അപ്പൊസ്തലനെന്ന നിലയിലുള്ള തന്റെ അവകാശങ്ങളെ പൗലോസ് ന്യായീകരിക്കുന്നു
അവർതന്നെ വിഗ്രഹാരാധനയിൽനിന്ന് വിശ്വാസത്തിലേക്കു വന്നതും താൻ അവർക്കു നൽകിയ ആത്മികവരങ്ങളും ചൂണ്ടിക്കാട്ടി പൗലോസ് ഇവിടെ തന്റെ അപ്പൊസ്തലത്വത്തെ ന്യായീകരിക്കുന്നു. തന്റേതിന് തികച്ചും വിരുദ്ധമായ കാഴ്ചപ്പാടുകളും പെരുമാറ്റവും ഉണ്ടായിരുന്ന ശത്രുക്കൾ അപ്പൊസ്തലനെന്ന നിലയിലുള്ള തന്റെ സ്വഭാവത്തിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് അദ്ദേഹം മറുപടി നൽകുന്നു. കൊരിന്ത്യരിൽനിന്ന് ഉപജീവനസഹായം സ്വീകരിക്കാൻ താൻ വിസമ്മതിച്ചെങ്കിലും, മറ്റ് അപ്പൊസ്തലന്മാരെപ്പോലെ തനിക്കും തന്റെ സഹോദരിക്കോ ഭാര്യയ്ക്കോ വേണ്ടി അത് ആവശ്യപ്പെടാൻ തനിക്ക് പൂർണ അവകാശമുണ്ടായിരുന്നെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. മനുഷ്യരുടെ പൊതുവായ പതിവ്, മോശയുടെ ന്യായപ്രമാണം, ക്രിസ്തുവിന്റെ വ്യക്തമായ കൽപ്പന എന്നിവയുടെ അടിസ്ഥാനത്തിൽ ഉപജീവനസഹായം ലഭിക്കാനുള്ള തന്റെ അവകാശത്തെ അദ്ദേഹം ന്യായീകരിക്കുന്നു.
ക്രി.പി. 57
Biblica® Open Malayalam Contemporary Version™ (OMCV)
1 ഞാൻ സ്വതന്ത്രനല്ലേ? ഞാൻ ഒരു അപ്പൊസ്തലനല്ലേ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? ക്രിസ്തുവിലുള്ള എന്റെ അധ്വാനത്തിന്റെ ഫലമല്ലേ നിങ്ങൾ? 2 ഞാൻ മറ്റുള്ളവർക്ക് ഒരു അപ്പൊസ്തലൻ അല്ലെങ്കിൽപോലും നിങ്ങൾക്ക് ഞാൻ അപ്പൊസ്തലൻതന്നെ. കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളാണ്.
3 എന്നെ ചോദ്യംചെയ്യുന്നവരോട് എനിക്കുള്ള പ്രതിവാദം ഇതാണ്: 4 നിങ്ങളുടെ ഭക്ഷണപാനീയങ്ങളിൽ ഒരോഹരിക്ക് ഞങ്ങൾക്കും അവകാശമില്ലേ? 5 മറ്റ് അപ്പൊസ്തലന്മാരെയും കർത്താവിന്റെ സഹോദരന്മാരെയും എന്തിന് കേഫാവിനെയുംപോലെ വിശ്വാസിനിയായ ഒരു ഭാര്യയുമൊത്ത് സഞ്ചരിക്കാൻ ഞങ്ങൾക്കും അവകാശമില്ലേ? 6 തൊഴിൽ ചെയ്യാതെ ഉപജീവനം കഴിയാൻ എനിക്കും ബർന്നബാസിനുംമാത്രം അവകാശമില്ലെന്നോ?
7 ആരാണ് സ്വന്തം ചെലവിൽ സൈനികസേവനം ചെയ്യുന്നത്? മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചിട്ട് അതിലെ മുന്തിരിപ്പഴം തിന്നാത്തവർ ആരുണ്ട്? ആട്ടിൻപറ്റത്തെ പാലിച്ചിട്ട് അതിന്റെ പാൽ കുടിക്കാത്തവരും ആരുണ്ട്? 8 കേവലം മാനുഷികമായ വീക്ഷണത്തിലൂടെയോ ഞാൻ ഇതു പറയുന്നത്? ന്യായപ്രമാണത്തിലും ഇതേകാര്യം പ്രസ്താവിച്ചിട്ടില്ലേ? 9 “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നു മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നല്ലോ. കാളകളെക്കുറിച്ചുമാത്രമാണോ ദൈവത്തിനു കരുതലുള്ളത്? 10 വാസ്തവത്തിൽ നമ്മെ ഉദ്ദേശിച്ചല്ലേ അവിടന്ന് ഇത് അരുളിച്ചെയ്തിരിക്കുന്നത്? അതേ, നമുക്കുവേണ്ടിത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. കാരണം, ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുമ്പോൾ അവരുടെ അധ്വാനഫലമായി, വിളവിന്റെ ഓഹരി അവർക്കും ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ലല്ലോ. 11 ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആത്മികമായ വിത്തു വിതച്ചിട്ട്, നിങ്ങളിൽനിന്ന് ഭൗതികമായ ഒരു വിളവെടുപ്പു നടത്തിയാൽ അത് അധികമായിപ്പോകുമോ? 12 നിങ്ങളിൽനിന്ന് ഭൗതികസഹായം ലഭിക്കാൻ മറ്റുള്ളവർക്ക് അവകാശം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അത് എത്രയോ അധികം!
എങ്കിലും ഞങ്ങൾ ഈ അവകാശം ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പ്രസരണത്തിനു തടസ്സം വരാതിരിക്കാനായി ഞങ്ങൾ എല്ലാം സഹിക്കുന്നു.
13 ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കു ദൈവാലയത്തിൽനിന്നുതന്നെ ഭക്ഷണം ലഭിക്കുന്നെന്നും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്കു വഴിപാടിന്റെ വിഹിതംകിട്ടുന്നെന്നും നിങ്ങൾക്കറിയാമല്ലോ? 14 അതുപോലെതന്നെ, സുവിശേഷം പ്രസംഗിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണമെന്നു കർത്താവ് കൽപ്പിച്ചിരിക്കുന്നു.
ഉപജീവനസഹായത്തിനുള്ള തന്റെ അവകാശം പൗലോസ് ഉപേക്ഷിക്കുന്നു
കൊരിന്തിലെ ക്രൈസ്തവസഭയിൽനിന്ന് ഉപജീവനം സ്വീകരിക്കാനുള്ള തന്റെ അവകാശം ഉന്നയിക്കാത്തതിന്റെ കാരണങ്ങൾ പൗലോസ് വ്യക്തമാക്കുന്നു: അവരെ ഭാരപ്പെടുത്തുന്നതിലൂടെ സുവിശേഷത്തിന്റെ വിജയം കുറഞ്ഞുപോകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. തന്റെ ശുശ്രൂഷയിൽ മികവുപുലർത്താനുള്ള തന്റെ വലിയ ആഗ്രഹം അദ്ദേഹം പ്രഖ്യാപിക്കുന്നു. ചെയ്യാതിരിക്കാൻ കഴിയാത്ത കടമയായ പ്രസംഗത്തിൽ തൃപ്തനായി, എല്ലാത്തരം ആളുകളെയും ക്രിസ്തുവിനായി നേടേണ്ടതിന് അവരുടെ ബലഹീനതകളിലേക്കും മുൻവിധികളിലേക്കും താൻ എങ്ങനെ താഴുന്നുവെന്ന് അദ്ദേഹം കാണിക്കുന്നു. നശ്വരമായ ഒരു കിരീടംമാത്രം നേടാൻ പ്രതീക്ഷിക്കുന്ന അവരുടെ സ്വന്തം നാട്ടുകാരുടെ ഒരു ആചാരം ചൂണ്ടിക്കാണിച്ചുകൊണ്ട്, കഷ്ടതകൾക്കും അനാവശ്യമായ അധ്വാനങ്ങൾക്കും താൻ സ്വയം വിധേയനാകുന്നതു ശരിയാണെന്ന് വാക്യം 24 മുതൽ പൗലോസ് കാണിക്കുന്നു. അനശ്വരമായ ഒരു കിരീടത്തിന്റെ ഉറപ്പുള്ള പ്രത്യാശയാൽ പ്രോത്സാഹിതരായി തന്റെ മാതൃക പിന്തുടരാൻ മാനസാന്തരപ്പെട്ട എല്ലാവരെയും അദ്ദേഹം ക്ഷണിക്കുന്നു. നിരന്തരമായ ആത്മത്യാഗത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ജീവിതത്തിന് അവർ പ്രബോധിപ്പിക്കപ്പെടുന്നു.
15 എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല. ആ കാര്യങ്ങൾ നിങ്ങൾ എനിക്കു ചെയ്തു തരണമെന്ന് ആശിച്ചുകൊണ്ടുമല്ല ഞാൻ ഇത് എഴുതുന്നത്. എനിക്ക് ഇങ്ങനെ അഭിമാനിക്കാനുള്ള അവകാശം ആരെങ്കിലും എന്നിൽനിന്ന് കവർന്നെടുക്കുന്നതിനെക്കാൾ, എനിക്കു മരണം സംഭവിക്കുന്നതാണ് കൂടുതൽ അഭികാമ്യം. 16 എങ്കിലും, സുവിശേഷം അറിയിക്കുന്നതിൽ എനിക്ക് ആത്മപ്രശംസയ്ക്ക് അതൊരു കാരണമല്ല; ഞാൻ അതിനു കടപ്പെട്ടവനാണ്. സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം! 17 ഞാൻ സ്വമേധയാ ആണ് അതു ചെയ്യുന്നതെങ്കിൽ, എനിക്കു പ്രതിഫലം ലഭിക്കും; സ്വമേധയാ അല്ലെങ്കിൽപോലും, ഞാൻ സുവിശേഷം അറിയിക്കുന്നത് ദൈവം എന്നെ ഏൽപ്പിച്ച കർത്തവ്യനിർവഹണംമാത്രമാണ്. 18 അപ്പോൾ എനിക്കുള്ള പ്രതിഫലം എന്താണ്? സുവിശേഷം എനിക്കു നൽകുന്ന അവകാശം മുഴുവൻ ഉപയോഗിക്കാതെ സുവിശേഷഘോഷണം ഒരു യാഗാർപ്പണംപോലെ സൗജന്യമായി ചെയ്യാൻ എനിക്കു കഴിയുന്നു എന്നതുതന്നെ.
19 ഞാൻ ആർക്കും അധീനൻ അല്ലെങ്കിലും പരമാവധിപേരെ ക്രിസ്തുവിലേക്കു നേടേണ്ടതിന് ഞാൻ എല്ലാവർക്കും എന്നെത്തന്നെ അധീനനാക്കിയിരിക്കുന്നു. 20 യെഹൂദരെ നേടാൻ, യെഹൂദർക്കു ഞാൻ യെഹൂദനെപ്പോലെയായി. ഞാൻ ന്യായപ്രമാണത്തിന് അധീനൻ അല്ലെങ്കിൽപോലും ന്യായപ്രമാണത്തിന് അധിനരായവരെ നേടാൻ ഞാനും അവരിൽ ഒരാളെപ്പോലെയായി. 21 ന്യായപ്രമാണമില്ലാത്തവരെ നേടാൻ ഞാൻ അവർക്കു ന്യായപ്രമാണം ഇല്ലാത്തവനെപ്പോലെയായി. ഞാൻ ക്രിസ്തുവിന്റെ പ്രമാണത്തിനു വിധേയനായിരിക്കുന്നതുകൊണ്ട് വാസ്തവത്തിൽ ദൈവത്തിന്റെ ന്യായപ്രമാണത്തിൽനിന്ന് സ്വതന്ത്രനല്ലതാനും. 22 അശക്തരെ നേടാൻ ഞാൻ അവർക്കുവേണ്ടി അശക്തനായി. ഏതുവിധത്തിലും ചിലരെ രക്ഷയിലേക്ക് നയിക്കാനായി ഞാൻ എല്ലാവർക്കുംവേണ്ടി എല്ലാം ആയിത്തീർന്നു. 23 സുവിശേഷത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കാളിയാകാൻ സുവിശേഷത്തിനുവേണ്ടി ഞാൻ ഇതെല്ലാം ചെയ്യുന്നു.
24 മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും ഒരാൾക്കുമാത്രമേ സമ്മാനം ലഭിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ? നിങ്ങളും സമ്മാനം നേടണമെന്ന ലക്ഷ്യത്തോടെ ഓടുക. 25 കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും കർശന നിയന്ത്രണത്തിലൂടെ പരിശീലനം നേടുന്നു. വാടിപ്പോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ് അവർ അതു ചെയ്യുന്നത്; നാമോ വാടിപ്പോകാത്ത കിരീടത്തിനുവേണ്ടിയും. 26 അതുകൊണ്ടാണ് എന്റെ ഓട്ടം ലക്ഷ്യമില്ലാത്ത ആളിന്റെ ഓട്ടംപോലെ അല്ലാത്തത്. മുന്നിൽ എതിരാളിയില്ലാതെ മല്ലയുദ്ധംചെയ്യുന്ന ഒരാളെപ്പോലെയല്ല ഞാൻ യുദ്ധംചെയ്യുന്നത്. 27 മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഏതെങ്കിലുംരീതിയിൽ ഞാൻ അയോഗ്യനായിപ്പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ കഷ്ടതയിലൂടെ കടത്തിവിട്ട് നിയന്ത്രണവിധേയമാക്കുന്നു.
ഇസ്രായേലിന്റെ ഉദാഹരണം കൊരിന്ത്യർക്കു മുന്നറിയിപ്പു നൽകുന്നു
പണ്ടത്തെ ഇസ്രായേല്യരുടെ പെരുമാറ്റത്തിൽനിന്ന്, ദൈവത്തിന്റെ പ്രിയജനം തങ്ങളുടെ ക്രമക്കേടുകൾക്കും വിഗ്രഹാരാധനയ്ക്കും ഇത്ര കഠിനമായി ശിക്ഷിക്കപ്പെട്ടതുപോലെ, അതേ പാപങ്ങളിലും സുഖഭോഗങ്ങളിലും മുഴുകുന്ന സുവിശേഷത്തിൻകീഴിലുള്ള ക്രിസ്ത്യാനികളും ന്യായപ്രമാണത്തിൻകീഴിലുള്ള ഇസ്രായേല്യരെപ്പോലെതന്നെ നിശ്ചയമായും ശിക്ഷിക്കപ്പെടുമെന്ന് കൊരിന്ത്യരെ ബോധ്യപ്പെടുത്താൻ പൗലോസ് ആഗ്രഹിക്കുന്നു. ഈ ദൃഷ്ടാന്തങ്ങളിൽനിന്ന് അതേ കുറ്റങ്ങൾ ഒഴിവാക്കാൻ അദ്ദേഹം അവർക്കു മുന്നറിയിപ്പുനൽകുന്നു. ക്രൈസ്തവസഭയിലെ അംഗങ്ങൾ എന്ന നിലയിൽ തങ്ങളിൽത്തന്നെ അമിതമായി ആശ്രയിക്കാതെ, തങ്ങളും പാപത്തിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അവർക്കു മുന്നറിയിപ്പുനൽകുന്നു.
1 സഹോദരങ്ങളേ, നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻ കീഴിലായിരുന്നതെക്കുറിച്ചും അവരെല്ലാവരും സമുദ്രത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും നിങ്ങൾ അജ്ഞരായിരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. 2 അവരെല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനമേറ്റു മോശയോടു ചേർന്നു. 3 എല്ലാവരും ഒരേ ആത്മികഭോജനം കഴിക്കുകയും 4 ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു. തങ്ങളെ അനുഗമിച്ച ആത്മികശിലയിൽനിന്നാണ് അവർ പാനംചെയ്തത്; ക്രിസ്തു ആയിരുന്നു ആ ശില. 5 എന്നാൽ അവരിൽ അധികംപേരിലും ദൈവം സന്തുഷ്ടനായില്ല; അവരുടെ മൃതശരീരങ്ങൾ മരുഭൂമിയിൽ ചിതറിക്കിടന്നു.
6 അവരെപ്പോലെ നാമും ദുഷിച്ചകാര്യങ്ങളിൽ ആമഗ്നരാകാതിരിക്കേണ്ടതിന് അവർക്കു സംഭവിച്ച കാര്യങ്ങൾ നമുക്കൊരു മുന്നറിയിപ്പായിത്തീർന്നിരിക്കുന്നു. 7 അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധകരാകരുത്. “ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു, വിളയാടാൻ എഴുന്നേറ്റു” എന്നെഴുതിയിരിക്കുന്നല്ലോ. 8 നാം അവരിൽ ചിലരെപ്പോലെ അസാന്മാർഗികളാകരുത്; വ്യഭിചാരംനിമിത്തം അവരിൽ 23,000 പേർ ഒരൊറ്റ ദിവസംകൊണ്ടു മരിച്ചുപോയി. 9 അവരിൽ മറ്റുചിലർ ചെയ്തതുപോലെ നാം ക്രിസ്തുവിനെ പരീക്ഷിക്കരുത്; അവർ സർപ്പദംശനമേറ്റ് മരിച്ചല്ലോ. 10 അവരിൽ വേറെചിലർ ചെയ്തതുപോലെ നാം മുറുമുറുക്കുന്നവരും ആകരുത്; അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞല്ലോ.
11 ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു. 12 അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ.
കൊരിന്ത്യർ വിഗ്രഹാരാധന വിട്ടൊഴിയണം
മറ്റുള്ളവർ നേരിടുന്ന അതേ പ്രലോഭനങ്ങൾ മാത്രം നേരിടുന്ന കൊരിന്ത്യരോട് വിഗ്രഹാരാധനയിൽനിന്നും വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ ഭക്ഷിക്കുന്നതിൽനിന്നും വിട്ടുനിൽക്കാൻ ഉപദേശിക്കുന്നു. അവർ ആരുടെ ബലികൾ ഭക്ഷിക്കുകയും ആരോടു ചേരുകയും ചെയ്തുവോ, ആ ഭൂതങ്ങൾക്കുള്ള ബാഹ്യമായ ആരാധനയായിരുന്നു അത്തരമൊരു പ്രവൃത്തിയെന്ന് നമ്മുടെ സ്വന്തം കർത്തൃമേശയിലെ കൂട്ടായ്മയിൽനിന്നും ആചാരനിയമത്തിൽനിന്നും പൗലോസ് തെളിയിക്കുന്നു. സത്യദൈവത്തിന്റെ ആരാധനയും വിഗ്രഹാരാധനയും ഒരുമിച്ചു പോകുകയില്ല; അത് ക്രിസ്തുവിനെ അപമാനിക്കുന്നു.
13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.
14 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, വിഗ്രഹാരാധന വിട്ട് പലായനംചെയ്യുക, 15 ഞാൻ സംസാരിക്കുന്നത് വിവേകശാലികളോടാണല്ലോ; ഞാൻ പറയുന്നത് ഒന്നു ഗ്രഹിക്കാൻ ശ്രമിക്കുക: 16 നാം സ്തോത്രാർപ്പണം ചെയ്യുന്ന പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള കൂട്ടായ്മ അല്ലേ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള നമ്മുടെ കൂട്ടായ്മ അല്ലേ? 17 അപ്പം ഒന്നേയുള്ളൂ; പലരായ നാം ഒരു ശരീരമാകുന്നതുകൊണ്ട് ഒരേ അപ്പത്തിൽ പങ്കാളികളാകുന്നു.
18 ഇസ്രായേൽജനതയെക്കുറിച്ചു ചിന്തിച്ചുനോക്കുക: യാഗാർപ്പണംചെയ്ത ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവർ ആ യാഗപീഠത്തിന്റെ പങ്കാളികൾ ആകുകയല്ലേ? 19-20 എന്നാൽ യെഹൂദേതരരുടെ ബലികൾ ദൈവത്തിനല്ല ഭൂതങ്ങൾക്ക് അർപ്പിക്കപ്പെട്ടവയാണ്. നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഗ്രഹത്തിന് അർപ്പിച്ച ബലിക്കോ വിഗ്രഹത്തിനോ എന്തെങ്കിലും മഹത്ത്വമുണ്ടെന്നാണോ ഞാൻ അർഥമാക്കുന്നത്? ഒരിക്കലുമല്ല. 21 നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഒപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാനും പാടില്ല. 22 നാം കർത്താവിനു രോഷം ജ്വലിപ്പിക്കാൻ ശ്രമിക്കുന്നോ? നാം അവിടത്തെക്കാൾ ശക്തരോ?