ജ്ഞാനത്തെക്കുറിച്ച് ഒരു പിതാവിന്റെ ഉപദേശം (continued)

ക്രി.മു. 984

Biblica® Open Malayalam Contemporary Version™ (OMCV)

സദൃശവാക്യങ്ങൾ 4–5

1 എന്റെ കുഞ്ഞുങ്ങളേ, പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക;

അതിൽ ശ്രദ്ധനൽകി വിവേചനശക്തി കൈവരിക്കുക.

2 കാരണം ഞാൻ നിനക്കു സദുപദേശം നൽകുന്നു,

എന്റെ അഭ്യസനം നിരാകരിക്കരുത്.

3 ഞാനും എന്റെ പിതാവിനു മകനും

മാതാവിന്റെ ഏക ഓമനസന്താനവും ആയിരുന്നു.

4 എന്റെ പിതാവ് എന്നെ പഠിപ്പിച്ച് എന്നോട് ഇപ്രകാരം പറഞ്ഞു:

“എന്റെ വാക്കുകൾ നീ ഹൃദയപൂർവം സ്വീകരിക്കുക;

എന്റെ കൽപ്പനകൾ പാലിച്ചാൽ നീ ജീവിക്കും.

5 ജ്ഞാനം നേടുക, വിവേകം ആർജിക്കുക;

എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്.

6 ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും;

അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും.

7 ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക.

നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും അറിവ് സമ്പാദിക്കുക.

8 അവളെ താലോലിക്കുക, അവൾ നിന്നെ ഉയർത്തും;

അവളെ ആലിംഗനംചെയ്യുക, അവൾ നിന്നെ ആദരിക്കും.

9 അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും

ശോഭയുള്ള കിരീടം നിനക്ക് ഉപഹാരമായി നൽകുകയും ചെയ്യും.”

10 എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക,

എന്നാൽ നീ ദീർഘായുസ്സുള്ള വ്യക്തിയായിരിക്കും.

11 ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു

നേരായ പാതകളിൽ നിന്നെ നടത്തുകയും ചെയ്യുന്നു.

12 നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല;

ഓടുമ്പോൾ, നീ ഇടറിവീഴുകയുമില്ല.

13 ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്;

അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ.

14 ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത്

ദുർമാർഗികളുടെ പാതയിൽ നീ സഞ്ചരിക്കുകയുമരുത്.

15 അത് ഒഴിവാക്കുക, ആ വഴിയിൽക്കൂടി സഞ്ചരിക്കരുത്;

അത് വിട്ടൊഴിഞ്ഞ് നിന്റെ ലക്ഷ്യത്തിലേക്കു കുതിക്കുക.

16 കാരണം അകൃത്യംചെയ്യുന്നതുവരെ അവർക്ക് ഉറക്കംവരികയില്ല;

ആരെയെങ്കിലും വീഴ്ത്തിയില്ലെങ്കിൽ അവരെ സുഖനിദ്ര കൈവിടുന്നു,

17 അവർ ദുഷ്ടതയുടെ ആഹാരം ഭക്ഷിക്കുന്നു

അതിക്രമത്തിന്റെ വീഞ്ഞു പാനംചെയ്യുന്നു.

18 നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു,

അതു നട്ടുച്ചവരെ അധികമധികമായി പ്രശോഭിച്ചുകൊണ്ടിരിക്കും.

19 എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്;

ഏതിൽ തട്ടിവീഴുമെന്ന് അവർ അറിയുന്നില്ല.

20 എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക;

എന്റെ മൊഴികൾക്കു ചെവിചായ്‌ക്കുക.

21 അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്,

അവ നിന്റെ ഹൃദയത്തിൽത്തന്നെ സൂക്ഷിക്കുക;

22 കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും

അവരുടെ ശരീരംമുഴുവൻ ആരോഗ്യവും നൽകുന്നു.

23 എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക,

കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്.

24 വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക;

ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക.

25 നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ;

നിന്റെ കണ്ണുകൾ മുൻപോട്ടുതന്നെ പതിപ്പിക്കുക.

26 നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക

അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും.

27 നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്;

നിന്റെ കാലുകൾ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കട്ടെ.

5:1 എന്റെ കുഞ്ഞേ, എന്റെ ജ്ഞാനം ശ്രദ്ധിക്കുക,

ഉൾക്കാഴ്ചനിറഞ്ഞ എന്റെ സൂക്തങ്ങൾക്കു ചെവിചായ്‌ക്കുക,

2 അങ്ങനെ നീ വിവേചനശക്തി നിലനിർത്തുകയും

നിന്റെ അധരങ്ങൾ പരിജ്ഞാനം പ്രസ്താവിക്കുകയും ചെയ്യട്ടെ.

3 വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു,

അവളുടെ ഭാഷണം എണ്ണയെക്കാൾ മൃദുവാകുന്നു;

4 എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌പുള്ളവളും

ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളും ആയിത്തീരുന്നു.

5 അവളുടെ കാലടികൾ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നു;

അവളുടെ ചുവടുകൾ നേരേ പാതാളത്തിലേക്കു നയിക്കുന്നു.

6 ജീവന്റെ വഴി അവൾ ചിന്തിക്കുന്നതേയില്ല;

അവളുടെ പാത ലക്ഷ്യമില്ലാതെ അലയുന്നത്, അവൾ അത് അറിയുന്നതുമില്ല.

7 അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക;

എന്റെ മൊഴികളിൽനിന്ന് ഒരിക്കലും വ്യതിചലിക്കരുത്.

8 നീ അവളിൽനിന്നും അകന്നിരിക്കുക,

അവളുടെ വീട്ടുവാതിലിനോടു നീ സമീപിക്കരുത്,

9 നിന്റെ ഊർജസ്വലത മറ്റുള്ളവർക്കായി നഷ്ടപ്പെടുത്താതിരിക്കുക

നിന്റെ കുലീനത ക്രൂരരായവർക്ക് അടിയറവുവെക്കരുത്,

10 അന്യർ നിന്റെ സമ്പത്തുകൊണ്ട് ആഘോഷിക്കുകയും

നിന്റെ കഠിനാധ്വാനം അന്യഭവനത്തെ സമ്പന്നമാക്കുകയും ചെയ്യാതിരിക്കട്ടെ.

11 നിന്റെ ജീവിതാന്ത്യത്തിൽ നീ ഞരങ്ങും,

നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾത്തന്നെ.

12 അപ്പോൾ നീ പറയും, “ശിക്ഷണത്തെ ഞാൻ എത്രമാത്രം വെറുത്തു!

എന്റെ ഹൃദയം ശാസനയെ എങ്ങനെയെല്ലാം തിരസ്കരിച്ചു!

13 ഞാൻ എന്റെ ഗുരുക്കന്മാരെ അനുസരിച്ചില്ല

എന്റെ പ്രബോധകരെ ശ്രദ്ധിച്ചതുമില്ല.

14 ദൈവജനത്തിന്റെ സഭാമധ്യേ

ഞാൻ സമ്പൂർണ നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു.”

15 നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക,

നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.

16 നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ,

നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?

17 അതു നിന്റേതുമാത്രമായിരിക്കട്ടെ,

ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.

18 നിന്റെ ജലധാര അനുഗൃഹീതമാകട്ടെ,

നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.

19 അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം—

അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ,

അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.

20 എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്?

ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്?

21 ഒരു മനുഷ്യന്റെ പ്രവൃത്തികളെല്ലാം യഹോവയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്,

അവരുടെ വഴികളെല്ലാം അവിടന്നു പരിശോധിക്കുന്നു.

22 ദുഷ്ടരുടെ അപരാധങ്ങളെല്ലാം അവരെ കെണിയിൽപ്പെടുത്തുന്നു;

അവരുടെ പാപച്ചരടുകൾതന്നെ അവരെ ബന്ധനസ്ഥരാക്കുന്നു.

23 സ്വയനിയന്ത്രണമില്ലായ്കയാൽ അവർ മൃതിയടയുന്നു,

മഹാഭോഷത്തത്താൽ അവർ വഴിപിഴച്ചുപോകുന്നു.