യേശു അന്ധനായ ബർത്തിമായിയെയും അയാളുടെ കൂട്ടുകാരനെയും സൗഖ്യമാക്കുന്നു

യെരീഹോയിൽ

ക്രി.പി. 29 മുതൽ 30 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 20:29–34

20:29 യേശുവും ശിഷ്യന്മാരും യെരീഹോപട്ടണത്തിൽനിന്ന് പോകുമ്പോൾ വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടർന്നു.

30 വഴിയരികിൽ ഇരിക്കുകയായിരുന്ന രണ്ട് അന്ധന്മാർ യേശു അതുവഴി പോകുന്നു എന്നു കേട്ട്, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചു.

31 മിണ്ടരുതെന്നു പറഞ്ഞ് ജനക്കൂട്ടം അവരെ ശാസിച്ചു. അവരോ അധികം ഉച്ചത്തിൽ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.

32 ഇതു കേട്ടിട്ട് യേശു നിന്നു. അവരെ വിളിച്ച്, “ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.

33 “കർത്താവേ, ഞങ്ങൾക്ക് കാഴ്ച തരണമേ,” അവർ അദ്ദേഹത്തോട് യാചിച്ചു.

34 യേശുവിന് സഹതാപം തോന്നി, അവിടന്ന് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു; അവർ അദ്ദേഹത്തെ അനുഗമിച്ചു.

മർക്കോസ് 10:46–52

10:46 അങ്ങനെ യാത്രചെയ്ത് അവർ യെരീഹോപട്ടണത്തിൽ എത്തി. പിന്നെ യേശുവും ശിഷ്യന്മാരും ഒരു വലിയ ജനക്കൂട്ടത്തോടൊപ്പം ആ പട്ടണം വിട്ടുപോകുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു.

47 പോകുന്നത് നസറായനായ യേശു ആകുന്നു എന്നു കേട്ടപ്പോൾ അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.

48 പലരും അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.

49 അതുകേട്ടു യേശു നിന്നു. “ആ മനുഷ്യനെ വിളിക്കുക” എന്നു പറഞ്ഞു.

അവർ അന്ധനെ വിളിച്ച് അയാളോട്, “ധൈര്യമായിരിക്കുക, എഴുന്നേൽക്കുക, യേശു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. 50 അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞിട്ടു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുത്തെത്തി.

51 “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു.

അന്ധനായ ബർത്തിമായി, “എനിക്കു കാഴ്ച കിട്ടണം, റബ്ബീ,” എന്നു പറഞ്ഞു.

52 യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു; തുടർന്നുള്ള യാത്രയിൽ അയാൾ യേശുവിനെ അനുഗമിക്കുകയും ചെയ്തു.

ലൂക്കോസ് 18:35–43

18:35 യേശു യെരീഹോപട്ടണത്തിന് അടുത്തെത്തി. അവിടെ ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു.

36 ജനക്കൂട്ടം കടന്നുപോകുന്നതു കേട്ട്, എന്താണു സംഭവമെന്ന് അയാൾ തിരക്കി.

37 അവർ അയാളോട്, “നസറായനായ യേശു ഈവഴി പോകുന്നു” എന്നറിയിച്ചു.

38 അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.

39 ജനക്കൂട്ടത്തിന്റെ മുമ്പിൽ നടന്നുകൊണ്ടിരുന്നവർ അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.

40 ഇതു കേട്ടിട്ട് യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിച്ചു. അയാൾ അടുത്തുവന്നപ്പോൾ യേശു,

41 “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു.

“എനിക്കു കാഴ്ച കിട്ടണം, കർത്താവേ,” അയാൾ ഉത്തരം പറഞ്ഞു.

42 “നീ കാഴ്ചയുള്ളവനാകട്ടെ; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു,” എന്ന് യേശു അയാളോടു പറഞ്ഞു.

43 ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു. അയാൾ തുടർന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതുകണ്ട ജനമെല്ലാം ദൈവത്തെ സ്തുതിച്ചു.

യേശു സക്കായിയെ സന്ദർശിക്കുന്നു

യേശു സക്കായിയെ സന്ദർശിക്കുകയും മിനാകളുടെ സാദൃശ്യകഥ പറയുകയും ജെറുശലേമിലേക്ക് പുറപ്പെടുകയും ചെയ്യുന്നു.

യെരീഹോ

ലൂക്കോസ് 19:1–28

19:1 യേശു യെരീഹോവിൽ എത്തി ആ പട്ടണത്തിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. 2 സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അയാൾ നികുതിപിരിവുകാരിൽ പ്രധാനിയും ധനികനും ആയിരുന്നു. 3 യേശുവിനെ കാണാൻ സക്കായി ശ്രമിച്ചെങ്കിലും അയാൾ ഉയരം കുറഞ്ഞവനാകുകയാൽ ആൾക്കൂട്ടംനിമിത്തം സാധിച്ചില്ല. 4 യേശു വന്നുകൊണ്ടിരുന്ന വഴിയിൽക്കൂടെ അയാൾ മുന്നോട്ടോടി; അദ്ദേഹത്തെ കാണാനായി ഒരു കാട്ടത്തിമരത്തിൽ കയറിയിരുന്നു.

5 യേശു ആ സ്ഥലത്തെത്തിയപ്പോൾ മുകളിലേക്കുനോക്കിക്കൊണ്ട്, “സക്കായീ, പെട്ടെന്ന് ഇറങ്ങിവാ, ഞാൻ ഇന്നു നിന്റെ വീട്ടിൽ താമസിക്കേണ്ടതാകുന്നു” എന്ന് അയാളോടു പറഞ്ഞു. 6 അയാൾ വേഗത്തിൽ ഇറങ്ങിവന്ന് അദ്ദേഹത്തെ ആനന്ദത്തോടെ സ്വീകരിച്ചു.

7 ജനങ്ങൾ എല്ലാവരും ഇതുകണ്ട്, “ഒരു പാപിയെന്ന് കുപ്രസിദ്ധനായവന്റെ ആതിഥ്യം സ്വീകരിക്കാൻ അദ്ദേഹം പോയിരിക്കുന്നു” എന്നു പിറുപിറുത്തു.

8 എന്നാൽ സക്കായി എഴുന്നേറ്റുനിന്നുകൊണ്ട് കർത്താവിനോട്, “കർത്താവേ, ഇതാ, ഇപ്പോൾത്തന്നെ എന്റെ സമ്പാദ്യത്തിന്റെ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കും. ഞാൻ ആരിൽനിന്നെങ്കിലും എന്തെങ്കിലും അപഹരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നാലിരട്ടി തിരിച്ചുകൊടുക്കുകയും ചെയ്യാം” എന്നു പറഞ്ഞു.

9 അപ്പോൾ യേശു, “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ ഭവനത്തിന് രക്ഷ വന്നിരിക്കുന്നു; 10 കാണാതെപോയതിനെ കണ്ടെത്തി അവയെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്” എന്നു പ്രതിവചിച്ചു.

11 യേശു ജെറുശലേമിനെ സമീപിച്ചുകൊണ്ടിരുന്നു. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്നു പ്രതീക്ഷിച്ച ജനം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ആ ജനത്തോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു. 12 “അഭിജാതനായ ഒരു മനുഷ്യൻ രാജാഭിഷിക്തനായി തിരിച്ചുവരേണ്ടതിനു വിദൂരദേശത്തേക്കു യാത്രയാകുകയായിരുന്നു. 13 അയാൾ തന്റെ സേവകരിൽ പത്തുപേരെ വിളിച്ച് അവരെ മിന്നാ ഏൽപ്പിച്ചിട്ട്, ‘ഞാൻ തിരികെ വരുംവരെ ഈ പണംകൊണ്ടു വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു.

14 “എന്നാൽ, അയാളെ വെറുത്തിരുന്ന പ്രജകൾ, ‘ഈ മനുഷ്യൻ ഞങ്ങളെ ഭരിക്കുന്നതിൽ ഞങ്ങൾക്കു താത്പര്യമില്ല’ എന്നു പറഞ്ഞ് അയാളുടെ പിന്നാലെ ചക്രവർത്തിയുടെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു.

15 “എങ്കിലും രാജാവായിത്തന്നെ അദ്ദേഹം തിരിച്ചെത്തി. താൻ പണം ഏൽപ്പിച്ചിരുന്ന സേവകർ ആ പണംകൊണ്ട് എന്തു ലാഭമുണ്ടാക്കിയെന്ന് അറിയേണ്ടതിന് അദ്ദേഹം അവരെ വിളിപ്പിച്ചു.

16 “ഒന്നാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ പത്തുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു.

17 “അപ്പോൾ രാജാവ്, ‘വളരെ നല്ലത്, സമർഥനായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, നീ പത്തു പട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു പറഞ്ഞു.

18 “രണ്ടാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ അഞ്ചുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു.

19 “അതിന് രാജാവ്, ‘നീ അഞ്ചുപട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു മറുപടി പറഞ്ഞു.

20 “എന്നാൽ ഇതിനുശേഷം മറ്റൊരാൾ വന്ന്, ‘പ്രഭോ, ഇതാ താങ്കളുടെ പണം! ഞാൻ അത് ഒരു തൂവാലയിൽ കെട്ടി സൂക്ഷിച്ചുവെച്ചു. 21 കാരണം, വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനായ അങ്ങയെ ഞാൻ ഭയപ്പെട്ടു’ എന്നു പറഞ്ഞു.

22 “രാജാവ് അയാളോട് മറുപടിയായി, ‘ദുഷ്ടദാസാ, ഞാൻ നിന്നെ വിധിക്കുന്നത് നിന്റെ വാക്കുകളാൽത്തന്നെ ആയിരിക്കും. ഞാൻ വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യൻ എന്നു നീ അറിഞ്ഞിരുന്നല്ലോ? 23 പിന്നെ, നീ എന്തുകൊണ്ട് എന്റെ പണം ബാങ്കിലെങ്കിലും നിക്ഷേപിക്കാതിരുന്നു? എന്നാൽ ഞാൻ മടങ്ങിവന്ന് അത് പലിശയോടുകൂടി വാങ്ങുമായിരുന്നല്ലോ!’

24 “പിന്നെ അദ്ദേഹം അരികെ നിൽക്കുന്നവരോട്, ‘ആ മിന്നാ അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് മിന്നായുള്ളവന് കൊടുക്കുക’ എന്നു പറഞ്ഞു.

25 “ ‘പ്രഭോ, അവനു പത്തുണ്ടല്ലോ!’ അവർ പറഞ്ഞു.

26 “ ‘ഉള്ളവർക്കെല്ലാം അധികം നൽകപ്പെടും; എന്നാൽ ഒന്നും ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. 27 തുടർന്ന് രാജാവ്, നാം രാജാവായിത്തീരാൻ ഇഷ്ടപ്പെടാതിരുന്ന നമ്മുടെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് നമ്മുടെമുമ്പിൽവെച്ചു വധിക്കുക’ എന്ന് ആജ്ഞാപിച്ചു.”

28 ഈ കഥ പറഞ്ഞുതീർന്നതിനുശേഷം യേശു അവിടത്തെ അനുയായികളുടെ മുന്നിലായി നടന്ന് ജെറുശലേമിലേക്കു യാത്രതുടർന്നു.