ദാവീദിന്റെ ഭരണകാലത്തെ സങ്കീർത്തനങ്ങൾ, രചനാകാലം അനിശ്ചിതം (continued)

രാജാവായശേഷം ദാവീദ് എഴുതിയ, രചനാകാലവും സന്ദർഭങ്ങളും അനിശ്ചിതമായ സങ്കീർത്തനങ്ങൾ.

ക്രി.മു. 1015

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 120–122

ആരോഹണഗീതം.

1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു,

അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.

2 യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും

വഞ്ചനയുരുവിടുന്ന നാവിൽനിന്നും

എന്നെ രക്ഷിക്കണമേ.

3 വ്യാജമുള്ള നാവേ,

ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്?

ഇതിലധികം എന്തുവേണം?

4 യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും

കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും.

5 ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും

കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം!

6 സമാധാനം വെറുക്കുന്നവരോടൊപ്പം

ഞാൻ വളരെക്കാലമായി താമസിച്ചുവരുന്നു.

7 ഞാൻ ഒരു സമാധാനകാംക്ഷിയാണ്;

ഞാൻ അതേപ്പറ്റി സംസാരിക്കുമ്പോൾ അവർ യുദ്ധത്തിനായൊരുങ്ങുന്നു.

ആരോഹണഗീതം.

121:1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു—

എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?

2 ആകാശവും ഭൂമിയും സൃഷ്ടിച്ച

യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.

3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല—

നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;

4 ഇസ്രായേലിന്റെ കാവൽക്കാരൻ

ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.

5 യഹോവ നിന്നെ സംരക്ഷിക്കുന്നു!

നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;

6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല,

രാത്രി, ചന്ദ്രനും.

7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും—

അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;

8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും,

ഇന്നും എന്നെന്നേക്കും.

ദാവീദിന്റെ ആരോഹണഗീതം.

122:1 “നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,”

എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു.

2 ജെറുശലേമേ, ഞങ്ങളുടെ കാലുകൾ

നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു.

3 ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം;

അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു.

4 അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു—

യഹോവയുടെ ഗോത്രങ്ങൾ—

ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി

യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ.

5 അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു;

ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ.

6 ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക:

“ഈ പട്ടണത്തെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.

7 നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും

അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.”

8 എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി,

“നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും.

9 നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി

ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.

സങ്കീർത്തനങ്ങൾ 124

ദാവീദിന്റെ ആരോഹണഗീതം.

1 യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ—

ഇസ്രായേല്യർ പറയട്ടെ—

2 മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ,

യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ,

3 അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ

അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;

4 പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു,

വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു,

5 ആർത്തിരമ്പുന്ന ജലപ്രവാഹം

നമ്മെ തുടച്ചുനീക്കുമായിരുന്നു.

6 അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന,

യഹോവ വാഴ്ത്തപ്പെട്ടവൻ.

7 വേട്ടക്കാരന്റെ കെണിയിൽനിന്ന്

ഒരു പക്ഷിപോലെ നാം വഴുതിപ്പോന്നിരിക്കുന്നു;

ആ കെണി പൊട്ടിപ്പോയി,

നാം രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.

8 ആകാശവും ഭൂമിയും സൃഷ്ടിച്ച

യഹോവയുടെ നാമത്തിലാണ് നമ്മുടെ സഹായം.

സങ്കീർത്തനങ്ങൾ 131

ദാവീദിന്റെ ആരോഹണഗീതം.

1 യഹോവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല,

എന്റെ കണ്ണ് അഹന്ത പ്രകടിപ്പിക്കുന്നില്ല;

ഞാൻ മഹത്തായ കാര്യങ്ങളിൽ ഇടപെടുകയോ

അപ്രാപ്യമായ കാര്യങ്ങളിൽ വ്യാപൃതനാകുകയോ ചെയ്യുന്നില്ല.

2 എന്നാൽ ഞാൻ എന്നെത്തന്നെ സ്വസ്ഥവും ശാന്തവുമാക്കിയിരിക്കുന്നു,

അമ്മയുടെ മടിയിൽ തൃപ്തിയടഞ്ഞ ഒരു ശിശുവിനെപ്പോലെ;

അതേ, മുലകുടിച്ചുറങ്ങുന്ന ഒരു ശിശുവിനെപ്പോലെ എന്റെ ആത്മാവ് തൃപ്തിയടഞ്ഞിരിക്കുന്നു.

3 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക—

ഇന്നും എന്നെന്നേക്കും.

സങ്കീർത്തനങ്ങൾ 133

ദാവീദിന്റെ ആരോഹണഗീതം.

1 കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത്

എത്ര മനോഹരവും ആനന്ദകരവുമാകുന്നു!

2 അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്,

താടിയിലേക്ക് ഒഴുകുന്ന,

അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി,

അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്.

3 അതു സീയോൻപർവതത്തിൽ പതിക്കുന്ന

ഹെർമോൻ ഹിമകണംപോലെയാണ്.

യഹോവ തന്റെ അനുഗ്രഹവും

ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.