മലമുകളിൽ യേശുവിനു രൂപാന്തരം സംഭവിക്കുന്നു
കൈസര്യ ഫിലിപ്പിക്കു സമീപമുള്ള ഒരു മലയിൽ (മിക്കവാറും ഹെർമോൻ) യേശുവിനു രൂപാന്തരം സംഭവിക്കുന്നു.
ക്രി.പി. 29 അല്ലെങ്കിൽ 28
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 17:1–8
17:1 ഈ സംഭാഷണംനടന്ന് ആറുദിവസം കഴിഞ്ഞ് യേശു, പത്രോസ്, യാക്കോബ്, യാക്കോബിന്റെ സഹോദരൻ യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി.
2 അവിടെവെച്ച് അദ്ദേഹം അവരുടെമുമ്പിൽ രൂപാന്തരപ്പെട്ടു. അദ്ദേഹത്തിന്റെ മുഖം സൂര്യനെപ്പോലെ പ്രശോഭിച്ചു; വസ്ത്രം പ്രകാശംപോലെ വെണ്മയുള്ളതായിത്തീർന്നു.
3 മോശയും ഏലിയാവും യേശുവിനോട് സംസാരിക്കുന്നതായും അവർ കണ്ടു.
4 അപ്പോൾ പത്രോസ് യേശുവിനോട്, “കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. അവിടത്തേക്കു പ്രസാദമെങ്കിൽ ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
5 പത്രോസ് ഇതു സംസാരിക്കുമ്പോൾ, പ്രകാശപൂരിതമായ ഒരു മേഘം അവരെ ആവരണംചെയ്തു. ആ മേഘത്തിൽനിന്ന്, “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.
6 ഇതു കേട്ട ശിഷ്യന്മാർ ഭയന്നുവിറച്ചു നിലത്ത് കമിഴ്ന്നുവീണു.
7 യേശു വന്ന് അവരെ തൊട്ടു. “എഴുന്നേൽക്കുക, ഭയപ്പെടേണ്ട,” എന്നു പറഞ്ഞു.
8 അവർ തലയുയർത്തിനോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല.
മർക്കോസ് 9:2–8
9:2 ഇതിനുശേഷം ആറുദിവസം കഴിഞ്ഞ് യേശു പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവിടെവെച്ച് അദ്ദേഹം അവരുടെമുമ്പിൽ രൂപാന്തരപ്പെട്ടു.
3 അദ്ദേഹത്തിന്റെ വസ്ത്രം ഭൂമിയിൽ ആർക്കും വെളുപ്പിക്കാൻ കഴിയുന്നതിലും അധികം വെണ്മയുള്ളതായി തിളങ്ങി.
4 ഏലിയാവും മോശയും അവർക്കു പ്രത്യക്ഷരായി, യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു.
5 അപ്പോൾ പത്രോസ് യേശുവിനോട്, “റബ്ബീ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്; നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം; ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
6 എന്തു പറയണമെന്ന് അറിയാഞ്ഞതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്; കാരണം അവർ അത്രയേറെ ഭയവിഹ്വലരായിരുന്നു.
7 അപ്പോൾത്തന്നെ ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിൽനിന്ന് “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.
8 പെട്ടെന്ന്, അവർ ചുറ്റും നോക്കി; അപ്പോൾ തങ്ങളോടുകൂടെ യേശുവിനെ അല്ലാതെ മറ്റാരെയും പിന്നെ കണ്ടില്ല.
ലൂക്കോസ് 9:28–36
9:28 ഈ സംഭാഷണംനടന്ന് ഏകദേശം എട്ടുദിവസം കഴിഞ്ഞ്, പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെമാത്രം കൂട്ടിക്കൊണ്ട് യേശു ഒരു മലമുകളിൽ പ്രാർഥിക്കാൻ കയറിപ്പോയി.
29 പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം തേജസ്സേറിയതായി മാറി; വസ്ത്രം വെട്ടിത്തിളങ്ങുന്ന വെണ്മയായി.
30 മോശ, ഏലിയാവ് എന്നീ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിച്ചുകൊണ്ടു തേജസ്സിൽ പ്രത്യക്ഷരായി. 31 യേശു ജെറുശലേമിൽ പൂർത്തീകരിക്കാനിരുന്ന തന്റെ നിര്യാണത്തെക്കുറിച്ച് അവർ സംസാരിച്ചു. 32 ഈ സമയം പത്രോസും കൂടെയുള്ളവരും നിദ്രാവിവശരായിരുന്നു. എന്നാൽ, അവർ ഉറക്കമുണർന്നപ്പോൾ യേശുവിന്റെ തേജസ്സും അദ്ദേഹത്തോടുകൂടെ നിന്നിരുന്ന രണ്ടുപേരെയും കണ്ടു.
33 മോശയും ഏലിയാവും യേശുവിനെ വിട്ടുപോകാൻതുടങ്ങുമ്പോൾ പത്രോസ് താൻ പറയുന്നതിന്റെ സാംഗത്യം എന്തെന്നു ഗ്രഹിക്കാതെ അദ്ദേഹത്തോട്, “പ്രഭോ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
34 പത്രോസ് ഇതു സംസാരിക്കുമ്പോൾത്തന്നെ, ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിനുള്ളിലായ അവർ ഭയന്നു.
35 അപ്പോൾ ആ മേഘത്തിൽനിന്ന്, “ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ പുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.
36 ആ അശരീരി ഉണ്ടായിക്കഴിഞ്ഞപ്പോൾ യേശുവിനെമാത്രമേ അവർ കണ്ടുള്ളൂ. തങ്ങൾ കണ്ടതിനെപ്പറ്റി ശിഷ്യന്മാർ മിണ്ടിയില്ല. ആ ദിവസങ്ങളിൽ അവർ അതുസംബന്ധിച്ച് ആരോടും ഒന്നും സംസാരിച്ചില്ല.
മൂന്നു ശിഷ്യന്മാർ ഏലിയാവിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാകുന്നു
മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ മൂന്നു ശിഷ്യന്മാർ പുനരുത്ഥാനത്തെക്കുറിച്ചും ഏലിയാവിനെക്കുറിച്ചും ആശയക്കുഴപ്പത്തിലാകുന്നു.
മത്തായി 17:9–13
17:9 അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ (ഞാൻ) മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിട്ടല്ലാതെ നിങ്ങൾ കണ്ട കാര്യം ആരോടും പറയരുത്” എന്നു കൽപ്പിച്ചു.
10 ശിഷ്യന്മാർ അദ്ദേഹത്തോട്, “ഏലിയാവ് ആദ്യം വരണം എന്ന് വേദജ്ഞർ പറയുന്നത് എന്തുകൊണ്ടാണ്?” എന്നു ചോദിച്ചു.
11 അതിന് യേശു, “ഏലിയാവ് വരികയും എല്ലാക്കാര്യങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്യും, നിശ്ചയം.
12 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയാവ് വന്നുകഴിഞ്ഞു, അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല; തങ്ങൾ ആഗ്രഹിച്ചതുപോലെയെല്ലാം യെഹൂദർ അദ്ദേഹത്തോട് പ്രവർത്തിക്കുകയും ചെയ്തു. അതുപോലെതന്നെ മനുഷ്യപുത്രനും അവരിൽനിന്ന് പീഡനം സഹിക്കും” എന്നു പറഞ്ഞു.
13 യേശു തങ്ങളോടു സംസാരിച്ചത് യോഹന്നാൻസ്നാപകനെക്കുറിച്ചാണ് എന്ന് അപ്പോൾ ശിഷ്യന്മാർക്ക് മനസ്സിലായി.
മർക്കോസ് 9:9–13
9:9 അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, മനുഷ്യപുത്രൻ (ഞാൻ) മരിച്ചവരിൽനിന്ന് ഉയിർക്കുന്നതുവരെ, ഈ കണ്ടത് ആരോടും പറയരുത് എന്നു കൽപ്പിച്ചു.
10 അവർ ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു, എന്നാൽ “മരിച്ചവരിൽനിന്ന് ഉയിർക്കുക” എന്നതിന്റെ അർഥം എന്തെന്ന് അവർക്കിടയിൽ ചർച്ചചെയ്തുകൊണ്ടും ഇരുന്നു.
11 അവർ അദ്ദേഹത്തോട്, “ഏലിയാവ് ആദ്യം വരണം എന്ന് വേദജ്ഞർ പറയുന്നത് എന്തുകൊണ്ടാണ്?” എന്നു ചോദിച്ചു.
12 അതിന് യേശു: “ആദ്യം ഏലിയാവു വന്ന് എല്ലാക്കാര്യങ്ങളും തീർച്ചയായും പുനഃസ്ഥാപിക്കുമെങ്കിൽ മനുഷ്യപുത്രൻ വളരെ കഷ്ടത സഹിക്കുകയും തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന് എഴുതിയിരിക്കുന്നത് എങ്ങനെ?
13 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയാവ് വന്നുകഴിഞ്ഞു. അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നപ്രകാരം തങ്ങൾ ആഗ്രഹിച്ചതുപോലെയെല്ലാം യെഹൂദർ അദ്ദേഹത്തോട് പ്രവർത്തിക്കുകയും ചെയ്തു.”