ക്രിസ്തുവാണ് മശിഹാ എന്ന് പത്രോസ് ന്യായാധിപസമിതിയോട് പറയുന്നു

ന്യായാധിപസമിതി വീണ്ടും സമ്മേളിക്കുന്നു. അവരുടെ മുമ്പാകെ പത്രോസ് ക്രിസ്തുവാണ് മശിഹാ എന്ന് പ്രഖ്യാപിക്കുന്നു.

ക്രി.പി. 32

Biblica® Open Malayalam Contemporary Version™ (OMCV)

അപ്പൊ.പ്രവൃത്തികൾ 5:22–33

22 എന്നാൽ, അവിടെ ചെന്നപ്പോൾ അവരെ കാണാത്തതിനാൽ സേവകർ മടങ്ങിവന്നു വിവരം അറിയിച്ചു. 23 “കാരാഗൃഹം ഭദ്രമായി പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു; വാതിൽ തുറന്നപ്പോൾ ആരെയും അകത്തു കണ്ടില്ല.” 24 ഇതു കേട്ടപ്പോൾ ദൈവാലയത്തിലെ കാവൽപ്പട്ടാളമേധാവിയും പുരോഹിതമുഖ്യന്മാരും ഇതെന്തായിത്തീരും എന്നോർത്ത് അവരെക്കുറിച്ചു പരിഭ്രാന്തരായിത്തീർന്നു.

25 അപ്പോൾ ഒരാൾ വന്ന്, “നോക്കൂ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദൈവാലയാങ്കണത്തിൽനിന്നുകൊണ്ടു ജനങ്ങളെ ഉപദേശിക്കുന്നു” എന്നു പറഞ്ഞു. 26 അപ്പോൾ പട്ടാളമേധാവി സേവകരോടൊപ്പം ചെന്ന്, ജനങ്ങൾ തങ്ങളെ കല്ലെറിയുമെന്നുള്ള ഭയംനിമിത്തം ബലപ്രയോഗമൊന്നുംകൂടാതെ അപ്പൊസ്തലന്മാരെ കൂട്ടിക്കൊണ്ടുവന്നു.

27 അവർ അവരെ കൊണ്ടുവന്നു ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ വിസ്തരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 28 “ഈ മനുഷ്യന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.”

29 പത്രോസും മറ്റ് അപ്പൊസ്തലന്മാരും ഇപ്രകാരം മറുപടി പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്. 30 നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. 31 ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. 32 ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.”

33 ഇതു കേട്ടപ്പോൾ അവർ കോപാകുലരായി അപ്പൊസ്തലന്മാരെ കൊന്നുകളയാൻ തീരുമാനിച്ചു.

ഗമാലിയേലിന്റെ ഉപദേശം അപ്പൊസ്തലന്മാർക്ക് മോചനം നൽകുന്നു

അപ്പൊ.പ്രവൃത്തികൾ 5:34–42

34 അപ്പോൾത്തന്നെ ഒരു ന്യായപ്രമാണോപദേഷ്ടാവും എല്ലാവർക്കും ബഹുമാന്യനുമായിരുന്ന ഗമാലിയേൽ എന്നു പേരുള്ള ഒരു പരീശൻ ന്യായാധിപസമിതിയിൽ എഴുന്നേറ്റുനിന്ന് ആ മനുഷ്യരെ കുറെനേരത്തേക്കു പുറത്തുകൊണ്ടുപോകാൻ കൽപ്പിച്ചു. 35 അതിനുശേഷം അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേൽജനമേ, നിങ്ങൾ ഈ മനുഷ്യരോട് എന്താണു ചെയ്യാൻപോകുന്നതെന്ന് സൂക്ഷിച്ചുകൊള്ളണം. 36 കുറെക്കാലംമുമ്പ് ത്യുദാസ് എന്നൊരാൾ മഹാൻ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ടു വന്നു. ഏകദേശം നാനൂറുപേർ അയാളോടുചേർന്നു. അയാൾ കൊല്ലപ്പെടുകയും അയാളുടെ അനുയായികളെല്ലാം ചിതറി നാമാവശേഷമാകുകയും ചെയ്തു; 37 അയാൾക്കുശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യാനിർണയസമയത്ത് രംഗത്തുവരികയും വലിയൊരുകൂട്ടം ജനത്തെ ആകർഷിച്ച് അവരുടെ നേതാവായി വിപ്ളവം നയിക്കുകയും ചെയ്തു. ഒടുവിൽ അയാൾ കൊല്ലപ്പെട്ടു, അയാളുടെ അനുയായികളെല്ലാം ചിതറിപ്പോയി. 38 അതുകൊണ്ട് ഈ വിഷയത്തിൽ എന്റെ ഉപദേശം ഇതാണ്: ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. അവരുടെ ഉദ്ദേശ്യവും പ്രവർത്തനവും മാനുഷികമെങ്കിൽ അതു നശിക്കും. 39 അല്ല, അത് ദൈവത്തിൽനിന്നുള്ളതെങ്കിൽ നിങ്ങൾക്ക് അതിനെ നശിപ്പിക്കാൻ സാധ്യമല്ല. നിങ്ങൾ ദൈവത്തിന്റെ ശത്രുക്കളായിത്തീരാനും പാടില്ലല്ലോ.”

40 അദ്ദേഹത്തിന്റെ നിർദേശം അവർ അംഗീകരിച്ചു, അപ്പൊസ്തലന്മാരെ വിളിച്ചുവരുത്തി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. യേശുവിന്റെ നാമത്തിൽ ഇനി ഒരിക്കലും പ്രസംഗിക്കരുതെന്ന് ആജ്ഞാപിച്ച് അവരെ മോചിപ്പിച്ചു.

41 തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ ആനന്ദിച്ചുകൊണ്ട് അപ്പൊസ്തലന്മാർ ന്യായാധിപസമിതിക്കുമുമ്പിൽനിന്ന് പോയി. 42 അവർ ഓരോ ദിവസവും ദൈവാലയ അങ്കണത്തിലും വീടുകളിലും മുടങ്ങാതെ ഉപദേശിക്കുകയും യേശുതന്നെ ക്രിസ്തു എന്നു പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഏഴ് ഡീക്കന്മാരുടെ നിയമനം

അപ്പൊ.പ്രവൃത്തികൾ 6:1–6

1 ആ കാലത്ത് ശിഷ്യരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നപ്പോൾ, വിധവകൾക്കുവേണ്ടിയുള്ള പ്രതിദിന ഭക്ഷണവിതരണത്തിൽ എബ്രായഭാഷികളായ യെഹൂദന്മാർ ഗ്രീക്കുഭാഷികളായ യെഹൂദവിധവകളെ അവഗണിക്കുന്നതായി പരാതിയുയർന്നു. 2 അതിനാൽ, പന്ത്രണ്ട് അപ്പൊസ്തലന്മാർ ശിഷ്യരുടെ സമൂഹത്തെയെല്ലാം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങളേ, ഞങ്ങൾ ദൈവവചനം പഠിപ്പിക്കുന്നത് അവഗണിച്ച് ഭക്ഷണവിതരണത്തിൽ ശ്രദ്ധിക്കുന്നത് അഭികാമ്യമല്ല. 3 ആത്മാവിനാലും ജ്ഞാനത്താലും നിറഞ്ഞവരും നിങ്ങളുടെ മധ്യത്തിൽ നല്ല സാക്ഷ്യം ഉള്ളവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. ഭക്ഷണവിതരണത്തിന്റെ ചുമതല നമുക്ക് അവരെ ഏൽപ്പിക്കാം. 4 ഞങ്ങളോ പ്രാർഥനയിലും ദൈവവചനം പഠിപ്പിക്കുന്നതിലും ശ്രദ്ധചെലുത്താം.”

5 ഈ നിർദേശം വിശ്വാസസമൂഹത്തിൽ എല്ലാവർക്കും ഇഷ്ടമായി. വിശ്വാസത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവനായ സ്തെഫാനൊസിനെയും ഫിലിപ്പൊസ്, പ്രൊഖൊരോസ്, നിക്കാനോർ, തിമോൻ, പർമെനാസ്, യെഹൂദാമതത്തിൽ ചേർന്ന അന്ത്യോക്യക്കാരനായ നിക്കോലാവൊസ് എന്നിവരെയും അവർ തെരഞ്ഞെടുത്തു. 6 അവരെ അപ്പൊസ്തലന്മാരുടെമുമ്പിൽ നിർത്തി; അപ്പൊസ്തലന്മാർ പ്രാർഥിച്ച് അവരുടെമേൽ കൈവെക്കുകയും ചെയ്തു.

സഭ എണ്ണത്തിൽ വളർന്നുകൊണ്ടിരിക്കുന്നു ക്രി.പി. 33

അപ്പൊ.പ്രവൃത്തികൾ 6:7

7 ദൈവവചനം വ്യാപിച്ചുകൊണ്ടേയിരുന്നു. ജെറുശലേമിൽ ശിഷ്യരുടെ എണ്ണം വളരെ വർധിച്ചു. പുരോഹിതന്മാരിലും വളരെപ്പേർ ഈ വിശ്വാസം അംഗീകരിച്ചു.

സ്തെഫാനൊസിനെതിരെ ദൈവദൂഷണക്കുറ്റം ആരോപിക്കുന്നു ക്രി.പി. 33 അല്ലെങ്കിൽ 34

ക്രിസ്തുവാണ് മശിഹാ എന്ന് ധൈര്യത്തോടെ പ്രഖ്യാപിച്ച സ്തെഫാനൊസിനെതിരെ ന്യായാധിപസമിതിയുടെ മുമ്പാകെ ദൈവദൂഷണക്കുറ്റം ആരോപിക്കുന്നു.

അപ്പൊ.പ്രവൃത്തികൾ 6:8–14

8 ദൈവകൃപയും ശക്തിയും നിറഞ്ഞവനായ സ്തെഫാനൊസ് ജനമധ്യത്തിൽ വലിയ അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചു. 9 കുറേന, അലക്സാന്ത്രിയ എന്നീ സ്ഥലങ്ങളിൽനിന്നും കിലിക്യ, ഏഷ്യ എന്നീ പ്രവിശ്യകളിൽനിന്നുമുള്ള “സ്വതന്ത്രർ,” എന്നറിയപ്പെട്ടിരുന്ന യെഹൂദവിഭാഗത്തിലുള്ളവർ സ്തെഫാനൊസിനെതിരായി വാദപ്രതിവാദം ചെയ്യാൻ ആരംഭിച്ചു. 10 എന്നാൽ, ദൈവാത്മാവു നൽകിയ വിവേകത്തോടുകൂടിയ അദ്ദേഹത്തിന്റെ വാക്കുകൾക്ക് എതിർവാദം നിരത്താൻ അവർക്കു സാധിച്ചില്ല.

11 അപ്പോൾ അവർ, “മോശയെയും ദൈവത്തെയും സ്തെഫാനൊസ് ദുഷിച്ചു സംസാരിക്കുന്നത് ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു പറയാൻ ചിലരെ രഹസ്യമായി പ്രേരിപ്പിച്ചു.

12 അങ്ങനെ അവർ ജനങ്ങളെയും സമുദായനേതാക്കന്മാരെയും വേദജ്ഞരെയും ഇളക്കി. അവർ സ്തെഫാനൊസിനെ പിടികൂടി ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. 13 അവർ കള്ളസ്സാക്ഷികളെ കൊണ്ടുവന്ന് ഇപ്രകാരം പറയിച്ചു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നതിന് അവസാനമില്ല. 14 നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നൽകിയിരിക്കുന്ന ആചാരങ്ങൾ നീക്കിക്കളയുമെന്നും ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു.”