യോശുവയുടെ അവകാശം
ക്രി.മു. 1444
Biblica® Open Malayalam Contemporary Version™ (OMCV)
49 ദേശം ഭാഗംവെച്ചു തീർന്നശേഷം ഇസ്രായേൽമക്കൾ നൂന്റെ മകനായ യോശുവയ്ക്കും യഹോവയുടെ കൽപ്പനപ്രകാരം തങ്ങളുടെ ഇടയിൽ ഒരു ഓഹരികൊടുത്തു. 50 അദ്ദേഹം ആവശ്യപ്പെട്ട പട്ടണമായ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ് എന്ന പട്ടണംതന്നെ അദ്ദേഹത്തിനു കൊടുത്തു. അവൻ ആ പട്ടണം പുതുക്കിപ്പണിത് അവിടെ താമസിച്ചു.
51 പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ പ്രമുഖരായ ഗോത്രപിതാക്കന്മാർ എന്നിവർ ശീലോവിൽ യഹോവയുടെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നറുക്കിട്ട് അവകാശഭൂമിയായി വിഭജിച്ചുകൊടുത്ത പ്രദേശങ്ങൾ ഇവയായിരുന്നു. അങ്ങനെ അവർ ദേശവിഭജനം അവസാനിപ്പിച്ചു.
അഭയനഗരങ്ങളും ലേവ്യർക്കുള്ള നഗരങ്ങളും
1 ഇതിനുശേഷം യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: 2 “ഞാൻ മോശയിൽക്കൂടി ഇസ്രായേൽമക്കളോടു കൽപ്പിച്ചപ്രകാരം, അഭയസ്ഥാനമായിരിക്കേണ്ട പട്ടണങ്ങൾ നിശ്ചയിക്കാൻ നീ ഇസ്രായേൽമക്കളോടു പറയുക. 3 അവിചാരിതമായോ അബദ്ധവശാലോ ഒരാളെ കൊന്ന ഒരു വ്യക്തി അവിടേക്ക് ഓടിപ്പോയി രക്തപ്രതികാരകനിൽനിന്നു രക്ഷനേടാനായിട്ടാണ് ഈ ക്രമീകരണം. 4 ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിച്ചെല്ലുന്ന വ്യക്തി പട്ടണകവാടത്തിൽ നിന്നുകൊണ്ടു കാര്യത്തിന്റെ നിജസ്ഥിതി പട്ടണത്തലവന്മാരെ അറിയിക്കണം. അങ്ങനെ ഗോത്രത്തലവന്മാർ ആ മനുഷ്യനെ പട്ടണത്തിൽ പ്രവേശിപ്പിച്ച്, തങ്ങളുടെകൂടെ പാർക്കേണ്ടതിനു സ്ഥലം കൊടുക്കുകയും വേണം. 5 രക്തപ്രതികാരകൻ ആ മനുഷ്യനെ പിൻതുടർന്നുചെന്നാൽ, കുറ്റവാളി മനഃപൂർവമല്ലാതെയും പൂർവവൈരമില്ലാതെയും തന്റെ അയൽവാസിയെ കൊന്നുപോയതാകുകയാൽ, ഗോത്രത്തലവന്മാർ ആ മനുഷ്യനെ വിട്ടുകൊടുക്കരുത്. 6 അവൻ സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുംവരെയോ അന്നത്തെ മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കണം. അതിനുശേഷം അവന്, താൻ വിട്ടോടിപ്പോന്ന പട്ടണത്തിലെ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം.”
7 അങ്ങനെ അവർ നഫ്താലിമലനാട്ടിലെ ഗലീലായിലുള്ള കേദേശ്, എഫ്രയീംമലനാട്ടിലെ ശേഖേം, യെഹൂദാമലനാട്ടിലെ ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, 8 യെരീഹോവിലെ യോർദാൻനദിയുടെ കിഴക്കുവശത്തുള്ള മരുഭൂമിയിൽ രൂബേൻഗോത്രത്തിലെ പീഠഭൂമിയിലുള്ള ബേസെർ, ഗാദ്ഗോത്രത്തിലെ ഗിലെയാദിലുള്ള രാമോത്ത്, മനശ്ശെഗോത്രത്തിലെ ബാശാനിലുള്ള ഗോലാൻ എന്നീ പട്ടണങ്ങൾ വേർതിരിച്ചു. 9 ഇസ്രായേൽമക്കളിൽ ആരെങ്കിലുമോ അവരുടെയിടയിൽ താമസിച്ച പ്രവാസികളിൽ ആരെങ്കിലുമോ അബദ്ധവശാൽ ഒരാളെ കൊന്നുപോയാൽ ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിപ്പോകാനും, സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുന്നതുവരെ രക്തപ്രതികാരകനാൽ വധിക്കപ്പെടാതിരിക്കാനുമാണ് ഈ ക്രമീകരണം.
21:1-2 ഇതിനുശേഷം ലേവ്യരുടെ കുടുംബത്തലവന്മാർ—കനാനിലെ ശീലോവിൽവെച്ച്—പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ മറ്റു ഗോത്രത്തലവന്മാർ എന്നിവരുടെ അടുക്കൽവന്ന് അവരോട്: “ഞങ്ങൾക്കു താമസിക്കാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു പുൽമേടുകളും തരാൻ യഹോവ മോശമുഖാന്തരം കൽപ്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.
3 അങ്ങനെ ഇസ്രായേൽമക്കൾ തങ്ങളുടെ സ്വന്ത അവകാശത്തിൽനിന്ന് യഹോവയുടെ കൽപ്പനപ്രകാരം ഈ പട്ടണങ്ങളും പുൽമേടുകളും ലേവ്യർക്കു കൊടുത്തു:
4 കെഹാത്യർക്കു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. പുരോഹിതനായ അഹരോന്റെ പിൻഗാമികളായ ലേവ്യർക്ക്, യെഹൂദാ, ശിമെയോൻ, ബെന്യാമീൻ, എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്നു പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
5 കെഹാത്തിന്റെ മറ്റു പിൻഗാമികൾക്ക്, എഫ്രയീംഗോത്രം, ദാൻഗോത്രം, മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്നു പത്തു പട്ടണങ്ങൾ ലഭിച്ചു.
6 ഗെർശോന്റെ പിൻഗാമികൾക്ക്, യിസ്സാഖാർഗോത്രം, ആശേർഗോത്രം, നഫ്താലിഗോത്രം, ബാശാനിലെ മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്ന് പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
7 മെരാരിയുടെ പിൻഗാമികൾക്കു കുലംകുലമായി രൂബേൻ, ഗാദ്, സെബൂലൂൻ എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്ന് പന്ത്രണ്ടു പട്ടണങ്ങൾ ലഭിച്ചു.
8 ഇപ്രകാരം ഇസ്രായേൽമക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ പുൽമേടുകളും യഹോവ മോശമുഖാന്തരം കൽപ്പിച്ചതിൻപ്രകാരം വിഭജിച്ചുകൊടുത്തു.
9 യെഹൂദാഗോത്രത്തിൽനിന്നും ശിമെയോൻഗോത്രത്തിൽനിന്നും താഴേ പേരുപറയുന്ന പട്ടണങ്ങളെ കൊടുത്തു. 10 (ലേവ്യരിൽ കെഹാത്യകുലങ്ങളിൽപ്പെട്ട അഹരോന്റെ പിൻഗാമികൾക്കാണ് ഇവ ലഭിച്ചത്. കാരണം ആദ്യത്തെ നറുക്ക് അവർക്കാണു വീണത്.)
11 യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബയും ചുറ്റുപാടുമുള്ള പുൽമേടുകളും അവർക്കു കൊടുത്തു. (അനാക്കിന്റെ പൂർവപിതാവായിരുന്നു അർബാ.) 12 എന്നാൽ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു. 13 പുരോഹിതനായ അഹരോന്റെ പിൻഗാമികൾക്ക് അവർ ഹെബ്രോൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ലിബ്നാ, 14 യത്ഥീർ, എസ്തെമോവ, 15 ഹോലോൻ, ദെബീർ, 16 ആയിൻ, യുത്ത, ബേത്-ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ പുൽമേടുകളും ഇങ്ങനെ ഈ രണ്ടു ഗോത്രങ്ങളിൽനിന്നായി ഒൻപതു പട്ടണങ്ങളും;
17 ബെന്യാമീൻഗോത്രത്തിൽനിന്ന്,
ഗിബെയോൻ, ഗേബാ, 18 അനാഥോത്ത്, അൽമോൻ എന്നിവയും അവയുടെ പുൽമേടുകളുമായി നാലു പട്ടണങ്ങളും കൊടുത്തു.
19 ഇങ്ങനെ അഹരോന്റെ പിൻഗാമികളായ പുരോഹിതന്മാർക്കെല്ലാംകൂടി പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു.
20 ലേവ്യരിൽ കെഹാത്യകുലത്തിൽ ശേഷിച്ചവർക്ക് എഫ്രയീംഗോത്രത്തിൽനിന്നും പട്ടണങ്ങൾ ലഭിച്ചു.
21 എഫ്രയീം മലനാട്ടിൽ
ശേഖേം (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഗേസെർ, 22 കിബ്സയീം, ബേത്-ഹോരോൻ, ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
23 ദാൻഗോത്രത്തിൽനിന്ന്
എൽ-തെക്കേ, ഗിബ്ബെഥോൻ, 24 അയ്യാലോൻ, ഗത്ത്-രിമ്മോൻ ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
25 മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന്
താനാക്ക്, ഗത്ത്-രിമ്മോൻ ഇങ്ങനെ രണ്ടു പട്ടണവും അവയുടെ പുൽമേടുകളും;
26 ഈ പത്തു പട്ടണങ്ങളും അവയുടെ പുൽമേടുകളും കെഹാത്യകുലത്തിൽ ശേഷിച്ചവർക്കു ലഭിച്ചു.
27 ലേവിഗോത്രത്തിൽപ്പെട്ട ഗെർശോന്യർക്ക്,
മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന്:
ബാശാനിലെ ഗോലാൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ബെയെസ്തേര ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും,
28 യിസ്സാഖാർ ഗോത്രത്തിൽനിന്ന്,
കിശ്യോൻ, ദാബെരത്ത്, 29 യർമൂത്ത്, ഏൻ-ഗന്നീം ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
30 ആശേർ ഗോത്രത്തിൽനിന്ന്,
മിശാൽ, അബ്ദോൻ, 31 ഹെൽക്കത്ത്, രെഹോബ് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
32 നഫ്താലിഗോത്രത്തിൽനിന്ന്,
ഗലീലായിലെ കേദേശ് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഹമ്മോത്ത്-ദോർ, കർഥാൻ. ഇങ്ങനെ മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
33 ആകെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ഗെർശോന്യർക്ക് കുലംകുലമായി ലഭിച്ചു.
34 ശേഷം ലേവ്യരിൽ മെരാര്യകുലത്തിന്,
സെബൂലൂൻഗോത്രത്തിൽനിന്ന്.
യൊക്നെയാം, കർഥ, 35 ദിമ്നി, നഹലാൽ. ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും
36 രൂബേൻഗോത്രത്തിൽനിന്ന്:
ബേസെർ, യാഹാസ്, 37 കെദേമോത്ത്, മേഫാത്ത് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
38 ഗാദ്ഗോത്രത്തിൽനിന്ന്,
ഗിലെയാദിലെ രാമോത്ത് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), മഹനയീം, 39 ഹെശ്ബോൻ, യാസേർ എന്നീ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും.
40 ഇങ്ങനെ ആകെ പന്ത്രണ്ടു പട്ടണങ്ങൾ, ശേഷം ലേവ്യരിൽപ്പെട്ട മെരാര്യകുലത്തിനു ലഭിച്ചു.
41 ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് ആകെ നാൽപ്പത്തെട്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു. 42 ഓരോ പട്ടണത്തിനുചുറ്റും പുൽമേടുകൾ ഉണ്ടായിരുന്നു. എല്ലാ പട്ടണങ്ങളുടെയും ഭൂപ്രകൃതി ഏകദേശം ഒരുപോലെതന്നെയായിരുന്നു.