ഭാഗം 7: ഗലീലയിലെ മഹത്തായ ശുശ്രൂഷ

മിക്കവാറും എ.ഡി. 27-ലെ ശരത്കാലം മുതൽ 29-ലെ വസന്തകാലം വരെ (ഏകദേശം ഒന്നര വർഷമെന്നു കരുതപ്പെടുന്നു)

മർക്കോസ് ഈ കാലഘട്ടത്തെക്കുറിച്ച് വളരെ വിശദമായി വിവരിക്കുന്നു; ലൂക്കോസ് സംക്ഷിപ്തമായ ഒരു വിവരണം നൽകുന്നു; മത്തായിയാകട്ടെ ഈ ഭാഗത്ത് പ്രധാനമായും വിഷയാടിസ്ഥാനത്തിലാണ് വിവരിക്കുന്നത്. മർക്കോസിന്റെ സുവിശേഷം നേരെ ഗലീലയിലെ മഹത്തായ ശുശ്രൂഷയിലേക്കു കടക്കുന്നു (അപ്പൊസ്തലപ്രവൃത്തികൾ 10:36–43-ൽ കൊർന്നേല്യൊസിന്റെ വീട്ടുകാരോടു പത്രോസ് ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചു നൽകുന്ന സംഗ്രഹവുമായി താരതമ്യം ചെയ്യുക). വിവരങ്ങളുടെ ബാഹുല്യം വ്യക്തമായ ഒരു ക്രമീകരണം ദുഷ്കരമാക്കുന്നു; എങ്കിലും സംഭവങ്ങൾ മുന്നോട്ടു നീങ്ങുന്നുണ്ട്.

  • നസറെത്തിൽ തിരസ്കരിക്കപ്പെട്ട യേശു കഫാർനഹൂമിലേക്കു താമസം മാറ്റുന്നു
  • യേശുവിന്റെ കീർത്തി വർധിക്കുമ്പോൾ, നാലു മത്സ്യത്തൊഴിലാളികളോടൊപ്പമുള്ള ഗലീലയിലെ ആദ്യ പര്യടനവും മടക്കയാത്രയിൽ മത്തായിയുടെ (ലേവിയുടെ) വിളിയും.
  • ജെറുശലേമിലും ഗലീലയിലും ശബ്ബത്തിനെക്കുറിച്ചുള്ള വിവാദം
  • യേശു പന്ത്രണ്ടുപേരെ തെരഞ്ഞെടുക്കുകയും മലയിൽ പ്രസംഗിക്കുകയും ചെയ്യുന്നു
  • ക്രിസ്തുവിന്റെ സ്വാധീനം വളരുന്നു, യോഹന്നാൻ തടവറയിൽനിന്ന് അന്വേഷിക്കുന്നു
  • ഗലീലായിലെ രണ്ടാമത്തെ പര്യടനവും (ഇപ്പോൾ പന്ത്രണ്ടുപേരോടൊപ്പം) പരീശന്മാരുടെ കടുത്ത ശത്രുതയും.
  • ഉപമകളുടെ ആദ്യത്തെ വലിയ സമാഹാരവും ഗെരസയിലേക്കുള്ള (കുർസി) സന്ദർശനവും നസറെത്തിലേക്കുള്ള അവസാന സന്ദർശനവും.
  • ഗലീലയിലെ മൂന്നാം പര്യടനവും (പന്ത്രണ്ടുപേരുടെ പിന്നാലെ യേശുവും പോകുന്നു), അത് ഹെരോദാവ് അന്തിപ്പാസിൽ ചെലുത്തിയ സ്വാധീനവും.

യേശു ഗലീലയിൽ പഠിപ്പിക്കുന്നു

ഗലീലയിലെ യേശുവിന്റെ ഉപദേശത്തിന്റെ പൊതുവിവരണം.

ക്രി.പി. 27 മുതൽ 29 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 4:17

4:17 ആ സമയംമുതൽ യേശു, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിക്കാൻ ആരംഭിച്ചു.

മർക്കോസ് 1:15

1:15 “സമയം പൂർത്തിയായിരിക്കുന്നു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; നിങ്ങളുടെ പാപങ്ങളിൽനിന്ന് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക!” എന്നിങ്ങനെയായിരുന്നു യേശുവിന്റെ പ്രസംഗം.

ലൂക്കോസ് 4:15

4:15 അദ്ദേഹം യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു.

കാനായിൽ യേശു ഒരു ഉദ്യോഗസ്ഥന്റെ മകനെ സൗഖ്യമാക്കുന്നു

കാനായിൽവെച്ച് യേശു കഫാർനഹൂമിലെ ഒരു രാജോദ്യോഗസ്ഥന്റെ മകനെ സൗഖ്യമാക്കുന്നു.

ഇവിടെ, നസറെത്തിലെ തിരസ്കരണവും കഫാർനഹൂമിലെ പുതിയ വാസസ്ഥലവും വിവരിക്കുന്ന ഭാഗത്ത്, യേശു കാനായും നസറെത്തും വീണ്ടും സന്ദർശിക്കുന്നു, ഗലീലത്തീരത്ത് നാലു മത്സ്യത്തൊഴിലാളികളെ വീണ്ടും വിളിക്കുന്നു, കഫാർനഹൂമിൽ ഉപദേശത്തിന്റെയും രോഗശാന്തിയുടെയും ശുശ്രൂഷ ആരംഭിക്കുന്നു.

യോഹന്നാൻ 4:46–54

4:46 താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗിയായി കിടപ്പിലായിരുന്നു. 47 യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു.

48 യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു.

49 രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരണമേ” എന്നു പറഞ്ഞു.

50 യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു.

ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി. 51 അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു. 52 മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു.

53 “നിന്റെ മകൻ ജീവിക്കും,” എന്ന് യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവരെല്ലാവരും വിശ്വസിച്ചു.

54 യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നതിനുശേഷം യേശു ചെയ്ത രണ്ടാമത്തെ അത്ഭുതചിഹ്നമായിരുന്നു അത്.

നസറെത്ത് ആദ്യമായി യേശുവിനെ തിരസ്കരിക്കുന്നു

ലൂക്കോസ് 4:16–31

4:16 യേശു, അദ്ദേഹം വളർന്ന സ്വന്തം പട്ടണമായ നസറെത്തിലേക്കു യാത്രയായി. അദ്ദേഹം ശബ്ബത്തുദിവസത്തിൽ പതിവനുസരിച്ച് പള്ളിയിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റുനിന്നു. 17 യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുൾ അദ്ദേഹത്തിനു നൽകി. ചുരുൾ നിവർത്തി ഇങ്ങനെ എഴുതപ്പെട്ട ഭാഗം അദ്ദേഹം എടുത്തു.

18 “ദരിദ്രരോടു സുവിശേഷം അറിയിക്കാൻ

കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ

അവിടത്തെ ആത്മാവ് എന്റെമേലുണ്ട്.

തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും

അന്ധർക്കു കാഴ്ചയും

മർദിതർക്കു മോചനവും നൽകാനും,

19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാനും,

എന്നെ അയച്ചിരിക്കുന്നു.”

20 പിന്നെ യേശു പുസ്തകച്ചുരുൾ ചുരുട്ടി ശുശ്രൂഷകനു തിരികെ കൊടുത്തിട്ട് ഇരുന്നു. പള്ളിയിലുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ചുനോക്കി. 21 അദ്ദേഹം അവരോട്, “നിങ്ങൾ കേട്ട ഈ തിരുവെഴുത്ത് ഇന്ന് നിവൃത്തിയായിരിക്കുകയാണ്” എന്നു പറഞ്ഞു.

22 എല്ലാവരും അദ്ദേഹത്തെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട മധുരവചസ്സുകൾ കേട്ട് ജനം അത്ഭുതപ്പെട്ടു. “ഇത് യോസേഫിന്റെ മകനല്ലേ?” ജനം പരസ്പരം ചോദിച്ചു.

23 യേശു അവരോട്, “ ‘വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്, ‘താങ്കൾ കഫാർനഹൂമിൽ ചെയ്തുവെന്നു ഞങ്ങൾ കേട്ടിരിക്കുന്നതു താങ്കളുടെ ഈ പിതൃനഗരത്തിലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു തീർച്ചയായും പറയും” എന്നു പറഞ്ഞു.

24 അദ്ദേഹം ഇങ്ങനെ തുടർന്നു: “ഒരു പ്രവാചകനും സ്വന്തം നഗരത്തിൽ അംഗീകരിക്കപ്പെടുന്നില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 25 ഏലിയാവിന്റെ കാലത്ത്, ആകാശം മൂന്നര വർഷത്തേക്ക് അടഞ്ഞുപോകുകയും ദേശത്തെല്ലായിടത്തും വലിയ ക്ഷാമം ഉണ്ടാകുകയും ചെയ്തു. ആ സമയത്ത് ഇസ്രായേലിൽ അനേകം വിധവകൾ ഉണ്ടായിരുന്നു, നിശ്ചയം. 26 എന്നാൽ, ദൈവം അവരിലാരുടെയും അടുക്കലേക്കല്ല; മറിച്ച് സീദോൻ പ്രദേശത്തെ സരെപ്തയിലെ ഒരു വിധവയുടെ അടുത്തേക്കാണ് ഏലിയാപ്രവാചകനെ അയച്ചത്. 27 അതുപോലെതന്നെ എലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ കുഷ്ഠം ബാധിച്ച അനേകർ ഉണ്ടായിരുന്നെങ്കിലും സുറിയാക്കാരനായ നയമാൻ ഒഴികെ അവരിൽ ആർക്കും സൗഖ്യം ലഭിച്ചില്ല.”

28 ഇതു കേട്ട് പള്ളിയിൽ ഉണ്ടായിരുന്ന എല്ലാവരും ക്രോധാകുലരായിത്തീർന്നു; 29 ഇരിപ്പിടത്തിൽനിന്ന് ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ പട്ടണത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി, പട്ടണം പണിതിരുന്ന മലയുടെ വക്കിൽനിന്ന് താഴേക്കു തള്ളിയിടാൻ ശ്രമിച്ചു. 30 എന്നാൽ അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു തന്റെ വഴിക്കുപോയി.

31 പിന്നൊരിക്കൽ അദ്ദേഹം ഗലീലയിലെ ഒരു പട്ടണമായ കഫാർനഹൂമിൽചെന്ന് ശബ്ബത്തുനാളിൽ ജനത്തെ ഉപദേശിക്കാൻ തുടങ്ങി.

യേശു കഫാർനഹൂമിൽ താമസമാക്കുന്നു

മത്തായി 4:13–16

4:13 നസറെത്തിൽനിന്ന് ഗലീല തടാകതീരത്ത് സെബൂലൂൻ-നഫ്താലി ഗോത്രക്കാരുടെ നാടായ, കഫാർനഹൂമിലേക്ക് അദ്ദേഹം താമസം മാറ്റി.

14-16 “സെബൂലൂൻ ദേശവും നഫ്താലി ദേശവും

തടാകതീരവും യോർദാൻ അക്കരെ നാടും,

യെഹൂദേതര ഗലീലയും—

അന്ധകാരത്തിൽ അമർന്നിരുന്ന ജനതതിയൊക്കെയും

വലിയൊരു പ്രഭ ദർശിച്ചു.

മരണനിഴൽ വീശിയ ദേശത്തു താമസിച്ചവരുടെമേൽ

ഒരു പ്രകാശം ഉദിച്ചു!”

എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറി.