യേശുവും യോഹന്നാനും ഒപ്പമൊപ്പമായി ശുശ്രൂഷിക്കുന്നു

യേശുവും യോഹന്നാൻസ്നാപകനും അടുത്തടുത്തായി ശുശ്രൂഷചെയ്യുന്നു; യോഹന്നാൻ യേശുവിനോടു വിശ്വസ്തനായി നിലകൊള്ളുന്നു.

ക്രി.പി. 27

Biblica® Open Malayalam Contemporary Version™ (OMCV)

യോഹന്നാൻ 3:22–36

3:22 പിന്നീട് യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തെത്തി, അവരോടുകൂടെ അവിടെ താമസിച്ചു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. 23 യോഹന്നാൻ ശലേമിനടുത്തുള്ള ഐനോനിലും സ്നാനം കഴിപ്പിച്ചുപോന്നു; കാരണം അവിടെ വെള്ളം ധാരാളമുണ്ടായിരുന്നു. ജനങ്ങൾ സ്നാനം സ്വീകരിക്കാൻ വന്നുകൊണ്ടിരുന്നു. 24 യോഹന്നാൻ തടവിലാകുന്നതിനുമുമ്പാണ് ഇതു നടന്നത്. 25 ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റി യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി തർക്കം ഉണ്ടായി. 26 അവർ യോഹന്നാന്റെ അരികിൽ വന്ന് അദ്ദേഹത്തോട് “റബ്ബീ, യോർദാന്റെ അക്കരെ അങ്ങയോടുകൂടെ ഉണ്ടായിരുന്ന ആ മനുഷ്യൻ—അങ്ങു സാക്ഷ്യപ്പെടുത്തിയ ആൾ—സ്നാനം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു: എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” എന്നു പറഞ്ഞു.

27 അതിനു മറുപടിയായി യോഹന്നാൻ: “സ്വർഗത്തിൽനിന്ന് നൽകാതെ യാതൊന്നും മനുഷ്യനു സ്വീകരിക്കാൻ കഴിയുകയില്ല. 28 ‘ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനു മുൻഗാമിയായി അയയ്ക്കപ്പെട്ടവൻമാത്രമാണെന്നും,’ ഞാൻ പറഞ്ഞിട്ടുള്ളതിനു നിങ്ങൾ സാക്ഷികളാണല്ലോ. 29 മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു. 30 അവിടത്തെ പ്രാമുഖ്യം വർധിച്ചുകൊണ്ടേയിരിക്കണം; എന്റെ പ്രാമുഖ്യമോ കുറഞ്ഞുകൊണ്ടിരിക്കണം.

31 “ഉന്നതത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു; ഭൂമിയിൽനിന്നുള്ളവനോ ഭൗമികനാകുന്നു; അയാൾ ഭൗമികമായതു സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു. 32 താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് അയാൾ സാക്ഷ്യംവഹിക്കുന്നു. എന്നാൽ അയാളുടെ സാക്ഷ്യം ആരും സ്വീകരിക്കുന്നതുമില്ല. 33 ആ സാക്ഷ്യം സ്വീകരിക്കുന്നവനോ ദൈവം സത്യവാൻ എന്നതു സ്ഥിരീകരിക്കുന്നു. 34 കാരണം, ദൈവം അയച്ചിരിക്കുന്നവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവിടന്ന് ആത്മാവിനെ അളവില്ലാതെ നൽകുന്നല്ലോ. 35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലതും അവന്റെ കൈയിൽ ഏൽപ്പിച്ചുമിരിക്കുന്നു. 36 പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.”

ക്രിസ്തു യെഹൂദ്യ വിടുന്നത് എന്തുകൊണ്ട്

മത്തായി 4:12

4:12 യോഹന്നാൻസ്നാപകനെ കാരാഗൃഹത്തിലടച്ചു എന്നു മനസ്സിലാക്കി യേശു ഗലീലയ്ക്കു മടങ്ങി;

മർക്കോസ് 1:14

1:14 യോഹന്നാൻസ്നാപകൻ കാരാഗൃഹത്തിലായതിനുശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലയിൽ വന്നു.

ലൂക്കോസ് 3:19–20; 4:14

3:19 എന്നാൽ, ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ്, അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയായ ഹെരോദ്യയെ സ്വന്തമാക്കി. ഇതിനുപുറമേ മറ്റനേകം ദോഷങ്ങളും അദ്ദേഹം ചെയ്തു. ഇതെല്ലാം നിമിത്തവും യോഹന്നാൻ ഹെരോദാവിനെ പരസ്യമായി ശാസിച്ചു. 20 അതിനാൽ യോഹന്നാനെ കാരാഗൃഹത്തിൽ അടച്ചുകൊണ്ട് ഹെരോദാവ് താൻ ചെയ്തുവന്ന സകലപാതകങ്ങൾക്കും മകുടം ചാർത്തി.

4:14 യേശു ദൈവാത്മശക്തിയിൽ ഗലീലയ്ക്കു മടങ്ങി; അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ഗലീലാപ്രവിശ്യയിലെല്ലായിടത്തും പ്രചരിച്ചു.

യോഹന്നാൻ 4:1–4

4:1 യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്ന് പരീശന്മാർ കേട്ടു— 2 വാസ്തവത്തിൽ യേശു അല്ല, അവിടത്തെ ശിഷ്യന്മാരാണു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്— 3 ഇതറിഞ്ഞപ്പോൾ അദ്ദേഹം യെഹൂദ്യ വിട്ടു വീണ്ടും ഗലീലയിലേക്കു യാത്രയായി.

4 ഇപ്രാവശ്യം അദ്ദേഹത്തിനു ശമര്യയിലൂടെ കടന്നുപോകേണ്ടിവന്നു.