ഭാഗം 7: പൗലോസിന്റെ അവസാന യാത്രയും കാനോന്റെ പൂർത്തീകരണവും
പൗലോസിന്റെ അഞ്ചാമത്തെയും അവസാനത്തെയുമായ യാത്രയുടെ ആരംഭംമുതൽ മുഴുവൻ തിരുവെഴുത്തിന്റെയും കാനോൻ പൂർത്തിയാകുന്നതുവരെ, ഇന്നുവരെയുള്ള ക്രൈസ്തവ സഭയുടെ ചരിത്രത്തിന്റെ ഒരു ലഘു അവലോകനത്തോടുകൂടെ.
പൗലോസ് എബ്രായർക്ക് എഴുതുന്നു
പൗലോസ് ഇറ്റലിയിൽ തിമോത്തിയോസിനുവേണ്ടി കാത്തിരിക്കുമ്പോൾ, പഴയനിയമത്തിന്റെ താക്കോലായ എബ്രായർക്കുള്ള ലേഖനം എഴുതുന്നു. യെഹൂദരുടെ സ്വന്തം തിരുവെഴുത്തുകളിൽനിന്ന് ക്രിസ്തുവിന്റെ മനുഷ്യത്വം, ദൈവത്വം, പാപപരിഹാരം, മധ്യസ്ഥപ്രാർത്ഥന എന്നിവയും, ന്യായപ്രമാണത്തെക്കാൾ സുവിശേഷത്തിനുള്ള ശ്രേഷ്ഠതയും, മോശ ഏർപ്പെടുത്തിയ വ്യവസ്ഥകളുടെ യഥാർഥ ലക്ഷ്യവും രൂപകൽപ്പനയും യെഹൂദർക്ക് തെളിയിക്കാനാണ് അദ്ദേഹം അത് എഴുതുന്നത്.
ക്രി.പി. 62
Biblica® Open Malayalam Contemporary Version™ (OMCV)
രണ്ടു വെളിപ്പാടുകളും ഒരേ ദൈവത്തിൽനിന്ന് വരുന്നു
യെഹൂദവെളിപ്പാടും ക്രൈസ്തവവെളിപ്പാടും ഒരേ ദൈവത്താൽ നൽകപ്പെട്ടവയാണെന്ന് ഉറപ്പിച്ചുപറഞ്ഞുകൊണ്ട് പൗലോസ് ആരംഭിക്കുന്നു; അതുകൊണ്ട് അവ പരസ്പരം യോജിക്കുകയും വിശദീകരിക്കുകയും ചെയ്യണം എന്ന് അദ്ദേഹം നിഗമനംചെയ്യുന്നു. സകലത്തിന്റെയും നിയമിക്കപ്പെട്ട അവകാശിയായ, വാഗ്ദാനംചെയ്യപ്പെട്ട ദൈവപുത്രനാൽ നൽകപ്പെട്ടതിനാൽ സുവിശേഷം ശ്രേഷ്ഠമാണെന്നു പ്രഖ്യാപിക്കപ്പെടുന്നു. അവിടന്ന് അദൃശ്യനും സർവശക്തനുമായ പിതാവിന്റെ വെളിപ്പെട്ട മഹത്ത്വവും മനുഷ്യാവതാരംചെയ്ത സാദൃശ്യവുമാണ്; അവിടന്ന് തന്റെ ശക്തിയാൽ പ്രപഞ്ചത്തെ താങ്ങിനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കായി തന്നെത്തന്നെ പ്രായശ്ചിത്തയാഗമായി അർപ്പിച്ചശേഷം, ലോകം സൃഷ്ടിക്കപ്പെടുന്നതിനുമുമ്പ് തന്റെ ദിവ്യസ്വഭാവത്തിന് ഉണ്ടായിരുന്ന, പിതാവിനോടുകൂടെയുള്ള മഹിമയിലേക്ക് അവിടന്ന് തന്റെ മനുഷ്യസ്വഭാവത്തിൽ മടങ്ങിപ്പോയിരുന്നു.
1 ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു. 2 എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്. 3 ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത് ഉപവിഷ്ടനായി.
പുത്രൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ
സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികൾക്കും മീതെയുള്ള ക്രിസ്തുവിന്റെ പരമോന്നതസ്ഥാനത്തെക്കുറിച്ചുള്ള തന്റെ വാദം തെളിയിക്കാൻ, ദൈവപുത്രന്റെ ദിവ്യസ്വഭാവം ദൂതന്മാരുടെ സ്വഭാവത്തിൽനിന്നു വ്യത്യസ്തവും അതിനെക്കാൾ ഉന്നതവുമാണെന്ന് പൗലോസ് ഉറപ്പിച്ചുപറയുന്നു. പിന്തുടർച്ചാവകാശത്താൽ, അഥവാ സ്വാഭാവികമായ അവകാശത്താൽ, അവിടത്തെ നാമം അവരുടേതിനെക്കാൾ ശ്രേഷ്ഠമാണ് (സങ്കീർത്തനങ്ങൾ 2:2). ദൂതന്മാർ അവിടത്തെ ആരാധിക്കുന്നു (സങ്കീർത്തനങ്ങൾ 97:7); അവർ അവിടത്തെ ആത്മികശുശ്രൂഷകരും ദാസന്മാരുമാണ് (സങ്കീർത്തനങ്ങൾ 104:4). അവിടത്തെ ഭരണം ഇരുലോകങ്ങളിലും വ്യാപിക്കുകയും എന്നേക്കും നിലനിൽക്കുകയും ചെയ്യുന്നു. മനുഷ്യാവതാരത്തിലൂടെയും മരണത്തിലൂടെയും പ്രകടമാക്കിയ നീതിയോടുള്ള സ്നേഹം നിമിത്തം, അവിടത്തെ മാനുഷികസ്വഭാവത്തിൽ, തനിക്കുമുമ്പ് വന്ന എല്ലാ പ്രവാചകന്മാരെയും പുരോഹിതന്മാരെയും രാജാക്കന്മാരെയുംകാൾ അധികമായി പരിശുദ്ധാത്മാവിന്റെ ദാനങ്ങളാൽ അവിടന്ന് അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു; ഈ മൂന്ന് പദവികളും അവിടന്ന് തന്നിൽത്തന്നെ ഒന്നിപ്പിക്കുന്നു. ക്രിസ്തുവിന്റെ ശ്രേഷ്ഠത കൂടുതൽ തെളിയിക്കാനും ലോകത്തെ രൂപപ്പെടുത്താൻ ദൂതന്മാർ സഹായിച്ചു എന്ന തെറ്റിദ്ധാരണ നീക്കാനും, ആകാശവും ഭൂമിയും സൃഷ്ടിച്ചത് ക്രിസ്തുവാണെന്ന് ദാവീദിന്റെ വാക്കുകളിലൂടെ പൗലോസ് ഉറപ്പിച്ചുപറയുന്നു (സങ്കീർത്തനങ്ങൾ 102:25–27). അവിടന്ന് അവ നീക്കിക്കളഞ്ഞ് അവയ്ക്കുപകരം പുതിയ ആകാശവും പുതിയ ഭൂമിയും സ്ഥാപിക്കും; എന്നാൽ അവിടന്ന് മാറ്റമില്ലാത്തവനായും സത്തയിൽ ഒരേ വ്യക്തിയായും നിത്യത മുഴുവനും നിലനിൽക്കും. ക്രിസ്തു ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ്; കാരണം പിതാവ് തന്നെ അവരിൽ ആർക്കും പുത്രനെന്ന പദവിയും (സങ്കീർത്തനങ്ങൾ 110:1) സാർവത്രികാധിപത്യവും നൽകിയിട്ടില്ല. അവർ അവിടത്തേക്കു കീഴ്പ്പെട്ടിരിക്കുന്നവരും മനുഷ്യവർഗത്തിന്റെ നന്മയ്ക്കുവേണ്ടി അവിടന്ന് നിയോഗിക്കുന്നവരുമായ ശുശ്രൂഷകാത്മാക്കളാണ്.
4 ദൈവദൂതന്മാരെക്കാൾ പരമോന്നതനായിരിക്കുകയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു.
5 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും,
“നീ എന്റെ പുത്രൻ;
ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു”
എന്നും
“ഞാൻ അവന്റെ പിതാവും
അവൻ എന്റെ പുത്രനും ആയിരിക്കും”
എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ? 6 മാത്രമല്ല,
“സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക”
എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്. 7 ദൂതന്മാരെക്കുറിച്ച് ദൈവം
“തന്റെ ദൂതന്മാരെ കാറ്റുകളായും
സേവകരെ അഗ്നിജ്വാലകളായും മാറ്റുന്നു.”
എന്ന് അരുളിച്ചെയ്തിരിക്കുന്നു. 8 എന്നാൽ പുത്രനെക്കുറിച്ചാകട്ടെ:
“ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും;
അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും.
9 അങ്ങു നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കുന്നു;
അതുകൊണ്ട് ദൈവം, ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്
അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.”
10 മാത്രവുമല്ല,
“കർത്താവേ, ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു.
ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.
11 അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും;
അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും.
12 അങ്ങ് അവയെ ഒരു പുതപ്പുപോലെ ചുരുട്ടും;
വസ്ത്രം മാറുന്നതുപോലെ അവ മാറ്റപ്പെടും.
എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും;
അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.”
13 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും,
“ഞാൻ നിന്റെ ശത്രുക്കളെ
നിന്റെ ചവിട്ടടിയിലാക്കുംവരെ
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”
എന്ന് എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ? 14 ദൂതന്മാരെല്ലാവരും, രക്ഷപ്രാപിക്കുന്നവർക്ക് ശുശ്രൂഷചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന സേവകാത്മാക്കളാണല്ലോ?
സുവിശേഷം ശ്രദ്ധിക്കാൻ ഒരു മുന്നറിയിപ്പ്
മുമ്പത്തെ വാദം പ്രയോഗിച്ചുകൊണ്ട്, ക്രിസ്തുവിന്റെ സുവിശേഷം പരമമായ ശ്രദ്ധയും അനുസരണവും ആവശ്യപ്പെടുന്നുവെന്ന് പൗലോസ് കാണിക്കുന്നു. വിശ്വാസത്തിൽനിന്നു പിന്മാറിയ പുരാതന ഇസ്രായേല്യർക്ക് ലഭിച്ച ശിക്ഷകളിൽനിന്ന്, സുവിശേഷത്തിൽനിന്നു പിന്മാറുന്നവർ കൂടുതൽ കഠിനമായ ശിക്ഷാവിധി നേരിടുമെന്ന് അദ്ദേഹം നിഗമനം ചെയ്യുന്നു. കാരണം സുവിശേഷം രക്ഷയുടെ കൂടുതൽ വലിയ പ്രത്യാശകൾ നൽകി. ആദ്യം ക്രിസ്തുതന്നെ അത് വെളിപ്പെടുത്തി; പിന്നീട് അവിടത്തുനിന്ന് അത് സ്വീകരിച്ച അപ്പൊസ്തലന്മാർ മനുഷ്യവർഗത്തിന് അതു സ്ഥിരീകരിച്ചുകൊടുത്തു. അതേസമയം അത്ഭുതങ്ങളിലൂടെയും തന്റെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളിലൂടെയും ദൈവം അതിന്റെ സത്യത്തിന് സ്വന്തം സാക്ഷ്യം നൽകി. ഈ സാക്ഷ്യം ദൂതന്മാരുടേതിനെക്കാൾ ശ്രേഷ്ഠമാണ്; കാരണം സുവിശേഷം വാഗ്ദാനം ചെയ്യുന്ന വരാനിരിക്കുന്ന ലോകം ദൂതന്മാർക്കല്ല, ക്രിസ്തുവിനാണ് കീഴ്പ്പെടുത്തിയിരിക്കുന്നത്.
1 അതുകൊണ്ട്, നാം കേട്ടിരിക്കുന്ന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധചെലുത്തേണ്ടതാണ്. അല്ലാത്തപക്ഷം നാം അവയിൽനിന്ന് ക്രമേണ വഴുതിപ്പോകും. 2 ദൂതന്മാരിലൂടെ അറിയിക്കപ്പെട്ടസന്ദേശം സുസ്ഥിരമാണ്. അത് ലംഘിക്കുകയും അനുസരണക്കേടു കാണിക്കുകയും ചെയ്യുമ്പോഴെല്ലാം ദൈവം യോഗ്യമായ ശിക്ഷ നൽകിയിട്ടുമുണ്ട്. 3-4 പ്രാരംഭത്തിൽ കർത്താവുതന്നെ നമുക്കു രക്ഷ പ്രഖ്യാപിച്ചുതന്നു. കേട്ടവർ അത് നമുക്ക് ഉറപ്പിച്ചുതന്നു. ദൈവംതന്നെ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും വിവിധ വീര്യ പ്രവൃത്തികളിലൂടെയും അതു സ്ഥിരീകരിച്ചു. മാത്രമല്ല, തിരുഹിതപ്രകാരം പരിശുദ്ധാത്മാവിനെ നൽകിയും അവിടന്ന് രക്ഷ സാക്ഷിച്ചുറപ്പിച്ചുതന്നു. ഇത്രയും മഹത്തായ ഈ രക്ഷ അവഗണിച്ചാൽ ശിക്ഷയിൽനിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയും?
5 നമ്മുടെ ചർച്ചാവിഷയവും ഇനി വരാനിരിക്കുന്നതുമായ ലോകത്തെ, ദൈവം ദൂതന്മാർക്കല്ല അധീനമാക്കിയത്.
ക്രിസ്തു ദൂതന്മാരെക്കാൾ താഴ്ത്തപ്പെട്ടു
ക്രിസ്തുവിന്റെ ദൈവത്വത്തിനെതിരേ യെഹൂദ അധ്യാപകർ ഉന്നയിച്ച എതിർപ്പുകളെ പരാമർശിച്ചുകൊണ്ട്, ദൈവമായിരുന്നവൻ മനുഷ്യനെ സന്ദർശിക്കുകയും സകലതും തനിക്കു കീഴ്പ്പെടേണ്ടതിന് ദൂതന്മാരെക്കാൾ താഴ്ത്തപ്പെടുകയും ചെയ്യുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതായി ദിവ്യവെളിപ്പാടിന്റെ വാക്കുകളിൽനിന്ന് പൗലോസ് തെളിയിക്കുന്നു (സങ്കീർത്തനങ്ങൾ 8:4–6). ഇപ്പോൾ സകലതും അവിടത്തേക്കു കീഴ്പ്പെട്ടിട്ടില്ല; കാരണം ദുഷ്ടരായ മനുഷ്യരും ദൂതന്മാരും ഇനിയും അവിടത്തെ ശക്തിയാൽ കീഴടക്കപ്പെട്ടിട്ടില്ല. എന്നാൽ യേശു മനുഷ്യരൂപത്തിൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിക്കുകയും തേജസ്സും ബഹുമാനവും കിരീടമായി അണിയുകയും ചെയ്തിരിക്കുന്നു; അവിടത്തെ ശക്തി ഒടുവിൽ ജയിക്കുമെന്നതിന് ഇവ മതിയായ തെളിവുകളാണ്.
6 ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു:
“അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,
മനുഷ്യപുത്രനെ കരുതാൻമാത്രം അവൻ എന്തുമാത്രം?
7 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി;
തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.
8 അങ്ങ് സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു.”
സകലതും അവന് അധീനമാക്കിയപ്പോൾ ഒന്നുപോലും അധീനമാക്കാതെ വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലതും അവന് അധീനമായിരിക്കുന്നതായി കാണപ്പെടുന്നില്ല. 9 എന്നാൽ ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം സഹിക്കേണ്ടതിനു യേശു ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തപ്പെട്ടു. അങ്ങനെ മരണം ആസ്വദിച്ചതുകൊണ്ട് അദ്ദേഹത്തെ തേജസ്സിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി നാം കാണുന്നു.
ക്രിസ്തു നമ്മുടെ സ്വഭാവം സ്വീകരിച്ചത് എന്തുകൊണ്ട്
ക്രിസ്തുവിന്റെ മനുഷ്യാവതാരവും മരണവുംകൊണ്ട് ഉണ്ടായ പ്രയോജനങ്ങൾ പൗലോസ് കാണിക്കുന്നു. മനുഷ്യന്റെ വീണ്ടെടുപ്പിനായി ദൈവം നിശ്ചയിച്ച മാർഗമായിരുന്നു അത്; വിശുദ്ധീകരിക്കുന്നവൻ, അഥവാ പ്രായശ്ചിത്തം ചെയ്യുന്നവൻ, വിശുദ്ധീകരിക്കപ്പെടുന്നവർ എന്നിവർ ഒരേ സ്വഭാവമുള്ളവരാകേണ്ടതിനായിരുന്നു ഇത്. ഇക്കാരണത്താൽ, ദാവീദ് മുൻകൂട്ടിപ്പറഞ്ഞതുപോലെ (സങ്കീർത്തനങ്ങൾ 22:22, 26), അവരെ സഹോദരന്മാർ എന്നു വിളിക്കാൻ അവിടന്ന് ലജ്ജിക്കുന്നില്ല. യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞതുപോലെ (യെശയ്യാവ് 8:18), അവിടത്തെ മനുഷ്യാവതാരത്തിലൂടെ അവിടത്തെ സഹോദരന്മാർ അതേ സ്വർഗീയപിതാവുമായി ഒരു പുതിയ ബന്ധത്തിലേക്കു കൊണ്ടുവരപ്പെടുന്നു. ക്രിസ്തു രക്ഷിക്കാനിരുന്ന മക്കൾ മർത്യരായിരുന്നതിനാൽ, അവർക്കുവേണ്ടി മരിക്കാനിരുന്ന ക്രിസ്തുവിനും അതേ സ്വഭാവത്തിൽ പങ്കുചേരേണ്ടിവന്നു. അവരുടെ പ്രതിനിധിയെന്ന നിലയിൽ, മനുഷ്യവർഗത്തിനുമുഴുവൻ പാപവും മരണവും വരുത്താൻ അധികാരമുണ്ടായിരുന്ന പിശാചിനെ പരാജയപ്പെടുത്തുകയും അവന്റെ അടിമത്തത്തിൽനിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യേണ്ടിയിരുന്നു. കാരണം ദൂതന്മാരെ വീണ്ടെടുക്കാൻ അവിടന്ന് അവരെ പിടിച്ചുയർത്തിയില്ല; മറിച്ച് അബ്രാഹാമിന്റെ സന്തതിയെ നാശത്തിൽനിന്നു രക്ഷിക്കുകയാണ് ചെയ്തത്. ദൈവത്തിന്റെ നിയമങ്ങൾ, ആരാധന, നീതി, കരുണ എന്നിവ നിലനിർത്തിക്കൊണ്ട് ദൈവികകാര്യങ്ങളിൽ വിശ്വസ്തനായ മഹാപുരോഹിതനാകാനും അതേസമയം മനുഷ്യർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനും ക്രിസ്തു തന്റെ സഹോദരന്മാരെപ്പോലെ ആകുന്നത് ഉചിതമായിരുന്നു. അവിടന്ന് അവരെ പാപത്തിന്റെ തിന്മയിൽനിന്നും ശക്തിയിൽനിന്നും മോചിപ്പിക്കുകയും തന്റെ രക്തത്തിലൂടെ അവർക്കായി സ്വർഗീയാവകാശം നേടുകയും ചെയ്യുന്നു. മനുഷ്യസ്വഭാവത്തിന്റെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും സ്വയം സഹിച്ചതിനാൽ, പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാനും അതിന്റെ ബലഹീനതകളും അപൂർണതകളും വിലയിരുത്താനും അവിടത്തേക്ക് കൂടുതൽ കഴിവുണ്ട്. അവിടത്തെ മനുഷ്യാവതാരവും മരണവും പ്രവാചകന്മാരെക്കാളോ ദൂതന്മാരെക്കാളോ അവിടന്ന് താഴ്ന്നവനാണെന്നതിന് തെളിവല്ല എന്നതാണ് നിഗമനം: തന്റെ ദൈവത്വത്തിന് യാതൊരു നഷ്ടവും വരാതെ, മനുഷ്യന്റെ വീണ്ടെടുപ്പിനായി അവിടന്ന് മനുഷ്യസ്വഭാവം സ്വീകരിച്ചു.
10 സകലത്തിന്റെയും ഉത്ഭവവും സകലത്തിന്റെയും ലക്ഷ്യവുമായ ദൈവം അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കാൻ തീരുമാനിച്ചു. അപ്പോൾ അവരുടെ രക്ഷാമാർഗം തെളിച്ച യേശുവിനെ കഷ്ടാനുഭവങ്ങളിലൂടെ സമ്പൂർണനാക്കുന്നത് ആവശ്യമായിവന്നു. 11 വിശുദ്ധീകരിക്കുന്ന യേശുവും വിശുദ്ധീകരിക്കപ്പെടുന്നവരും ഒരേ പിതാവിന്റെ മക്കളാണ്; ഇക്കാരണത്താൽ യേശു അവരെ സഹോദരങ്ങൾ എന്നു വിളിക്കാൻ ലജ്ജിക്കുന്നില്ല.
12 “കർത്താവിന്റെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും;
സഭയുടെമുമ്പാകെ ഞാൻ അങ്ങേക്കു സ്തുതിപാടും”
എന്നും
13 “എന്റെ ആശ്രയം ഞാൻ കർത്താവിൽത്തന്നെ അർപ്പിക്കും.”
“ഇതാ ഞാനും ദൈവം എനിക്കു നൽകിയ മക്കളും,”
എന്നിങ്ങനെയും അവിടന്നു പ്രസ്താവിച്ചിരിക്കുന്നു.
14 മക്കൾ മാനുഷശരീരമുള്ളവർ ആകയാൽ അദ്ദേഹവും മാനുഷശരീരമുള്ളവനായി, മരണത്തിന്റെ അധികാരിയായ പിശാചിനെ അവിടന്ന് തന്റെ മരണത്താൽ നിർവീര്യനാക്കി, 15 ജീവപര്യന്തം മരണഭയത്തിന് അടിമകളായിരുന്നവരെ സ്വതന്ത്രരാക്കി. 16 തീർച്ചയായും, ദൂതന്മാരെയല്ല; മറിച്ച് അബ്രാഹാമിന്റെ മക്കളെ സഹായിക്കാനാണ് അവിടന്നു വന്നത്. 17 അങ്ങനെ എല്ലാവിധത്തിലും തന്റെ സഹോദരങ്ങളോട് സദൃശനായി ദൈവത്തിനുമുമ്പാകെ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി അവിടന്ന് തീരേണ്ടത് അനിവാര്യമായിരുന്നു. ഇത് യേശു ജനത്തിന്റെ പാപങ്ങളുടെ നിവാരണയാഗമായിത്തീരേണ്ടതിനാണ്. 18 അവിടന്ന് പ്രലോഭിതനായി കഷ്ടമനുഭവിച്ചതിനാൽ, പ്രലോഭിക്കപ്പെടുന്നവരെ സഹായിക്കാൻ ശക്തനുമാണ്.
ക്രിസ്തു മോശയെക്കാൾ ശ്രേഷ്ഠൻ
ക്രിസ്തു ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണെന്ന് തെളിയിച്ചശേഷം, പുതിയ ഉടമ്പടിയുടെ അപ്പൊസ്തലനും മഹാപുരോഹിതനുമെന്ന നിലയിൽ അവിടന്ന് പഴയ ഉടമ്പടിയുടെ അപ്പൊസ്തലന്മാരും മഹാപുരോഹിതന്മാരുമായ മോശയെക്കാളും അഹരോനെക്കാളും ശ്രേഷ്ഠനാണെന്ന് പൗലോസ് ഇപ്പോൾ കാണിക്കുന്നു. അധ്യാപകനും നിയമദാതാവും പ്രവാചകനുമെന്ന നിലയിൽ, പുരാതന ഇസ്രായേല്യരായ ദൈവത്തിന്റെ ഭവനത്തിന്മേൽ മോശ വിശ്വസ്തനായിരുന്നു (സംഖ്യാപുസ്തകം 12:7). പ്രതിരൂപങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും അദ്ദേഹം യേശുക്രിസ്തുവിനും അവിടത്തെ സുവിശേഷത്തിനും സാക്ഷ്യം നൽകി. മോശയെക്കാൾ കൂടുതൽ മഹത്ത്വം ക്രിസ്തു അർഹിക്കുന്നു; കാരണം മോശ ഒരു ദാസൻ മാത്രമായിരുന്ന ഭവനത്തിന്റെ കർത്താവും നിർമാതാവും അവിടന്നായിരുന്നു. അനുസരണമുള്ള യെഹൂദർ മോശയുടെ ശിഷ്യരും ഭവനവും ആയിരുന്നതുപോലെ, ക്രിസ്ത്യാനികൾ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിലനിൽക്കുന്നെങ്കിൽ ഇപ്പോൾ അവിടത്തെ ഭവനവും കുടുംബവുമാണ്.
1 അതുകൊണ്ട്, സ്വർഗീയവിളിക്ക് ഓഹരിക്കാരായ വിശുദ്ധസഹോദരങ്ങളേ, നമ്മുടെ അപ്പൊസ്തലനും മഹാപുരോഹിതനുമായി നാം ഏറ്റുപറഞ്ഞിരിക്കുന്ന യേശുവിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. 2 മോശ ദൈവഭവനത്തിൽ പരിപൂർണവിശ്വസ്തത പുലർത്തിയതുപോലെ, യേശുവും തന്നെ നിയോഗിച്ച ദൈവത്തോട് വിശ്വസ്തത പുലർത്തി. 3 വീടുനിർമിച്ചവനു വീടിനെക്കാൾ അധികം ബഹുമാനം ഉള്ളതുപോലെ യേശു മോശയെക്കാൾ അധികം ആദരവിന് അർഹനായിത്തീർന്നു. 4 ഏതു ഭവനത്തിനും ഒരു നിർമാതാവു വേണം; ദൈവമാണ് സകലത്തിന്റെയും നിർമാതാവ്. 5 ദൈവം ഭാവിയിൽ അരുളിച്ചെയ്യാനിരുന്നതിനു സാക്ഷ്യംവഹിക്കുന്നവനായി “മോശ ദൈവഭവനത്തിൽ ഒരു ഭൃത്യന്റെ സ്ഥാനത്ത് എല്ലാറ്റിലും വിശ്വസ്തനായിരുന്നു.” 6 ക്രിസ്തുവോ, സ്വഭവനത്തിന്മേൽ അധികാരമുള്ള പുത്രനാണ്. നാം പ്രത്യാശയുടെ ധൈര്യവും അഭിമാനവും മുറുകെപ്പിടിക്കുമെങ്കിൽ, നാംതന്നെയാണ് ദൈവഭവനം.
അവിശ്വാസമുള്ള ഹൃദയത്തെ സൂക്ഷിക്കുക
ദാവീദ് തന്റെ കാലത്തെ യെഹൂദരോടു പറഞ്ഞ പരിശുദ്ധാത്മാവിന്റെ വാക്കുകൾ ഉപയോഗിച്ച് പൗലോസ് ഈ വാദം എബ്രായർക്ക് പ്രയോഗിക്കുന്നു (സങ്കീർത്തനങ്ങൾ 95:7–11). ക്രിസ്തുവിന്റെ സുവിശേഷത്തിൽനിന്നു പിന്മാറാൻ ഇടയാക്കുന്ന അവിശ്വാസത്തിന്റെ ദുഷ്ടഹൃദയം അവർക്കും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം തുടർന്ന് അവരെ പ്രബോധിപ്പിക്കുന്നു. കനാനെക്കാൾ ഈജിപ്റ്റിനെയും ദൈവസേവനത്തെക്കാൾ ലോകത്തിന്റെ അടിമത്തത്തെയും അവർ ഇഷ്ടപ്പെടാതിരിക്കേണ്ടതിന്, പാപത്തിന്റെ വഞ്ചനയ്ക്കെതിരേ അവർ പരസ്പരം പ്രോത്സാഹിപ്പിക്കണം (സംഖ്യാപുസ്തകം 14:3, 4). വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവർക്കു മാത്രമേ സുവിശേഷത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കുചേരാനാകൂ. അവർ സ്ഥിരതയോടെ നിലനിൽക്കുകയും ഉടനെ ശ്രദ്ധിക്കുകയും വേണമെന്ന് പരിശുദ്ധാത്മാവിന്റെ വചനത്തിൽനിന്ന് അദ്ദേഹം കാണിക്കുന്നു: പുരാതന ഇസ്രായേല്യരെ വിശ്രമത്തിൽ പ്രവേശിക്കാൻ വിളിച്ചതുപോലെ (സംഖ്യാപുസ്തകം 13:26; 14:1–31), പരിശുദ്ധാത്മാവ് ഇപ്പോൾ സുവിശേഷത്തിലൂടെ അവരെ വിളിക്കുന്നു. ഇപ്പോഴെന്നപോലെ അന്നും വിശ്വസിച്ച ഒരു ശേഷിപ്പ് ഉണ്ടായിരുന്നു; അവർക്കു ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിറവേറി. ദൈവത്തിന്റെ ശക്തി ആവർത്തിച്ച് പ്രകടമായിട്ടും അനുസരിക്കാതെയും വിശ്വസിക്കാതെയും ഇരുന്നവർ, അവരുടെ അവിശ്വാസം നിമിത്തം, ഒരു ശപഥത്താൽ കനാനിലെ വാഗ്ദത്തവിശ്രമത്തിൽനിന്ന് ഒഴിവാക്കപ്പെടുകയും (യോശുവ 5:6) മരുഭൂമിയിൽ മരിക്കുകയും ചെയ്തു (സംഖ്യാപുസ്തകം 14:29). അബ്രാഹാമിന്റെ സ്വാഭാവിക സന്തതികൾ വിശ്വാസത്തിലൂടെ മാത്രമാണ് അദ്ദേഹത്തിന്റെ ഉടമ്പടിയുടെ അവകാശികളായിരുന്നതെന്ന് പൗലോസ് ഇവിടെ സൂചിപ്പിക്കുന്നു.
7 അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നത്:
“ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ,
8 മരുഭൂമിയിലെ പരീക്ഷാനാളുകളിൽ,
ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി,
എന്നോടു മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്.
9 അവിടെ നാൽപ്പതുവർഷം എന്റെ പ്രവൃത്തികൾ കണ്ടവരായിരുന്നിട്ടുകൂടി,
നിങ്ങളുടെ പൂർവികർ എന്റെ ക്ഷമ പരീക്ഷിച്ചു.
10 അതുകൊണ്ട് ആ തലമുറയോട് എനിക്കു കോപമുണ്ടായി;
‘എപ്പോഴും എന്നിൽനിന്നകന്നുപോകുന്ന പ്രവണതയോടുകൂടിയ ഹൃദയമുള്ളവർ,
എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു.
11 ‘അതുകൊണ്ട് അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’
എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.”
12 സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്. 13 പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക. 14 നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം ആദ്യന്തം സുസ്ഥിരതയോടെ പിൻതുടർന്നാൽമാത്രമേ നിങ്ങളും ക്രിസ്തുവിന്റെ മിത്രങ്ങളായി തുടരുകയുള്ളു.
15 “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ, മരുഭൂമിയിലെ പരീക്ഷാനാളുകളിൽ,
ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി,
എന്നോടു മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്,”
എന്നു പ്രസ്താവിക്കുമ്പോൾ,
16 ആരാണ് ഈ “കേട്ടു മത്സരിച്ചവർ?” ഈജിപ്റ്റിൽനിന്ന് മോശ സ്വതന്ത്രരാക്കിയ എല്ലാവരുമല്ലയോ? 17 നാൽപ്പതുവർഷം അവിടന്നു കോപിച്ചത് ആരോടായിരുന്നു? പാപംചെയ്തവരോടല്ലയോ? അവരുടെ ശരീരങ്ങളല്ലേ മരുഭൂമിയിൽ വീണുപോയത്. 18 അവർ അവിടത്തെ സ്വസ്ഥതയിൽ ഒരുനാളും പ്രവേശിക്കുകയില്ലെന്നു ദൈവം ശപഥംചെയ്തത്, അനുസരണയില്ലാത്ത ഇവരോടല്ലാതെ മറ്റാരോടാണ്? 19 ഇങ്ങനെ അവരുടെ അവിശ്വാസംനിമിത്തം അവർക്കു സ്വസ്ഥതയിൽ പ്രവേശിക്കാൻ സാധിച്ചില്ല എന്നു നാം കാണുന്നു.