ഭാഗം 2: മോശ നിയോഗിക്കപ്പെടുന്നു

ദൈവത്തിന്റെ ദൂതനായി മോശ നിയോഗിക്കപ്പെടുന്നു.

ക്രി.മു. 1491

Biblica® Open Malayalam Contemporary Version™ (OMCV)

പുറപ്പാട് 3:1–4:28

1 ഈ സമയം മോശ തന്റെ അമ്മായിയപ്പനും മിദ്യാനിലെ പുരോഹിതനുമായ യിത്രോയുടെ ആട്ടിൻപറ്റത്തെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു; ആട്ടിൻപറ്റത്തെ നയിച്ചുകൊണ്ട് അദ്ദേഹം മരുഭൂമിക്കപ്പുറം ദൈവത്തിന്റെ പർവതമായ ഹോരേബിൽ എത്തി. 2 അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപ്പടർപ്പിനുള്ളിൽ അഗ്നിജ്വാലയിൽ അദ്ദേഹത്തിന് പ്രത്യക്ഷനായി. മുൾപ്പടർപ്പ് കത്തുന്നുണ്ടായിരുന്നെങ്കിലും അതു വെന്തുപോകുന്നില്ലെന്ന് മോശ കണ്ടു. 3 “മുൾപ്പടർപ്പ് വെന്തുപോകാതിരിക്കുന്ന ഈ അത്ഭുതകരമായ കാഴ്ച എന്തെന്ന് ഞാൻ അടുത്തുചെന്നു നോക്കട്ടെ,” എന്ന് മോശ തന്നോടുതന്നെ പറഞ്ഞു.

4 അതു കാണാൻ അദ്ദേഹം അടുത്തുചെല്ലുന്നത് യഹോവ കണ്ടു. ദൈവം മുൾപ്പടർപ്പിനുള്ളിൽനിന്നും അവനെ, “മോശേ! മോശേ!” എന്നു വിളിച്ചു.

“അടിയൻ ഇതാ,” എന്ന് മോശ വിളികേട്ടു.

5 “ഇവിടേക്ക് അടുത്തുവരരുത്. നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,” എന്നു ദൈവം കൽപ്പിച്ചു. 6 “ഞാൻ നിന്റെ പിതാവിന്റെ ദൈവവും അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു,” എന്നും അവിടന്ന് അരുളിച്ചെയ്തു. അപ്പോൾ മോശ മുഖം മറച്ചു; ദൈവത്തെ നോക്കാൻ അദ്ദേഹം ഭയപ്പെട്ടു.

7 യഹോവ ഇങ്ങനെ അരുളിച്ചെയ്തു, “ഈജിപ്റ്റിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടിരിക്കുന്നു. അടിമകളുടെ മേൽനോട്ടക്കാർ നിമിത്തമുള്ള അവരുടെ നിലവിളി ഞാൻ കേട്ടു. ഞാൻ അവരുടെ സങ്കടം അറിയുന്നു. 8 അതുകൊണ്ട് ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നതിനും അവരെ ആ ദേശത്തുനിന്ന് പുറപ്പെടുവിച്ച് നല്ലതും വിശാലവുമായ ദേശത്തേക്ക്; പാലും തേനും ഒഴുകുന്ന ദേശത്തേക്ക്—കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്കു—കൊണ്ടുപോകുന്നതിനു ഞാൻ ഇറങ്ങിവന്നിരിക്കുന്നു. 9 ഇസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്റ്റുകാർ അവരെ പീഡിപ്പിക്കുന്നതു ഞാൻ കാണുകയുംചെയ്തിരിക്കുന്നു. 10 ആകയാൽ നീ ഇപ്പോൾ ചെല്ലുക, എന്റെ ജനമായ ഇസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവരാൻ ഞാൻ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയയ്ക്കും.”

11 എന്നാൽ മോശ ദൈവത്തോട്, “ഫറവോന്റെ അടുക്കൽ ചെല്ലാനും ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുപോരാനും എനിക്ക് എന്തു യോഗ്യതയാണുള്ളത്?” എന്നു ചോദിച്ചു.

12 അതിനു ദൈവം, “ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. നിന്നെ അയച്ചിരിക്കുന്നതു ഞാൻതന്നെ എന്നതിന് ഇത് ഒരത്ഭുതചിഹ്നമായിരിക്കും: നീ ഈ ജനത്തെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതിനുശേഷം നിങ്ങൾ ഈ മലയിൽ ദൈവത്തെ ആരാധിക്കും” എന്ന് അരുളിച്ചെയ്തു.

13 “ഞാൻ ഇസ്രായേൽമക്കളുടെ അടുത്തുചെന്ന് അവരോട്, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ, അവിടത്തെ നാമം എന്ത്?’ എന്ന് അവർ എന്നോടു ചോദിച്ചാൽ, ഞാൻ അവരോട് എന്തു പറയണം?” എന്ന് മോശ ദൈവത്തോടു ചോദിച്ചു.

14 ദൈവം മോശയോട്, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു. ‘ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം” എന്ന് അരുളിച്ചെയ്തു.

15 ദൈവം പിന്നെയും മോശയോട് അരുളിച്ചെയ്തു: “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയണം, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.’

“എന്റെ ശാശ്വതനാമം ഇതാണ്,

തലമുറതലമുറയായി

എന്നെ ഓർക്കേണ്ടത് ഈ നാമത്താൽത്തന്നെ.

16 “നീ ചെന്ന് ഇസ്രായേല്യ ഗോത്രത്തലവന്മാരെ വിളിച്ചുകൂട്ടി അവരോട് ഇപ്രകാരം പറയണം: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ, എനിക്കു പ്രത്യക്ഷനായി എന്നോട്, ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റുകാർ നിങ്ങളോടു ചെയ്തിട്ടുള്ളതു കാണുകയുംചെയ്തിരിക്കുന്നു എന്ന് അരുളിച്ചെയ്തു. 17 ഈജിപ്റ്റിലെ നിങ്ങളുടെ ദുരിതങ്ങളിൽനിന്ന് നിങ്ങളെ രക്ഷിച്ച് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക്—പാലും തേനും ഒഴുകുന്ന ദേശത്തേക്കുതന്നെ, കൊണ്ടുവരുമെന്നു ഞാൻ വാഗ്ദാനംചെയ്തിരിക്കുന്നു.’

18 “ഇസ്രായേല്യ ഗോത്രത്തലവന്മാർ നിന്റെ വാക്കു കേൾക്കും. അങ്ങനെ നീയും ഇസ്രായേല്യ ഗോത്രത്തലവന്മാരും ഈജിപ്റ്റുരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്, ‘എബ്രായരുടെ ദൈവമായ യഹോവ ഞങ്ങളെ സന്ദർശിച്ചു. മരുഭൂമിയിൽ മൂന്നുദിവസത്തെ ദൂരം യാത്രചെയ്തു ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ഞങ്ങളെ അനുവദിക്കണമേ’ എന്നു പറയുക. 19 എന്നാൽ, ശക്തമായൊരു ഭുജത്തിന്റെ സമ്മർദത്താലല്ലാതെ, ഈജിപ്റ്റുരാജാവ് നിങ്ങളെ പോകാൻ അനുവദിക്കുകയില്ലെന്നു ഞാൻ അറിയുന്നു. 20 ആകയാൽ ഞാൻ എന്റെ കൈ നീട്ടുകയും അവരുടെ ഇടയിൽ ചെയ്യാനിരിക്കുന്ന സകല അത്ഭുതങ്ങളാലും ഈജിപ്റ്റുകാരെ പ്രഹരിക്കുകയും ചെയ്യും. അതിനുശേഷം അവൻ നിങ്ങളെ വിട്ടയയ്ക്കും.

21 “നിങ്ങൾ വിട്ടുപോരുമ്പോൾ വെറുംകൈയോടെ പോകാതിരിക്കേണ്ടതിനു ഞാൻ ഈജിപ്റ്റുകാരിൽ നിങ്ങളുടെനേർക്ക് അനുകൂലമനോഭാവം ഉളവാക്കും. 22 ഓരോ സ്ത്രീയും തന്റെ അയൽക്കാരിയോടും തന്റെ ഭവനത്തിൽ വസിക്കുന്ന ഏതൊരു സ്ത്രീയോടും വെള്ളിയും സ്വർണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെടണം; അവ നിങ്ങൾ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അണിയിക്കണം. അങ്ങനെ നിങ്ങൾ ഈജിപ്റ്റുകാരെ കൊള്ളയടിക്കേണ്ടതാകുന്നു.”

4:1 അതിന് മോശ, “അവർ എന്നെ വിശ്വസിക്കുകയോ എന്റെ വാക്കു കേൾക്കുകയോ ചെയ്യാതെ ‘യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല’ എന്നു പറയും” എന്ന് ഉത്തരം പറഞ്ഞു.

2 അപ്പോൾ യഹോവ അവനോട്, “നിന്റെ കൈയിലിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു.

“ഒരു വടി,” അവൻ ഉത്തരം പറഞ്ഞു.

3 “അതു നിലത്തിടുക,” എന്ന് യഹോവ കൽപ്പിച്ചു.

മോശ അതു നിലത്തിട്ടു. അതൊരു പാമ്പായിത്തീർന്നു. അവൻ അതിന്റെ അടുത്തുനിന്ന് ഓടിമാറി. 4 പിന്നെ യഹോവ അവനോട്, “നീ കൈനീട്ടി അതിനെ വാലിൽ പിടിച്ച് എടുക്കുക” എന്നു കൽപ്പിച്ചു. അപ്പോൾ മോശ കൈനീട്ടി പാമ്പിനെ പിടിച്ചു; അത് അവന്റെ കൈയിൽ വീണ്ടും വടിയായിത്തീർന്നു. 5 “ഇത്, അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—നിനക്കു പ്രത്യക്ഷനായിരിക്കുന്നു എന്ന് അവർ വിശ്വസിക്കേണ്ടതിനുതന്നെ,” എന്നു ദൈവം അരുളിച്ചെയ്തു.

6 ഇതിനുശേഷം യഹോവ, “നിന്റെ കൈ മാറിടത്തിൽ വെക്കുക” എന്നു കൽപ്പിച്ചു. മോശ കൈ മാറിടത്തിൽ വെച്ചു; അവൻ അതു പുറത്തെടുത്തപ്പോൾ അതു ഹിമംപോലെ വെളുത്തു കുഷ്ഠം ബാധിച്ചിരുന്നു.

7 “നീ അതു വീണ്ടും മാറിടത്തിൽ വെക്കുക,” എന്ന് അവിടന്നു കൽപ്പിച്ചു. മോശ വീണ്ടും തന്റെ കൈ മാറിടത്തിൽ വെച്ചു. അത് അവൻ പുറത്തെടുത്തപ്പോൾ, തന്റെ മറ്റു ശരീരഭാഗങ്ങളെന്നപോലെ പൂർവസ്ഥിതിയിലായി.

8 തുടർന്ന് യഹോവ അരുളിച്ചെയ്തു, “അവർ നിന്നെ വിശ്വസിക്കാതിരിക്കുകയോ ഒന്നാമത്തെ അത്ഭുതചിഹ്നം ഗൗനിക്കാതിരിക്കുകയോ ചെയ്താൽ രണ്ടാമത്തേതിൽ വിശ്വസിച്ചേക്കും. 9 എന്നാൽ ഈ രണ്ട് അത്ഭുതചിഹ്നങ്ങളിലും അവർ വിശ്വസിക്കാതിരിക്കുകയോ നിന്റെ വാക്കു കേൾക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, നീ നൈൽനദിയിൽനിന്ന് വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം. നീ നദിയിൽനിന്ന് എടുക്കുന്ന വെള്ളം നിലത്ത് രക്തമായിത്തീരും.”

10 മോശ യഹോവയോട്, “കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിച്ചാലും; അടിയൻ മുമ്പുതന്നെയോ, അവിടന്ന് അടിയനോടു സംസാരിച്ചതിനുശേഷമോ ഒരിക്കലും വാക്ചാതുര്യമുള്ളവനായിരുന്നിട്ടില്ല. അടിയൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു.

11 യഹോവ അവനോട്, “മനുഷ്യന്റെ വായ് മെനഞ്ഞതാര്? അവനെ ബധിരനോ മൂകനോ ആക്കുന്നതാര്? അവനു കാഴ്ച നൽകുന്നതോ അവനെ അന്ധനാക്കുന്നതോ ആര്? യഹോവയായ ഞാൻ അല്ലയോ? 12 ഇപ്പോൾ പോകുക; ഞാൻ നിന്നെ സംസാരിക്കാൻ സഹായിക്കുകയും എന്തു പറയണമെന്നു നിനക്ക് ഉപദേശിച്ചുതരികയും ചെയ്യും” എന്നു പറഞ്ഞു.

13 എന്നാൽ മോശ, “അയ്യോ, കർത്താവേ, ദയവുചെയ്തു മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്നു പറഞ്ഞു.

14 അപ്പോൾ യഹോവയുടെ കോപം മോശയ്ക്കുനേരേ ജ്വലിച്ചു; അവിടന്ന് അരുളിച്ചെയ്തു: “ലേവ്യനായ അഹരോൻ നിന്റെ സഹോദരൻ അല്ലയോ? അവനു നന്നായി സംസാരിക്കാൻ കഴിയുമെന്നു ഞാൻ അറിയുന്നു; നിന്നെ വന്നു കാണാൻ അവൻ യാത്രതിരിച്ചുകഴിഞ്ഞു; നിന്നെ കാണുമ്പോൾ അവന്റെ ഹൃദയം ആനന്ദിക്കും. 15 പറയേണ്ടുന്ന വാക്കുകൾ നീ അവനു പറഞ്ഞുകൊടുക്കുക. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കുകയും എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾക്ക് ഉപദേശിച്ചുതരികയും ചെയ്യും. 16 അവൻ നിനക്കുപകരം ജനത്തോടു സംസാരിക്കും; അവൻ നിന്റെ വക്താവും നീ അവനു ദൈവവും എന്ന നിലയിലാകും. 17 എന്നാൽ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കാൻ ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊള്ളുക.”

18 പിന്നെ മോശ തന്റെ അമ്മായിയപ്പനായ യിത്രോവിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്, “ഈജിപ്റ്റിൽ എന്റെ സ്വജനങ്ങളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കേണ്ടതിന് അവരുടെ അടുക്കൽ പോകാൻ എന്നെ അനുവദിക്കണം” എന്നു പറഞ്ഞു.

അതിനു യിത്രോ, “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.

19 യഹോവ മോശയോടു മിദ്യാനിൽവെച്ച്, “ഈജിപ്റ്റിലേക്കു മടങ്ങിപ്പൊയ്ക്കൊൾക; നിന്നെ വധിക്കാൻ ആഗ്രഹിച്ച പുരുഷന്മാരെല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തിരുന്നു. 20 അങ്ങനെ മോശ തന്റെ ഭാര്യയെയും പുത്രന്മാരെയും ഒരു കഴുതപ്പുറത്തു കയറ്റി, അവരെയും കൂട്ടി തിരികെ ഈജിപ്റ്റിലേക്കു യാത്രയായി. ദൈവത്തിന്റെ വടിയും അദ്ദേഹം കൈയിൽ എടുത്തു.

21 യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഈജിപ്റ്റിൽ ചെല്ലുമ്പോൾ ഞാൻ നിന്നെ ഭരമേൽപ്പിച്ചിട്ടുള്ള സകല അത്ഭുതങ്ങളും ഫറവോന്റെ മുമ്പാകെ ചെയ്യണം. എന്നാൽ ഞാൻ അവന്റെ ഹൃദയം കഠിനമാക്കുമ്പോൾ ജനങ്ങളെ പോകാൻ അവൻ അനുവദിക്കാതിരിക്കുകയും ചെയ്യും. 22 അപ്പോൾ ഫറവോനോട്, ഇപ്രകാരം പറയണം, ‘യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻതന്നെ. 23 “എന്നെ ആരാധിക്കാൻ എന്റെ പുത്രനെ വിട്ടയയ്ക്കണം” എന്നു ഞാൻ നിന്നോടു പറഞ്ഞല്ലോ. എന്നാൽ നീ അവനെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ, കൊന്നുകളയും’ എന്നുകൂടി പറയുക.”

24 വഴിമധ്യേയുള്ള ഒരു സത്രത്തിൽവെച്ച് യഹോവ മോശയെ നേരിട്ടു; അദ്ദേഹത്തെ കൊല്ലുന്നതിനു ഭാവിച്ചു. 25 എന്നാൽ സിപ്പോറാ ഒരു കൽക്കത്തിയെടുത്തു തന്റെ പുത്രന്റെ അഗ്രചർമം ഛേദിച്ച് മോശയുടെ കാൽക്കൽ ഇട്ടു. “നിശ്ചയമായും താങ്കൾ എനിക്കൊരു രക്തമണവാളൻ” എന്ന് അവൾ പറഞ്ഞു. 26 ഇങ്ങനെ യഹോവ അവനെ വിട്ടയച്ചു. പരിച്ഛേദനത്തെ പരാമർശിച്ചുകൊണ്ടാണ് അപ്പോൾ അവൾ “രക്തമണവാളൻ” എന്നു പറഞ്ഞത്.

27 യഹോവ അഹരോനോട്, “മോശയെ കാണുന്നതിന് നീ മരുഭൂമിയിലേക്കു ചെല്ലുക” എന്നു കൽപ്പിച്ചു. അദ്ദേഹം ദൈവത്തിന്റെ പർവതത്തിൽവെച്ച് മോശയെ കണ്ട് അദ്ദേഹത്തെ ചുംബിച്ചു. 28 യഹോവ തന്നെ ഏൽപ്പിച്ചയച്ച എല്ലാ കാര്യങ്ങളും മോശ അഹരോനെ അറിയിച്ചു; താൻ ചെയ്യണമെന്ന് യഹോവ ആജ്ഞാപിച്ചിരുന്ന എല്ലാ അത്ഭുതചിഹ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.