ഭാഗം 6: ക്രിസ്തു തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നു: അറിയപ്പെടാതിരുന്ന വർഷം ക്രി.പി. 26-ഉം 27-ഉം
മിക്കവാറും എ.ഡി. 26, 27 വർഷങ്ങളുടെ ഒരു ഭാഗം
വിശുദ്ധനാടിന്റെ എല്ലാ ഭാഗങ്ങളിലും (പെരിയയിലെ ആദ്യ ശുശ്രൂഷ, ഗലീലയിലെ ആദ്യ ശുശ്രൂഷ, യെഹൂദ്യയിലെ ആദ്യ ശുശ്രൂഷ, ശമര്യയിലെ ആദ്യ ശുശ്രൂഷ). ഈ ആദ്യകാല ശുശ്രൂഷയിൽ സ്നാനം, പ്രലോഭനം, യേശുവിനെക്കുറിച്ചുള്ള യോഹന്നാന്റെ സാക്ഷ്യം, ആദ്യ ശിഷ്യന്മാർ, ഗലീലയിലെ ആദ്യ അത്ഭുതവും പ്രവർത്തനവും, യെഹൂദ്യയിലെ ആദ്യ പ്രവർത്തനം, യോഹന്നാനെ ബന്ധനസ്ഥനാക്കിയത്, ശമര്യയിലെ പ്രവർത്തനം, ഗലീലയിലേക്കുള്ള മടങ്ങിവരവ് എന്നിവ ഉൾപ്പെടുന്നു.
യോഹന്നാൻ യേശുവിനെ യോർദാനിൽ സ്നാനം കഴിപ്പിക്കുന്നു
യോർദാനക്കരെയുള്ള ബെഥാന്യ. മിക്കവാറും എ.ഡി. 26
ക്രി.പി. 26
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 3:13–17
3:13 ഈ സമയത്ത് യോഹന്നാനാൽ സ്നാനം സ്വീകരിക്കുന്നതിന് യേശു ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയിലേക്ക് വന്നു. 14 എന്നാൽ, യോഹന്നാൻ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, “അങ്ങയിൽനിന്ന് സ്നാനം സ്വീകരിക്കുക എന്നതാണ് എന്റെ അഭിലാഷം, എന്നിട്ടും അങ്ങ് എന്റെ അടുത്തേക്കാണല്ലോ വരുന്നത്?”
15 അതിന് യേശു, “ഇപ്പോൾ ഇതിന് സമ്മതിക്കുക; ഇങ്ങനെ സർവനീതിയും നാം പൂർത്തീകരിക്കുന്നത് ഉചിതമാണല്ലോ” എന്നു പ്രതിവചിച്ചു; അപ്പോൾ യോഹന്നാൻ സമ്മതിച്ചു.
16 യേശു സ്നാനമേറ്റ് വെള്ളത്തിൽനിന്ന് കയറി; ആ നിമിഷത്തിൽത്തന്നെ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ പറന്നിറങ്ങുന്നത് അദ്ദേഹം കണ്ടു.
17 “ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
മർക്കോസ് 1:9–11
1:9 ഏറെ താമസിക്കാതെ ഒരു ദിവസം യേശു ഗലീലാപ്രവിശ്യയിലെ നസറെത്ത് പട്ടണത്തിൽനിന്ന് യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു വന്നു. യോഹന്നാൻ അദ്ദേഹത്തെ യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
10 യേശു വെള്ളത്തിൽനിന്ന് കയറുമ്പോൾ ആകാശം പിളരുന്നതും പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവരുന്നതും കണ്ടു.
11 “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
ലൂക്കോസ് 3:21–23
3:21 ഒരു ദിവസം ജനക്കൂട്ടം യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവും വന്ന് സ്നാനമേറ്റു. അദ്ദേഹം പ്രാർഥനാനിരതനായിരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു.
22 പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവന്നു. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
23 യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം മുപ്പതുവയസ്സായിരുന്നു. അദ്ദേഹം യോസേഫിന്റെ മകനെന്നാണ് ജനം കരുതിയിരുന്നത്. എന്നാൽ യോസേഫ്,
ഹേലിയുടെ മകനായിരുന്നു,
യേശുവിന്റെ മൂന്ന് പ്രലോഭനങ്ങൾ
യെഹൂദ്യയിലെ മരുഭൂമി. മിക്കവാറും എ.ഡി. 26
മത്തായി 4:1–11
4:1 ഇതിനുശേഷം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്നതിന് ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് കൊണ്ടുപോയി.
2 നാൽപ്പതുപകലും നാൽപ്പതുരാവും ഉപവസിച്ചശേഷം അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു. 3 അപ്പോൾ പ്രലോഭകൻ അടുത്തുചെന്ന്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലുകളോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു.
4 അതിന് യേശു, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്, മറിച്ച് ദൈവത്തിന്റെ തിരുവായിൽനിന്നു പുറപ്പെടുന്ന സകലവചനങ്ങളാലും ആണ്’ എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
5 തുടർന്ന് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്ക് കൊണ്ടുവന്ന്, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്,
6 “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ, താഴേക്കു ചാടുക.
“ ‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ സംരക്ഷിക്കാൻ കൽപ്പിക്കും,
അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ
അങ്ങയെ അവരുടെ കരങ്ങളിലേന്തും,’
എന്ന് എഴുതിയിരിക്കുന്നല്ലോ,” എന്നു പറഞ്ഞു.
7 യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു.”
8 വീണ്ടും, പിശാച് യേശുവിനെ വളരെ ഉയർന്ന ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സകലരാജ്യങ്ങളും അവയുടെ മഹത്ത്വവും അദ്ദേഹത്തെ കാണിച്ചിട്ട്,
9 “ഇവയെല്ലാം ഞാൻ നിനക്കു തരാം, എന്നെ ഒന്ന് സാഷ്ടാംഗം വീണുവണങ്ങിയാൽ മതി.” എന്ന് അവൻ പറഞ്ഞു.
10 അപ്പോൾ യേശു അവനോട്, “സാത്താനേ, എന്നെ വിട്ട് പോകൂ! ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു.
11 അപ്പോൾ പിശാച് യേശുവിനെ വിട്ടുപോയി, ദൂതന്മാർ വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു.
മർക്കോസ് 1:12–13
1:12 ഉടനെതന്നെ ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് നയിച്ചു.
13 നാൽപ്പതുദിവസം അദ്ദേഹം ആ വിജനസ്ഥലത്ത് സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടു. ഈ സമയം അദ്ദേഹം അവിടെ വന്യമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചും പോന്നു.
ലൂക്കോസ് 4:1–13
4:1 പരിശുദ്ധാത്മാവ് നിറഞ്ഞവനായ യേശു യോർദാൻനദിയിൽനിന്ന് മടങ്ങി. പരിശുദ്ധാത്മാവ് അദ്ദേഹത്തെ ഒരു വിജനപ്രദേശത്തേക്ക് കൊണ്ടുപോയി.
2 അവിടെ അദ്ദേഹം നാൽപ്പതുദിവസം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ടു. ആ ദിവസങ്ങളിൽ അദ്ദേഹം ഒന്നും ഭക്ഷിച്ചിരുന്നില്ല, നാൽപ്പതുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു.
3 അപ്പോൾ പിശാച് യേശുവിനോട്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലിനോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു.
4 അപ്പോൾ യേശു അവനോട്, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്’ എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
5 തുടർന്ന് പിശാച് യേശുവിനെ ഒരു ഉയർന്ന സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ സകലരാജ്യങ്ങളും ക്ഷണനേരംകൊണ്ട് അദ്ദേഹത്തെ കാണിച്ചിട്ട്,
6 “ഈ രാജ്യങ്ങളുടെയെല്ലാം ആധിപത്യവും ഇവയുടെ മഹത്ത്വവും ഞാൻ നിനക്കു തരാം; ഇവയെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു, എനിക്ക് ഇഷ്ടമുള്ളവന് ഞാൻ ഇതു കൊടുക്കുകയുംചെയ്യുന്നു. 7 നീ എന്റെമുമ്പിൽ ഒന്നു വീണുവണങ്ങുമെങ്കിൽ ഇതെല്ലാം നിനക്കുള്ളതായിത്തീരും” എന്ന് പിശാച് യേശുവിനോട് പറഞ്ഞു.
8 അപ്പോൾ യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു.
9 പിന്നെ പിശാച് യേശുവിനെ ജെറുശലേമിലേക്ക് കൊണ്ടുപോയി, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്, “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ ഇവിടെനിന്ന് താഴേക്കു ചാടുക.
10 “ ‘ദൈവം തന്റെ ദൂതന്മാരോട്
അങ്ങയെ കാത്തു സംരക്ഷിക്കാൻ കൽപ്പിക്കും;
11 അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ
അങ്ങയെ അവരുടെ കരങ്ങളിലേന്തും,’
എന്ന് എഴുതിയിരിക്കുന്നല്ലോ” എന്നു പറഞ്ഞു.
12 അതിനുത്തരമായി യേശു, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
13 ഈ പ്രലോഭനങ്ങളെല്ലാം പരിസമാപിച്ചപ്പോൾ മറ്റൊരവസരം കാത്ത് പിശാച് അദ്ദേഹത്തെ വിട്ടുപോയി.