പ്രവൃത്തികളും ഞാൻ പരിഗണിക്കും;

അവിടത്തെ എല്ലാ വീര്യപ്രവൃത്തികളെക്കുറിച്ചും ഞാൻ ധ്യാനിക്കും.”

13 ദൈവമേ, അങ്ങയുടെ വഴികൾ പരിശുദ്ധമാകുന്നു.

നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായ ദേവൻ ആരുള്ളൂ?

14 അവിടന്ന് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവമാണ്;

അവിടന്ന് ജനതകളുടെ മധ്യേ അവിടത്തെ ശക്തി വെളിപ്പെടുത്തിയിരിക്കുന്നു.

15 അവിടത്തെ ശക്തിയുള്ള കരംകൊണ്ട് അങ്ങയുടെ ജനത്തെ അവിടന്ന് വീണ്ടെടുത്തു,

യാക്കോബിന്റെയും യോസേഫിന്റെയും പിൻതലമുറകളെത്തന്നെ. സേലാ.

16 ദൈവമേ, സമുദ്രം അങ്ങയെക്കണ്ടു,

ആഴി അങ്ങയെക്കണ്ട് പുളഞ്ഞുപോയി;

ആഴങ്ങൾ പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.

17 മേഘങ്ങൾ ജലവർഷം നടത്തി,

ആകാശം മുഴക്കത്താൽ മാറ്റൊലികൊണ്ടു;

അവിടത്തെ അസ്ത്രങ്ങൾ എല്ലായിടത്തേക്കും ചീറിപ്പാഞ്ഞു.

18 അങ്ങയുടെ ഇടിനാദം ചുഴലിക്കാറ്റിൽ മുഴങ്ങിക്കേട്ടു,

അങ്ങയുടെ മിന്നൽപ്പിണരുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു;

ഭൂമി വിറയ്ക്കുകയും നടുങ്ങുകയും ചെയ്തു.

19 അവിടത്തെ കാൽച്ചുവടുകൾ കാണാൻ കഴിയുമായിരുന്നില്ലെങ്കിലും,

അവിടത്തെ പാത സമുദ്രത്തിലൂടെയും

അവിടത്തെ വഴികൾ പെരുവെള്ളത്തിലൂടെയും ആയിരുന്നു.

20 മോശയുടെയും അഹരോന്റെയും കരങ്ങളിലൂടെ,

അവിടത്തെ ജനത്തെ അങ്ങ് ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.