ദാവീദിന്റെ സങ്കീർത്തനങ്ങൾ, രചനാകാലം അജ്ഞാതം

രചനാകാലവും സന്ദർഭങ്ങളും അജ്ഞാതമായ, ദാവീദ് എഴുതിയ സങ്കീർത്തനങ്ങൾ.

ക്രി.മു. 1015

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 40–41

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;

അവിടന്ന് എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു.

2 വഴുവഴുപ്പുള്ള കുഴിയിൽനിന്നും

ചേറ്റിൽനിന്നും ചെളിയിൽനിന്നും അവിടന്ന് എന്നെ ഉദ്ധരിച്ചു;

അവിടന്ന് എന്റെ പാദങ്ങൾ ഒരു പാറമേൽ ഉറപ്പിച്ചു

എനിക്കു നിൽക്കാൻ ഉറപ്പുള്ള ഒരിടംനൽകി.

3 എന്റെ അധരങ്ങൾക്ക് അവിടന്നൊരു പുതുഗീതമേകി,

നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗാനംതന്നെ.

പലരും അതുകണ്ട് യഹോവയെ ഭയപ്പെടുകയും

അങ്ങയിൽ ആശ്രയംവെക്കുകയും ചെയ്യും.

4 അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും

വ്യാജദൈവങ്ങളിലേക്കു തിരിയാതെയും

യഹോവയിൽ ആശ്രയിക്കുന്ന

മനുഷ്യർ അനുഗൃഹീതർ.

5 എന്റെ ദൈവമായ യഹോവേ,

അവിടന്നു ഞങ്ങൾക്കുവേണ്ടി ചെയ്ത അത്ഭുതങ്ങളും

അവിടന്നു ഞങ്ങൾക്കായി ആസൂത്രണംചെയ്ത പദ്ധതികളും അനവധിയാകുന്നു.

അവിടത്തോട് സദൃശനായി ആരുമില്ല;

അവിടത്തെ പ്രവൃത്തികളെക്കുറിച്ച് ഉദ്ഘോഷിക്കുന്നതിനും വിവരിക്കുന്നതിനും തുനിഞ്ഞാൽ

അവ വർണനാതീതമായിരിക്കും.

6 യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല—

എന്നാൽ എന്റെ കാതുകളെ അങ്ങു തുറന്നിരിക്കുന്നു—

സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആവശ്യപ്പെട്ടതുമില്ല.

7 അപ്പോൾ ഞാൻ പറഞ്ഞു, “ഇതാ ഞാൻ വന്നിരിക്കുന്നു—

തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.

8 എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു;

അങ്ങയുടെ ന്യായപ്രമാണം എന്റെ ഹൃദയത്തിലുണ്ട്.”

9 മഹാസഭയിൽ ഞാൻ അവിടത്തെ നീതി ഘോഷിക്കുന്നു;

യഹോവേ, എന്റെ അധരങ്ങൾ ഞാൻ അടച്ചുവെക്കുകയില്ല,

എന്ന് അങ്ങേക്ക് അറിയാമല്ലോ.

10 അവിടത്തെ നീതി ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെക്കുന്നില്ല;

അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ ഘോഷിക്കുന്നു.

അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും

ഞാൻ മഹാസഭയിൽനിന്നു മറച്ചുവെക്കുന്നില്ല.

11 യഹോവേ, അവിടത്തെ കരുണ എന്നിൽനിന്നു പിൻവലിക്കരുതേ;

അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും എപ്പോഴും എനിക്കു സംരക്ഷണം നൽകട്ടെ.

12 അസംഖ്യമായ അനർഥങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു;

പുറത്തേക്കുള്ള വഴി കാണാൻ കഴിയാത്തവിധം എന്റെ പാപങ്ങൾ എന്നെ വലയംചെയ്തു കീഴടക്കിയിരിക്കുന്നു.

അവ എന്റെ തലയിലെ മുടിയിഴകളെക്കാൾ അധികം,

എന്റെ മനോവീര്യം ചോർന്നുപോകുന്നു.

13 യഹോവേ, എന്നെ രക്ഷിക്കാൻ പ്രസാദമുണ്ടാകണമേ,

യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.

14 എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം

ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ;

എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം

അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.

15 എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ

ലജ്ജകൊണ്ട് പരിഭ്രാന്തരാകട്ടെ.

16 എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും

അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ;

അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ,

“യഹോവ ഉന്നതൻ” എന്ന് എപ്പോഴും പറയട്ടെ.

17 ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും;

കർത്താവ് എന്നെ ഓർക്കുന്നു.

അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു;

അവിടന്ന് ആകുന്നു എന്റെ ദൈവം, താമസിക്കരുതേ.

സംഗീതസംവിധായകന്.

ദാവീദിന്റെ ഒരു സങ്കീർത്തനം.

41:1 ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ;

അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും

2 യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും—

അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും—

അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല.

3 അവരുടെ രോഗക്കിടക്കയിൽ യഹോവ അവരെ പരിചരിക്കും

അവരുടെ രോഗത്തിൽനിന്ന് അവിടന്ന് അവർക്കു സൗഖ്യംനൽകും.

4 “യഹോവേ, എന്നോടു കരുണതോന്നണമേ,

എന്നെ സൗഖ്യമാക്കണമേ, ഞാൻ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു,” എന്നു പറഞ്ഞു.

5 എന്റെ ശത്രുക്കൾ എന്നെപ്പറ്റി ദോഷകരമായ വാർത്ത പ്രചരിപ്പിക്കുന്നു,

“അവൻ എപ്പോൾ മരിക്കും, എപ്പോൾ അവന്റെ നാമം മൺമറയും?” എന്ന് അവർ ചോദിക്കുന്നു.

6 അവരിലൊരാൾ എന്നെ സന്ദർശിക്കാൻ വരുമ്പോൾ,

ഹൃദയത്തിൽ അപവാദം സംഗ്രഹിക്കുമ്പോൾത്തന്നെ സ്നേഹിതനെപ്പോലെ സംസാരിക്കുന്നു;

പിന്നീട് അവർ പുറത്തുചെന്ന് നാടുനീളെ അപവാദം പരത്തുന്നു.

7 എന്റെ എല്ലാ ശത്രുക്കളും എനിക്കെതിരേ പരസ്പരം മന്ത്രിക്കുന്നു;

എനിക്ക് അത്യന്തം ഹാനികരമായതു വന്നുഭവിക്കണമെന്നവർ വിഭാവനചെയ്യുന്നു.

8 അവർ പറയുന്നു, “ഒരു മാരകവ്യാധി അവനെ പിടികൂടിയിരിക്കുന്നു;

ഇനിയവൻ ഈ കിടക്കവിട്ട് എഴുന്നേൽക്കുകയില്ല.”

9 എന്റെ ആത്മസഖി,

ഞാൻ വിശ്വാസം അർപ്പിച്ച എന്റെ സുഹൃത്ത്,

എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ

എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു.

10 എന്നാൽ എന്റെ യഹോവേ, എന്നോട് കരുണയുണ്ടാകണമേ,

അവരോട് പകരംചോദിക്കാൻ തക്കവണ്ണം അവിടന്ന് എന്നെ ഉദ്ധരിക്കണമേ.

11 എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം നടത്താതിരിക്കുന്നതിനാൽ

അങ്ങെന്നിൽ സംപ്രീതനായിരിക്കുന്നെന്ന് ഞാൻ അറിയുന്നു.

12 എന്റെ പരമാർഥതയാൽ അവിടന്നെന്നെ താങ്ങിനിർത്തുകയും

തിരുസന്നിധിയിൽ എന്നെ നിത്യം നിർത്തുകയുംചെയ്യുന്നു.

13 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ,

എന്നും എന്നെന്നേക്കും.

ആമേൻ. ആമേൻ.

സംഗീതസംവിധായകന്.

സങ്കീർത്തനങ്ങൾ 61

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ദൈവമേ, എന്റെ കരച്ചിൽ കേൾക്കണമേ;

എന്റെ പ്രാർഥന ശ്രവിക്കണമേ.

2 ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു,

എന്റെ ഹൃദയം തകർന്നിരിക്കുമ്പോഴല്ലോ ഞാൻ വിളിച്ചപേക്ഷിക്കുന്നത്;

എന്നെക്കാൾ ഉന്നതമായ പാറയിലേക്ക് എന്നെ നയിച്ചാലും.

3 കാരണം, അവിടന്ന് എന്റെ സങ്കേതമായിരിക്കുന്നു,

എന്റെ ശത്രുക്കൾക്ക് അപ്രാപ്യമായ ശക്തിഗോപുരവുംതന്നെ.

4 ഞാൻ അവിടത്തെ കൂടാരത്തിൽ എന്നേക്കും അധിവസിക്കാൻ അഭിലഷിക്കുന്നു

അവിടത്തെ ചിറകുകളുടെ പരിരക്ഷയിൽ ഞാൻ അഭയംതേടുന്നു. സേലാ.

5 ദൈവമേ, അവിടന്നെന്റെ നേർച്ചകൾ കേട്ടിരിക്കുന്നു;

അവിടത്തെ നാമത്തെ ഭയപ്പെടുന്നവർക്കുള്ള പൈതൃകാവകാശം അങ്ങ് എനിക്കു നൽകിയിരിക്കുന്നു.

6 രാജാവിന്റെ ആയുസ്സ് സുദീർഘമാക്കണമേ

അദ്ദേഹത്തിന്റെ സംവത്സരങ്ങൾ അനേകം തലമുറകളിലൂടെ തുടരണമേ.

7 ദൈവത്തിന്റെ സംരക്ഷണത്തിൽ രാജാവ് എന്നേക്കും വാഴട്ടെ;

അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും അദ്ദേഹത്തിന് സംരക്ഷണമരുളണമേ.

8 അപ്പോൾ ഞാൻ അവിടത്തെ നാമത്തിന് എപ്പോഴും സ്തുതിപാടുകയും

എന്റെ നേർച്ചകൾ പ്രതിദിനം അർപ്പിക്കുകയും ചെയ്യും.

സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.