മോശ ധാർമികനിയമം ആവർത്തിക്കുന്നു (continued)

ക്രി.മു. 1451

Biblica® Open Malayalam Contemporary Version™ (OMCV)

ആവർത്തനം 6–7

1-2 നിങ്ങളെ പഠിപ്പിക്കുന്നതിനായി നിങ്ങളുടെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചിട്ടുള്ള കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു. നിങ്ങൾ യോർദാൻനദികടന്ന്, അവകാശമാക്കാനിരിക്കുന്ന ദേശത്തു വാസം ആരംഭിക്കുമ്പോൾ നിങ്ങളും നിങ്ങളുടെ മക്കളും അതിനുശേഷം അവരുടെ മക്കളും ഈ കൽപ്പനകൾ അനുസരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ആയുഷ്പര്യന്തം ഭയപ്പെടുകയും വേണം. ഇങ്ങനെ നിങ്ങൾ അവിടത്തെ ഉത്തരവുകളും കൽപ്പനകളും പ്രമാണിച്ചാൽ ദീർഘായുസ്സുള്ളവരായിരിക്കും. 3 ഇസ്രായേലേ, കേൾക്ക, നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനംചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു വളരെയധികമായി വർധിച്ചുവരേണ്ടതിനും, നിങ്ങൾ സൂക്ഷ്മതയോടെ അനുസരിച്ചു ജീവിക്കുക.

4 ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. 5 നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. 6 നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് 7 അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. 8 അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. 9 അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം.

10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നശേഷം നിങ്ങൾ പണിതിട്ടില്ലാത്ത വലുതും സമ്പന്നവുമായ പട്ടണങ്ങളും 11 നിങ്ങൾ നിറയ്ക്കാതെതന്നെ സകലസമ്പന്നതയും നിറഞ്ഞിരിക്കുന്ന വീടുകളും കുഴിക്കാത്ത കിണറുകളും നട്ടുവളർത്താത്ത മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു നൽകും. നിങ്ങൾ ഭക്ഷിച്ചു സംതൃപ്തരാകുമ്പോൾ നിങ്ങളെ 12 അടിമവീടായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക.

13 നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; അവിടത്തെമാത്രമേ സേവിക്കാവൂ; അവിടത്തെ നാമത്തിൽമാത്രം ശപഥംചെയ്യണം. 14-15 നിങ്ങളുടെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനംചെയ്യാതിരിക്കാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദേവന്മാരുടെ പിന്നാലെ നിങ്ങൾ പോകരുത്. നിങ്ങളുടെ നടുവിലുള്ള, നിങ്ങളുടെ ദൈവമായ യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. 16 നിങ്ങൾ മസ്സായിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്. 17 നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ചിട്ടുള്ള കൽപ്പനകളും അവിടന്ന് തന്നിട്ടുള്ള സാക്ഷ്യങ്ങളും ഉത്തരവുകളും നിങ്ങൾ സൂക്ഷ്മതയോടെ അനുസരിക്കണം. 18-19 നിങ്ങൾ അഭിവൃദ്ധിപ്പെടേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരോടു യഹോവ ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത മനോഹരമായ ഭൂപ്രദേശം ചെന്ന് അവകാശമാക്കേണ്ടതിനും യഹോവ കൽപ്പിച്ചിട്ടുള്ളതുപോലെ ശത്രുക്കളെ എല്ലാം നിങ്ങളുടെമുമ്പിൽനിന്ന് ഓടിക്കേണ്ടതിനും യഹോവയുടെ സന്നിധിയിൽ നീതിയും പ്രസാദവുമുള്ളതു ചെയ്യുക.

20 “നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ച സാക്ഷ്യങ്ങളും ഉത്തരവുകളും നിയമങ്ങളും എന്തൊക്കെ?” എന്ന് നാളെ നിങ്ങളുടെ മകൻ ചോദിക്കുമ്പോൾ 21 അവനോട് ഇപ്രകാരം പറയണം: “ഞങ്ങൾ ഈജിപ്റ്റിൽ ഫറവോന്റെ അടിമകൾ ആയിരുന്നു. എന്നാൽ യഹോവ ബലമുള്ള കരംകൊണ്ട് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചു. 22 ഈജിപ്റ്റിന്റെയും ഫറവോന്റെയും അവന്റെ സകലകുടുംബത്തിന്റെയുംമേൽ യഹോവ ഞങ്ങൾ കാണത്തക്കവിധം മഹത്തും ഭയാനകവുമായ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു. 23 നമ്മുടെ പിതാക്കന്മാരോടു ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത ദേശത്തു കൊണ്ടുവരേണ്ടതിന് ഞങ്ങളെ അവിടെനിന്നും വിടുവിച്ചു. 24 നാം എപ്പോഴും അഭിവൃദ്ധിപ്പെടേണ്ടതിനും ഇന്നുള്ളതുപോലെ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനും നമ്മുടെ ദൈവമായ യഹോവയുടെ ഈ ഉത്തരവുകളെല്ലാം ആചരിക്കണമെന്നും അവിടത്തെ ഭയപ്പെടണമെന്നും യഹോവ നമ്മോടു കൽപ്പിച്ചു. 25 നമ്മുടെ ദൈവമായ യഹോവ നമ്മോടു കൽപ്പിച്ചതുപോലെ അവിടത്തെ ഈ കൽപ്പനകളെല്ലാം ശ്രദ്ധയോടെ അനുസരിക്കുമെങ്കിൽ നാം അവിടത്തെ സന്നിധിയിൽ നീതിയുള്ളവർ ആകും.”

7:1 നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തേക്ക് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ കൊണ്ടുവരും. നിങ്ങളെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴുകൂട്ടരെ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. 2 അവരെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അപ്പോൾ നിങ്ങൾ അവരെ തോൽപ്പിച്ച് പൂർണമായി നശിപ്പിക്കണം. അവരോട് സമാധാനയുടമ്പടി ചെയ്യുകയോ കരുണകാണിക്കുകയോ ചെയ്യരുത്. 3 അവരുമായി മിശ്രവിവാഹബന്ധം അരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയോ അവരുടെ പുത്രന്മാരെ നിങ്ങളുടെ പുത്രിമാർക്ക് എടുക്കുകയോ ചെയ്യരുത്. 4 കാരണം അന്യദേവന്മാരെ സേവിക്കേണ്ടതിനു നിങ്ങളുടെ മക്കളെ അവർ എന്നിൽനിന്ന് അകറ്റും. അങ്ങനെ യഹോവയുടെ കോപം നിങ്ങളുടെമേൽ വരികയും അവിടന്ന് നിങ്ങളെ വേഗത്തിൽ ഉന്മൂലനംചെയ്യുകയും ചെയ്യും. 5 അതുകൊണ്ട് നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇപ്രകാരമാണ്: അവരുടെ ബലിപീഠങ്ങൾ തകർക്കണം, അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം, അവരുടെ അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം, അവരുടെ പ്രതിമകൾ തീയിൽ ചുട്ടുകളയണം. 6 കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ ഒരു വിശുദ്ധജനമാണ്. തനിക്കു ജനമായി, അവിടത്തെ അമൂല്യമായ അവകാശമായിരിക്കേണ്ടതിനു, ഭൂപരപ്പിലെ സകലജനതകളിലുംനിന്ന് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു.

7 നിങ്ങൾ സകലജനതകളിലുംവെച്ച് അസംഖ്യമായതുകൊണ്ടല്ല യഹോവ നിങ്ങളിൽ പ്രസാദിച്ച് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ സകലജനതകളിലുംവെച്ച് എണ്ണത്തിൽ കുറവുള്ളവരായിരുന്നല്ലോ. 8 നിങ്ങളെ യഹോവ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുന്നതുകൊണ്ടുമാണ് യഹോവ നിങ്ങളെ ശക്തിയുള്ള കൈകൊണ്ടു വിടുവിച്ച് അടിമവീടായ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അധീനതയിൽനിന്നു വീണ്ടെടുത്തത്. 9 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം. 10 എന്നാൽ,

തന്നെ തിരസ്കരിക്കുന്നവരെ അവിടന്നുതന്നെ നശിപ്പിച്ച് പകരംവീട്ടും;

തന്നെ വെറുക്കുന്നവനോട് അവിടന്ന് പ്രതികാരംചെയ്യാൻ താമസിക്കുകയുമില്ല.

11 അതുകൊണ്ട് ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും നിങ്ങൾ അനുസരിച്ചു ജീവിക്കണം.

12 നിങ്ങൾ ഈ നിയമങ്ങൾ കേട്ട് അവ സസൂക്ഷ്മം പാലിച്ചാൽ, നിങ്ങളുടെ പിതാക്കന്മാരോട് നിങ്ങളുടെ ദൈവമായ യഹോവ ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കും. 13 അവിടന്ന് നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. അവിടന്നു നിങ്ങൾക്കു നൽകുമെന്നു നിന്റെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്തു നിങ്ങളുടെ ഉദരഫലത്തെയും കൃഷിഫലത്തെയും—ധാന്യം, വീഞ്ഞ്, ഒലിവെണ്ണ—നിന്റെ കാളക്കിടാങ്ങളെയും ആട്ടിൻപറ്റത്തെയും അനുഗ്രഹിക്കും. 14 നിങ്ങൾ എല്ലാ ജനതകളെക്കാളും അനുഗ്രഹിക്കപ്പെടും. നിങ്ങളിൽ വന്ധ്യനോ വന്ധ്യയോ ഉണ്ടാകുകയില്ല, നിങ്ങളുടെ ആടുമാടുകളിലും കിടാങ്ങൾ ഇല്ലാതിരിക്കുകയില്ല. 15 യഹോവ സകലവ്യാധിയും നിങ്ങളിൽനിന്ന് അകറ്റും. ഈജിപ്റ്റിൽ നിങ്ങൾ കണ്ട മഹാവ്യാധികളിലൊന്നും അവിടന്നു നിങ്ങൾക്കു വരുത്താതെ, അവ നിങ്ങളെ പകയ്ക്കുന്നവർക്കു കൊടുക്കും. 16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരുന്ന ജനതകളെയെല്ലാം നിങ്ങൾ ഉന്മൂലനംചെയ്യണം. അവരോടു നിങ്ങൾ കരുണ കാണിക്കരുത്. അവരുടെ ദേവന്മാരെ നിങ്ങൾ ആരാധിക്കരുത്, അതു നിങ്ങൾക്കു കെണിയായിത്തീരും.

17 “ഈ ജനതകൾ എണ്ണത്തിൽ ഞങ്ങളെക്കാൾ വളരെ ശക്തരാണ്, അതുകൊണ്ട് അവരെ നശിപ്പിക്കാൻ എങ്ങനെ ഞങ്ങൾക്കു സാധിക്കും?” എന്നു നിങ്ങൾ മനസ്സിൽ പറഞ്ഞേക്കാം. 18 എന്നാൽ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ ഫറവോനോടും സകല ഈജിപ്റ്റുകാരോടും ചെയ്തതും ഓർക്കുക. 19 സ്വന്തംകണ്ണുകൊണ്ട് നിങ്ങൾ കണ്ട വലിയ പീഡകളും ചിഹ്നങ്ങളും അത്ഭുതങ്ങളും, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഈജിപ്റ്റിൽനിന്നു വിടുവിച്ച ശക്തിയുള്ള കൈയും നീട്ടിയ ഭുജവും ഓർക്കുക. നിങ്ങൾ ഭയപ്പെടുന്ന ജനതകളോടെല്ലാം നിങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം ചെയ്യും. 20 അതുമാത്രമല്ല, ശേഷിക്കുന്നവരും നിങ്ങളുടെമുമ്പിൽ മറഞ്ഞിരിക്കുന്നവരും ഉന്മൂലമാകുംവരെ നിങ്ങളുടെ ദൈവമായ യഹോവ അവരുടെ നടുവിൽ കടന്നലിനെ അയയ്ക്കും. 21 നിങ്ങൾക്കെതിരായി വരുന്ന ജനതകളെക്കണ്ട് നിങ്ങൾ ഭ്രമിക്കരുത്. കാരണം നിങ്ങളുടെ മധ്യത്തിൽ വസിക്കുന്ന ദൈവമായ യഹോവ വീരനും ഭയങ്കരനുമായ ദൈവമാണ്. 22 ആ ജനതകളെ കുറേശ്ശെയായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെമുമ്പിൽനിന്ന് നീക്കംചെയ്യും. കാട്ടുമൃഗങ്ങൾ പെരുകി നിങ്ങൾക്കു ഭീഷണിയാകാതിരിക്കേണ്ടതിന് അവരെ ക്ഷണത്തിൽ നശിപ്പിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കുകയില്ല. 23 നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അവർ ഉന്മൂലമാകുംവരെ അവർക്കു കൊടുംഭീതി വരുത്തും. 24 അവരുടെ രാജാക്കന്മാരെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. നിങ്ങൾ അവരുടെ നാമം ആകാശത്തിൻകീഴിൽനിന്ന് തുടച്ചുനീക്കും. ഒരുത്തനും നിങ്ങൾക്കെതിരേ നിൽക്കുകയില്ല; നിങ്ങൾ അവരെ നശിപ്പിക്കും. 25 അവരുടെ ദേവന്മാരുടെ പ്രതിമകൾ തീയിലിട്ട് ചുടണം. നിങ്ങൾ പ്രലോഭനത്തിനു വഴങ്ങി അതിലുള്ള വെള്ളിയും സ്വർണവും സ്വന്തമാക്കരുത്. അത് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു. 26 അറപ്പുളവാക്കുന്ന യാതൊന്നും നിങ്ങൾ നിങ്ങളുടെ വീട്ടിൽ കൊണ്ടുപോകരുത്; അങ്ങനെയായാൽ നിങ്ങളും നശിപ്പിക്കപ്പെടും. അവ നശിപ്പിക്കാനായി വേർതിരിക്കപ്പെട്ടവയാകുകയാൽ അതു നിങ്ങൾക്ക് അത്യന്തം അറപ്പും വെറുപ്പും ആയിരിക്കണം.