യോഹന്നാന്റെ രണ്ടാമത്തെ ലേഖനം

യോഹന്നാൻ ഒരു അമ്മയ്ക്കും അവരുടെ മക്കൾക്കും എഴുതുന്നു

വ്യാജോപദേഷ്ടാക്കളുടെ പ്രലോഭനങ്ങൾക്കും ദോഷകരമായ തെറ്റുകൾക്കുമെതിരേ ഒരു ക്രൈസ്തവ മാതാവിനും അവളുടെ മക്കൾക്കും മുന്നറിയിപ്പു നൽകാൻ യോഹന്നാൻ ഈ ലേഖനം എഴുതുന്നു; ഈ വ്യാജോപദേഷ്ടാക്കൾ ജ്ഞാനവാദികളുടെ ഒരു വിഭാഗമായിരുന്നു എന്നു കരുതപ്പെടുന്നു.

ക്രി.പി. 96

Biblica® Open Malayalam Contemporary Version™ (OMCV)

യോഹന്നാൻ ഒരു അമ്മയ്ക്കും മക്കൾക്കും അഭിവാദനം അർപ്പിക്കുന്നു

അഭിവാദനം.

2 യോഹന്നാൻ 1:1–3

1 സഭാമുഖ്യനായ ഞാൻ,

നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം നിമിത്തം, ഞാൻമാത്രമല്ല, 2 സത്യത്തെ അറിയുന്ന എല്ലാവരും സത്യമായി സ്നേഹിക്കുന്ന ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട മാന്യവനിതയ്ക്കും അവരുടെ മക്കൾക്കും എഴുതുന്നത്:

3 പിതാവായ ദൈവത്തിൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിൽനിന്നും സത്യത്തിലും സ്നേഹത്തിലും കൃപയും കരുണയും സമാധാനവും നമ്മോടുകൂടെ ഉണ്ടാകുമാറാകട്ടെ.

സ്നേഹത്തിൽ നടക്കുക, വഞ്ചകരെ നിരസിക്കുക

അവളുടെ ചില മക്കൾ സുവിശേഷത്തിന്റെ നിർമലോപദേശങ്ങളനുസരിച്ചു ജീവിക്കുന്നതായി കണ്ടെത്തിയതിലുള്ള തന്റെ സന്തോഷം യോഹന്നാൻ അറിയിക്കുന്നു. മുമ്പ് ഒരിക്കലും നൽകപ്പെട്ടിട്ടില്ലാത്ത ഒരു കൽപ്പനയോടുള്ള അനുസരണമായിട്ടല്ല, ആരംഭംമുതൽതന്നെ നൽകപ്പെട്ടതും അപ്പൊസ്തലന്മാർ എല്ലായ്പ്പോഴും പ്രസംഗിച്ചതുമായ ഒന്നിനോടുള്ള അനുസരണമായി, ക്രൈസ്തവസ്നേഹത്തിലേക്ക് അദ്ദേഹം അവളെ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തോടുള്ള സ്നേഹത്തിന്റെ മഹത്തായ തെളിവ് അവിടത്തെ കൽപ്പനകളോടുള്ള അനുസരണവും അനുരൂപതയുമാണ്; ദൈവം അയച്ചവനിൽ അവർ വിശ്വസിക്കണം എന്നതാണ് മഹത്തായ കൽപ്പന (യോഹന്നാൻ 6:29). തങ്ങളുടെ സ്നേഹത്തിനും അനുസരണത്തിനും ശരിയായ പ്രേരണകളും തത്ത്വങ്ങളും അവർക്കുണ്ടാകേണ്ടതിന്, ഈ ഉപദേശങ്ങൾ ആരംഭംമുതൽതന്നെ അവരോടു പ്രസംഗിക്കപ്പെട്ടു. യേശുക്രിസ്തു ജഡത്തിൽ വന്നു എന്നതു നിഷേധിക്കുകയും, അവിടത്തെ മരണത്തെയും കഷ്ടതയെയും യാഥാർഥ്യങ്ങളായിട്ടല്ല, വെറും തോന്നലുകളായി കാണുകയും ചെയ്യുന്ന അനേകം വഞ്ചകർ ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നതിനാൽ, ഇവ അവരെ ഓർമിപ്പിക്കുന്നത് ഇപ്പോൾ വിശേഷാൽ ആവശ്യമാണ്. അത്തരം ഒരു ഉപദേശം പഠിപ്പിക്കുന്ന ഓരോ ഉപദേഷ്ടാവും യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞ വ്യാജപ്രവാചകനും എതിർക്രിസ്തുവുമാണ് (1 യോഹന്നാൻ 2:18). അതുകൊണ്ട് അവരാൽ വഞ്ചിക്കപ്പെടരുതെന്ന് യോഹന്നാൻ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീയെയും അവളുടെ മക്കളെയും ഉദ്ബോധിപ്പിക്കുന്നു. ക്രിസ്തുവും അവിടത്തെ അപ്പൊസ്തലന്മാരും പഠിപ്പിച്ചവയല്ലാത്ത മറ്റ് ഉപദേശങ്ങൾ പഠിപ്പിച്ചുകൊണ്ടു വഴിതെറ്റിപ്പോകുന്നവന് പിതാവെന്ന നിലയിൽ ദൈവവുമായി കൂട്ടായ്മയില്ല; എന്നാൽ ഈ ഉപദേശങ്ങളിൽ തുടരുന്നവന് തന്റെ പിതാവെന്ന നിലയിൽ ദൈവവുമായും തന്റെ രക്ഷകനെന്ന നിലയിൽ ദൈവപുത്രനുമായും കൂട്ടായ്മയുണ്ട്. ക്രിസ്തു മനുഷ്യവർഗത്തിനുവേണ്ടി ജഡത്തിൽ വന്നു കഷ്ടം സഹിച്ചു എന്ന ഉപദേശം മുറുകെപ്പിടിക്കാത്ത ഏതൊരു ഉപദേഷ്ടാവിനെയും ഭവനത്തിലേക്കു സ്വീകരിക്കുകയോ അവനു വിജയം ആശംസിക്കുന്ന അഭിവാദനങ്ങൾ നൽകുകയോ ചെയ്യരുത്. കാരണം, സംരക്ഷണവും പ്രോത്സാഹനവും നൽകി അത്തരം ഒരുവനെ ക്രൈസ്തവസഹോദരനായി പരിഗണിക്കുന്നവൻ അവന്റെ ശുശ്രൂഷയ്ക്കു വിശ്വാസ്യത നൽകുകയും അവൻ ചെയ്തേക്കാവുന്ന ദോഷത്തിൽ പങ്കാളിയാകുകയും ചെയ്യുന്നു.

2 യോഹന്നാൻ 1:4–13

4 പിതാവു നമ്മോടു സത്യത്തിനനുസൃതമായി ജീവിക്കാൻ കൽപ്പിച്ചതുപോലെതന്നെ, നിന്റെ മക്കളിൽ ചിലർ ജീവിക്കുന്നതു കണ്ടു ഞാൻ ഏറ്റവുമധികം ആനന്ദിച്ചു. 5 പ്രിയവനിതേ, ഞാൻ ഒരു പുതിയ കൽപ്പനയല്ല, നമുക്ക് ആദ്യംമുതലേ ലഭിച്ചിരുന്നതുതന്നെയാണ് താങ്കൾക്ക് ഇപ്പോൾ എഴുതുന്നത്: നാം പരസ്പരം സ്നേഹിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു. 6 നാം ദൈവകൽപ്പനയനുസരിച്ചു ജീവിക്കുന്നതാണ് സ്നേഹം. ആരംഭംമുതലേ നിങ്ങൾ കേട്ടിട്ടുള്ളതുപോലെ, നിങ്ങൾ സ്നേഹത്തിൽ ജീവിക്കുക. ഇതാകുന്നു ആ കൽപ്പന.

7 യേശുക്രിസ്തു മനുഷ്യശരീരത്തിൽ വന്നു എന്ന് അംഗീകരിക്കാത്ത അനേകം വഞ്ചകന്മാർ ലോകത്തിൽ വ്യാപിച്ചിരിക്കുന്നതിനാലാണ് ഞാൻ ഇതു പറയുന്നത്. ഇപ്രകാരമുള്ളവൻ വഞ്ചകനും എതിർക്രിസ്തുവും ആകുന്നു. 8 പൂർണമായ പ്രതിഫലം നിങ്ങൾക്കു ലഭിക്കുന്നവിധം ഞങ്ങളുടെ അധ്വാനഫലം നിങ്ങൾ നഷ്ടമാക്കാതിരിക്കാൻ ശ്രദ്ധിക്കുക. 9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിനെ മറികടക്കുന്നവനു ദൈവമില്ല. എന്നാൽ, ഈ ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. 10 ഈ ഉപദേശവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ, അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയോ നമസ്കാരംപറഞ്ഞ് കുശലപ്രശ്നംചെയ്യുകയോ അരുത്. 11 അവനെ വന്ദിക്കുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികളിൽ പങ്കാളിയാണ്.

12 നിങ്ങൾക്കായി എഴുതാൻ ധാരാളം ഉണ്ടെങ്കിലും കടലാസും മഷിയും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെയോ, നമ്മുടെ ആനന്ദം പൂർണമാകേണ്ടതിനു നിങ്ങളെ സന്ദർശിച്ചു മുഖാമുഖമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

13 താങ്കളുടെ, തെരഞ്ഞെടുക്കപ്പെട്ടവളായ സഹോദരിയുടെ മക്കൾ താങ്കളെ അഭിവാദനംചെയ്യുന്നു.

യോഹന്നാന്റെ മൂന്നാം ലേഖനം

യോഹന്നാൻ ഗായൊസിന് എഴുതുന്നു

ഗായൊസിന്റെ ഉറച്ച വിശ്വാസത്തിനും ചില ക്രൈസ്തവസഹോദരന്മാരോടും അപരിചിതരോടും അദ്ദേഹം കാണിച്ച ദയയ്ക്കും അദ്ദേഹത്തെ പ്രശംസിക്കാനും, അവരെ വീണ്ടും അദ്ദേഹത്തിന്റെ സംരക്ഷണത്തിനും ദയയ്ക്കും ഭരമേൽപ്പിക്കാനുമായി യോഹന്നാൻ ഈ ലേഖനം അദ്ദേഹത്തിന് എഴുതുന്നു. യോഹന്നാന്റെ അധികാരം നിഷേധിക്കുകയും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്ത ദിയൊത്രെഫേസിന്റെ ധിക്കാരപൂർണമായ അഹങ്കാരത്തെ ശാസിക്കാനും, അതിനെതിരേ ഗായൊസിനു മുന്നറിയിപ്പു നൽകാനുംകൂടി അദ്ദേഹം എഴുതുന്നു. ദെമേത്രിയൊസിനെ അദ്ദേഹത്തിന്റെ ശ്രദ്ധയ്ക്കും, അനുകരിക്കേണ്ട ഒരു മാതൃകയായി സഭയ്ക്കും അദ്ദേഹം ശുപാർശചെയ്യുന്നു.

യോഹന്നാൻ ഗായൊസിനെ പ്രശംസിക്കുകയും ദിയൊത്രെഫേസിനെ ശാസിക്കുകയും ചെയ്യുന്നു

വൃദ്ധനായ അപ്പൊസ്തലൻ യോഹന്നാൻ, അറിയുന്നവരെല്ലാം സ്നേഹിക്കുന്നവനും സത്യത്തിൽ യോഹന്നാൻതന്നെ സ്നേഹിക്കുന്നവനുമായ ഗായൊസിന് എഴുതുന്നു. ഈ ജീവിതത്തിലെ ഗായൊസിന്റെ അഭിവൃദ്ധിയും ആരോഗ്യവും അദ്ദേഹത്തിന്റെ സദ്ഗുണങ്ങൾക്കും ആത്മീയവളർച്ചയ്ക്കും ഒത്തതായിരിക്കണമെന്നും, അങ്ങനെ സഭയ്ക്ക് ഒരു അനുഗ്രഹമായി അദ്ദേഹം ദീർഘകാലം ജീവിക്കണമെന്നും അദ്ദേഹം പ്രാർഥിക്കുന്നു. ഗായൊസ് സുവിശേഷത്തിന്റെ സത്യോപദേശങ്ങളിൽ തുടരുന്നു എന്നു കേട്ടതിലുള്ള തന്റെ വലിയ സന്തോഷം അദ്ദേഹം അറിയിക്കുന്നു. സത്യവിശ്വാസം ആവശ്യപ്പെടുന്നതുപോലെ ഗായൊസ് സഹോദരന്മാരോടും അപരിചിതരോടും പെരുമാറിയിരിക്കുന്നു; അദ്ദേഹത്തിന്റെ ക്രൈസ്തവസ്നേഹത്തിനും ദയയ്ക്കും അവർ സഭയുടെ മുമ്പാകെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ദൈവാത്മാവു നൽകുന്ന സ്നേഹത്തിന്റെ ദിവ്യതത്ത്വത്തിൽനിന്ന്, ദൈവത്തിനു യോഗ്യമായ രീതിയിൽ, അദ്ദേഹം രണ്ടാമതൊരിക്കൽകൂടി അവരെ സഹായിക്കുന്നതു നന്നായിരിക്കും. കാരണം, ക്രിസ്തുവിനുവേണ്ടിയും യെഹൂദേതരരോട് അവിടത്തെ സുവിശേഷം പ്രസംഗിക്കാനുമായിട്ടാണ് സഹോദരന്മാർ പുറപ്പെട്ടത്; പണത്തിനുവേണ്ടിയാണ് അവർ അധ്വാനിച്ചത് എന്ന യാതൊരു സംശയത്താലും തങ്ങളുടെ വിജയം കുറഞ്ഞുപോകാതിരിക്കേണ്ടതിന്, അവർ തങ്ങളുടെ അധ്വാനത്തിനു യാതൊന്നും വാങ്ങിയില്ല. സുവിശേഷത്തിനുവേണ്ടി ഭവനങ്ങൾ വിട്ട് ദീർഘയാത്രകൾ ചെയ്യുന്ന വേലക്കാരെ, വീട്ടിൽ താമസിക്കുന്നവർ തങ്ങളുടെ ഭവനങ്ങളിലേക്കു സ്വാഗതംചെയ്യണം; അങ്ങനെ തങ്ങളുടെ ദാനങ്ങളാൽ അവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും, അങ്ങനെ അവരുടെ സഹപ്രവർത്തകരായിത്തീരാനുംതന്നെ. ഗായൊസ് അംഗമായിരുന്ന സഭയ്ക്ക് യോഹന്നാൻ ഇതു സംബന്ധിച്ച് ഒരു ലേഖനം എഴുതിയിരുന്നു; എന്നാൽ ധിക്കാരപൂർവം മുൻതൂക്കം ഏറ്റെടുത്തിരുന്ന ദിയൊത്രെഫേസ് അദ്ദേഹത്തിന്റെ അപ്പൊസ്തലികാധികാരം നിഷേധിക്കുകയും ഒരുപക്ഷേ ആ ലേഖനം മറച്ചുവെക്കുകയും ചെയ്തു. ദിയൊത്രെഫേസിന്റെ പ്രവൃത്തികൾ സത്യത്തിന്റെയും ക്രിസ്തുമതത്തിന്റെയും ലക്ഷ്യത്തെ തടസ്സപ്പെടുത്തുകയും ദോഷപ്പെടുത്തുകയും ചെയ്തതിനാൽ, അവയ്ക്കായി അവനെ ശ്രദ്ധേയമായ രീതിയിൽ ശിക്ഷിക്കുമെന്ന് യോഹന്നാൻ മുന്നറിയിപ്പു നൽകുന്നു. ദിയൊത്രെഫേസ് അപ്പൊസ്തലന്മാരെക്കുറിച്ച് അപവാദം പറഞ്ഞു, അവരുടെ നിർദേശങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചു, സഹോദരന്മാരുടെ ആവശ്യങ്ങളിൽ സഹായിച്ചുകൊണ്ട് അവ അനുസരിച്ചവരെ സഭയിൽനിന്നു പുറത്താക്കി. ദിയൊത്രെഫേസിന്റെ മാതൃക പിന്തുടരാതെ നല്ലതിനെ അനുകരിക്കാൻ യോഹന്നാൻ അവരെ ഉദ്ബോധിപ്പിക്കുന്നു; അങ്ങനെ ചെയ്യുന്നവർ ദൈവത്തിൽനിന്നു ജനിച്ചവരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. നേരേമറിച്ച്, തന്റെ ക്രൈസ്തവസദ്ഗുണങ്ങൾക്കും സുകൃതങ്ങൾക്കുമായി എല്ലാവരാലും, സുവിശേഷത്താൽതന്നെയും, സത്യവും നിഷ്പക്ഷവുമാണെന്ന് അവർക്കറിയാവുന്ന സാക്ഷ്യമുള്ള യോഹന്നാനാലും പ്രശംസിക്കപ്പെടുന്ന ദെമേത്രിയൊസിന്റെ മാതൃക അദ്ദേഹം ശുപാർശചെയ്യുന്നു. ഈ കാര്യങ്ങളെക്കുറിച്ചു കൂടുതൽ വിശദമായി എഴുതാത്തതിന് അദ്ദേഹം ക്ഷമ ചോദിക്കുന്നു; എന്നാൽ ഉടൻ ഗായൊസിനെ കാണാൻ ഉദ്ദേശിക്കുന്നു. അദ്ദേഹത്തിന്റെ ആശീർവാദവും അഭിവാദനങ്ങളും.

3 യോഹന്നാൻ 1

1 സഭാമുഖ്യനായ ഞാൻ,

സത്യമായി സ്നേഹിക്കുന്ന പ്രിയ ഗായൊസിന്, എഴുതുന്നത്:

2 പ്രിയനേ, നീ ആത്മാവിൽ ബലവാനായി ഇരിക്കുന്നതുപോലെതന്നെ എല്ലാ കാര്യങ്ങളിലും ആരോഗ്യവും അഭിവൃദ്ധിയും ഉള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു. 3 നീ സത്യം അനുസരിച്ചു ജീവിക്കുന്നു എന്ന്, നിന്റെ സത്യസന്ധതയെപ്പറ്റി ചില സഹോദരന്മാർവന്ന് സാക്ഷ്യം പറഞ്ഞപ്പോൾ ഞാൻ ഏറ്റവുമധികം ആനന്ദിച്ചു. 4 എന്റെ മക്കൾ സത്യം അനുസരിച്ച് ജീവിക്കുന്നു എന്നു കേൾക്കുന്നതിലും അധികം ആനന്ദം എനിക്കു വേറെയില്ല.

5 പ്രിയനേ, സഹോദരങ്ങൾക്ക്, അവർ അപരിചിതരാണെങ്കിൽപോലും നീ അവർക്കുവേണ്ടി അധ്വാനിക്കുന്നതിലൊക്കെയും വിശ്വസ്തനായിരിക്കുന്നു. 6 അവർ നിന്റെ സ്നേഹത്തെപ്പറ്റി സഭയുടെമുമ്പാകെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. നീ അവർക്ക് ആവശ്യമുള്ളതു നൽകി ദൈവമഹത്ത്വത്തിനു അനുയോജ്യമാംവിധം യാത്രയയയ്ക്കുന്നതു നന്നായിരിക്കും. 7 യെഹൂദേതരരിൽനിന്ന് ഒരു സഹായവും വാങ്ങാതെ അവർ യാത്ര പുറപ്പെട്ടത് കർത്താവിന്റെ നാമംനിമിത്തം ആയിരുന്നല്ലോ. 8 അതുകൊണ്ട്, സത്യത്തിനു സഹപ്രവർത്തകരാകേണ്ടതിനു നാം ഇങ്ങനെയുള്ളവരെ സൽക്കരിക്കേണ്ടതാകുന്നു.

9 സഭയ്ക്കു ഞാൻ എഴുതിയിരുന്നു. എന്നാൽ അവരിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ അംഗീകരിക്കുന്നില്ല. 10 അതുകൊണ്ടു ഞാൻ വന്നാൽ, ഞങ്ങളെ ദുഷിച്ച് അപവാദം പറയുന്ന അയാളുടെ പ്രവൃത്തി എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവരും. അയാൾ ആ പ്രവൃത്തികൊണ്ടും തൃപ്തനാകില്ലെന്നുമാത്രമല്ല, സഹോദരന്മാരെ സ്വീകരിക്കാൻ വിസമ്മതിക്കുകയും, അതിനു താത്പര്യപ്പെടുന്നവരെ തടയുകയും സഭയിൽനിന്നു പുറത്താക്കുകയുംചെയ്യുന്നു.

11 പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്. നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു, തിന്മചെയ്യുന്നവനോ ദൈവത്തെ അറിഞ്ഞിട്ടുമില്ല. 12 ദെമേത്രിയൊസിന് എല്ലാവരാലും, സത്യത്താൽത്തന്നെയും നല്ല സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമെന്ന് നിനക്കറിയാമല്ലോ.

13 നിനക്കായി എഴുതാൻ ധാരാളം ഉണ്ടെങ്കിലും മഷിയും പേനയും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 14 ഉടനെ നിന്നെ കാണാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം.

15 നിനക്കു സമാധാനം.

സ്നേഹിതർ നിന്നെ അഭിവാദനംചെയ്യുന്നു. സ്നേഹിതരെ ആളാംപ്രതി അഭിവാദനം അറിയിക്കുക.