ഇയ്യോബ് തന്റെ നിഷ്കളങ്കത വീണ്ടും ഉറപ്പിച്ചുപറയുന്നു (continued)

ഇയ്യോബ് തന്റെ നിഷ്കളങ്കത വീണ്ടും ഉറപ്പിച്ചുപറയുകയും തന്റെ മുൻകാല സമൃദ്ധിയും ഇപ്പോഴത്തെ ദുരവസ്ഥയും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

ക്രി.മു. 2130

Biblica® Open Malayalam Contemporary Version™ (OMCV)

ഇയ്യോബ് 28–29

1 വെള്ളിക്ക് ഒരു ഖനിയും

സ്വർണം ശുദ്ധീകരിക്കുന്നതിന് ഒരു സ്ഥലവും ഉണ്ട്.

2 ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;

ചെമ്പ് അതിന്റെ അയിര് ഉരുക്കി വേർതിരിക്കുന്നു.

3 മനുഷ്യർ അന്ധകാരത്തിന് അറുതി വരുത്തുന്നു;

പാറയുടെ വിദൂരഗഹ്വരങ്ങൾ തുരന്നുചെന്ന്

ഘോരാന്ധകാരത്തിൽ അയിരു തേടുന്നു.

4 ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു;

മനുഷ്യരുടെ പാദസ്പർശം ഏൽക്കാത്തിടത്ത്

ഖനിയിലെ കയറിൽ തൂങ്ങിയാടി അവർ പണിയെടുക്കുന്നു.

5 ഭൂമിയിൽനിന്ന് മനുഷ്യൻ ആഹാരം വിളയിക്കുന്നു;

എന്നാൽ അതിന്റെ അന്തർഭാഗം തീപോലെ തിളച്ചുമറിയുന്നു.

6 അതിലെ പാറകളിൽനിന്ന് ഇന്ദ്രനീലക്കല്ലുകൾ ലഭിക്കുന്നു;

അതിലെ മണ്ണിൽ തങ്കക്കട്ടികളുണ്ട്.

7 ഇരപിടിയൻപക്ഷി ആ വഴി അറിയുന്നില്ല,

ഒരു പരുന്തിന്റെ കണ്ണും അതു കണ്ടിട്ടില്ല.

8 വന്യമൃഗങ്ങൾ ആ വഴി താണ്ടിയിട്ടില്ല,

ഒരു സിംഹവും അതിലെ ഇരതേടി ചുറ്റിക്കറങ്ങിയിട്ടില്ല.

9 മനുഷ്യകരങ്ങൾ തീക്കല്ലിൽ ആഞ്ഞുപതിക്കുന്നു,

അവർ പർവതങ്ങളുടെ അടിവേരുകൾ ഇളക്കിമറിക്കുന്നു.

10 അവർ പാറയിലൂടെ തുരങ്കങ്ങൾ വെട്ടിയുണ്ടാക്കുന്നു;

വിലയേറിയതെന്തും അവരുടെ കണ്ണുകൾ കണ്ടെത്തുന്നു.

11 അവർ നദികളുടെ പ്രഭവസ്ഥാനം തെരഞ്ഞു കണ്ടെത്തുന്നു,

നിഗൂഢമായവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു.

12 എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്?

വിവേകം വസിക്കുന്ന സ്ഥലം എവിടെ?

13 അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല;

ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്താൻ കഴിയുന്നതുമില്ല.

14 “അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു;

“അത് എന്റെ അടുക്കലില്ല,” എന്നു സമുദ്രവും അവകാശപ്പെടുന്നു.

15 മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല;

വെള്ളി അതിന്റെ വിലയായി തൂക്കിനൽകാനും കഴിയില്ല.

16 ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം,

ഗോമേദകമോ ഇന്ദ്രനീലക്കല്ലോ അതിനു പകരമാകുകയില്ല.

17 സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല,

രത്നാലംകൃത സ്വർണാഭരണങ്ങളാൽ അതു വെച്ചുമാറുന്നതിനും സാധ്യമല്ല.

18 പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും കാര്യം പറയുകയേ വേണ്ട;

മാണിക്യത്തെക്കാൾ അത്യന്തം മൂല്യവത്താണ് ജ്ഞാനം.

19 കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല;

പരിശുദ്ധസ്വർണം നൽകിയും അതു വാങ്ങാൻ കഴിയുകയില്ല.

20 അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു?

വിവേകം വസിക്കുന്ന സ്ഥലം എവിടെ?

21 ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു.

ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു.

22 നരകവും മരണവും പറയുന്നു:

“അതിനെപ്പറ്റിയുള്ള ഒരു കേട്ടുകേൾവിമാത്രമാണ് ഞങ്ങളുടെ കാതുകളിൽ എത്തിയിരിക്കുന്നത്.”

23 അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു,

അതിന്റെ നിവാസസ്ഥാനം ഏതെന്ന് അവിടത്തേക്കു നിശ്ചയമുണ്ട്,

24 കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ്

ആകാശവിതാനത്തിനു കീഴിലുള്ള സമസ്തവും അവിടന്ന് കാണുന്നു.

25 കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ

വെള്ളങ്ങളുടെ അളവു നിർണയിച്ചപ്പോൾ,

26 അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും

ഇടിമിന്നലിന് ഒരു വഴിയും നിശ്ചയിച്ചപ്പോൾ,

27 അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു;

അവിടന്ന് അതിനെ സ്ഥിരീകരിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്തു.

28 “കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം;

ദോഷം വിട്ടകലുന്നതുതന്നെ വിവേകം,”

എന്ന് അവിടന്നു മാനവരാശിയോട് അരുളിച്ചെയ്തു.

29:1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:

2 “അയ്യോ! കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ

ദൈവം എന്നെ കാത്തുസൂക്ഷിച്ച ദിവസങ്ങൾ മടങ്ങിവന്നിരുന്നെങ്കിൽ,

3 അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ

അവിടത്തെ പ്രകാശത്താൽ ഞാൻ ഇരുളടഞ്ഞവഴികൾ താണ്ടിയ ദിനങ്ങൾതന്നെ.

4 എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ

ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിനുമീതേ ഉണ്ടായിരിക്കുകയും

5 സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും

എന്റെ മക്കൾ എനിക്കുചുറ്റും ഉണ്ടായിരുന്നപോലെ ഞാൻ ആയിത്തീരുകയും ചെയ്തെങ്കിൽ!

6 അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു;

പാറകൾ എനിക്കുവേണ്ടി ഒലിവെണ്ണയുടെ അരുവികൾ ഒഴുക്കിയിരുന്നു.

7 “അന്നു ഞാൻ പട്ടണവാതിൽക്കലേക്കു പോകുകയും

ചത്വരങ്ങളിൽ ഉപവിഷ്ടനാകുകയും ചെയ്തിരുന്നപ്പോൾ.

8 യുവാക്കൾ എന്നെക്കണ്ട് ആദരപൂർവം വഴിമാറിത്തന്നിരുന്നു,

വയോധികർ എന്നെക്കണ്ട് എഴുന്നേറ്റിരുന്നു.

9 പ്രഭുക്കന്മാർ സംസാരം നിർത്തുകയും

അവർ അവരുടെ കൈകൊണ്ടു വായ് പൊത്തുകയും ചെയ്യുമായിരുന്നു.

10 പ്രമാണികൾ നിശ്ശബ്ദരായി നിൽക്കുകയും

അവരുടെ നാവ് മേലണ്ണാക്കിനോടു പറ്റിച്ചേരുകയും ചെയ്യുമായിരുന്നു.

11 എന്റെ പ്രഭാഷണം കേട്ടവരൊക്കെ എന്നെ ശ്ലാഘിച്ചിരുന്നു,

എന്നെ കണ്ടവരൊക്കെ എന്നെ പ്രശംസിച്ചിരുന്നു,

12 കാരണം സഹായത്തിനായി നിലവിളിച്ച ദരിദ്രരെയും

ആരും സഹായത്തിനില്ലാത്ത അനാഥരെയും ഞാൻ മോചിപ്പിച്ചിരുന്നു.

13 നാശത്തിന്റെ വക്കിലെത്തിയിരുന്നവർ എന്നെ അനുഗ്രഹിച്ചു;

വിധവയുടെ ഹൃദയത്തിൽനിന്ന് ആനന്ദഗീതം ഉയരാൻ ഞാൻ വഴിയൊരുക്കി.

14 ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു;

നീതി എന്റെ പുറങ്കുപ്പായവും തലപ്പാവും ആയിരുന്നു.

15 ഞാൻ അന്ധർക്കു കണ്ണുകളും

മുടന്തർക്കു കാലുകളും ആയിരുന്നു.

16 ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഞാൻ പിതാവായിരുന്നു;

അപരിചിതന്റെ വ്യവഹാരംപോലും ഞാൻ ഏറ്റെടുത്തു നടത്തി.

17 ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു;

അവരുടെ പല്ലുകൾക്കിടയിൽനിന്ന് ഞാൻ ഇരകളെ വിടുവിച്ചു.

18 “അപ്പോൾ ഞാൻ വിചാരിച്ചു, ‘എന്റെ ഭവനത്തിൽവെച്ചുതന്നെ ഞാൻ മരിക്കും,

മണൽത്തരിപോലെ എന്റെ ദിവസങ്ങൾ അസംഖ്യമായിരിക്കും.

19 എന്റെ വേരുകൾ വെള്ളത്തിനരികിൽ എത്തും,

രാത്രിമുഴുവൻ മഞ്ഞുവെള്ളം എന്റെ ശാഖകളിൽ തങ്ങിനിൽക്കും.

20 എന്റെ തേജസ്സ് നിത്യഹരിതമായിരിക്കും;

എന്റെ വില്ല് എന്റെ കൈയിൽ എന്നും നവീനമായിരിക്കും.’

21 “ജനം വളരെ പ്രതീക്ഷയോടെ എന്റെ വാക്കുകൾ ചെവിക്കൊണ്ടിരുന്നു,

എന്റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരിക്കുകയും ചെയ്തിരുന്നു.

22 ഞാൻ സംസാരിച്ചുകഴിഞ്ഞാൽ, പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല;

എന്റെ വാക്കുകൾ അവരുടെ ഉള്ളിൽ പതിഞ്ഞിരുന്നു.

23 മഴയ്ക്കുവേണ്ടിയെന്നപോലെ അവർ എനിക്കുവേണ്ടി കാത്തിരുന്നു;

വസന്തകാലമഴപോലെ അവർ എന്റെ മൊഴികൾ ആസ്വദിച്ചു.

24 അവരെ നോക്കി ഞാൻ മന്ദഹസിച്ചപ്പോൾ അവർക്കത് അവിശ്വസനീയമായിരുന്നു;

എന്റെ മുഖത്തെ പ്രകാശം അവർക്ക് അമൂല്യമായിരുന്നു.

25 ഞാൻ അവർക്കു വഴികാട്ടിയും നായകനുമായിത്തീർന്നു;

സൈന്യമധ്യത്തിലെ രാജാവിനെപ്പോലെയും

വിലപിക്കുന്നവർക്ക് ആശ്വാസദായകനെപ്പോലെയും ആയിത്തീർന്നു ഞാൻ.