ഭാഗം 3: നെഹെമ്യാവിന്റെ പരിഷ്കരണംമുതൽ വേദഗ്രന്ഥസംഹിതയുടെ പൂർത്തീകരണംവരെ

നെഹെമ്യാവിന്റെ ആദ്യത്തെ അധികാരപത്രം

ക്രി.മു. 445

Biblica® Open Malayalam Contemporary Version™ (OMCV)

നെഹെമ്യാവ് 1:1–2:11

1 ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ വചനങ്ങൾ:

ഇരുപതാമാണ്ടിൽ, കിസ്ളേവുമാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ആയിരിക്കുമ്പോൾ, 2 എന്റെ സഹോദരന്മാരിൽ ഒരാളായ ഹനാനി യെഹൂദ്യയിൽനിന്ന് മറ്റുചില ആളുകളോടൊപ്പം വന്നു. പ്രവാസത്തിൽ നിന്നും അതിജീവിച്ച യെഹൂദരെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും ഞാൻ അവരോട് അന്വേഷിച്ചു.

3 അവർ എന്നോടു പറഞ്ഞു: “പ്രവാസത്തിൽനിന്ന് അതിജീവിച്ചു പ്രവിശ്യയിൽ മടങ്ങി എത്തിയവർ വളരെ പ്രയാസവും അപമാനവും നേരിടുന്നു. ജെറുശലേമിന്റെ മതിലുകൾ ഇടിഞ്ഞുകിടക്കുന്നു; അതിന്റെ കവാടങ്ങൾ അഗ്നിക്കിരയായി.”

4 ഈ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; ഏതാനും ദിവസം, ദുഃഖിച്ചും ഉപവസിച്ചും ചെലവഴിക്കുകയും സ്വർഗത്തിലെ ദൈവത്തോട് ഇപ്രകാരം പ്രാർഥിക്കുകയും ചെയ്തു. 5 ഞാൻ പറഞ്ഞു:

“സ്വർഗത്തിലെ ദൈവമായ യഹോവേ, തന്നെ സ്നേഹിച്ച് തന്റെ കൽപ്പനകൾ പാലിക്കുന്നവർക്കു തന്റെ സ്നേഹത്തിന്റെ ഉടമ്പടി നിലനിർത്തുന്ന വലിയവനും ഭയങ്കരനുമായ ദൈവമേ, 6 അവിടത്തെ സേവകരായ ഇസ്രായേൽജനതയ്ക്കുവേണ്ടി, ഇപ്പോൾ രാവും പകലും അവിടത്തെ മുമ്പാകെ പ്രാർഥിച്ച്, ഇസ്രായേൽജനമായ ഞങ്ങൾ അങ്ങേക്കെതിരേ ചെയ്ത പാപങ്ങൾ ഏറ്റുപറയുന്ന അടിയന്റെ പ്രാർഥന കേൾക്കാൻ അവിടത്തെ ചെവി ശ്രദ്ധിച്ചും കണ്ണുതുറന്നും ഇരിക്കണമേ. ഞാനും എന്റെ പിതൃഭവനവും പാപംചെയ്തിരിക്കുന്നു, 7 ഞങ്ങൾ അങ്ങയോടു കഠിനമായി പാപംചെയ്തു; അങ്ങയുടെ ദാസനായ മോശയോടു കൽപ്പിച്ച കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞങ്ങൾ പാലിച്ചിട്ടില്ല.

8 “ ‘നിങ്ങൾ അവിശ്വസ്തരായാൽ ഞാൻ നിങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുകളയും; 9 എന്നാൽ നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങി എന്റെ കൽപ്പനകൾ പാലിച്ച്, അവ അനുസരിച്ചാൽ, നിങ്ങളിൽനിന്നു ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിയിലാണെങ്കിലും അവിടെനിന്നും അവരെ ശേഖരിച്ച് എന്റെ നാമം സ്ഥാപിക്കാൻ ഞാൻ തെരഞ്ഞെടുത്ത സ്ഥലത്ത് അവരെ എത്തിക്കും’ എന്ന് അവിടത്തെ ദാസനായ മോശയോടു ചെയ്ത വാഗ്ദാനം ഓർക്കണമേ.

10 “അങ്ങയുടെ മഹാശക്തിയാലും ബലമുള്ള കൈയാലും വീണ്ടെടുക്കപ്പെട്ട അങ്ങയുടെ ദാസരും ജനവും ആണല്ലോ അവർ. 11 കർത്താവേ, അങ്ങയുടെ ദാസന്റെയും തിരുനാമത്തെ ഭയപ്പെടുന്നതിൽ ആനന്ദിക്കുന്ന അങ്ങയുടെ സേവകരുടെയും പ്രാർഥനയ്ക്കു കാതോർക്കണമേ. അവിടത്തെ ഈ ദാസന് ഇന്നു വിജയം നൽകി, ഈ മനുഷ്യന്റെ മുമ്പാകെ ദയ ലഭിക്കാൻ ഇടയാക്കണമേ.”

അക്കാലത്തു ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു.

2:1 അർഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാംവർഷം നീസാൻ മാസത്തിൽ, അദ്ദേഹത്തിനുവേണ്ടി വീഞ്ഞു കൊണ്ടുവന്നപ്പോൾ, ഞാൻ രാജാവിനു വീഞ്ഞെടുത്ത് കൊടുത്തു. ഞാൻ അദ്ദേഹത്തിന്റെ സന്നിധിയിൽ ഇതിനുമുമ്പ് ഒരിക്കലും ദുഃഖിതനായിരുന്നിട്ടില്ല. 2 അതുകൊണ്ട്, രാജാവ് എന്നോടു ചോദിച്ചു, “നിനക്ക് അസുഖമൊന്നുമില്ലല്ലോ, നിന്റെ മുഖം ദുഃഖിച്ചിരിക്കുന്നത് എന്താണ്? ഇത് ഹൃദയത്തിൽനിന്നുള്ള ദുഃഖമല്ലാതെ മറ്റൊന്നും ആകാനിടയില്ല.”

അപ്പോൾ ഞാൻ വളരെ ഭയപ്പെട്ടു; 3 ഞാൻ രാജാവിനോട് ഇപ്രകാരം പറഞ്ഞു: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ! എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള നഗരം ശൂന്യമായും അതിന്റെ കവാടങ്ങൾ തീവെച്ചു നശിപ്പിക്കപ്പെട്ടും കിടക്കുമ്പോൾ എന്റെ മുഖത്ത് എങ്ങനെ ദുഃഖമുണ്ടാകാതിരിക്കും?”

4 രാജാവ് എന്നോട്, “എന്താണ് നിന്റെ അപേക്ഷ?” എന്നു ചോദിച്ചു.

അപ്പോൾ ഞാൻ സ്വർഗത്തിലെ ദൈവത്തോടു പ്രാർഥിച്ചതിനുശേഷം, 5 രാജാവിനോട്, “അങ്ങേക്കു തിരുഹിതമുണ്ടായി, അവിടത്തെ തിരുമുമ്പിൽ ദാസനു ദയ ലഭിച്ചുവെങ്കിൽ, യെഹൂദ്യയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള നഗരം പുനർനിർമിക്കുന്നതിന് അടിയനെ അയയ്ക്കണമേ” എന്നപേക്ഷിച്ചു.

6 “നിന്റെ യാത്രയ്ക്ക് എത്രനാൾ എടുക്കും? നീ എപ്പോൾ മടങ്ങിവരും?” എന്നു രാജാവ് എന്നോടു ചോദിച്ചു. അപ്പോൾ രാജ്ഞിയും അദ്ദേഹത്തിന്റെ അടുക്കൽ ഉണ്ടായിരുന്നു. എന്നെ അയയ്ക്കാൻ രാജാവിനു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.

7 ഞാൻ ഇതുകൂടി രാജാവിനോട് അപേക്ഷിച്ചു: “രാജാവിനു ഹിതമെങ്കിൽ, യെഹൂദ്യയിലേക്കുള്ള എന്റെ സുഗമമായ യാത്രയ്ക്കുള്ള സഹായങ്ങൾ നൽകുന്നതിന് യൂഫ്രട്ടീസ് നദിക്കക്കരെയുള്ള ദേശാധിപതിമാർക്കു കത്തുകൾ നൽകിയാലും. 8 കൂടാതെ, ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും നഗരമതിലിനും ഞാൻ പാർക്കാനിരിക്കുന്ന വീടിനും തുലാം മുതലായവ വെക്കാനാവശ്യമായ തടി നൽകാൻ രാജാവിന്റെ വനപാലകനായ ആസാഫിന് ഒരു കത്തും നൽകണമേ.” എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്ക് അനുകൂലമാകുകയാൽ, രാജാവ് എന്റെ അപേക്ഷ കേട്ടു. 9 അങ്ങനെ ഞാൻ യൂഫ്രട്ടീസ് നദിക്കക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ ചെന്ന് രാജാവിന്റെ കത്തുകൾ അവരെ ഏൽപ്പിച്ചു. രാജാവ് എന്നോടൊപ്പം സൈന്യാധിപന്മാരെയും കുതിരപ്പടയാളികളെയും അയച്ചിരുന്നു.

10 ഹോരോന്യനായ സൻബല്ലത്തും അമ്മോന്യ ഉദ്യോഗസ്ഥനായ തോബിയാവും ഇത് അറിഞ്ഞു; ഇസ്രായേലിന്റെ ക്ഷേമം ലക്ഷ്യമാക്കി ഒരാൾ വന്നിരിക്കുന്നത് അവർക്ക് വളരെ അസ്വസ്ഥതയുണ്ടാക്കി.

11 ഞാൻ ജെറുശലേമിൽ എത്തി, അവിടെ മൂന്നുദിവസം താമസിച്ചതിനുശേഷം,