ഭാഗം 2: ദൈവാലയത്തിന്റെ പ്രതിഷ്ഠമുതൽ ഹാമാന്റെ മരണംവരെ
രണ്ടാമത്തെ ദൈവാലയത്തിന്റെ പ്രതിഷ്ഠമുതൽ ഹാമാന്റെ മരണംവരെ.
അഹശ്വേരോശിന്റെ ഭരണകാലത്ത് യെഹൂദർക്കെതിരായ എതിർപ്പ്
ക്രി.മു. 486
Biblica® Open Malayalam Contemporary Version™ (OMCV)
6 അഹശ്വേരോശിന്റെ ഭരണത്തിന്റെ ആരംഭത്തിൽ അവർ യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികൾക്കെതിരേ ഒരു പരാതി നൽകി.
അർഥഹ്ശഷ്ടാവിന്റെ ഭരണകാലത്ത് യെഹൂദർക്കെതിരായ എതിർപ്പ് ക്രി.മു. 464
അർഥഹ്ശഷ്ടാവ് ലോംഗിമാനസിന്റെ ഭരണകാലത്ത് യെഹൂദർക്കെതിരായ എതിർപ്പ്.
7 പാർസിരാജാവായ അർഥഹ്ശഷ്ടാവിന്റെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ എന്നിവരും അവരുടെ മറ്റു കൂട്ടാളികളും ചേർന്ന് അർഥഹ്ശഷ്ടാവിന് ഒരു കത്ത് അയച്ചു. അരാമ്യ അക്ഷരത്തിൽ, അരാമ്യഭാഷയിലായിരുന്നു അത് എഴുതിയിരുന്നത്.
8 ദേശാധിപതിയായ രെഹൂമും ലേഖകനായ ശിംശായിയും ജെറുശലേമിനെതിരേ ഇപ്രകാരമൊരു കത്ത് അർഥഹ്ശഷ്ടാരാജാവിന് അയച്ചു:
9-10 ദേശാധിപതിയായ രെഹൂമും ലേഖകനായ ശിംശായിയും അവരുടെ സഹകാരികളായിട്ടുള്ള ബാക്കി ന്യായാധിപന്മാരും ഉദ്യോഗസ്ഥരും ഭരണാധിപന്മാരും ചേർന്ന് ഇത് എഴുതി. ഇവർ പാർസികൾ, ഏരെക്ക്യർ, ബാബേല്യർ, ശൂശനിൽനിന്നുള്ള ഏലാമ്യർ, മഹാനും ശ്രേഷ്ഠനുമായ അശ്ശൂർബാനിപ്പാൽ നാടുകടത്തി ശമര്യാപട്ടണത്തിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർപ്പിച്ചിരുന്ന ജനത്തിന്റെ മേധാവികളായിരുന്നു.
11 അവർ അയച്ച കത്തിന്റെ പകർപ്പ് ഇപ്രകാരമാണ്:
അർഥഹ്ശഷ്ടാരാജാവിന്:
യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള അങ്ങയുടെ ദാസരായ ആൾക്കാരിൽനിന്നും രാജാവ് അറിയുന്നതിന്:
12 തിരുമുമ്പിൽനിന്നു ഞങ്ങളുടെ അടുക്കലേക്കു വന്ന യെഹൂദർ ജെറുശലേമിൽ എത്തി, മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം വീണ്ടും പണിയുകയും അതിന്റെ മതിലുകൾ പുനർനിർമിക്കുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.
13 പട്ടണം പുനർനിർമാണം ചെയ്ത്, മതിലുകൾ കെട്ടിത്തീർന്നാൽ പിന്നെ അവർ കരം, കപ്പം, കടത്തുകൂലി എന്നിവ ഒന്നും അടയ്ക്കുകയില്ല; അങ്ങനെ രാജാക്കന്മാരുടെ വരുമാനം കുറയും. 14 ഞങ്ങൾ കൊട്ടാരത്തോടു കടപ്പെട്ടവരാകുകയാൽ, രാജാവിനു അപകീർത്തി വരുന്നതു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തന്മൂലം, അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തങ്ങൾ പരിശോധിപ്പിക്കുന്നതിനാണ് ഞങ്ങൾ ഈ വിവരം രാജാവിനെ അറിയിക്കുന്നത്. 15 അതുകൊണ്ട് പൂർവകാലചരിത്രം ഒന്നു പരിശോധിച്ചാലും. ഈ പട്ടണം മത്സരമുള്ളതും രാജാക്കന്മാർക്കും പ്രവിശ്യകൾക്കും പ്രയാസമുണ്ടാക്കിക്കൊണ്ട് പുരാതനകാലംമുതൽ കലഹമുള്ളതുമായ സ്ഥലമാണെന്നു രേഖകളിൽ അങ്ങു കാണും. ഇതു നശിക്കപ്പെടാനുള്ള കാരണവും ഇതാണ്. 16 ഈ പട്ടണം പണിയപ്പെടുകയും മതിലുകൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്താൽ, യൂഫ്രട്ടീസ് നദിക്കു മറുകരെ രാജാവിനു സ്വന്തമായി ഒന്നുംതന്നെ അവശേഷിക്കുകയില്ലെന്ന് ഞങ്ങൾ അങ്ങയെ അറിയിക്കുന്നു.
17 അതിനു മറുപടിയായി രാജാവ് ഇപ്രകാരം എഴുതി:
ദേശാധിപതിയായ രെഹൂമിനും ലേഖകനായ ശിംശായിക്കും ശമര്യയിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർക്കുന്ന അവരുടെ കൂട്ടാളികൾക്കും:
വന്ദനം.
18 നിങ്ങൾ അയച്ച കത്തു നമ്മുടെമുമ്പാകെ വായിച്ച് തർജമ ചെയ്യപ്പെട്ടു. 19 നാം കൽപ്പിച്ചിട്ട് നടത്തിയ അന്വേഷണത്തിൽ, ഈ പട്ടണം പണ്ടുമുതൽത്തന്നെ രാജാക്കന്മാരോട് എതിർത്തുനിന്നിരുന്നതാണെന്നും മത്സരവും രാജ്യദ്രോഹവും അവിടെ ഉണ്ടായിരുന്നെന്നും വ്യക്തമായി. 20 യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യകളെല്ലാം ഭരിച്ച്, കരവും കപ്പവും കടത്തുകൂലിയും ശേഖരിച്ചിരുന്ന ശക്തരായ രാജാക്കന്മാർ ജെറുശലേമിൽ ഉണ്ടായിരുന്നതായും നാം മനസ്സിലാക്കുന്നു. 21 അതുകൊണ്ട്, നാം ഇനിയും ഒരു ഉത്തരവു പുറപ്പെടുവിക്കുന്നതുവരെ പട്ടണം പണിയാതിരിക്കേണ്ടതിന്, ഈ മനുഷ്യർ അവരുടെ ജോലി നിർത്തിവെക്കാൻ ആജ്ഞാപിക്കുക. 22 ഈ കാര്യത്തിൽ ഉപേക്ഷ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഈ ഭീഷണി വർധിപ്പിച്ച് രാജകീയ താൽപ്പര്യങ്ങൾക്കു വലിയ നഷ്ടം വരുത്തുന്നത് എന്തിന്?
23 അർഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും ലേഖകനായ ശിംശായിയും അവരുടെ കൂട്ടാളികളും വായിച്ചുകേട്ടപ്പോൾ അവർ ജെറുശലേമിലെ യെഹൂദരുടെയടുക്കൽ വേഗം ചെന്ന് ബലം പ്രയോഗിച്ച് പണികൾ മുടക്കി.
അർഥഹ്ശഷ്ടാവ് തന്റെ രാജ്ഞിയെ വിവാഹമോചനം ചെയ്യുന്നു ക്രി.മു. 462
1 ഇന്ത്യമുതൽ കൂശ് വരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളും ഭരിച്ചിരുന്ന അഹശ്വേരോശിന്റെ കാലത്ത് ഇപ്രകാരം സംഭവിച്ചു: 2 ആ കാലത്ത് ശൂശൻ രാജധാനിയിലെ സിംഹാസനത്തിലിരുന്നു ഭരിച്ചിരുന്ന അഹശ്വേരോശ് 3 തന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ, തന്റെ എല്ലാ പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും ഒരു വിരുന്നു നൽകി. പാർസ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും പ്രവിശ്യയുടെ അധിപന്മാരും പ്രഭുക്കന്മാരും സന്നിഹിതരായിരുന്നു.
4 അദ്ദേഹം തന്റെ രാജ്യത്തിന്റെ സമ്പത്തും തന്റെ പ്രതാപത്തിന്റെയും മഹത്ത്വത്തിന്റെയും ഗാംഭീര്യവും നൂറ്റിയെൺപതു ദിവസംമുഴുവനും പ്രദർശിപ്പിച്ചു. 5 ഈ ദിവസങ്ങൾക്കുശേഷം, ശൂശൻ രാജധാനിയിലുണ്ടായിരുന്ന ചെറിയവർമുതൽ വലിയവർവരെയുള്ള എല്ലാ ജനങ്ങൾക്കും രാജകൊട്ടാരത്തിലെ ഉദ്യാനത്തിൽ ഏഴുദിവസം നീണ്ടുനിന്ന ഒരു വിരുന്നും നൽകി. 6 ഉദ്യാനത്തിൽ വെള്ള, നീല എന്നീ വർണങ്ങളിൽ ചണംകൊണ്ടുള്ള തുണികൾ തൂക്കിയിരുന്നു. വെള്ളയും ഊതനിറത്തിലുമുള്ള ചണനൂലുകൾ മാർബിൾത്തൂണുകളിലുള്ള വെള്ളിവളയങ്ങളിൽ ബന്ധിച്ചിരുന്നു. അമൃതശില, മാർബിൾ, മുത്തുച്ചിപ്പി, മറ്റു വിലപിടിപ്പുള്ള കല്ലുകൾ എന്നിവ പതിച്ച തളത്തിൽ സ്വർണക്കസവും വെള്ളിക്കസവും ഉള്ള കിടക്കകൾ വിരിച്ചിരുന്നു. 7 വിവിധ ആകൃതിയിലുള്ള സ്വർണച്ചഷകങ്ങളിലാണ് വീഞ്ഞു വിളമ്പിയത്. രാജകീയ വീഞ്ഞ് ധാരാളമുണ്ടായിരുന്നു. അത് രാജാവിന്റെ ഔദാര്യമനുസരിച്ച് വിളമ്പി. 8 രാജകൽപ്പനപ്രകാരം, അതിഥികൾക്ക് അവരവരുടെ ഇഷ്ടംപോലെ കുടിക്കാൻ അനുവാദമുണ്ടായിരുന്നു. ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചു വിളമ്പുന്നതിനു രാജാവ് വീഞ്ഞു വിളമ്പുന്ന കാര്യസ്ഥർക്കു നിർദേശം കൊടുക്കുകയും ചെയ്തിരുന്നു.
9 അഹശ്വേരോശ് രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകൾക്ക് വസ്ഥിരാജ്ഞിയും ഒരു വിരുന്നു നൽകി.
10 ഏഴാംദിവസം അഹശ്വേരോശ് രാജാവ് വീഞ്ഞുകുടിച്ച് മത്തുപിടിച്ചപ്പോൾ, തന്നെ സേവിച്ച ഏഴു ഷണ്ഡന്മാരായ മെഹൂമാൻ, ബിസ്ഥാ, ഹർബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിവരെ വിളിച്ച്, 11 “വസ്ഥിരാജ്ഞിയെ കിരീടം ധരിപ്പിച്ച്, ജനങ്ങളും പ്രഭുക്കന്മാരും അവരെ കാണേണ്ടതിന് ഇവിടേക്ക് ആനയിക്കുക” എന്ന് ആജ്ഞാപിച്ചു. അവർ കാഴ്ചയ്ക്ക് അതിസുന്ദരിയായിരുന്നു. 12 എന്നാൽ ഷണ്ഡന്മാർ അറിയിച്ച കൽപ്പനപ്രകാരം വരുന്നതിന് വസ്ഥിരാജ്ഞി വിസമ്മതിച്ചു. അപ്പോൾ രാജാവ് രോഷാകുലനായി, കോപംകൊണ്ടു വിറച്ചു.
13 നീതിന്യായകാര്യങ്ങൾ രാജാവ് വിദഗ്ദ്ധരുമായി കൂടിയാലോചിക്കുക പതിവായിരുന്നു, അതുകൊണ്ട് കാലഗതികളെക്കുറിച്ച് നിശ്ചയമുള്ള ജ്ഞാനികളും 14 രാജാവിനോട് ഏറ്റവും അടുപ്പമുള്ളവരും ആ രാജ്യത്തിൽ പ്രധാന സ്ഥാനം വഹിക്കുന്നവരും രാജസന്നിധിയിലേക്കു പ്രത്യേക പ്രവേശനാനുമതിയുള്ളവരും പാർസ്യയിലും മേദ്യയിലും ഉള്ള ഏഴു പ്രഭുക്കന്മാരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിവരോട് രാജാവ് സംസാരിച്ചു.
15 “നിയമാനുസരണം വസ്ഥിരാജ്ഞിയോട് എന്താണു ചെയ്യേണ്ടത്?” രാജാവു ചോദിച്ചു; “ഷണ്ഡന്മാർ മുഖേന അറിയിച്ച അഹശ്വേരോശിന്റെ കൽപ്പന അവർ അനുസരിച്ചില്ല.”
16 അപ്പോൾ മെമൂഖാൻ രാജാവിന്റെയും പ്രഭുക്കന്മാരുടെയും സന്നിധിയിൽ ഉത്തരം പറഞ്ഞു: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലുള്ള സകലജനങ്ങളോടും പ്രഭുക്കന്മാരോടും തെറ്റുചെയ്തിരിക്കുന്നു. 17 രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും. അങ്ങനെ അവർ ഭർത്താക്കന്മാരെ നിന്ദിച്ച്, ‘അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ മുമ്പിൽ കൊണ്ടുവരാൻ ആജ്ഞാപിച്ചു. എന്നാൽ അവർ അനുസരിച്ചില്ല’ എന്നു പറയും. 18 ഈ ദിവസംതന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ടറിയുന്ന പാർസ്യയിലെയും മേദ്യയിലെയും പ്രഭുക്കന്മാരുടെ പത്നികളും രാജാവിന്റെ എല്ലാ പ്രഭുക്കന്മാരോടും ഇങ്ങനെതന്നെ ചെയ്യും. അനാദരവിനും അപസ്വരത്തിനും അന്തമില്ലാതാകും.
19 “അതിനാൽ രാജാവിനു ഹിതമെങ്കിൽ, വസ്ഥിരാജ്ഞി ഇനിമേലിൽ അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ പ്രവേശിക്കരുതെന്ന് ഒരു രാജകൽപ്പന പുറപ്പെടുവിക്കട്ടെ, അത് പാർസ്യയിലെയും മേദ്യയിലെയും നിയമങ്ങളിൽ മാറ്റപ്പെടാത്തവിധം എഴുതിച്ചേർക്കപ്പെടട്ടെ. കൂടാതെ രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ ഉത്തമയായ മറ്റാർക്കെങ്കിലും നൽകട്ടെ. 20 അങ്ങനെ രാജശാസന അതിവിശാലമായ രാജ്യമെമ്പാടും വിളംബരം ചെയ്തുകഴിയുമ്പോൾ ചെറിയവൾമുതൽ വലിയവൾവരെ എല്ലാ സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.”
21 രാജാവിനും പ്രഭുക്കന്മാർക്കും ഈ ഉപദേശം ബോധിച്ചു. രാജാവ് മെമൂഖാൻ നിർദേശിച്ചതുപോലെ ചെയ്തു. 22 ഓരോ പുരുഷനും സ്വന്തം ഭാഷ സംസാരിച്ച്, തന്റെ ഭവനത്തിൽ നാഥനായിരിക്കണമെന്നു തന്റെ രാജ്യമെമ്പാടും, ഓരോ പ്രവിശ്യയിലും അതതു ദേശത്തെ ലിപിയിലും ഓരോ മനുഷ്യർക്കും അവരവരുടെ ഭാഷയിലും രാജാവ് കൽപ്പന കൊടുത്തയച്ചു.
2:1 പിന്നീട്, അഹശ്വേരോശ് രാജാവിന്റെ കോപം ശമിച്ചപ്പോൾ വസ്ഥിയെയും അവളുടെ പ്രവൃത്തിയെയും തന്റെ ഉത്തരവുകളെയുംപറ്റി അദ്ദേഹം ഓർത്തു. 2 അപ്പോൾ രാജാവിന്റെ സ്വകാര്യസേവകർ, “രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ” എന്ന് നിർദേശിച്ചു. 3 അദ്ദേഹം തുടർന്നു, “ശൂശൻ രാജധാനിയിലെ അന്തഃപുരത്തിലേക്കു സുന്ദരികളായ കന്യകമാരെ കൊണ്ടുവരാൻ രാജാവ് തന്റെ എല്ലാ പ്രവിശ്യകളിലും അധികാരികളെ നിയമിക്കട്ടെ. അവർ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ സംരക്ഷണയിൽ കഴിയട്ടെ; അവിടെ അവർക്കു സൗന്ദര്യവർധിതശുശ്രൂഷയും നൽകട്ടെ. 4 അതിനുശേഷം രാജാവിനെ പ്രസാദിപ്പിക്കുന്ന യുവതി, വസ്ഥിക്കു പകരം രാജ്ഞിയാകട്ടെ.” ഈ ഉപദേശം രാജാവിനു ബോധിച്ചു; അദ്ദേഹം അങ്ങനെ ചെയ്തു.
5 ആ സമയത്തു ശൂശൻ രാജധാനിയിൽ മൊർദെഖായി എന്ന ഒരു യെഹൂദനുണ്ടായിരുന്നു. ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു അദ്ദേഹം. 6 ബാബേൽരാജാവായ നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് യെഖൊന്യാവ് എന്ന യെഹൂദാരാജാവിനോടൊപ്പം പ്രവാസികളാക്കിക്കൊണ്ടുവന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. 7 മൊർദെഖായിക്ക് ഹദസ്സാ എന്നപേരിൽ ഒരു പിതൃസഹോദരപുത്രി ഉണ്ടായിരുന്നു. അവൾക്ക് മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ ഇദ്ദേഹമായിരുന്നു അവളെ വളർത്തിയത്. എസ്ഥേർ എന്നും പേരുള്ള അവൾ സുന്ദരിയും സുമുഖിയുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം മൊർദെഖായി അവളെ സ്വന്തം മകളായി സ്വീകരിച്ചിരുന്നു.
8 രാജകൽപ്പന പുറപ്പെടുവിച്ചതിനുശേഷം അനേകം യുവതികളെ ശൂശൻ രാജധാനിയിൽ കൊണ്ടുവരികയും ഹേഗായിയുടെ ചുമതലയിൽ പാർപ്പിക്കുകയും ചെയ്തു. എസ്ഥേരിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അന്തഃപുരത്തിന്റെ ചുമതലയുള്ള ഹേഗായിയുടെ ചുമതലയിൽ ആക്കി. 9 അവളെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു; ഇവളോ, അയാളുടെ പ്രീതി പിടിച്ചുപറ്റി. ഉടൻതന്നെ അയാൾ അവൾക്ക് സൗന്ദര്യവർധിതശുശ്രൂഷയ്ക്കു വേണ്ടുന്ന പ്രത്യേക ഭക്ഷണവിഹിതവും രാജകൊട്ടാരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴു ദാസിമാരെയും നൽകി. അവർക്കു താമസിക്കുന്നതിന് അന്തഃപുരത്തിലെ ഏറ്റവും നല്ല ഇടവും നൽകി.
10 മൊർദെഖായി വിലക്കിയിരുന്നതിനാൽ എസ്ഥേർ തന്റെ പൗരത്വവും പാരമ്പര്യവും വെളിപ്പെടുത്തിയില്ല. 11 എല്ലാ ദിവസവും അദ്ദേഹം അന്തഃപുരാങ്കണത്തിൽ നടന്നുകൊണ്ട് എസ്ഥേർ എങ്ങനെ കഴിയുന്നെന്നും അവൾക്ക് എന്ത് സംഭവിക്കുന്നെന്നും അന്വേഷിച്ചിരുന്നു.
12 അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ ഒരു യുവതി ആനീതയാകുന്നതിനു മുമ്പായി അവൾ ആറുമാസം മീറത്തൈലവും ശേഷമുള്ള ആറുമാസം സുഗന്ധവർഗവും മറ്റു സൗന്ദര്യവർധകവസ്തുക്കളുംകൊണ്ട് സ്ത്രീകൾക്കു നിശ്ചയിച്ചിട്ടുള്ള പന്ത്രണ്ടു മാസത്തെ സൗന്ദര്യവർധനയ്ക്കുള്ള ചികിത്സ പൂർത്തീകരിക്കപ്പെടണമായിരുന്നു. 13 രാജാവിന്റെ മുമ്പിൽ ചെല്ലാൻ ഓരോരുത്തർക്കും അവസരം വരുമ്പോൾ, ഓരോ യുവതിയും രാജസന്നിധിയിൽ ഇപ്രകാരമായിരിക്കും പോകുന്നത്: അന്തഃപുരത്തിൽനിന്ന് രാജകൊട്ടാരത്തിലേക്ക് ഏതൊരു സാധനവും കൊണ്ടുപോകാൻ ഹേഗായി അവളെ അനുവദിച്ചിരുന്നു. 14 വൈകുന്നേരം അവൾ ചെല്ലുകയും രാവിലെ രണ്ടാമത്തെ അന്തഃപുരത്തിലേക്ക്, രാജാവിന്റെ ഷണ്ഡനും വെപ്പാട്ടികളുടെ പാലകനുമായ ശായാശ്ഗാസിന്റെ ചുമതലയിലുള്ള മറ്റൊരിടത്തേക്ക് മടങ്ങുകയും ചെയ്യും. രാജാവിന് അവളോട് ഇഷ്ടം തോന്നുകയും അവളെ പേർചൊല്ലി വിളിക്കുകയും ചെയ്താലല്ലാതെ പിന്നീട് അവൾ രാജസന്നിധിയിൽ എത്തിയിരുന്നില്ല.
15 രാജസന്നിധിയിൽ ചെല്ലാൻ തന്റെ പിതൃസഹോദരനായ അബീഹയീലിന്റെ മകളും മൊർദെഖായി തനിക്കു മകളായും സ്വീകരിച്ച എസ്ഥേരിന്റെ അവസരം വന്നപ്പോൾ, രാജാവിന്റെ ഷണ്ഡനും അന്തഃപുരവിചാരകനുമായ ഹേഗായി നിർദേശിച്ചതല്ലാതെ മറ്റൊന്നുംതന്നെ അവൾ ആവശ്യപ്പെട്ടില്ല. എസ്ഥേർ തന്നെ കണ്ടവരുടെയെല്ലാം പ്രീതി നേടിയിരുന്നു.