ജനങ്ങളോടുള്ള മോശയുടെ സമാപന അഭ്യർഥന

ക്രി.മു. 1451

Biblica® Open Malayalam Contemporary Version™ (OMCV)

ആവർത്തനം 29–30

1 ഹോരേബിൽവെച്ച് ഇസ്രായേല്യരോടു ചെയ്ത ഉടമ്പടിക്ക് അനുബന്ധമായി മോവാബിൽവെച്ച് അവരോടു ചെയ്യാൻ യഹോവ മോശയോടു കൽപ്പിച്ച ഉടമ്പടിയുടെ വചനങ്ങൾ ഇവ ആകുന്നു:

2 മോശ എല്ലാ ഇസ്രായേല്യരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:

യഹോവ ഈജിപ്റ്റിൽവെച്ച് ഫറവോനോടും അവന്റെ ഉദ്യോഗസ്ഥന്മാരോടും അവന്റെ സകലദേശത്തോടും ചെയ്തത് എല്ലാം നിങ്ങൾ സ്വന്തം കണ്ണുകൊണ്ടു കണ്ടല്ലോ. 3 ആ മഹാപരീക്ഷകളും ചിഹ്നങ്ങളും അത്ഭുതപ്രവൃത്തികളും നിങ്ങളുടെ സ്വന്തംകണ്ണുകൊണ്ട് കണ്ടു. 4 എന്നാൽ ഇന്നുവരെ നിങ്ങൾക്ക് യഹോവ തിരിച്ചറിവുള്ള ഹൃദയവും കാണുന്ന കണ്ണുകളും കേൾക്കുന്ന ചെവികളും നൽകിയിട്ടില്ല. 5 മരുഭൂമിയിൽക്കൂടി ഞാൻ നിങ്ങളെ നാൽപ്പതുവർഷം നടത്തിയപ്പോൾ നിങ്ങളുടെ വസ്ത്രം കീറിപ്പോയില്ല, കാലിലെ ചെരിപ്പ് തേഞ്ഞുപോയില്ല. 6 നിങ്ങൾ അപ്പം ഭക്ഷിച്ചില്ല, വീഞ്ഞോ മറ്റു മദ്യമോ കുടിച്ചതുമില്ല. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇതു ചെയ്തത്.

7 നിങ്ങൾ ഈ സ്ഥലത്തെത്തിച്ചേർന്നപ്പോൾ ഹെശ്ബോനിലെ രാജാവായ സീഹോനും ബാശാനിലെ രാജാവായ ഓഗും നമുക്കെതിരായി യുദ്ധത്തിനുവന്നു. പക്ഷേ, നാം അവരെ കീഴടക്കി. 8 നാം അവരുടെ രാജ്യം പിടിച്ചെടുത്ത് രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു. 9 അതുകൊണ്ട് നീ ചെയ്യുന്ന സകലകാര്യങ്ങളിലും അഭിവൃദ്ധിപ്പെടേണ്ടതിന് ഈ ഉടമ്പടിയുടെ നിബന്ധനകൾ ശ്രദ്ധയോടെ പാലിക്കുക. 10 നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ ഇന്നു നിൽക്കുന്ന എല്ലാവരും—നിങ്ങളുടെ നേതാക്കളും പ്രമാണിമാരും ഗോത്രത്തലവന്മാരും ഉദ്യോഗസ്ഥന്മാരും ഇസ്രായേലിലെ മറ്റ് എല്ലാ പുരുഷന്മാരും— 11 നിങ്ങളുടെ മക്കളോടും ഭാര്യമാരോടും നിങ്ങൾക്കു മരംവെട്ടുകയും വെള്ളംകോരുകയും ചെയ്യുന്ന പ്രവാസികളോടുംകൂടെ, 12 നിന്റെ ദൈവമായ യഹോവ നിന്നോട് ഉടമ്പടി ചെയ്തിട്ടുള്ളതുപോലെയും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോടു ഉടമ്പടി ചെയ്തതുപോലെയും 13 അവിടന്ന് ഇന്നു നിന്നെ തന്റെ ജനതയായി സ്ഥിരീകരിക്കുന്നതിനും അവിടന്നു നിന്റെ ദൈവമായിരിക്കേണ്ടതിനും 14 നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടുമാത്രം ചെയ്യുന്ന ഉടമ്പടിയിലും അതിനെ ഉറപ്പിക്കുന്ന പ്രതിജ്ഞയിലും പ്രവേശിക്കേണ്ടതിന് നിങ്ങൾ ഇവിടെ നിൽക്കുന്നു. 15 പ്രതിജ്ഞയോടുകൂടി ഞാൻ ഉറപ്പിക്കുന്ന ഈ ഉടമ്പടി നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന നിങ്ങളോടുമാത്രമല്ല, ഇന്ന് ഇവിടെ എത്തിയിട്ടില്ലാത്തവരോടും ആകുന്നു.

16 നാം ഈജിപ്റ്റിൽ എങ്ങനെ താമസിച്ചുവെന്നും ഇവിടെ എത്തിച്ചേരാനുള്ള യാത്രയിൽ എങ്ങനെ രാജ്യങ്ങൾ കടന്നുവന്നു എന്നും നിങ്ങൾക്കുതന്നെ അറിവുള്ളതാണ്. 17 അവരുടെ ഇടയിൽ മ്ലേച്ഛവിഗ്രഹങ്ങളും, തടി, കല്ല്, വെള്ളി, സ്വർണം ഇവകൊണ്ടുള്ള പ്രതിമകളും നിങ്ങൾ കണ്ടിട്ടുണ്ട്. 18 ആ ജനതകളുടെ ദേവന്മാരെ ആരാധിക്കേണ്ടതിന് നമ്മുടെ ദൈവമായ യഹോവയിൽനിന്ന് ഹൃദയം വ്യതിചലിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ ഒരു കുലമോ ഗോത്രമോ നിങ്ങളുടെ ഇടയിൽ ഉണ്ടാകുകയില്ല എന്ന് ഉറപ്പുവരുത്തുക. അപ്രകാരം കയ്‌പുവിഷം പുറപ്പെടുവിക്കുന്ന ഒരു വേരുപോലും നിങ്ങളുടെ ഇടയിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക.

19 അങ്ങനെയുള്ള ഒരു വ്യക്തി ഈ പ്രതിജ്ഞയുടെ വചനങ്ങൾ കേൾക്കുമ്പോൾ അവൻ തന്നെത്താൻ അനുഗ്രഹിച്ചശേഷം, “ഞാൻ എന്റെ സ്വന്തം വഴികളിൽത്തന്നെ നടന്നാലും സുരക്ഷിതനായിരിക്കും” എന്നു ചിന്തിക്കും. അവർ ഇതുമൂലം നീരൊഴുക്കുള്ളനിലത്തും ഉണങ്ങിയനിലത്തും, ഒരുപോലെ അത്യാഹിതം കൊണ്ടുവരും. 20 യഹോവ ഒരിക്കലും അവരോടു ക്ഷമിക്കുകയില്ല; അവിടത്തെ കോപവും തീക്ഷ്ണതയും അവർക്കുനേരേ ജ്വലിക്കും. ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ശാപങ്ങളെല്ലാം അവരുടെമേൽ വരും, ആകാശത്തിനു കീഴിൽനിന്ന് അവരുടെ പേരുകൾ യഹോവ തുടച്ചുനീക്കും. 21 ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശാപനിയമങ്ങൾക്കനുസരിച്ച് അവർക്ക് അത്യാഹിതം വരേണ്ടതിന് യഹോവ ഇസ്രായേലിലെ സകലഗോത്രത്തിൽനിന്നും അവരെ വേർതിരിക്കും.

22 നിങ്ങളുടെ കാലശേഷം വരുന്ന തലമുറയിലെ മക്കളും ദൂരദേശത്തുനിന്നു വരുന്ന പ്രവാസികളും ദേശത്തിന്മേൽ വന്ന അത്യാഹിതങ്ങളും ദണ്ഡനത്തിനായി യഹോവ അയച്ച രോഗങ്ങളും കാണും. 23 ദേശംമുഴുവനും ഉപ്പും ഗന്ധകവും കത്തുന്ന ദേശമാകും. അവിടെ വിതയും വിളവും ഇല്ലാതെയും ഒന്നും മുളച്ചുവരാതെയും ഇരിക്കും. അവ, യഹോവ തന്റെ ഉഗ്രകോപത്തിൽ മറിച്ചുകളഞ്ഞ സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നീ പട്ടണങ്ങൾപോലെയാകും. 24 എല്ലാ ജനതകളും ചോദിക്കും: “യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇപ്രകാരം ചെയ്തത്? എന്തുകൊണ്ടാണ് ഈ ക്രോധാഗ്നി ജ്വലിക്കുന്നത്?”

25 അതിന്റെ മറുപടി ഇപ്രകാരമായിരിക്കും: “അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരോടു ചെയ്ത ഉടമ്പടി ഉപേക്ഷിച്ചതുകൊണ്ടാണിത്. 26 അവർ അറിഞ്ഞിട്ടില്ലാത്തതും അവർക്കു നൽകപ്പെട്ടിട്ടില്ലാത്തതുമായ അന്യദേവന്മാരെ നമസ്കരിക്കാനും ആരാധിക്കാനും അവർ പോയി. 27 അതുകൊണ്ട് യഹോവയുടെ കോപം ദേശത്തിനുനേരേ ജ്വലിച്ചു. അങ്ങനെ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകലശാപങ്ങളും അതിന്മേൽ വരുത്തി. 28 യഹോവ തന്റെ ഉഗ്രകോപത്തിലും മഹാക്രോധത്തിലും അവരെ ദേശത്തുനിന്ന് പിഴുതെടുത്ത് ഇന്നുള്ളതുപോലെ അന്യദേശത്തേക്ക് എറിഞ്ഞുകളഞ്ഞു.”

29 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു. വെളിപ്പെട്ടിട്ടുള്ള കാര്യങ്ങളോ, നാം ഈ നിയമത്തിന്റെ വചനങ്ങൾ പാലിക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളതാകുന്നു.

30:1 ഞാൻ നിനക്കു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളും ശാപങ്ങളും നിന്റെമേൽ വന്ന് നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളയുന്ന ഏതു ജനതകളുടെയും മധ്യത്തിൽ നീ അവയെ നിന്റെ ഹൃദയത്തിൽ ഓർക്കുകയും 2 നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്കു നീയും നിന്റെ മക്കളും മടങ്ങിവന്ന് ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നതുപോലെ അവിടത്തെ വചനങ്ങൾ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ 3 നിന്റെ ദൈവമായ യഹോവ നിന്റെ ഭാവിനിർണയങ്ങൾ പുനഃസ്ഥാപിക്കുകയും നിന്നോടു കരുണകാണിച്ച്, നീ ചിതറിപ്പോയിരുന്ന സകലജനതകളുടെയും ഇടയിൽനിന്ന് നിന്നെ കൂട്ടിവരുത്തുകയും ചെയ്യും. 4 ആകാശത്തിൻകീഴിൽ വിദൂരരാജ്യങ്ങളിലേക്കു നീ നാടുകടത്തപ്പെട്ടിരുന്നാലും അവിടെനിന്നും നിന്റെ ദൈവമായ യഹോവ നിന്നെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും. 5 നിന്റെ പിതാക്കന്മാരുടെ ദേശത്തേക്ക് യഹോവയായ ദൈവം നിന്നെ കൊണ്ടുവരും, അതു നിന്റെ അവകാശമായിത്തീരും. അവിടന്ന് നിന്റെ പിതാക്കന്മാരെക്കാൾ ഐശ്വര്യവും അംഗസംഖ്യയും നിനക്കു പ്രദാനംചെയ്യും. 6 നീ ജീവിച്ചിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സ്നേഹിക്കാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദനം ചെയ്യും. 7 നിന്നെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നിന്റെ ശത്രുക്കളുടെമേൽ ഈ ശാപങ്ങളെല്ലാം നിന്റെ ദൈവമായ യഹോവ അയയ്ക്കും. 8 നീ വീണ്ടും യഹോവയെ അനുസരിക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യണം. 9 അപ്പോൾ നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും ഗർഭഫലത്തിലും മൃഗഫലത്തിലും നിലത്തിലെ വിളവിലും മഹാസമൃദ്ധി നൽകും. 10 നിന്റെ ദൈവമായ യഹോവയുടെ വചനം കേട്ട് ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവിടത്തെ കൽപ്പനകളും ഉത്തരവുകളും പ്രമാണിക്കുകയും നിന്റെ ദൈവമായ യഹോവയിലേക്കു പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ തിരിയുകയും ചെയ്യുമെങ്കിൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിൽ വീണ്ടും പ്രസാദിക്കുകയും സമൃദ്ധിയിലേക്കു നയിക്കുകയും ചെയ്യും.

11 ഇന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന കൽപ്പനകൾ നിനക്കു പ്രയാസമുള്ളതും അപ്രാപ്യവുമല്ല. 12 “ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സ്വർഗത്തിൽക്കയറിച്ചെന്ന് അതു ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സ്വർഗത്തിലല്ല. 13 “ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സമുദ്രം കടന്ന് അതു കൊണ്ടുവന്ന് ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സമുദ്രത്തിനപ്പുറവുമല്ല. 14 വചനം നിങ്ങളോട് ഏറ്റവും സമീപമാകുന്നു, നിങ്ങൾ അനുസരിക്കത്തക്കവിധം അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു.

15 ഇതാ, ഞാൻ ഇന്നു നിങ്ങളുടെമുമ്പിൽ ജീവനും സമൃദ്ധിയും, മരണവും നാശവും വെക്കുന്നു. 16 നീ ജീവിക്കുകയും വർധിക്കുകയും നീ അവകാശമാക്കാൻപോകുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുകയും ചെയ്യേണ്ടതിനു നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കാനും അവിടത്തെ വഴികളിൽ നടക്കാനും അവിടത്തെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പ്രമാണിക്കാനും ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു.

17 എന്നാൽ, നിങ്ങൾ അനുസരണം ഇല്ലാതെ ഹൃദയം തിരിച്ചുകളയുകയും അന്യദേവന്മാരെ നമസ്കരിക്കേണ്ടതിനും ആരാധിക്കേണ്ടതിനും വശീകരിക്കപ്പെടുകയും ചെയ്താൽ, 18 നീ അവകാശമാക്കാൻ യോർദാൻനദി കടന്നുചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ തീർച്ചയായും നശിച്ചുപോകും എന്ന് ഇന്നു ഞാൻ നിങ്ങളോട് പ്രസ്താവിക്കുന്നു.

19 ജീവനും മരണവും അനുഗ്രഹവും ശാപവും നിന്റെ മുമ്പാകെ വെക്കുന്നു. നീ ഇതിൽ ഏതു തെരഞ്ഞെടുക്കും എന്നതിനു സാക്ഷ്യത്തിനായി ഇന്നു ഞാൻ സ്വർഗത്തെയും ഭൂമിയെയും വിളിക്കുന്നു. നീയും നിന്റെ മക്കളും ജീവനോടിരിക്കേണ്ടതിന് ഇപ്പോൾ ജീവൻ തെരഞ്ഞെടുത്തുകൊൾക. 20 നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ ശബ്ദം ശ്രദ്ധിച്ച് അവിടത്തോടു പറ്റിച്ചേർന്നുകൊൾക. യഹോവ നിന്റെ ജീവൻ ആകുന്നു. അവിടന്ന് നിന്റെ പിതാക്കന്മാരായ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്ത് അവിടന്ന് നിനക്കു ദീർഘായുസ്സു നൽകും.

സംഖ്യ 36:13

13 യെരീഹോവിനെതിരേ യോർദാൻനദിക്കരികിലുള്ള മോവാബുസമതലത്തിൽവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു നൽകിയ കൽപ്പനകളും ചട്ടങ്ങളും ഇവതന്നെ.