യാഗങ്ങൾക്കുള്ള നിയമങ്ങൾ
ക്രി.മു. 1490
Biblica® Open Malayalam Contemporary Version™ (OMCV)
1 യഹോവ സമാഗമകൂടാരത്തിൽനിന്ന് മോശയെ വിളിച്ച് ഇപ്രകാരം അരുളിച്ചെയ്തു: 2 “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവരുമ്പോൾ കന്നുകാലിക്കൂട്ടത്തിലോ ആട്ടിൻപറ്റത്തിലോനിന്നും ഒരു മൃഗത്തെ നിങ്ങളുടെ വഴിപാടായി കൊണ്ടുവരണം.
3 “ ‘കന്നുകാലികളിൽ ഒന്നിനെ വഴിപാടായി അർപ്പിക്കുന്നെങ്കിൽ, അയാൾ ഊനമില്ലാത്ത ആണിനെ ഹോമയാഗമായി അർപ്പിക്കണം. അതു യഹോവയ്ക്കു സ്വീകാര്യമായിരിക്കാൻ അയാൾ അതിനെ സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച് അർപ്പിക്കണം. 4 അയാൾ ഹോമയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ കൈവെക്കണം; അത് അയാൾക്കുവേണ്ടി പാപപരിഹാരമായി സ്വീകരിക്കപ്പെടും. 5 യഹോവയുടെ സന്നിധിയിൽ അയാൾ കാളക്കിടാവിനെ അറക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 6 ഇതിനുശേഷം അയാൾ ഹോമയാഗമൃഗത്തെ തുകലുരിച്ചു കഷണങ്ങളായി മുറിക്കണം. 7 പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീകൊളുത്തി അതിന്മേൽ വിറകടുക്കണം. 8 പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ തലയും മേദസ്സുമുൾപ്പെടെ കഷണങ്ങൾ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം. 9 ആന്തരികാവയവങ്ങളും കാലും അയാൾ വെള്ളത്തിൽ കഴുകണം. പുരോഹിതൻ എല്ലാ ഭാഗവും യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
10 “ ‘വഴിപാട് ആട്ടിൻപറ്റത്തിലെ ചെമ്മരിയാടോ കോലാടോ ആകുന്നെങ്കിൽ, ഊനമില്ലാത്ത ആണിനെ അർപ്പിക്കണം. 11 അയാൾ യാഗപീഠത്തിന്റെ വടക്കുവശത്തു യഹോവയുടെ സന്നിധിയിൽ അതിനെ അറക്കണം, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 12 ഇതിനുശേഷം അയാൾ അതിനെ കഷണങ്ങളായി മുറിക്കണം. പുരോഹിതൻ തലയും മേദസ്സുമുൾപ്പെടെ അവയെ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം. 13 ആന്തരികാവയവങ്ങളും കാലും അയാൾ വെള്ളത്തിൽ കഴുകണം. പുരോഹിതൻ എല്ലാം ഹോമയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
14 “ ‘യഹോവയ്ക്കുള്ള വഴിപാടായി പക്ഷിയെയാണ് ഹോമയാഗം അർപ്പിക്കുന്നതെങ്കിൽ അയാൾ ഒരു കുറുപ്രാവിനെയോ ഒരു പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കണം. 15 പുരോഹിതൻ അതിനെ യാഗപീഠത്തിൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ച് യാഗപീഠത്തിൽ ദഹിപ്പിക്കണം. അതിന്റെ രക്തം യാഗപീഠത്തിന്റെ പാർശ്വത്തിൽ ഒഴിച്ചുകളയണം. 16 അയാൾ അതിന്റെ അന്നസഞ്ചി പപ്പുംചേർത്തു പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു ചാരം ഇടുന്ന സ്ഥലത്തു കളയണം. 17 അയാൾ അതിനെ പൂർണമായി വേർപെടുത്താതെ ചിറകുകളോടുകൂടെ പിളർക്കണം. പിന്നെ പുരോഹിതൻ അതിനെ യാഗപീഠത്തിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന വിറകിനുമീതേ ഹോമയാഗമായി ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
2:1 “ ‘ഒരാൾ യഹോവയ്ക്ക് ഒരു ഭോജനയാഗം അർപ്പിക്കുമ്പോൾ അയാളുടെ വഴിപാട് നേരിയമാവ് ആയിരിക്കണം. അയാൾ അതിന്മേൽ ഒലിവെണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം. 2 അത് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ഒരുപിടി നേരിയമാവും എണ്ണയും, കുന്തിരിക്കം മുഴുവനും എടുത്ത്, അത് ഒരു സ്മാരകഭാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം. 3 ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അത് ഏറ്റവും വിശുദ്ധമാണ്.
4 “ ‘അടുപ്പിൽ ചുട്ട ഭോജനയാഗമാണ് നിങ്ങൾ അർപ്പിക്കുന്നതെങ്കിൽ, അതു പുളിപ്പിക്കാത്ത നേരിയമാവുകൊണ്ടുള്ളതാകണം; ഒലിവെണ്ണചേർത്ത പുളിപ്പില്ലാത്ത ദോശയോ പുളിപ്പിക്കാതെ ഒലിവെണ്ണ പുരട്ടിയുണ്ടാക്കിയ വടകളോ ആയിരിക്കണം. 5 നിങ്ങളുടെ ഭോജനയാഗം അപ്പച്ചട്ടിയിൽ ചുട്ടതാണെങ്കിൽ നേരിയമാവ് പുളിപ്പിക്കാതെ എണ്ണചേർത്ത് ഉണ്ടാക്കിയതായിരിക്കണം. 6 അതു കഷണങ്ങളായി മുറിച്ച് അതിന്മേൽ എണ്ണ ഒഴിക്കണം; അതു ഭോജനയാഗം. 7 നിങ്ങളുടെ ഭോജനയാഗം ഉരുളിയിൽ പാകംചെയ്തതാണെങ്കിൽ, അതു നേരിയമാവും ഒലിവെണ്ണയും ചേർത്തുണ്ടാക്കിയതായിരിക്കണം. 8 ഇവകൊണ്ടുണ്ടാക്കിയ ഭോജനയാഗം യഹോവയ്ക്ക് അർപ്പിക്കണം; അതു പുരോഹിതനെ ഏൽപ്പിക്കണം; അദ്ദേഹം അതു യാഗപീഠത്തിൽ കൊണ്ടുവരണം. 9 അദ്ദേഹം ഭോജനയാഗത്തിൽനിന്ന് സ്മാരകഭാഗം എടുത്തു യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കണം. 10 ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
11 “ ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കുന്ന ഭോജനയാഗങ്ങളിലൊന്നിനും പുളിപ്പുണ്ടായിരിക്കരുത്; പുളിച്ച മാവോ തേനോ ഭോജനയാഗമായി അർപ്പിക്കരുത്. 12 നിങ്ങൾ അവയെ ആദ്യഫലവഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. പക്ഷേ, അവയെ ഹൃദ്യസുഗന്ധമായി യാഗപീഠത്തിൽ അർപ്പിക്കരുത്. 13 നിങ്ങളുടെ എല്ലാ ഭോജനയാഗത്തിനും ഉപ്പുകൊണ്ടു രുചി വരുത്തണം. നിങ്ങളുടെ ദൈവവുമായുള്ള ഉടമ്പടിയുടെ ഉപ്പു ഭോജനയാഗങ്ങളിൽനിന്നും ഒഴിവാക്കരുത്. നിങ്ങളുടെ എല്ലാ വഴിപാടുകളിലും ഉപ്പുചേർക്കണം.
14 “ ‘നിങ്ങളുടെ ആദ്യഫലത്തിൽനിന്നും യഹോവയ്ക്ക് ഭോജനയാഗം അർപ്പിക്കുന്നെങ്കിൽ, പുതിയ കതിരുതിർത്ത മണികൾ തീയിൽ ചുട്ട്, അർപ്പിക്കണം. 15 അതിന്മേൽ എണ്ണയും കുന്തിരിക്കവും ഇടണം; അത് ഒരു ഭോജനയാഗം. 16 ഉതിർത്ത ധാന്യമണിയുടെയും എണ്ണയുടെയും ഓരോഭാഗവും മുഴുവൻ കുന്തിരിക്കവും പുരോഹിതൻ യഹോവയ്ക്ക് ഒരു സ്മാരകഭാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു ഒരു ദഹനയാഗം.
3:1 “ ‘ഒരാളുടെ വഴിപാട് സമാധാനയാഗമാണെങ്കിൽ, കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുമ്പോൾ, ആണായാലും പെണ്ണായാലും ഊനമില്ലാത്തതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം. 2 അയാൾ തന്റെ വഴിപാടുമൃഗത്തിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ അതിനെ അറക്കുകയും ചെയ്യണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 3 സമാധാനയാഗത്തിൽനിന്ന്, അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും 4 വൃക്കകൾ രണ്ടും അവയുടെമേൽ ഇടുപ്പിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അയാൾ യഹോവയ്ക്ക് ദഹനയാഗമായി അർപ്പിക്കണം. 5 അഹരോന്റെ പുത്രന്മാർ, യാഗപീഠത്തിൽ കത്തുന്ന വിറകിന്മേലുള്ള ഹോമയാഗത്തിനുമീതേ അത് ദഹിപ്പിക്കണം. അത് യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
6 “ ‘ഒരാൾ ആട്ടിൻപറ്റത്തിൽനിന്ന് ഒന്നിനെ യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കുന്നെങ്കിൽ, അയാൾ ഊനമില്ലാത്ത ഒരു ആണിനെയോ പെണ്ണിനെയോ അർപ്പിക്കണം. 7 ഒരു കുഞ്ഞാടിനെ അർപ്പിക്കുന്നെങ്കിൽ യഹോവയുടെ സന്നിധിയിൽ അതിനെ അർപ്പിക്കണം. 8 അയാൾ തന്റെ വഴിപാടുമൃഗത്തിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെമുമ്പിൽ അതിനെ അറക്കുകയും വേണം. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം. 9 അയാൾ സമാധാനയാഗത്തിൽനിന്ന്, അതിന്റെ മേദസ്സും നട്ടെല്ലിനോടുചേർത്തു വെട്ടിയെടുത്ത തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും 10 വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും നീക്കംചെയ്ത് യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം. 11 പുരോഹിതൻ അതു യാഗപീഠത്തിൽ ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ദഹനയാഗമാകുന്നു.
12 “ ‘അയാളുടെ വഴിപാട് ഒരു കോലാടാണെങ്കിൽ, അയാൾ അത് യഹോവയുടെമുമ്പാകെ അർപ്പിക്കണം. 13 അയാൾ അതിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെമുമ്പിൽ അറക്കുകയും വേണം, അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 14 അയാൾ അർപ്പിക്കുന്നതിൽനിന്ന് അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും 15 വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും നീക്കംചെയ്ത് അയാൾ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം. 16 പുരോഹിതൻ യാഗപീഠത്തിൽ ഹൃദ്യസുഗന്ധമായ ദഹനയാഗമായി അവയെ ദഹിപ്പിക്കണം. മേദസ്സെല്ലാം യഹോവയ്ക്കുള്ളതാണ്.
17 “ ‘നിങ്ങൾ മേദസ്സും രക്തവും ഭക്ഷിക്കരുത്; ഇത്, നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾക്കു തലമുറതലമുറയായി എന്നെന്നേക്കുമുള്ള നിയമം ആയിരിക്കണം.’ ”