യേശുവിനെ ദൈവാലയത്തിൽ സമർപ്പിക്കുന്നു
യേശുവിനെ ദൈവാലയത്തിൽ സമർപ്പിക്കുന്നു; അവിടെ ശിമയോനും ഹന്നായും അവന് ആദരമർപ്പിക്കുന്നു.
ജെറുശലേം
ക്രി.മു. 6 അല്ലെങ്കിൽ 5
Biblica® Open Malayalam Contemporary Version™ (OMCV)
ലൂക്കോസ് 2:22–38
2:22 മോശയുടെ ന്യായപ്രമാണം അനുസരിച്ച് മറിയയ്ക്ക് ശുദ്ധീകരണയാഗത്തിനുള്ള ദിവസമടുത്തപ്പോൾ, യോസേഫും മറിയയും യേശുവിനെ കർത്താവിനു സമർപ്പിക്കേണ്ടതിനായി ജെറുശലേമിലേക്കു കൊണ്ടുപോയി. 23 “ആദ്യം ജനിക്കുന്ന ആൺകുട്ടി കർത്താവിന് വിശുദ്ധീകരിക്കപ്പെടണം,” എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചും 24 “ഒരു ജോടി കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം കഴിക്കേണ്ടതാകുന്നു,” എന്ന് കർത്താവിന്റെ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരിക്കുന്നത് അനുഷ്ഠിക്കുന്നതിനുമാണ് അവർ പോയത്.
25 അക്കാലത്ത്, ജെറുശലേമിൽ നീതിനിഷ്ഠനും ദൈവഭക്തനുമായ ശിമയോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഇസ്രായേലിന് സാന്ത്വനംനൽകുന്ന മശിഹായുടെ വരവിനായി കാത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെമേൽ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു. 26 കർത്താവിന്റെ ക്രിസ്തുവിനെ കാണുന്നതിനുമുമ്പ് മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അദ്ദേഹത്തിന് അരുളപ്പാട് ലഭിച്ചിരുന്നു. 27 ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരിക്കുന്നത് നിർവഹിക്കാൻ യേശു എന്ന പൈതലിനെ മാതാപിതാക്കൾ കൊണ്ടുവന്നപ്പോൾ, ശിമയോൻ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവാലയാങ്കണത്തിലേക്കു ചെന്നു. 28 അദ്ദേഹം ശിശുവിനെ കൈയിൽ എടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
29 “സർവോന്നതനായ നാഥാ, അവിടന്നു വാഗ്ദാനംചെയ്തിരുന്നതുപോലെ,
ഇപ്പോൾ അവിടത്തെ ദാസനെ സമാധാനത്തോടെ വിശ്രമിക്കാൻ അനുവദിച്ചാലും.
30-32 അവിടന്ന് സകലജനങ്ങളുടെയും മുമ്പാകെ ഒരുക്കിയിരിക്കുന്ന രക്ഷയെ
എന്റെ കണ്ണ് കണ്ടിരിക്കുന്നു!
ഈ രക്ഷ, സർവജനതകൾക്കും വെളിപ്പെടാനുള്ള പ്രകാശവും
അവിടത്തെ ജനമായ ഇസ്രായേലിന്റെ മഹത്ത്വവുമാണല്ലോ.”
33 ശിശുവിനെക്കുറിച്ച് ശിമയോൻ ഇങ്ങനെ പറയുന്നതുകേട്ട് അവന്റെ മാതാപിതാക്കൾ വിസ്മയിച്ചു. 34 പിന്നെ ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് യേശുവിന്റെ അമ്മയായ മറിയയോട്, “ഈ ശിശു ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കും നിദാനമാകേണ്ടതിനും 35 അനേകരുടെ ശത്രുതയ്ക്ക് പാത്രമായിത്തീർന്ന് അവരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചിഹ്നമായിരിക്കേണ്ടതിനും നിയോഗിക്കപ്പെട്ടിരിക്കുന്നു. നിന്റെ സ്വന്തം പ്രാണനിലൂടെയും ഒരു വാൾ തുളച്ചുകയറും” എന്നു പറഞ്ഞു.
36 ആശേർ ഗോത്രത്തിൽപ്പെട്ട ഫനൂവേലിന്റെ മകൾ ഹന്നാ എന്ന വളരെ വയസ്സുചെന്ന ഒരു പ്രവാചിക ഉണ്ടായിരുന്നു. അവർ വിവാഹംകഴിഞ്ഞ് ഏഴുവർഷം കുടുംബജീവിതം നയിച്ചശേഷം 37 വിധവയായി. അവർക്കപ്പോൾ എൺപത്തിനാല് വയസ്സായിരുന്നു. ആ വയോധിക ഒരിക്കലും ദൈവാലയം വിട്ടുപോകാതെ, ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു രാപകൽ ദൈവത്തെ ആരാധിച്ചു സമയം ചെലവഴിച്ചു. 38 ശിമയോൻ സംസാരിക്കുമ്പോൾ ഹന്നാ അവരുടെ അടുക്കൽച്ചെന്ന്, ദൈവത്തെ സ്തുതിച്ച്, ജെറുശലേമിന്റെ വീണ്ടെടുപ്പു പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു പ്രസ്താവിച്ചു.
ജ്ഞാനികൾ നവജാതനായ യെഹൂദരുടെ രാജാവിനെ സന്ദർശിക്കുന്നു
ജെറുശലേമും ബേത്ലഹേമും
മത്തായി 2:1–12
2:1 ഹെരോദാരാജാവിന്റെ ഭരണകാലത്ത് യേശു യെഹൂദ്യയിലെ ബേത്ലഹേമിൽ ജനിച്ചതിനുശേഷം കിഴക്കുനിന്നുള്ള ജ്ഞാനികൾ ജെറുശലേമിൽ എത്തി. 2 “യെഹൂദരുടെ രാജാവ് ഭൂജാതനായിരിക്കുന്നതെവിടെ?” എന്ന് ആരാഞ്ഞു; “ഞങ്ങൾ അദ്ദേഹത്തിന്റെ നക്ഷത്രം പൂർവദിക്കിൽ കണ്ടു; അദ്ദേഹത്തെ പ്രണമിക്കാൻ വന്നിരിക്കുകയാണ്,” എന്നു പറഞ്ഞു.
3 ഇതു കേട്ടപ്പോൾ ഹെരോദാരാജാവും അദ്ദേഹത്തോടൊപ്പം ജെറുശലേംനിവാസികൾ സകലരും അസ്വസ്ഥചിത്തരായി. 4 ഹെരോദാരാജാവ് ഇസ്രായേൽജനത്തിന്റെ പുരോഹിതമുഖ്യന്മാരെയും വേദജ്ഞരെയും വിളിച്ചുകൂട്ടി, “ക്രിസ്തു എവിടെയാണു ജനിക്കുക” എന്ന് അവരോട് ആരാഞ്ഞു. 5 “യെഹൂദ്യയിലെ ബേത്ലഹേമിൽ,” എന്ന് അവർ മറുപടി പറഞ്ഞു.
6 “ ‘നീയോ യൂദ്യദേശത്തിലെ ബേത്ലഹേമേ,
ചെറുതല്ലൊട്ടും നീ യൂദ്യപ്രഭുഗണത്തിൽ;
നിന്നിൽനിന്നല്ലോ രാജൻ ഉദിക്കുന്നത്
ഇസ്രായേൽജനതയുടെ പരിപാലകൻതന്നെ!’
എന്നിങ്ങനെയാണല്ലോ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത്.”
7 അപ്പോൾത്തന്നെ ഹെരോദാവ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷമായ കൃത്യസമയം ചോദിച്ചു മനസ്സിലാക്കി. 8 അദ്ദേഹം അവരോട്, “നിങ്ങൾ പോയി ശിശുവിനെ സസൂക്ഷ്മം അന്വേഷിക്കുക. കണ്ടെത്തിയാൽ ഉടൻതന്നെ നമ്മെ വിവരം അറിയിക്കുക, ‘നാമും ചെന്ന് അദ്ദേഹത്തെ പ്രണമിക്കേണ്ടതാണ്’ ” എന്നു പറഞ്ഞ് അവരെ ബേത്ലഹേമിലേക്ക് അയച്ചു.
9-10 അവർ രാജകൽപ്പന കേട്ടശേഷം പൂർവദിക്കിൽ കണ്ട നക്ഷത്രത്തെ അനുഗമിച്ച് യാത്രതുടർന്നു. നക്ഷത്രം വീണ്ടും കണ്ടപ്പോൾ അവർ ആഹ്ലാദഭരിതരായി. അവർ കണ്ട നക്ഷത്രം ശിശു ഉണ്ടായിരുന്ന സ്ഥലത്തിനുമീതേ വന്ന് നിലകൊള്ളുംവരെ അവർക്കുമുമ്പായി പൊയ്ക്കൊണ്ടിരുന്നു. 11 അവർ വീട്ടിൽ പ്രവേശിച്ചപ്പോൾ ശിശുവിനെ, അമ്മ മറിയയോടൊപ്പം കണ്ടു; സാഷ്ടാംഗം വീണ് ശിശുവിനെ ആരാധിച്ചു. പിന്നെ അവരുടെ ഭാണ്ഡങ്ങൾ തുറന്ന് സ്വർണം, കുന്തിരിക്കം, മീറ എന്നീ തിരുമുൽക്കാഴ്ചകൾ അർപ്പിക്കുകയും ചെയ്തു. 12 ഹെരോദാവിന്റെ അടുത്തേക്കു മടങ്ങരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതുകൊണ്ട് അവർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു യാത്രതിരിച്ചു.