യെഹൂദരുടെ മൂപ്പന്മാരോടുള്ള പ്രവചനങ്ങൾ (continued)
ക്രി.മു. 593
Biblica® Open Malayalam Contemporary Version™ (OMCV)
1 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 2 “മനുഷ്യപുത്രാ; നിന്റെ മുഖം ജെറുശലേമിനെതിരേ തിരിച്ച് വിശുദ്ധമന്ദിരത്തിനെതിരേ പ്രസംഗിക്കുക. ഇസ്രായേൽദേശത്തിനു വിരോധമായി പ്രവചിക്കുക. 3 അവളോട് ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു. ഞാൻ എന്റെ വാൾ ഉറയിൽനിന്നൂരി നീതിനിഷ്ഠരെയും ദുഷ്ടരെയും നിങ്ങളുടെ ഇടയിൽനിന്ന് ഛേദിച്ചുകളയും. 4 ഞാൻ നീതിനിഷ്ഠരെയും ദുഷ്ടരെയും ഛേദിച്ചുകളയാൻ പോകുന്നതുകൊണ്ട് എന്റെ വാൾ തെക്കുമുതൽ വടക്കുവരെ എല്ലാവർക്കുമെതിരേ ഉറയിൽനിന്നു പുറപ്പെടും. 5 യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്നു ഊരിയിരിക്കുന്നു എന്ന് അപ്പോൾ എല്ലാവരും അറിയും. അതു ഇനി മടങ്ങിപ്പോകുകയില്ല.’
6 “നീയോ മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടും കഠിനവ്യസനത്തോടും കൂടെ അവർ കാൺകെ നെടുവീർപ്പിടുക! 7 ‘നീ എന്തിനു നെടുവീർപ്പിടുന്നു?’ എന്ന് അവർ ചോദിക്കുമ്പോൾ, ‘ഒരു വാർത്ത നിമിത്തംതന്നെ; അതു സംഭവിക്കുമ്പോൾ എല്ലാ ഹൃദയങ്ങളും ഉരുകിപ്പോകും, എല്ലാ കൈകളും തളരും, എല്ലാ മനസ്സുകളും കലങ്ങിപ്പോകും, എല്ലാ കാലുകളും മൂത്രത്താൽ നനയും.’ ഇതാ, അതു വരുന്നു! അതു സംഭവിക്കും, നിശ്ചയം എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.”
8 പിന്നെയും യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 9 “മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്, ‘കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഒരു വാൾ, ഒരു വാൾ
അതിനു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
10 കൊലനടത്താൻ മൂർച്ചകൂട്ടിയും
മിന്നൽപോലെ തിളങ്ങേണ്ടതിനു മിനുക്കിയുമിരിക്കുന്നു!
“ ‘എന്റെ രാജകീയ പുത്രന്റെ ചെങ്കോലിൽ നമുക്കു ആനന്ദിക്കാമോ? ആ വാൾ ഇപ്രകാരമുള്ള എല്ലാ കോലിനെയും നിന്ദിക്കുന്നു.
11 “ ‘കൈയിൽ വഹിക്കാൻ കഴിയുംവിധം
അതിനെ മിനുക്കാൻ കൊടുത്തിരിക്കുന്നു;
കൊലയാളിയുടെ കൈയിൽ കൊടുക്കാൻവേണ്ടി
അതിനെ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12 മനുഷ്യപുത്രാ, നിലവിളിക്കുക, വിലപിക്കുക,
അത് എന്റെ ജനത്തിന്മേൽ,
ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരുടെമേലും വരും.
അവർ എന്റെ ജനത്തോടുകൂടെ
വാളിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു.
അതിനാൽ നീ മാറത്തടിച്ചു വിലപിക്കുക.
13 “ ‘പരീക്ഷ അതു നിശ്ചയമായും വരും. എങ്കിലും വാളിനാൽ നിന്ദിക്കപ്പെടുന്ന ചെങ്കോൽതന്നെ തുടരാതെപോയാൽ എന്താകും? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’
14 “നീയോ മനുഷ്യപുത്രാ, പ്രവചിക്കുക,
നിന്റെ കൈകൾ കൂട്ടിയടിക്കുക.
വാൾ, നിഹതന്മാരുടെ വാൾതന്നെ,
രണ്ടുപ്രാവശ്യം വെട്ടട്ടെ,
അല്ലാ മൂന്നുപ്രാവശ്യംതന്നെ.
അതു സംഹാരത്തിന്റെ വാൾ—
മഹാസംഹാരത്തിനുള്ള വാൾതന്നെ നാലുവശത്തുനിന്നും അവരെ വളഞ്ഞിരിക്കുന്നു.
15 അവരുടെ ഹൃദയം ഭയത്താൽ ഉരുകിപ്പോകേണ്ടതിനും
അവരുടെ വാതിൽക്കൽ ധാരാളംപേർ വീഴേണ്ടതിനും
ഞാൻ തിളങ്ങുന്ന വാൾ നൽകിയിരിക്കുന്നു,
അവരുടെ എല്ലാ കവാടങ്ങളിലും.
നോക്കൂ! മിന്നൽപോലെ പതിക്കാൻ അതു നിർമിച്ചിരിക്കുന്നു;
അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
16 വലത്തോട്ടോ ഇടത്തോട്ടോ
എവിടേക്കു നിന്റെ വായ്ത്തല തിരിച്ചിരിക്കുന്നോ
അവിടേക്കുതന്നെ പുറപ്പെടുക.
17 ഞാനും കൈകൊട്ടി
എന്റെ ക്രോധം ശമിപ്പിക്കും;
യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.”
18 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 19 “മനുഷ്യപുത്രാ ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന് രണ്ടുവഴികൾ അടയാളപ്പെടുത്തുക; അവ രണ്ടും ഒരു രാജ്യത്തുനിന്നുതന്നെ പുറപ്പെടും. ഒരു ചൂണ്ടുപലക ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക. 20 അമ്മോന്യരുടെ രബ്ബയിലേക്ക് ആ വാൾ വരേണ്ടതിന് ഒരു വഴിയും യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിട്ടുള്ള ജെറുശലേമിലേക്ക് വരേണ്ടതിന് മറ്റൊരു വഴിയും അടയാളപ്പെടുത്തുക. 21 കാരണം, ബാബേൽരാജാവ് വഴിത്തിരിവിങ്കൽ രണ്ടുവഴികൾ പിരിയുന്നിടത്ത് പ്രശ്നംനോക്കാൻ നിൽക്കുന്നു. അയാൾ അമ്പുകൾ കുലുക്കി തന്റെ കുലദേവന്മാരോടു ചോദിക്കുകയും ലക്ഷണമറിയാൻ യാഗമർപ്പിച്ച മൃഗത്തിന്റെ കരൾ നോക്കുകയും ചെയ്യുന്നു. 22 യന്ത്രമുട്ടികൾ സ്ഥാപിക്കാനും സംഹരിക്കുന്നതിനു കൽപ്പന പുറപ്പെടുവിക്കുന്നതിനും യുദ്ധാരവം മുഴക്കുന്നതിനും കവാടങ്ങൾക്കുനേരേ യന്ത്രമുട്ടികൾ വെക്കാനും ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിതുയർത്തുന്നതിനും ജെറുശലേമിലുള്ള നറുക്ക് അയാളുടെ വലങ്കൈയിൽ എത്തിയിരിക്കുന്നു. 23 അത് അവനോടുള്ള വിധേയത്വം ശപഥംചെയ്തവർക്ക് അത് ഒരു വ്യാജലക്ഷണമായിത്തോന്നുന്നു. എന്നാൽ അയാൾ അവരുടെ അകൃത്യം അനുസ്മരിപ്പിക്കുകയും അടിമകളായി അവരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്യും.
24 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ജനങ്ങൾ തങ്ങളുടെ തുറന്ന മത്സരംമൂലം നിങ്ങളുടെ എല്ലാ അകൃത്യങ്ങളും എന്നെ ഓർമപ്പെടുത്തുന്നു. അവരുടെ എല്ലാ പ്രവൃത്തികളിലും പാപം പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ ഇതു ചെയ്തിരിക്കുകയാൽ നിങ്ങൾ അടിമകളായി പിടിച്ചു കൊണ്ടുപോകപ്പെടും.
25 “ ‘വഷളനും ദുഷ്ടനുമായ ഇസ്രായേൽ പ്രഭുവേ, നിന്റെ നാൾ ഇതാ വന്നിരിക്കുന്നു; ശിക്ഷാവിധിയുടെ നാൾ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു. 26 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക; കാര്യങ്ങൾക്കു മാറ്റം സംഭവിക്കണം. താണത് ഉയർത്തപ്പെടുകയും ഉയർന്നത് താഴ്ത്തപ്പെടുകയും ചെയ്യും. 27 ഉന്മൂലനാശം! ഉന്മൂലനാശം! ഞാൻ അതിന് ഉന്മൂലനാശമാക്കും! അവകാശമുള്ളവൻ വരുവോളം കിരീടം പുനഃസ്ഥാപിക്കപ്പെടാതിരിക്കും; അവനു ഞാൻ അതു നൽകുകയും ചെയ്യും.’
28 “മനുഷ്യപുത്രാ, നീ ഇപ്രകാരം പ്രവചിച്ചു പറയുക: അമ്മോന്യരെപ്പറ്റിയും അവരുടെ പരിഹാസത്തെപ്പറ്റിയും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘സംഹാരത്തിനായി
ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു,
മിന്നൽപോലെ വിളങ്ങേണ്ടതിന്
അതു തേച്ചു മിനുക്കിയിരിക്കുന്നു!
29 നിങ്ങളെക്കുറിച്ച് വ്യാജദർശനങ്ങൾ ദർശിക്കുകയും
വ്യാജദേവപ്രശ്നങ്ങൾ പ്രസ്താവിക്കുകയും ചെയ്യുന്ന
ദുഷ്ടരായ വധിക്കപ്പെടാനുള്ളവരുടെ
കഴുത്തിൽ അതു പ്രയോഗിക്കും.
അവരുടെ ദിവസം വന്നിരിക്കുന്നു,
ശിക്ഷാവിധിയുടെ നാൾ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു.
30 “ ‘ആ വാൾ ഉറയിൽ ഇടുക;
നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തുതന്നെ,
നിന്റെ ജന്മദേശത്തുതന്നെ
ഞാൻ നിന്നെ ന്യായംവിധിക്കും.
31 ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും;
എന്റെ ക്രോധാഗ്നിയെ നിന്റെമേൽ ഊതും;
സംഹരിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള
ക്രൂരന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും.
32 നീ അഗ്നിക്ക് ഇന്ധനമായിത്തീരും;
നിന്റെ രക്തം നിന്റെ ദേശത്തുതന്നെ ചൊരിയപ്പെടും.
ആരും ഇനി നിന്നെ ഓർക്കുകയില്ല;
യഹോവയായ ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു.’ ”
22:1 പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ലഭിച്ചു:
2 “മനുഷ്യപുത്രാ, നീ അവളെ ന്യായംവിധിക്കുമോ? രക്തപാതകമുള്ള നഗരത്തെ നീ ന്യായംവിധിക്കുമോ? എങ്കിൽ അവളുടെ എല്ലാ മ്ലേച്ഛതകളും അവളെ അറിയിക്കുക. 3 നീ ഇപ്രകാരം പറയണം: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ നടുവിൽ രക്തം ചൊരിഞ്ഞും വിഗ്രഹങ്ങളുണ്ടാക്കി നിന്നെത്തന്നെ മ്ലേച്ഛയാക്കി സ്വന്തം വിനാശം നിന്റെമേൽ സ്വയം ക്ഷണിച്ചുവരുത്തുന്ന നഗരമേ, 4 നീ ചൊരിഞ്ഞ രക്തം മുഖേന നീ കുറ്റവാളിയായിരിക്കുന്നു; നീ നിർമിച്ച വിഗ്രഹങ്ങൾനിമിത്തം നീ മ്ലേച്ഛയായിരിക്കുന്നു. അങ്ങനെ നിന്റെ ദിവസം നീ സമീപസ്ഥമാക്കി; നിന്റെ അന്തിമവർഷങ്ങൾ വന്നെത്തിയിരിക്കുന്നു. തന്മൂലം ഞാൻ നിന്നെ ജനതകൾക്കു നിന്ദാവിഷയവും എല്ലാ രാജ്യങ്ങൾക്കും പരിഹാസവുമാക്കിയിരിക്കുന്നു. 5 കുപ്രസിദ്ധവും ക്ഷോഭംനിറഞ്ഞതുമായ പട്ടണമേ, നിന്റെ അടുത്തും അകലെയുമുള്ളവർ നിന്നെ പരിഹസിക്കും.
6 “ ‘നോക്കൂ, നിന്നിൽ വസിക്കുന്ന ഇസ്രായേൽ പ്രഭുക്കന്മാർ രക്തച്ചൊരിച്ചിലിനായി അവരുടെ ശക്തി ഉപയോഗിക്കുന്നത് കാണുക. 7 അവർ നിന്നിൽ വസിച്ചുകൊണ്ട് മാതാപിതാക്കളെ നിന്ദിക്കുന്നു; വിദേശികളെ പീഡിപ്പിക്കുന്നു; അനാഥരെയും വിധവമാരെയും ദ്രോഹിക്കുന്നു. 8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളെ നിന്ദിക്കുകയും എന്റെ ശബ്ബത്തിനെ അശുദ്ധമാക്കുകയും ചെയ്യുന്നു. 9 രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവർ നിന്നിലുണ്ട്; പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കുകയും ദുഷ്കർമം പ്രവർത്തിക്കുകയും ചെയ്യുന്നവർ നിന്റെ മധ്യേയുണ്ട്. 10 നിന്നിൽവെച്ച് അവർ തങ്ങളുടെ പിതാക്കന്മാരുടെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ച് അവർ ഋതുമാലിന്യത്താൽ ആചാരപരമായി അശുദ്ധയായി കഴിയുന്ന സ്ത്രീയുടെ അടുക്കൽ ചെല്ലുന്നു. 11 ഒരുത്തൻ തന്റെ അയൽക്കാരന്റെ ഭാര്യയോടു മ്ലേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുവൻ തന്റെ മരുമകളുമായി ദുഷ്ടത പ്രവർത്തിച്ച് അവളെ മലിനയാക്കുന്നു. വേറൊരുവൻ തന്റെ പിതാവിന്റെ മകളായ സഹോദരിയെ അപമാനിക്കുന്നു. 12 നിന്നിൽവെച്ച് അവർ രക്തപാതകത്തിനായി കൈക്കൂലി വാങ്ങുന്നു; നീ ദരിദ്രരിൽനിന്നു പലിശയും കൊള്ളലാഭവും വാങ്ങുന്നു. നീ അയൽവാസിയോട് അനീതിയോടെ പെരുമാറി ആദായമുണ്ടാക്കുകയും എന്നെ മറന്നുകളകയും ചെയ്യുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
13 “ ‘നീ അസത്യമാർഗത്തിലൂടെ നേടിയ ലാഭത്തിന്റെയും നിങ്ങളുടെ ഇടയിലുള്ള രക്തപാതകത്തിന്റെയും നേരേ ഞാൻ കൈകൊട്ടുന്നു. 14 ഞാൻ നിന്നോട് ഇടപെടുന്ന ദിവസം നിന്റെ ധൈര്യം നിലനിൽക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. ഞാൻ അതു നിവർത്തിക്കും. 15 ഞാൻ നിന്നെ ജനതകൾക്കിടയിൽ ചിതറിക്കും; ഞാൻ നിന്നെ രാജ്യങ്ങളിൽ ഛിന്നഭിന്നമാക്കും; നിങ്ങളുടെ അശുദ്ധി ഞാൻ അവസാനിപ്പിക്കും. 16 രാഷ്ട്രങ്ങളുടെമുമ്പിൽ നീ നിന്നെത്തന്നെ അശുദ്ധമാക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.’ ”
17 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 18 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം എനിക്കു ലോഹക്കിട്ടമായിത്തീർന്നിരിക്കുന്നു; അവർ എല്ലാവരും ഉലയിൽ ചെമ്പും വെളുത്തീയവും ഇരുമ്പും കറുത്തീയവുമായിത്തീർന്നിരിക്കുന്നു; അവർ വെള്ളിയുടെ വെറും കിട്ടമായി മാറിയിരിക്കുന്നു. 19 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; ‘നിങ്ങൾ എല്ലാവരും ലോഹക്കിട്ടമായിത്തീർന്നിരിക്കുകയാൽ, ഞാൻ നിങ്ങളെ ജെറുശലേമിന്റെ നടുവിൽ കൂട്ടും. 20 അവർ വെള്ളിയും ചെമ്പും ഇരുമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ മധ്യേ ഊതി ഉരുക്കുന്നതുപോലെ, ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി എന്റെ കോപത്തിലും ക്രോധത്തിലും ഉരുക്കും. 21 ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേൽ എന്റെ ക്രോധാഗ്നി ഊതും; നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും. 22 വെള്ളി ഉലയിൽ ഉരുകിപ്പോകുന്നതുപോലെ നിങ്ങൾ അതിന്റെമധ്യേ ഉരുകിപ്പോകും. യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു എന്നു നിങ്ങൾ അറിയും.’ ”
23 യഹോവയുടെ അരുളപ്പാട് എനിക്ക് വീണ്ടും ഉണ്ടായി: 24 “മനുഷ്യപുത്രാ, ‘നിങ്ങൾ ക്രോധദിവസത്തിൽ ശുദ്ധിപ്രാപിക്കാത്തതും മഴയേൽക്കാത്തതുമായ ഒരു ദേശമാകുന്നു’ എന്ന് അവളോടു പറയുക. 25 അവളുടെ നടുവിൽ പ്രവാചകന്മാരുടെ ഒരു ഗൂഢാലോചനയുണ്ട്. അലറി ഇര കടിച്ചുകീറുന്ന സിംഹംപോലെ അവർ ജനത്തെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; അവർ നിക്ഷേപങ്ങളും വിലയേറിയ വസ്തുക്കളും അപഹരിച്ചുകൊണ്ട് അവളുടെ മധ്യേ നിരവധി വിധവകളെ വർധിപ്പിക്കുന്നു. 26 അവളുടെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോട് അതിക്രമം പ്രവർത്തിച്ച് എന്റെ വിശുദ്ധവസ്തുക്കളെ മലിനമാക്കിയിരിക്കുന്നു. വിശുദ്ധമായതും അശുദ്ധമായതുംതമ്മിൽ ഒരു വിവേചനം അവർ വെച്ചിട്ടില്ല. ആചാരപരമായി മലിനമായവയും നിർമലമായവയുംതമ്മിലുള്ള വ്യത്യാസം എന്തെന്ന് അവർ പഠിച്ചിട്ടില്ല. ഞാൻ അവരുടെ മധ്യേ അശുദ്ധനായിത്തീരുമാറ് അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു. 27 അവളുടെ മധ്യേയുള്ള പ്രഭുക്കന്മാർ കൊള്ളലാഭം ഉണ്ടാക്കേണ്ടതിന് ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിയുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നു. 28 യഹോവ അരുളിച്ചെയ്യാതിരിക്കെ, ‘കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്നു പറഞ്ഞുകൊണ്ടു വ്യാജദർശനങ്ങളും കള്ളദേവപ്രശ്നങ്ങളും അറിയിക്കുന്ന അവളുടെ പ്രവാചകന്മാർ അവർക്കുവേണ്ടി വെള്ളപൂശുന്നവരാകുന്നു. 29 ദേശത്തെ ജനങ്ങൾ ധനാപഹരണംനടത്തുകയും കൊള്ളയിടുകയും ചെയ്യുന്നു. അവർ ദരിദ്രരെയും ഞെരുക്കമനുഭവിക്കുന്നവരെയും പീഡിപ്പിക്കുകയും നീതി നിഷേധിച്ചുകൊണ്ട് വിദേശിയെ ചൂഷണംചെയ്യുകയും ചെയ്യുന്നു.
30 “ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽകെട്ടി എന്റെമുമ്പാകെ അതിലുള്ള വിടവിൽ നിൽക്കേണ്ടതിന് ഒരു മനുഷ്യനെ ഞാൻ അവരുടെ മധ്യേ അന്വേഷിച്ചു; ആരെയും കണ്ടെത്തിയില്ല. 31 അതിനാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു, എന്റെ കോപാഗ്നിയിൽ ഞാൻ അവരെ നശിപ്പിച്ചു. അവരുടെ അക്രമത്തെ ഞാൻ അവരുടെ തലമേൽത്തന്നെ വരുത്തിയിരിക്കുന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”