സിദെക്കീയാവിനും വ്യാജപ്രവാചകന്മാർക്കും എതിരായ പ്രവചനങ്ങൾ (continued)
സിദെക്കീയാവിനും വ്യാജപ്രവാചകന്മാർക്കും ജെറുശലേമിനും യെഹൂദരാഷ്ട്രങ്ങൾക്കും എതിരായ വിവിധ പ്രവചനങ്ങൾ.
ക്രി.മു. 594
Biblica® Open Malayalam Contemporary Version™ (OMCV)
1 അതിനുശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, ഇസ്രായേലിൽ പ്രവചിച്ചുകൊണ്ടിരിക്കുന്ന പ്രവാചകന്മാരെക്കുറിച്ച് നീ ഇപ്രകാരം പ്രവചിക്കുക. സ്വന്തം ഹൃദയങ്ങളിൽ നിന്നു പ്രവചിക്കുന്നവരോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾപ്പിൻ! 3 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തം സങ്കൽപ്പം പിൻതുടരുകയും യാതൊന്നും കാണാതിരിക്കുകയും ചെയ്യുന്ന ബുദ്ധിഹീനരായ പ്രവാചകന്മാർക്ക് അയ്യോ കഷ്ടം! 4 ഇസ്രായേലേ, നിന്റെ പ്രവാചകന്മാർ നാശകൂമ്പാരങ്ങൾക്കിടയിലെ കുറുക്കന്മാർക്കു സമം. 5 യഹോവയുടെ ദിവസത്തിലെ യുദ്ധത്തിൽ മതിലുകൾ ഉറച്ചുനിൽക്കേണ്ടതിന്, അതിൽ പിളർപ്പുണ്ടായ ഭാഗങ്ങൾ ഇസ്രായേൽജനത്തിനുവേണ്ടി കെട്ടിയുറപ്പിക്കാൻ നിങ്ങൾ പോയിട്ടില്ല. 6 യഹോവ തങ്ങളെ അയച്ചിട്ടില്ലാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുന്നവരുടെ ദർശനങ്ങൾ വ്യാജവും ദേവപ്രശ്നം കബളിപ്പിക്കുന്നതും ആകുന്നു. എന്നിട്ടും തങ്ങളുടെ വചനം നിറവേറുമെന്ന് അവർ പ്രത്യാശിക്കുന്നു. 7 ഞാൻ നിങ്ങളോടു സംസാരിക്കാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ ഒരു വ്യാജദർശനം കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം പറയുകയുമല്ലേ ചെയ്തത്?
8 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വ്യാജസംസാരവും കബളിപ്പിക്കുന്ന ദർശനവുംമൂലം ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. 9 വ്യാജദർശനങ്ങൾ കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം അറിയിക്കുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ ഭുജം എതിരായിരിക്കും. എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർക്കു സ്ഥാനം ഉണ്ടായിരിക്കുകയോ ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതപ്പെടുകയോ അവർ ഇസ്രായേൽദേശത്തു കടക്കുകയോ ചെയ്യുകയില്ല. അങ്ങനെ, ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.
10 “ ‘സമാധാനം ഇല്ലാതിരിക്കെ “സമാധാനം,” എന്ന് ഉദ്ഘോഷിച്ച് അവർ എന്റെ ജനത്തെ വഴിതെറ്റിച്ചുകളയുകയാലും ബലമില്ലാത്ത ഒരു മതിൽ പണിത് അവർ അതിനു വെള്ളപൂശുകയാലുമാണ് ഇപ്രകാരം സംഭവിക്കുന്നത്. 11 അതുകൊണ്ട്, വെള്ളപൂശുന്നവരോട് ആ മതിൽ വേഗം ഇടിഞ്ഞുവീഴും എന്നു പറയുക. മലവെള്ളപ്പാച്ചിൽപോലെ മഴപെയ്യും; മഞ്ഞുകട്ടകൾ വർഷിക്കും; കൊടുങ്കാറ്റ് ചീറിയടിക്കും. 12 അങ്ങനെ മതിൽ നിലംപൊത്തുമ്പോൾ “നിങ്ങൾ പൂശിയ കുമ്മായം എവിടെ എന്ന് നിങ്ങളോട് ആളുകൾ ചോദിക്കുകയില്ലേ?”
13 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ക്രോധത്തിൽ ഞാൻ ഒരു കൊടുങ്കാറ്റ് അഴിച്ചുവിടും; എന്റെ കോപത്തിൽ മഞ്ഞുകട്ടകളും മഴവെള്ളപ്പാച്ചിലും വിനാശകാരിയായ രൗദ്രത്തോടെ പതിക്കും. 14 നിങ്ങൾ വെള്ളപൂശിയ മതിൽ, അതിന്റെ അടിത്തറ തെളിഞ്ഞുകാണുന്നവിധം ഞാൻ ഇടിച്ചുകളയും. അതു വീഴുമ്പോൾ അതിന്റെ നടുവിൽ നിങ്ങൾ നാശമടയും; ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും. 15 അങ്ങനെ ആ മതിലിന്മേലും അതിനു വെള്ളപൂശിയവരുടെമേലും എന്റെ ക്രോധം ഞാൻ നിറവേറ്റും; “മതിലും അതിനു വെള്ളപൂശിയവരും നീങ്ങിപ്പോയിരിക്കുന്നു, എന്നു ഞാൻ നിങ്ങളെ അറിയിക്കും. 16 ജെറുശലേമിനോടു പ്രവചിക്കുകയും സമാധാനമില്ലാതിരിക്കെ അതിനു സമാധാനം ദർശിക്കുകയും ചെയ്യുന്ന ഇസ്രായേലിലെ പ്രവാചകന്മാരും ഇല്ലാതെയായിരിക്കുന്നു എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.” ’
17 “ഇപ്പോൾ മനുഷ്യപുത്രാ, സ്വന്തം ഭാവനയ്ക്കനുസരിച്ചു പ്രവചിക്കുന്ന അങ്ങയുടെ ജനത്തിന്റെ പുത്രിമാരുടെ നേരേ മുഖം തിരിക്കുക. അവർക്കെതിരേ പ്രവചിച്ച് 18 പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനത്തെ കെണിയിൽപ്പെടുത്തുന്നതിന് എല്ലാ കൈത്തണ്ടകളിലും കെട്ടുന്നതിനുള്ള മാന്ത്രികച്ചരടു നെയ്യുകയും പല അളവുകളിലുള്ള ശിരോവസ്ത്രം നിർമിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിന്റെ ജീവൻ കെണിയിൽ അകപ്പെടുത്തുകയും നിങ്ങളുടെ സ്വന്തം ജനത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നോ? 19 എന്റെ ജനത്തിന്റെ മധ്യത്തിൽ ഒരുപിടി യവത്തിനും ഏതാനും അപ്പക്കഷണങ്ങൾക്കുംവേണ്ടി നിങ്ങൾ എന്നെ അശുദ്ധമാക്കിയിരിക്കുന്നു. വ്യാജം ശ്രദ്ധിക്കുന്നവരായ എന്റെ ജനത്തോടു നിങ്ങൾ വ്യാജം പറഞ്ഞുകൊണ്ട്, വധിക്കപ്പെടാൻ പാടില്ലാത്തവരെ വധിക്കുകയും ജീവിച്ചിരിക്കാൻ പാടില്ലാത്തവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു.
20 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പക്ഷികളെയെന്നപോലെ ആളുകളെ കെണിയിൽപ്പെടുത്തുന്ന നിങ്ങളുടെ മാന്ത്രികച്ചരടുകളോടു ഞാൻ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ കൈകളിൽനിന്ന് ഞാൻ അവയെ ചീന്തിക്കളയും; പക്ഷികളെയെന്നപോലെ നിങ്ങൾ വേട്ടയാടിയ ജീവിതങ്ങളെ ഞാൻ വിടുവിക്കും. 21 നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ ചീന്തിക്കളഞ്ഞ് എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. മേലാൽ വേട്ടയാടപ്പെടേണ്ടതിന് അവർ നിങ്ങൾക്ക് അധീനരായിരിക്കുകയില്ല; അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. 22 നീതിനിഷ്ഠർക്കു ഞാൻ ദുഃഖം വരുത്താതിരിക്കെ, നിങ്ങൾ വ്യാജംപറഞ്ഞ് അവരെ ദുഃഖിപ്പിക്കും. ദുഷ്ടർ തങ്ങളുടെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവരുടെ ജീവൻ നിങ്ങൾ സംരക്ഷിക്കുന്നതുകൊണ്ട്, 23 നിങ്ങൾ മേലാൽ വ്യാജദർശനങ്ങൾ കാണുകയോ ദേവപ്രശ്നംവെക്കുകയോ ചെയ്യുകയില്ല; എന്റെ ജനത്തെ ഞാൻ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”
14:1 ഇസ്രായേലിലെ ചില ഗോത്രത്തലവന്മാർ വന്ന് എന്റെമുമ്പിൽ ഇരുന്നു. 2 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി: 3 “മനുഷ്യപുത്രാ, ഈ പുരുഷന്മാർ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച്, ദുഷ്ടതനിറഞ്ഞ പ്രതിബന്ധം അവരുടെമുമ്പിൽ വെച്ചിരിക്കുന്നു. അവർ എന്നോട് ആലോചന ചോദിക്കാൻ ഞാൻ അവരെ അനുവദിക്കണമോ? 4 അതിനാൽ നീ അവരോടു സംസാരിക്കുക. അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദുഷ്ടതയേറിയ പ്രതിബന്ധം തങ്ങളുടെ മുന്നിൽ വെച്ചിരിക്കുന്ന ഏതൊരു ഇസ്രായേല്യനും പ്രവാചകന്റെ അടുത്ത് പോകുമ്പോൾ, യഹോവയായ ഞാൻതന്നെ അവരുടെ വിഗ്രഹാരാധനയുടെ ബാഹുല്യം അനുസരിച്ചുതന്നെ അവരോട് ഉത്തരം പറയും. 5 വിഗ്രഹങ്ങൾനിമിത്തം എന്നിൽനിന്നകന്നുപോയ ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും പിടിച്ചെടുക്കാൻവേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.’
6 “അതിനാൽ നീ ഇസ്രായേൽഗൃഹത്തോടു പറയുക: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അനുതപിക്കുക! നിങ്ങളുടെ വിഗ്രഹങ്ങളിൽനിന്നു പിന്തിരിയുക! നിങ്ങളുടെ എല്ലാ മ്ലേച്ഛതകളും ഉപേക്ഷിക്കുക!
7 “ ‘എന്നെവിട്ടു സ്വയം പിന്മാറി വിഗ്രഹങ്ങളെ അവരുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദുഷ്ടതയേറിയ പ്രതിബന്ധം തങ്ങളിൽ വെച്ചുകൊണ്ട് തങ്ങൾക്കുവേണ്ടി ആലോചന ചോദിക്കാൻ പ്രവാചകന്റെ അടുക്കൽ വരുന്ന ഏതെങ്കിലും ഇസ്രായേല്യനാകട്ടെ, ഇസ്രായേലിൽ വസിക്കുന്ന വിദേശിയാകട്ടെ, യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരമരുളും. 8 ഞാൻ എന്റെ മുഖം അവർക്കെതിരേ തിരിച്ച് അവരെ ഒരു നിദർശനവും പഴഞ്ചൊല്ലും ആക്കിത്തീർക്കും. എന്റെ ജനത്തിന്റെ ഇടയിൽനിന്ന് ഞാൻ അവരെ ഛേദിച്ചുകളയും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
9 “ ‘എന്നാൽ ആ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ട് ഒരു പ്രവചനം അറിയിച്ചാൽ യഹോവയായ ഞാൻ ആണ് ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നത്. ഞാൻ അവന്റെനേരേ കൈനീട്ടി അവനെ എന്റെ ജനമായ ഇസ്രായേലിൽനിന്ന് സംഹരിച്ചുകളയും. 10 അവരുടെ അനീതിയുടെ ശിക്ഷ അവർ വഹിക്കും—അരുളപ്പാടു ചോദിക്കുന്നവരുടെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെതന്നെ ആയിരിക്കും. 11 അതുകൊണ്ട് ഇസ്രായേൽജനം ഇനിയൊരിക്കലും എന്നെ വിട്ടകന്നുപോകുകയോ തങ്ങളുടെ പാപങ്ങളാൽ തങ്ങളെത്തന്നെ അശുദ്ധരാക്കുകയോ ചെയ്യുകയില്ല. അങ്ങനെ അവർ എന്റെ ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”
12 പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്: 13 “മനുഷ്യപുത്രാ, ഒരു രാഷ്ട്രം എന്നോടു പാപംചെയ്ത് അവിശ്വസ്തരായിത്തീർന്നാൽ ഞാൻ അതിന്റെനേരേ എന്റെ കൈനീട്ടി അവർക്കുള്ള ആഹാരലഭ്യത മുടക്കിക്കളയുകയും അതിന്മേൽ ക്ഷാമം വരുത്തി മനുഷ്യരെയും മൃഗങ്ങളെയും അതിൽനിന്ന് സംഹരിച്ചുകളകയും ചെയ്യും. 14 നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നുപുരുഷന്മാർ അതിന്റെമധ്യേ ഉണ്ടായിരുന്നാലും, അവരുടെ നീതികൊണ്ട് അവർ താന്താങ്ങളെമാത്രമേ വിടുവിക്കുകയുള്ളൂ എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
15 “അഥവാ, ഞാൻ ആ രാഷ്ട്രത്തിൽ വന്യമൃഗങ്ങളെ അയയ്ക്കുകയും അവ ആ രാഷ്ട്രത്തെ മക്കളില്ലാത്തവരാക്കിത്തീർക്കുകയും ആ വന്യമൃഗങ്ങൾനിമിത്തം അവിടം ആരും കടന്നുപോകാതവണ്ണം അതിനെ നിർജനമാക്കിത്തീർക്കുകയും ചെയ്യുന്നപക്ഷം, 16 ഈ മൂന്നുപുരുഷന്മാർ അവിടെ ഉണ്ടായിരുന്നാലും അവർക്ക് തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല, എന്നു ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു: അവർമാത്രം വിടുവിക്കപ്പെടുകയും ദേശം നിർജനമായിത്തീരുകയും ചെയ്യും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
17 “അഥവാ, ഞാൻ ആ രാഷ്ട്രത്തിൽ വാൾ വരുത്തിയിട്ട്, ‘ആ വാൾ ദേശത്തുകൂടിക്കടന്ന്,’ അതിലെ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കട്ടെ എന്നു കൽപ്പിച്ചാൽ, 18 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഈ മൂന്നുപുരുഷന്മാർ അതിന്റെ മധ്യത്തിൽ ഉണ്ടായിരുന്നാലും അവർമാത്രം രക്ഷപ്പെടുന്നതല്ലാതെ അവർക്ക് സ്വന്തം പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
19 “അതുമല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചിട്ട് അതിൽനിന്ന് മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കാൻ തക്കവണ്ണം എന്റെ ക്രോധം രക്തച്ചൊരിച്ചിലിലൂടെ അതിന്മേൽ ചൊരിഞ്ഞാൽ, 20 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ പുരുഷന്മാർ അവിടെ ഉണ്ടായിരുന്നാലും അവരുടെ നീതികൊണ്ട് തങ്ങളെത്തന്നെ രക്ഷിക്കുന്നതല്ലാതെ സ്വന്തം പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
21 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കേണ്ടതിന് വാൾ, ക്ഷാമം, വന്യമൃഗങ്ങൾ, മഹാമാരി എന്നീ നാലു കഠിന ന്യായവിധികൾ ജെറുശലേമിന്മേൽ അയച്ചാൽ അത് എത്ര ഭയാനകമായിരിക്കും? 22 എന്നാലും ഇവയെല്ലാം അതിജീവിച്ച, പുത്രന്മാരും പുത്രിമാരും അടങ്ങിയ ഒരുകൂട്ടം അതിൽനിന്നു പുറപ്പെട്ടു പോരുന്നതിനായി ശേഷിച്ചിരിക്കും. അവർ നിങ്ങളുടെ അടുക്കൽവരും. നിങ്ങൾ അവരുടെ ജീവിതരീതിയും പ്രവൃത്തികളും കണ്ട് ഞാൻ ജെറുശലേമിനു വരുത്തിയ അനർഥത്തെക്കുറിച്ച് ആശ്വസിക്കും—ഞാൻ അതിന്മേൽ വരുത്തിയ സകലവിപത്തുകളെക്കുറിച്ചുംതന്നെ. 23 അവരുടെ ജീവിതരീതിയും പ്രവൃത്തികളും നിങ്ങൾ കാണുമ്പോൾ അവ നിങ്ങൾക്കൊരാശ്വാസമായിരിക്കും. കാരണം, ഞാൻ അതിനോടു ചെയ്തതെല്ലാം വെറുതേയല്ല എന്നു നിങ്ങൾ അറിയും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”
15:1 അതിനുശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, കാട്ടിലെ മരങ്ങൾക്കിടയിലുള്ള ഏതെങ്കിലും ഒന്നിന്റെ ശാഖയെക്കാൾ ഒരു മുന്തിരിയുടെ തണ്ടിന് എന്തു വിശേഷതയാണുള്ളത്? 3 പ്രയോജനമുള്ള എന്തെങ്കിലും നിർമിക്കാനുള്ള തടി അതിൽനിന്ന് എപ്പോഴെങ്കിലും എടുക്കാൻ കഴിയുമോ? ഏതെങ്കിലും പാത്രം തൂക്കിയിടേണ്ടതിന് അതിൽനിന്ന് ഒരാണിയെങ്കിലും ഉണ്ടാക്കാൻ കഴിയുമോ? 4 അതു വിറകായി തീയിൽ ഇടുകയും തീ അതിന്റെ രണ്ട് അഗ്രവും കത്തിക്കുകയും അതിന്റെ നടുമുറിയും വെന്തുപോകുകയും ചെയ്തിരിക്കുന്നു. ഇനി അതുകൊണ്ടു വല്ല പ്രയോജനവും ഉണ്ടാകുമോ? 5 അതു മുഴുവനായിരുന്നപ്പോൾതന്നെ അതുകൊണ്ട് ഉപയോഗമൊന്നും ഉണ്ടായിരുന്നില്ല. തീ അതിനെ ദഹിപ്പിക്കുകയും അതു കരിഞ്ഞുപോകുകയും ചെയ്തശേഷം എന്തിനെങ്കിലും അത് ഉപകരിക്കുമോ?
6 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ മരങ്ങൾക്കിടയിൽ അഗ്നിക്ക് ഇന്ധനമായി മുന്തിരിവള്ളിയെ ഞാൻ ഉപയോഗിച്ചതുപോലെതന്നെ ജെറുശലേംനിവാസികളോടും ഇടപെടും. 7 ഞാൻ അവർക്കെതിരേ മുഖം തിരിക്കും; തീയിൽനിന്ന് പുറത്തുവന്നെങ്കിലും അവർ ആ അഗ്നിക്കുതന്നെ ഇരയായിത്തീരും. എന്റെ മുഖം അവർക്കെതിരായി തിരിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. 8 അവർ അവിശ്വസ്തരായിത്തീർന്നതുകൊണ്ട് ഞാൻ ദേശം ശൂന്യമാക്കിത്തീർക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”