മോശ ആചാരനിയമം ആവർത്തിക്കുന്നു (continued)
ക്രി.മു. 1451
Biblica® Open Malayalam Contemporary Version™ (OMCV)
1 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ് ഒരു ചിഹ്നമോ അത്ഭുതമോ മുൻകൂട്ടി അറിയിക്കുകയും 2 അങ്ങനെ ആ ചിഹ്നമോ അത്ഭുതമോ അറിയിച്ചതുപോലെതന്നെ സംഭവിക്കുകയും, തുടർന്ന് ആ പ്രവാചകൻ, “നമുക്കു മറ്റു ദേവന്മാരെ അനുഗമിക്കാം, നമുക്കവരെ ആരാധിക്കാം”—നീ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെത്തന്നെ—എന്നു പറഞ്ഞാൽ, 3 ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ ശ്രദ്ധിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും നിങ്ങൾ സ്നേഹിക്കുന്നുണ്ടോ എന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്. 4 നിങ്ങളുടെ ദൈവമായ യഹോവയെയാണ് നിങ്ങൾ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടത്; അവിടത്തെ കൽപ്പനകൾ നിങ്ങൾ പ്രമാണിക്കുകയും അവിടത്തെ ശബ്ദം കേൾക്കുകയും വേണം. യഹോവയെ സേവിക്കുകയും അവിടത്തോട് പറ്റിച്ചേർന്നിരിക്കുകയും വേണം. 5 ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിക്കുകയും അടിമവീട്ടിൽനിന്ന് വീണ്ടെടുക്കുകയുംചെയ്ത നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി സംസാരിക്കുകയും നിങ്ങൾ അനുസരിക്കേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ച വഴിയിൽനിന്ന് നിങ്ങളെ തെറ്റിക്കാനായി ശ്രമിക്കുകയും ചെയ്തതുകൊണ്ട് ആ പ്രവാചകനെയും സ്വപ്നക്കാരനെയും നിങ്ങൾ കൊല്ലണം. അങ്ങനെ നിങ്ങളുടെ നടുവിൽനിന്ന് തിന്മ നീക്കിക്കളയണം.
6-7 നിങ്ങളുടെ ദേശത്തിന്റെ ഒരു അതിർമുതൽ മറ്റേ അതിരുവരെ അടുത്തോ അകലെയോ ഉള്ളതും, നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തതുമായ ചുറ്റുപാടുള്ള “ജനതകളുടെ ദേവന്മാരെ നാം ചെന്ന് ആരാധിക്ക,” എന്നു നിന്റെ സ്വന്തം സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ ഉറ്റസുഹൃത്തോ രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിച്ചാൽ 8 നീ അതിനു വഴങ്ങുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യരുത്. അങ്ങനെയുള്ളവരോടു നിങ്ങൾക്കു കരുണ തോന്നരുത്. അവരെ വെറുതേവിടുകയോ സംരക്ഷിക്കുകയോ ചെയ്യരുത്. 9 അങ്ങനെയുള്ളവരെ നിശ്ചയമായും നീ കൊന്നുകളയണം. അയാളെ കൊല്ലുന്നതിന് ആദ്യം നിന്റെ കരം ഉയരണം, പിന്നെ ജനമെല്ലാം കരം ഉയർത്തണം. 10 അടിമനാടായ ഈജിപ്റ്റിൽനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയിൽനിന്ന് നിന്നെ വ്യതിചലിപ്പിക്കാൻ അവർ ശ്രമിച്ചതുകൊണ്ട് അവരെ കല്ലെറിഞ്ഞുകൊല്ലണം. 11 അങ്ങനെ എല്ലാ ഇസ്രായേലും ഇതു കേട്ട് ഭയപ്പെടേണ്ടതിനും നിങ്ങൾക്കിടയിൽ ഇനിയാരും ഈ തിന്മ പ്രവർത്തിക്കാതിരിക്കേണ്ടതിനുമാണ് ഇത്.
12 നിന്റെ ദൈവമായ യഹോവ നിനക്കു പാർക്കാൻ നൽകുന്ന നഗരങ്ങളിലൊന്നിൽ 13 ദുഷ്ടത പ്രവർത്തിക്കുന്നവർ എഴുന്നേറ്റ്, “അന്യദേവന്മാരെ നമുക്കു സേവിക്കാം” എന്നു നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെക്കുറിച്ച് പറഞ്ഞ് നഗരവാസികളെ വശീകരിക്കുന്നു എന്നു കേട്ടാൽ 14 നീ അതേപ്പറ്റി വിശദമായി അന്വേഷിക്കുകയും പരിശോധിച്ച് നല്ലവണ്ണം വിസ്തരിക്കുകയും വേണം. അങ്ങനെയുള്ള ഒരു ദുഷ്ടത നിങ്ങളുടെ ഇടയിൽ ഉണ്ടായി എന്ന വസ്തുത സത്യമെന്നു തെളിയിക്കപ്പെട്ടാൽ 15 ആ നഗരവാസികളെ നീ നിശ്ചയമായും വാളിന് ഏൽപ്പിക്കണം. അതിലെ സകലജനത്തെയും കന്നുകാലികളെയും പൂർണമായി നശിപ്പിക്കണം. 16 അതിലുള്ള കൊള്ളവസ്തുക്കൾ നഗരത്തിലെ പൊതുസ്ഥലത്തു കൂട്ടിയിട്ട് നഗരവും അതിലെ കൊള്ളവസ്തുക്കളും നിന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗമായി ചുട്ടുകളയണം. അത് എന്നും നാശകൂമ്പാരമായി കിടക്കണം. പിന്നെ അതു പുനർനിർമിക്കുകയും അരുത്. 17 ശപഥാർപ്പിതമായ ഒരു വസ്തുപോലും നീ സ്വന്തമാക്കരുത്. അപ്പോൾ യഹോവ തന്റെ കഠിനകോപത്തിൽനിന്നു പിന്മാറി നിന്നോടു കരുണയും ദയയും കാണിക്കുകയും നിന്റെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത സത്യമനുസരിച്ചു നിന്നെ വർധിപ്പിക്കുകയും ചെയ്യും. 18 ആകയാൽ, നിന്റെ ദൈവമായ യഹോവയെ അനുസരിച്ച് ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ എല്ലാം പാലിച്ച് നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു പ്രവർത്തിക്കണം.
14:1 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മക്കൾ ആകുന്നു. മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിക്കുകയോ തലയുടെ മുൻവശം ക്ഷൗരംചെയ്യുകയോ അരുത്. 2 കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിശുദ്ധജനം ആകുന്നു. ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളെ യഹോവ തന്റെ വിശിഷ്ടനിക്ഷേപമായി തെരഞ്ഞെടുത്തിരിക്കുന്നു.
3 അറപ്പായതൊന്നും നിങ്ങൾ ഭക്ഷിക്കരുത്. 4 നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, 5 കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ. 6 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം. 7 എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും ഒട്ടകം, മുയൽ, കുഴിമുയൽ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അയവിറക്കുന്നു എങ്കിലും അവയുടെ കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നവയല്ല. അവ നിങ്ങൾക്ക് ആചാരപരമായി അശുദ്ധമാകുന്നു. 8 പന്നിയും അശുദ്ധമാകുന്നു; അതിന്റെ കുളമ്പു പിളർന്നതെങ്കിലും അത് അയവിറക്കുന്നില്ല. നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്.
9 വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം. 10 എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്ത ഒന്നിനെയും നിങ്ങൾ ഭക്ഷിക്കരുത്. അവ നിങ്ങൾക്ക് അശുദ്ധമാകുന്നു.
11 ശുദ്ധിയുള്ള ഏതു പക്ഷിയെയും നിങ്ങൾക്കു ഭക്ഷിക്കാം. 12 എന്നാൽ നിങ്ങൾക്കു ഭക്ഷിക്കാൻ പാടില്ലാത്തവ ഇവയാകുന്നു: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്, 13 ഗൃദ്ധ്രം, പരുന്ത്, എല്ലാ ഇനത്തിലുംപെട്ട ഇരപിടിയൻപക്ഷി, 14 എല്ലാ ഇനത്തിലുംപെട്ട കാക്ക, 15 ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ, 16 നത്ത്, നീർക്കാക്ക, കൂമൻ, 17 മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ, 18 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.
19 ചിറകുള്ള പ്രാണികളെല്ലാം നിങ്ങൾക്ക് അശുദ്ധമാണ്. അവ ഭക്ഷിക്കരുത്. 20 ചിറകുള്ള ജീവികളിൽ ആചാരപരമായി ശുദ്ധിയുള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
21 ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. നിന്റെ നഗരങ്ങളിലുള്ള പ്രവാസിക്ക് അതു ഭക്ഷിക്കാൻ നൽകാം. അല്ലെങ്കിൽ മറ്റൊരു പ്രവാസിക്ക് വിൽക്കാം. കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആകുന്നു.
ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.
22 എല്ലാവർഷവും നിന്റെ വയലിൽനിന്നു ലഭിക്കുന്നതിന്റെ ദശാംശം വേർതിരിച്ചുവെക്കണം. 23 നിന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളുടെ ദശാംശവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഭക്ഷിക്കണം. 24 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുമ്പോൾ, നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം, നിന്റെ ദശാംശം കൊണ്ടുപോകാൻ കഴിയാത്തവിധം വിദൂരത്താകുന്നെങ്കിൽ 25 നീ ആ ദശാംശം വിറ്റ് വെള്ളിക്കാശാക്കണം. ആ വെള്ളിക്കാശുമായി നീ നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകണം. 26 ആ വെള്ളിക്കാശു കൊടുത്ത് ആട്, മാട്, വീഞ്ഞ്, മദ്യം ഇങ്ങനെ നിനക്കിഷ്ടമുള്ളതു വാങ്ങുക. നീയും നിന്റെ കുടുംബവും അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു ഭക്ഷിച്ച് ആനന്ദിക്കണം. 27 നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യനെ അവഗണിക്കരുത്. അവർക്കു നിങ്ങളോടൊപ്പം അവരുടേതായ ഓഹരിയും അവകാശവും ലഭിച്ചിട്ടില്ലല്ലോ.
28 ഓരോ മൂന്നാംവർഷത്തിന്റെയും അവസാനം ആ വർഷത്തെ വിളവിന്റെ ദശാംശമെല്ലാം നിന്റെ നഗരങ്ങളിൽ ശേഖരിക്കണം. 29 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കേണ്ടതിന് നിന്റെ നഗരങ്ങളിലുള്ള ലേവ്യരും—അവർക്ക് അവരുടേതായ ഓഹരിയും അവകാശവും ഇല്ലല്ലോ—പ്രവാസികളും അനാഥനും വിധവയും വന്നു ഭക്ഷിച്ചു തൃപ്തരാകണം.