വിവിധ നിയമങ്ങളും ധാർമികനിയമങ്ങളും ആചാരനിയമങ്ങളും (continued)
ക്രി.മു. 1490
Biblica® Open Malayalam Contemporary Version™ (OMCV)
1 യഹോവ മോശയോട് അരുളിച്ചെയ്തു: 2 “ഇസ്രായേൽമക്കളോടു പറയുക: ‘ഇസ്രായേല്യരോ ഇസ്രായേലിൽ പാർക്കുന്ന ഏതെങ്കിലും പ്രവാസിയോ തങ്ങളുടെ കുഞ്ഞുങ്ങളിൽ ഒന്നിനെയെങ്കിലും മോലെക്കിനു യാഗമർപ്പിച്ചാൽ ആ മനുഷ്യനെ വധിക്കണം. ദേശത്തിലെ ജനം അയാളെ കല്ലെറിയണം. 3 അയാൾ തന്റെ കുഞ്ഞുങ്ങളെ മോലെക്കിനു യാഗമർപ്പിച്ച് എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കുകയും എന്റെ വിശുദ്ധനാമത്തെ നിന്ദിക്കുകയും ചെയ്തതുകൊണ്ടു ഞാൻ ആ മനുഷ്യനു വിരോധമായി എന്റെ മുഖംതിരിക്കുകയും അയാളെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയുകയും ചെയ്യും. 4 ആ മനുഷ്യൻ തന്റെ കുഞ്ഞുങ്ങളിലൊന്നിനെ മോലെക്കിനു യാഗമർപ്പിക്കുമ്പോൾ ദേശത്തിലെ ജനം അയാളെ കൊല്ലാതെ കണ്ണടച്ചുകളഞ്ഞാൽ, 5 ഞാൻ ആ മനുഷ്യനും അയാളുടെ കുടുംബത്തിനും വിരോധമായി മുഖംതിരിച്ച് അയാളെയും മോലെക്കിനോടു പരസംഗം ചെയ്യുന്ന എല്ലാവരെയും അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയും.
6 “ ‘വെളിച്ചപ്പാടുകളിലേക്കും ഭൂതസേവക്കാരിലേക്കും തിരിഞ്ഞ് അവരെ അനുഗമിക്കുന്നതിലൂടെ പരസംഗം ചെയ്യുന്നവർക്കെതിരേ ഞാൻ മുഖംതിരിക്കുകയും സ്വജനത്തിൽനിന്ന് അവരെ ഛേദിച്ചുകളയുകയും ചെയ്യും.
7 “ ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആയതുകൊണ്ടു നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വിശുദ്ധരായിരിക്കുക. 8 എന്റെ ഉത്തരവുകൾ പ്രമാണിച്ചു നടക്കുക. ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
9 “ ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്നയാൾ മരണശിക്ഷ അനുഭവിക്കണം. അയാൾ തന്റെ പിതാവിനെയോ മാതാവിനെയോ ശപിച്ചതുകൊണ്ട്; ആ കുറ്റത്തിന്റെ രക്തം അയാളുടെ തലമേലിരിക്കും.
10 “ ‘മറ്റൊരാളിന്റെ ഭാര്യയുമായി—തന്റെ അയൽക്കാരന്റെ ഭാര്യയുമായിത്തന്നെ—ഒരാൾ വ്യഭിചാരം ചെയ്താൽ, വ്യഭിചാരിയെയും വ്യഭിചാരിണിയെയും വധിക്കണം.
11 “ ‘ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അയാൾ തന്റെ പിതാവിനെ അപമാനിക്കുന്നു; അവർ ഇരുവരും മരണശിക്ഷ അനുഭവിക്കണം. അവരുടെ രക്തം അവരുടെ തലമേലിരിക്കും.
12 “ ‘ഒരാൾ തന്റെ മരുമകളുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ രണ്ടുപേരെയും കൊല്ലണം. അവരുടെ പ്രവൃത്തി നികൃഷ്ടം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
13 “ ‘ഒരു പുരുഷൻ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതുപോലെ പുരുഷൻ പുരുഷനോടുകൂടെ കിടക്കപങ്കിട്ടാൽ, അവർ രണ്ടുപേരും അറപ്പായതു പ്രവർത്തിച്ചിരിക്കുന്നു. അവരെ കൊല്ലണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
14 “ ‘ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ മാതാവിനെയും വിവാഹംകഴിച്ചാൽ, അതു ദുഷ്ടതയാണ്. നിങ്ങളുടെ മധ്യത്തിൽ ദുഷ്ടത ഇല്ലാതെയിരിക്കാൻ അയാളെയും ആ സ്ത്രീകളെയും തീയിൽ ദഹിപ്പിക്കണം.
15 “ ‘ഒരു പുരുഷൻ ഒരു മൃഗവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അയാളെ കൊല്ലണം, ആ മൃഗത്തെയും കൊല്ലണം.
16 “ ‘ഒരു മൃഗത്തോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെടേണ്ടതിന് ഒരു സ്ത്രീ അതിനെ സമീപിച്ചാൽ ആ സ്ത്രീയെയും മൃഗത്തെയും കൊല്ലണം. അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
17 “ ‘ഒരു പുരുഷൻ തന്റെ പിതാവിന്റെയോ മാതാവിന്റെയോ മകളായ തന്റെ സഹോദരിയെ വിവാഹംകഴിക്കുകയും അവർ പരസ്പരം ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്താൽ അതു നിന്ദ്യം. അവരെ അവരുടെ ജനത്തിന്റെ കണ്മുന്നിൽവെച്ചുതന്നെ വധിക്കണം. അവൻ തന്റെ സഹോദരിയെ അപമാനിച്ചു, അവൻ കുറ്റക്കാരനായിരിക്കും.
18 “ ‘ഒരു പുരുഷൻ ഋതുമതിയായ ഒരു സ്ത്രീയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവൻ അവളുടെ സ്രവത്തിന്റെ ഉറവിടം അനാവൃതമാക്കി; അവളും അത് അനാവൃതമാക്കി. അവർ രണ്ടുപേരെയും അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
19 “ ‘നിന്റെ മാതാവിന്റെയോ പിതാവിന്റെയോ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്, അത് അടുത്ത ബന്ധുക്കാരിയെ അപമാനിക്കലാണ്, നിങ്ങൾ ഇരുവരും കുറ്റക്കാരായിരിക്കും.
20 “ ‘ഒരു പുരുഷൻ തന്റെ അമ്മായിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അവൻ തന്റെ ഇളയപ്പനെ അപമാനിച്ചു. അവർ കുറ്റക്കാരായിരിക്കും. അവർ സന്താനരഹിതരായി മരിക്കണം.
21 “ ‘ഒരു പുരുഷൻ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹംകഴിക്കുന്നെങ്കിൽ, അത് ഒരു മലിനപ്രവൃത്തി; അയാൾ തന്റെ സഹോദരനെ അപമാനിച്ചു. അവർ സന്തതിയില്ലാത്തവർ ആയിരിക്കണം.
22 “ ‘നിങ്ങൾക്കു വസിക്കാനായി ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഉപേക്ഷിക്കാതിരിക്കേണ്ടതിന് എന്റെ എല്ലാ ഉത്തരവുകളും നിയമങ്ങളും പാലിച്ച് അവ അനുവർത്തിക്കുക. 23 ഞാൻ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയുന്ന ജനതയുടെ ആചാരരീതികൾ അനുസരിച്ചു ജീവിക്കരുത്. അവർ ഇവയൊക്കെ ചെയ്തതുകൊണ്ടു ഞാൻ അവരെ കഠിനമായി വെറുക്കുന്നു. 24 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, “നിങ്ങൾ അവരുടെ ദേശം കൈവശമാക്കും; പാലും തേനും ഒഴുകുന്ന ആ ദേശം ഞാൻ നിങ്ങൾക്ക് അവകാശമായിത്തരും.” ജനതകളിൽനിന്നു നിങ്ങളെ വേർതിരിച്ച ദൈവമായ യഹോവ ഞാൻ ആകുന്നു.
25 “ ‘നിങ്ങൾ അതുകൊണ്ടു ശുദ്ധവും അശുദ്ധവുമായ മൃഗങ്ങൾതമ്മിലും ശുദ്ധവും അശുദ്ധവുമായ പക്ഷികൾതമ്മിലും വേർതിരിക്കണം. നിങ്ങൾക്ക് അശുദ്ധമായി ഞാൻ മാറ്റിയിട്ടുള്ള ഏതൊരു മൃഗത്താലോ പക്ഷിയാലോ നിലത്തു ചരിക്കുന്ന യാതൊന്നിനാലുമോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. 26 യഹോവയായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. എനിക്കു സ്വന്തമായിരിക്കേണ്ടതിനു നിങ്ങളെ ഞാൻ ഇതര ജനതകളിൽനിന്ന് വേർതിരിച്ചിരിക്കുന്നു.
27 “ ‘നിങ്ങളുടെ ഇടയിൽ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ ആയ സ്ത്രീപുരുഷന്മാർ ഉണ്ടെങ്കിൽ അവർ മരണശിക്ഷ അനുഭവിക്കണം. നിങ്ങൾ അവരെ കല്ലെറിയണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.’ ”
21:1 യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘പുരോഹിതൻ തന്റെ ജനത്തിൽ ആരുടെയെങ്കിലും ശവത്തിൽ സ്പർശിച്ച് സ്വയം അശുദ്ധമാക്കരുത്. 2-3 എന്നാൽ തന്റെ മാതാവ്, പിതാവ്, മകൻ, മകൾ, സഹോദരൻ, കന്യകയായ സഹോദരി—അവൾക്ക് ഭർത്താവ് ഇല്ലാത്തതിനാൽ അദ്ദേഹത്തെ ആശ്രയിച്ചാണല്ലോ കഴിയുന്നത്— എന്നിങ്ങനെയുള്ള അടുത്ത ബന്ധുക്കളാൽ അദ്ദേഹത്തിന് ആചാരപരമായി അശുദ്ധനാകാം. 4 അയാൾ വിവാഹത്താൽ ബന്ധുക്കളായിത്തീർന്ന ആളുകൾക്കുവേണ്ടി സ്വയം അശുദ്ധനാകരുത്, അങ്ങനെ സ്വയം മാലിന്യമേൽക്കരുത്.
5 “ ‘പുരോഹിതൻ തലമുണ്ഡനം ചെയ്യുകയോ താടിയുടെ വക്കുകൾ വടിക്കുകയോ ശരീരത്തിൽ മുറിവുണ്ടാക്കുകയോ ചെയ്യരുത്. 6 അവർ തങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കണം. തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നവരായതുകൊണ്ട് അവർ വിശുദ്ധരായിരിക്കണം.
7 “ ‘അവർ, വേശ്യാവൃത്തിയാൽ മലിനയായവളോ ഭർത്താവിൽനിന്ന് വേർപെട്ടവളോ ആയ സ്ത്രീയെ വിവാഹംകഴിക്കരുത്. കാരണം പുരോഹിതന്മാർ ദൈവത്തിനു വിശുദ്ധരാകുന്നു. 8 നിങ്ങൾ ഓരോരുത്തരും അവരെ വിശുദ്ധരായി പരിഗണിക്കണം, കാരണം പുരോഹിതന്മാർ നിങ്ങളുടെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവരാണ്. നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങൾ അവരെ വിശുദ്ധരായി കണക്കാക്കണം.
9 “ ‘ഒരു പുരോഹിതന്റെ മകൾ വേശ്യയായി സ്വയം മലിനയാക്കിയാൽ, അവൾ അവളുടെ പിതാവിനെ അപമാനിക്കുന്നു, അവളെ തീയിൽ ദഹിപ്പിക്കണം.
10 “ ‘തന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് തലയിൽ അഭിഷേകതൈലം ഒഴിക്കപ്പെട്ടവനും, പൗരോഹിത്യവസ്ത്രങ്ങൾ ധരിക്കാൻ സമർപ്പിക്കപ്പെട്ടവനുമായ മഹാപുരോഹിതൻ തന്റെ തലമുടി ചീകാതിരിക്കുകയോ വസ്ത്രം കീറുകയോ ചെയ്യരുത്. 11 ഒരു ശവശരീരം ഉള്ളിടത്ത് അദ്ദേഹം പ്രവേശിക്കരുത്. തന്റെ പിതാവിനുവേണ്ടിയോ മാതാവിനുവേണ്ടിയോപോലും അദ്ദേഹം സ്വയം അശുദ്ധനാകരുത്. 12 തന്റെ ദൈവത്തിന്റെ അഭിഷേകതൈലത്താൽ അദ്ദേഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാൽ അദ്ദേഹം തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം വിട്ടുപോകുകയോ അതിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
13 “ ‘അദ്ദേഹം വിവാഹംകഴിക്കുന്ന സ്ത്രീ കന്യകയായിരിക്കണം. 14 അദ്ദേഹം ഒരു വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ വേശ്യാവൃത്തിയാൽ അശുദ്ധമാക്കപ്പെട്ടവളെയോ വിവാഹംകഴിക്കരുത്. സ്വജനത്തിലുള്ള ഒരു കന്യകയെമാത്രമേ വിവാഹംകഴിക്കാവൂ. 15 ഇങ്ങനെയായാൽ അദ്ദേഹം തന്റെ സന്തതിയെ തന്റെ ജനത്തിനിടയിൽ അശുദ്ധമാക്കുകയില്ല; അവനെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ ആകുന്നു.’ ”
16 യഹോവ മോശയോട് അരുളിച്ചെയ്തു: 17 “അഹരോനോടു പറയുക: ‘നിന്റെ സന്തതിപരമ്പരയിൽ വികലാംഗർ ആരും ഒരുനാളും, അവരുടെ ദൈവത്തിന്റെ ഭോജനം അർപ്പിക്കാൻ അടുത്തുവരരുത്. 18 അന്ധൻ, മുടന്തൻ, വിരൂപി, വൈകല്യമുള്ളവൻ, 19 കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ, 20 കൂനൻ, കുള്ളൻ, കാഴ്ചയ്ക്കു ന്യൂനതയുള്ളവൻ, ചൊറിയുള്ളവൻ, ചുണങ്ങുള്ളവൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരാരും അടുത്തുവരരുത്. 21 പുരോഹിതനായ അഹരോന്റെ പുത്രന്മാരിൽ ഊനമുള്ളവൻ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാൻ അടുത്തുവരരുത്. അവന് ഒരു ഊനമുണ്ട്; തന്റെ ദൈവത്തിനു ഭോജനം അർപ്പിക്കാൻ അവൻ അടുത്തുവരരുത്. 22 തന്റെ ദൈവത്തിന്റെ അതിവിശുദ്ധഭോജനവും വിശുദ്ധഭോജനവും അയാൾക്കു ഭക്ഷിക്കാം, 23 എങ്കിലും അയാൾ ഊനമുള്ളവൻ ആകുകകൊണ്ട് തിരശ്ശീലയ്ക്കടുത്തു പോകുകയോ യാഗപീഠത്തെ സമീപിക്കുകയോ ചെയ്ത് എന്റെ വിശുദ്ധമന്ദിരത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തരുത്. അവരെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ ആകുന്നു.’ ”
24 അങ്ങനെ മോശ ഇത് അഹരോനോടും പുത്രന്മാരോടും സകല ഇസ്രായേല്യരോടും പറഞ്ഞു.