യോസേഫിന്റെ ഓഹരി

ക്രി.മു. 1444

Biblica® Open Malayalam Contemporary Version™ (OMCV)

യോശുവ 16–17

1 യോസേഫിന്റെ ഓഹരി യെരീഹോനീരുറവകൾക്കു കിഴക്കുള്ള യെരീഹോവിലെ യോർദാനിൽ ആരംഭിച്ചു മരുഭൂമിയിൽക്കൂടി മേൽപ്പോട്ടു മലനാടായ ബേഥേലിലേക്കു കടക്കുന്നു. 2 ലൂസ് എന്ന ബേഥേലിൽനിന്ന് അർഖ്യരുടെ പ്രദേശത്തേക്ക് അതാരോത്തിൽക്കൂടി കടന്ന് 3 പടിഞ്ഞാറോട്ട് യഫ്ലേത്യരുടെ ദേശമായ താഴത്തെ ബേത്-ഹോരോൻവരെ താഴോട്ട് ചെന്ന്, ഗേസെരും കടന്ന്, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.

4 അങ്ങനെ യോസേഫിന്റെ പിൻഗാമികളായ മനശ്ശെയ്ക്കും എഫ്രയീമിനും ഓഹരി ലഭിച്ചു.

5 എഫ്രയീമിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാകുന്നു:

അവരുടെ ദേശത്തിന്റെ അതിര് കിഴക്ക് അതെരോത്ത്-അദാറിൽനിന്നു മുകളിലത്തെ ബേത്-ഹോരോനിലേക്കു കടക്കുന്നു; 6 തുടർന്ന് അതു മെഡിറ്ററേനിയൻ സമുദ്രത്തിലേക്കു പോകുന്നു; വടക്കുള്ള മിക്‌മെഥാത്തിൽനിന്നും കിഴക്കോട്ടു വളഞ്ഞ് താനത്ത്-ശിലോവിന്റെ സമീപം കൂടി കിഴക്കുള്ള യാനോഹയിൽ എത്തുന്നു. 7 അവിടെനിന്ന് അതാരോത്തും നയരായും ഇറങ്ങി യെരീഹോവിനെ സ്പർശിച്ചുകൊണ്ട് യോർദാനിങ്കൽ അവസാനിക്കുന്നു. 8 തപ്പൂഹയിൽനിന്ന് ആ അതിര് പടിഞ്ഞാറോട്ട് കാനാമലയിടുക്കുവരെ ചെന്നു മെഡിറ്ററേനിയൻ സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീം ഗോത്രത്തിനു കുലംകുലമായി ലഭിച്ച ഓഹരി ഇതായിരുന്നു.

9 മനശ്ശ്യരുടെ അവകാശത്തിനിടയിൽ എഫ്രയീമ്യർക്ക് വേർതിരിച്ചിട്ടിരുന്ന പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടി ഇതിൽ ഉൾപ്പെട്ടിരുന്നു.

10 അവർ ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞിരുന്നില്ല. ഇന്നുവരെ കനാന്യർ എഫ്രയീമ്യരുടെ ഇടയിൽ നിർബന്ധിതമായി ജോലിചെയ്തു പാർക്കുന്നു.

17:1 യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനുള്ള അവകാശമായി മനശ്ശെയുടെ ആദ്യജാതൻ മാഖീറിനു ലഭിച്ച ഓഹരി ഇതാണ്. മാഖീർ ഗിലെയാദ്യരുടെ പൂർവികനായിരുന്നു. മാഖീര്യർ നല്ല യുദ്ധവീരന്മാരായിരുന്നതിനാൽ അവർക്കു ഗിലെയാദും ബാശാനും ലഭിച്ചു. 2 മനശ്ശെയുടെശേഷം പുത്രന്മാരായ അബിയേസെർ, ഹേലെക്, അസ്രീയേൽ, ശേഖേം, ഹേഫെർ, ശെമീദ എന്നിവരുടെ കുലങ്ങൾക്കും ഓഹരി ലഭിച്ചു. ഇവർ കുലംകുലമായി യോസേഫിന്റെ മകനായ മനശ്ശെയുടെ പിൻഗാമികളായ പുരുഷന്മാരായിരുന്നു.

3 എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിന് പുത്രിമാരല്ലാതെ, പുത്രന്മാർ ഇല്ലായിരുന്നു. അവർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു. 4 അവർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും ഇസ്രായേല്യനേതാക്കന്മാരുടെയും അടുത്തുചെന്ന് അവരോട്, “ഞങ്ങളുടെ സഹോദരന്മാരുടെ ഇടയിൽ ഒരു ഓഹരി ഞങ്ങൾക്കു തരാൻ യഹോവ മോശയോടു കൽപ്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ടു യോശുവ യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പിതൃസഹോദരന്മാരുടെ അവകാശത്തിന്റെകൂടെ അവർക്കും ഓഹരികൊടുത്തു. 5 യോർദാനു കിഴക്കുള്ള ഗിലെയാദും ബാശാനും കൂടാതെ പത്തുമേഖലകൾ മനശ്ശെയുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; 6 മനശ്ശെഗോത്രത്തിലെ പുത്രിമാർക്കും പുത്രന്മാരുടെകൂടെ ഓഹരി കിട്ടിയതുകൊണ്ടാണ്. മനശ്ശെയുടെ പിൻഗാമികളിൽ ശേഷിക്കുന്നവർക്കു ഗിലെയാദുദേശം ലഭിച്ചു.

7 മനശ്ശെയുടെ മേഖല ആശേർമുതൽ ശേഖേമിനു കിഴക്കുള്ള മിക്‌മെഥാത്തുവരെ വ്യാപിച്ചുകിടന്നു. മേഖലയുടെ അതിര് അവിടെനിന്നു തെക്കോട്ടു ചെന്ന് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു. 8 (തപ്പൂഹദേശം മനശ്ശെയുടേതായിരുന്നു. എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യരുടെ വകയായിരുന്നു.) 9 അതിര് തെക്കുവശത്തേക്ക്, കാനാമലയിടുക്കുവരെ വ്യാപിച്ചിരുന്നു. മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമ്യപട്ടണങ്ങളും ഉണ്ടായിരുന്നു, എന്നാൽ മനശ്ശെയുടെ അതിര് മലയിടുക്കിന്റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. 10 തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളതായിരുന്നു. അത് മെഡിറ്ററേനിയൻ സമുദ്രംവരെ ചെന്നിരുന്നു: അതിന്റെ വടക്ക് ആശേരും കിഴക്ക് യിസ്സാഖാരും ആയിരുന്നു.

11 യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്-ശയാനും യിബ്ലെയാമും, ദോർ, എൻ-ദോർ, താനാക്ക്, മെഗിദ്ദോ എന്നിവിടങ്ങളിലെ നിവാസികളും അവയുടെ അധീനനഗരങ്ങളും ഉണ്ടായിരുന്നു. മൂന്നാമത്തേത് നാഫോത്ത് ആകുന്നു.

12 എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളയാൻ സാധിച്ചില്ല; കനാന്യർ അവിടെത്തന്നെ താമസിക്കാൻ ഉറച്ചിരുന്നു. 13 എന്നാൽ ഇസ്രായേൽമക്കൾ ബലവാന്മാരായിത്തീർന്നപ്പോൾ കനാന്യരെ പൂർണമായും ഓടിച്ചുകളയാതെ അവരെക്കൊണ്ടു നിർബന്ധിതമായി ജോലിചെയ്യിച്ചു.

14 ഇതിനുശേഷം യോസേഫിന്റെ ആളുകൾ യോശുവയോട്, “ഞങ്ങൾ ഒരു വലിയ ജനസമൂഹമായിട്ടും യഹോവ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തിട്ടും നീ ഞങ്ങൾക്ക് ഒരു അവകാശവും അതിന്റെ ഒരു അംശംമാത്രവും തന്നതെന്ത്?” എന്നു ചോദിച്ചു.

15 “നിങ്ങൾ എണ്ണത്തിൽ അത്ര വലുതും നിങ്ങളുടെ എഫ്രയീം മലമ്പ്രദേശം വിസ്താരത്തിൽ ചെറുതുമെങ്കിൽ, പെരിസ്യരുടെയും മല്ലന്മാരായ രേഫാര്യരുടെയുംവക മലമ്പ്രദേശത്തേക്കുചെന്ന് കാടു വെട്ടിത്തെളിച്ചു സ്ഥലം എടുത്തുകൊൾക” എന്നു യോശുവ ഉത്തരം പറഞ്ഞു.

16 അതിനു യോസേഫിന്റെ ആളുകൾ, “ഞങ്ങൾക്കു മലമ്പ്രദേശം പോരാ; ബേത്-ശയാൻ, അതിന്റെ അധീനനഗരങ്ങൾ, യെസ്രീൽതാഴ്വര എന്നീ സമതലപ്രദേശങ്ങളിൽ താമസിക്കുന്ന കനാന്യർക്കെല്ലാം ഇരുമ്പുരഥങ്ങൾ ഉണ്ടല്ലോ” എന്നു പറഞ്ഞു.

17 എന്നാൽ യോശുവ യോസേഫിന്റെ ഗോത്രങ്ങളായ മനശ്ശെയോടും എഫ്രയീമിനോടും, “നിങ്ങൾ എണ്ണത്തിലും ശക്തിയിലും വലുപ്പമുള്ളവർതന്നെ. നിങ്ങൾക്കു കിട്ടേണ്ടത് ഒരു ഓഹരിമാത്രമല്ല. 18 വനനിബിഡമായ മലനാട് നിങ്ങൾക്കുള്ളതായിരിക്കണം. അതു കാടാണ് എങ്കിലും അതു വെട്ടിത്തെളിക്കുക. അതിന്റെ അങ്ങേയറ്റംവരെയുള്ള പ്രദേശം നിങ്ങൾക്കുള്ളതാകുന്നു. കനാന്യർക്ക് ഇരുമ്പു രഥമുണ്ടെങ്കിലും, അവർ ബലവാന്മാരാണെങ്കിലും നിങ്ങൾ അവരെ ഓടിച്ചുകളയും” എന്നു പറഞ്ഞു.

സമാഗമകൂടാരം സ്ഥാപിക്കപ്പെടുന്നു

യോശുവ 18:1–10

1 ദേശം ഇസ്രായേൽജനത്തിന്റെ നിയന്ത്രണത്തിലാക്കിയതിനുശേഷം ഇസ്രായേൽസഭ മുഴുവനും ശീലോവിൽക്കൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. 2 എന്നാൽ ഇനിയും ഓഹരി ലഭിക്കാത്ത ഏഴ് ഇസ്രായേല്യഗോത്രങ്ങൾ ഉണ്ടായിരുന്നു.

3 അതുകൊണ്ട് യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കുതന്ന ദേശം കൈവശപ്പെടുത്തുന്നതിനു നിങ്ങൾ എത്രമാത്രം കാത്തിരിക്കും? 4 ഓരോ ഗോത്രത്തിൽനിന്നും മൂന്നുപേരെ നിയമിക്കുക. അവർ ദേശം നിരീക്ഷിച്ച്, ഓരോ ഗോത്രത്തിനും കിട്ടേണ്ട അവകാശമനുസരിച്ച് വിവരണം തയ്യാറാക്കാൻ ഞാൻ അവരെ അയയ്ക്കും. അവർ വിവരണവുമായി എന്റെ അടുക്കൽ മടങ്ങിവരേണം. 5 ദേശം ഏഴായി ഭാഗിക്കണം. യെഹൂദാഗോത്രം ദക്ഷിണപ്രദേശത്തും യോസേഫിന്റെ ഗോത്രങ്ങൾ ഉത്തരപ്രദേശത്തും താമസിക്കട്ടെ. 6 ദേശത്തിന്റെ ഏഴു ഭാഗങ്ങളെക്കുറിച്ചുള്ള വിവരണം തയ്യാറാക്കി എന്റെ അടുക്കൽ വരിക, ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും. 7 ലേവ്യർക്ക് യഹോവയുടെ പൗരോഹിത്യശുശ്രൂഷ അവകാശമായിരിക്കുകയാൽ, നിങ്ങളുടെയിടയിൽ പ്രത്യേക ഓഹരിയില്ല. ഗാദിനും രൂബേനും മനശ്ശെയുടെ പകുതിഗോത്രത്തിനും യഹോവയുടെ ദാസനായ മോശ അവർക്കു യോർദാന്റെ കിഴക്കേ തീരത്തു നൽകിയ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു.”

8 ദേശം നിരീക്ഷിക്കാൻ ആ പുരുഷന്മാർ പുറപ്പെട്ടപ്പോൾ യോശുവ അവരോട്, “നിങ്ങൾ ദേശം നോക്കി മനസ്സിലാക്കി വിവരണവും എഴുതി എന്റെ അടുക്കൽ മടങ്ങിവരിക. ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും” എന്നു പറഞ്ഞു. 9 അങ്ങനെ ആ പുരുഷന്മാർ പോയി ദേശത്തുകൂടി സഞ്ചരിച്ചു. അവർ പട്ടണംപട്ടണമായി ഒരു വിവരണം ഏഴുഭാഗങ്ങളായി ഒരു പുസ്തകച്ചുരുളിൽ എഴുതി, ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിൽ മടങ്ങിവന്നു.

10 യോശുവ ശീലോവിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവർക്കുവേണ്ടി നറുക്കിട്ടു; അവിടെവെച്ചു ഇസ്രായേൽമക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭജിച്ചു.