പത്രോസും യോഹന്നാനും ശമര്യയിലെ അനേകം ഗ്രാമങ്ങളിൽ പ്രസംഗിക്കുന്നു
ക്രി.പി. 34
Biblica® Open Malayalam Contemporary Version™ (OMCV)
25 കർത്താവിന്റെ വചനത്തിനു സാക്ഷ്യംവഹിച്ചു പ്രസംഗിച്ചശേഷം പത്രോസും യോഹന്നാനും ശമര്യയിലെ നിരവധി ഗ്രാമങ്ങളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജെറുശലേമിലേക്കു മടങ്ങിപ്പോയി.
ഫിലിപ്പൊസ് കന്ദക്ക രാജ്ഞിയുടെ ഭണ്ഡാരവിചാരകനെ സ്നാനപ്പെടുത്തുന്നു
നീതിയുടെ മതപരിവർത്തിതനായ കന്ദക്ക രാജ്ഞിയുടെ ഭണ്ഡാരവിചാരകൻ വിശ്വാസം സ്വീകരിക്കുകയും ഫിലിപ്പൊസിനാൽ സ്നാനപ്പെടുകയും ചെയ്യുന്നു. ഫിലിപ്പൊസ് ഇപ്പോൾ യെഹൂദ്യായിലെ പട്ടണങ്ങളിലൂടെ പ്രസംഗിച്ചുകൊണ്ടു പോകുന്നു.
26 കർത്താവിന്റെ ഒരു ദൂതൻ ഫിലിപ്പൊസിനോട് പറഞ്ഞു, “നീ ജെറുശലേമിൽനിന്ന് ഗസ്സായിലേക്കു മരുഭൂമിയിലൂടെ പോകുന്ന പാതയിലൂടെ തെക്കോട്ട് യാത്രചെയ്യുക.” 27 അങ്ങനെ അദ്ദേഹം പുറപ്പെട്ടു; വഴിമധ്യേ, “എത്യോപ്യ രാജ്ഞിയായ” കന്ദക്കയുടെ ധനകാര്യവകുപ്പിന്റെ ചുമതലയുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായ ഷണ്ഡനെ കണ്ടു. ആ മനുഷ്യൻ ജെറുശലേമിൽ ആരാധിക്കാൻ പോയിട്ടു 28 തിരികെ പോകുമ്പോൾ രഥത്തിലിരുന്നുകൊണ്ട് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു. 29 അപ്പോൾ പരിശുദ്ധാത്മാവ് ഫിലിപ്പൊസിനോട് പറഞ്ഞു, “നീ കുറെക്കൂടി അടുത്തുചെന്ന് രഥത്തിനോട് ചേർന്നു നടക്കുക.”
30 ഫിലിപ്പൊസ് ഓടി രഥത്തിനടുത്തുചെന്നപ്പോൾ ആ മനുഷ്യൻ യെശയ്യാവിന്റെ പ്രവചനഗ്രന്ഥത്തിൽനിന്ന് വായിക്കുന്നതു കേട്ടു. “താങ്കൾ വായിക്കുന്നതു മനസ്സിലാക്കുന്നുണ്ടോ?” ഫിലിപ്പൊസ് ചോദിച്ചു.
31 “ആരെങ്കിലും അർഥം വ്യക്തമാക്കിത്തരാതെ എനിക്കെങ്ങനെ മനസ്സിലാകും?” അയാൾ ചോദിച്ചു. രഥത്തിൽ കയറി തന്നോടൊപ്പം ഇരിക്കാൻ അയാൾ ഫിലിപ്പൊസിനെ ക്ഷണിച്ചു.
32 ഷണ്ഡൻ വായിച്ചുകൊണ്ടിരുന്ന വേദഭാഗം ഇതായിരുന്നു:
“അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി;
രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന
ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു.
33 അപമാനിതനായ അവസ്ഥയിൽ നീതി അവിടത്തേക്കു നിഷേധിക്കപ്പെട്ടു:
അവിടത്തെ വരുംതലമുറയെപ്പറ്റി വിവരിക്കാൻ ആർക്കു കഴിയും?
അവിടത്തെ ജീവൻ ഭൂമിയിൽനിന്ന് എടുക്കപ്പെട്ടുവല്ലോ!”
34 ഷണ്ഡൻ ഫിലിപ്പൊസിനോട്, “പ്രവാചകൻ ഇത് ആരെക്കുറിച്ചാണ് പറയുന്നത്? തന്നെക്കുറിച്ചോ അതോ മറ്റാരെയെങ്കിലുംകുറിച്ചോ? ദയവായി പറഞ്ഞുതരണം” എന്നപേക്ഷിച്ചു. 35 ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി യേശുവിനെപ്പറ്റിയുള്ള സുവിശേഷം അയാളെ അറിയിച്ചുതുടങ്ങി.
36 അവർ യാത്ര തുടർന്നുകൊണ്ടിരിക്കെ, വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ, ഇവിടെ വെള്ളമുണ്ട്; ഞാൻ സ്നാനമേൽക്കുന്നതിന് എന്തു തടസ്സം?” എന്ന് ഷണ്ഡൻ ഫിലിപ്പൊസിനോട് ചോദിച്ചു. 37 “താങ്കൾ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നെങ്കിൽ സ്നാനമേൽക്കാം” എന്ന് ഫിലിപ്പൊസ് പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു ഷണ്ഡൻ പറഞ്ഞു. 38 അയാൾ രഥം നിർത്താൻ കൽപ്പിച്ചു. പിന്നെ ഫിലിപ്പൊസും ഷണ്ഡനും വെള്ളത്തിലിറങ്ങി. ഫിലിപ്പൊസ് ഷണ്ഡനെ സ്നാനം കഴിപ്പിച്ചു. 39 അവർ വെള്ളത്തിൽനിന്ന് കയറിയ ഉടനെ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി. ഷണ്ഡൻ അദ്ദേഹത്തെ പിന്നെ കണ്ടില്ല. അയാൾ ആനന്ദിച്ചുകൊണ്ട് തന്റെ യാത്രതുടർന്നു. 40 ഫിലിപ്പൊസ് പിന്നീട് അസ്തോദിൽ കാണപ്പെട്ടു; അദ്ദേഹം കൈസര്യ പട്ടണത്തിൽ എത്തിച്ചേരുന്നതുവരെ മാർഗമധ്യേയുള്ള എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ചു.
ചിതറിപ്പോയ വിശ്വാസികൾ യെഹൂദരോട് പ്രസംഗിക്കുന്നു
ജെറുശലേമിലെ പീഡനം നിമിത്തം അവിടെനിന്ന് ഓടിപ്പോയ വിശ്വാസികളിൽ അനേകർ പ്രവിശ്യകളിലെ യെഹൂദരോട് സുവിശേഷം പ്രസംഗിക്കുന്നു.
4 ചിതറിപ്പോയവർ, ചെന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷം അറിയിച്ചു.
ദമസ്കോസിലേക്കുള്ള വഴിയിൽ ശൗൽ വിശ്വാസം സ്വീകരിക്കുന്നു ക്രി.പി. 35
ദമസ്കോസിലേക്കുള്ള വഴിയിൽ ബാത്ത് കോൽ കേൾക്കുകയും ഷെക്കീന കാണുകയും ചെയ്തപ്പോൾ, ശൗൽ താൻ എതിർത്തുകൊണ്ടിരുന്ന വിശ്വാസം സ്വീകരിക്കുന്നു.
1-2 ഈ കാലഘട്ടത്തിൽ ശൗൽ കർത്താവിന്റെ ശിഷ്യന്മാർക്കെതിരേ നിരന്തരം വധഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ക്രിസ്തു “മാർഗക്കാരായ” സ്ത്രീകളെയോ പുരുഷന്മാരെയോ അവിടെക്കണ്ടാൽ അവരെ ബന്ധിച്ച് ജെറുശലേമിലേക്കു കൊണ്ടുവരാൻ ദമസ്കോസിലെ യെഹൂദപ്പള്ളികൾക്ക് അധികാരപത്രം നൽകണമെന്ന് അയാൾ മഹാപുരോഹിതന്റെ അടുക്കൽച്ചെന്ന് അഭ്യർഥിച്ചു. 3 അങ്ങനെ അയാൾ യാത്രപുറപ്പെട്ടു ദമസ്കോസിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാൾക്കുചുറ്റും മിന്നി. 4 അയാൾ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു അശരീരി കേട്ടു.
5 “അങ്ങ് ആരാകുന്നു കർത്താവേ?” ശൗൽ ചോദിച്ചു.
“നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ,” അവിടന്ന് ഉത്തരം പറഞ്ഞു, 6 “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും.”
7 ശൗലിനോടൊപ്പം യാത്രചെയ്തിരുന്നവർ സ്തബ്ധരായി നിന്നു. അവർ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല. 8 ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു. എന്നാൽ, കണ്ണു തുറന്നപ്പോൾ അവന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് കൂടെയുള്ളവർ അയാളെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തിക്കൊണ്ടുപോയി. 9 മൂന്നുദിവസം അയാൾ അന്ധനായിരുന്നു, ആ ദിവസങ്ങളിൽ അയാൾ ഭക്ഷണപാനീയങ്ങൾ കഴിച്ചില്ല.